Follow Us On

14

April

2021

Wednesday

ക്രിസ്തുവിശ്വാസം പകരാൻ ഓരോ ക്രൈസ്തവനും കടമയുണ്ട്‌; ‘മിഷൻ നവീകരണ’ ആഹ്വാനുമായി ഫിലിപ്പൈൻ സഭ

ക്രിസ്തുവിശ്വാസം പകരാൻ ഓരോ ക്രൈസ്തവനും കടമയുണ്ട്‌; ‘മിഷൻ നവീകരണ’ ആഹ്വാനുമായി ഫിലിപ്പൈൻ സഭ

മനില: കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസിൽ ക്രിസ്തീയവിശ്വാസം എത്തിയതിന്റെ 500-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുമ്പോൾ
സുവിശേഷവത്ക്കരണം എന്ന അടിസ്ഥാന ദൗത്യം നവീകരിക്കാൻ സ്വയം സമർപ്പിച്ച് അവിടത്തെ വിശ്വാസീസമൂഹം. 2021 ഏപ്രിലിൽ ഔദ്യോഗികമായി തുടക്കം കുറിക്കുന്ന 500-ാം പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി ‘മിഷൻ ടു ദ നേഷൻസ്’ എന്ന ആപ്തവാക്യവുമായി വർഷാചരണത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു സഭ.

മിഷനറിമാരിലൂടെ നമുക്ക് ലഭിച്ച ക്രിസ്തുവിശ്വാസം എന്ന സമ്മാനം പങ്കുവെക്കാൻ എല്ലാ ക്രൈസ്തവർക്കും ഉത്തരവാദിത്തമുണ്ടെന്ന ആഹ്വാനത്തോടെയാണ് സഭാ നേതൃത്വം വർഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലാണെങ്കിലും മറ്റേതെങ്കിലും രാജ്യങ്ങളിലാണെങ്കിലും ഫിലിപ്പൈൻസ് സഭയിലെ ഓരോ അംഗവും ഈ ദൗത്യം നിറവേറ്റണമെന്ന് ഇടയലേഖനത്തിലൂടെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ച്ബിഷപ്പ് റോമുലോ വല്ലെസ് ഓർമിപ്പിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മിഷനറിമാരുടെ സമർപ്പണത്തിലൂടെയും വീരോചിതമായ ത്യാഗങ്ങളിലൂടെയുമാണ് ക്രൈസ്തവവിശ്വാസം ഇവിടെ സ്ഥാപിതമായത്. അവർക്ക് ലഭിച്ച വിശ്വാസത്തിന്റെ ദാനം അവർ അമൂല്യമായി കരുതി, ആ സമ്മാനം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു. മിഷനറിമാരിലൂടെ നമുക്ക് ലഭിച്ച ഈ സമ്മാനം പങ്കുവെക്കാൻ എല്ലാ ക്രൈസ്തവർക്കും ഉത്തരവാദിത്തമുണ്ട്.

സ്വന്തം നാട്ടിലും മറ്റ് രാജ്യങ്ങളിലും ആയിരുന്ന് ഈ ദൗത്യത്തിൽ പങ്കുചേരാൻ നമ്മുടെ എല്ലാവരുടെയും ഹൃദയത്തെ ശക്തിപ്പെടുത്തണം. സമ്മാനമായി ലഭിച്ചതെല്ലാം സമ്മാനമായി നൽകുക എന്ന ദൈവകൽപ്പനയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. ഈ അജപാലന വർഷത്തിൽ ശുശ്രൂഷകൾ പുതുക്കുക എന്ന ദൗത്യത്തോട് ചേർന്ന് സന്തോഷത്തിന്റെയും കാരുണ്യത്തിന്റെയും ഗുണങ്ങളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന സന്തോഷത്തിന്റെയും ശാന്തതയുടെയും സമാധാനത്തിന്റെയും ക്ഷേമമെന്ന നിലയിൽ കരുണയാണ് സഭയുടെ ജീവിതത്തിന്റെ അടിസ്ഥാനം. ഫ്രാൻസിസ് പാപ്പ പറഞ്ഞതുപോലെ, നമ്മുടെ ഉള്ളിലെ മിഷനറിയുടെ ഊർജസ്വലതയും ഉത്സാഹവും മറ്റാരും കവർന്നെടുക്കാതിരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1521ൽ ഫിലിപ്പെൻസിൽ എത്തിച്ചേർന്ന പോർച്ചുഗീസ് പരിവേഷകൻ ഫെർഡിനാന്റ് മഗല്ലനിലൂടെയാണ് രാജ്യത്ത് ക്രിസ്തുവിശ്വാസം വന്നണഞ്ഞത്.കഴിഞ്ഞ ഏപ്രിലിൽ ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021മുതൽ 2022വരെ ആഘോഷ പരിപാടികൾ പുനക്രമീകരിക്കുകയായിരുന്നു.

ക്രൈസ്തവ ജനസംഖ്യയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ്, കത്തോലിക്കാ ജനസംഖ്യയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ്. ജനസംഖ്യയുടെ 90%ൽപ്പരം ക്രൈസ്തവരുള്ള ഫിലിപ്പൈൻസിലെ കത്തോലിക്കാ ജനസംഖ്യ 80%ൽപ്പരം വരും. 16 അതിരൂപതകളും 62 രൂപതകളും ഒരു മിലിറ്ററി ഓർഡിനറിയേറ്റും ഏഴ് വികാരിയത്തുകളും ഫിലിപ്പൈൻസിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?