Follow Us On

29

March

2024

Friday

അത്ഭുതങ്ങൾ തുടരുന്ന ഗ്വാഡലൂപ്പെ മാതാവ്‌

സ്വന്തം ലേഖകൻ

അത്ഭുതങ്ങൾ തുടരുന്ന ഗ്വാഡലൂപ്പെ മാതാവ്‌

മെക്‌സിക്കൻ ജനതയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ (ഡിസംബർ 12) ആഘോഷിക്കുമ്പോൾ അടുത്തറിയാം, മെക്‌സിക്കോയിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ സംഭവബഹുലമായ ചരിത്രം.

തെക്കേ അമേരിക്കൻ രാജ്യമാണ് മെക്‌സിക്കോ.  ലോകത്തിലെ ഏറ്റവും പഴക്കമുളള സംസ്‌കാരങ്ങളിലൊന്നിന്റെ കളിത്തൊട്ടിൽ. ക്രിസ്തുവിന്റെ ജനനത്തിനും ഏതാണ്ട് ഒരായിരം വർഷങ്ങൾക്കുമുമ്പേ നിലവിലുളളതാണീ സംസ്‌കാരം. റെഡ് ഇന്ത്യൻസ് എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശീയ ജനതയിലെ രണ്ട് പ്രധാനവംശങ്ങളാണ് ആസ്‌ടെക്കും, ടോൾടെക്കും. നീചമായ ആരാധനാ മൂർത്തികളാണ് ഇവർക്കുണ്ടായിരുന്നത്. മനുഷ്യരെപ്പോലും ഈ ദൈവങ്ങൾക്ക് ബലിയർപ്പിച്ചിരുന്നു. ചില ദൈവങ്ങൾക്ക് അവർ ക്ഷേത്രങ്ങളും പണിതു നൽകി. റെഡ് ഇൻഡ്യൻ വംശജർ വർണശബളമായ വസ്ത്രങ്ങൾ ധരിക്കുന്നവരാണ്, വിശേഷിച്ച് ഈ ദൈവങ്ങളെ ബഹുമാനിക്കാനുളള തിരുനാളുകളിലെ നൃത്തവേദികളിൽ.

യൂറോപ്പിലെ പ്രബലരായ രാജ്യങ്ങളെല്ലാം വ്യാപാരത്തിനും മറ്റുമായി എത്തി ഏഷ്യയിലെയും അമേരിക്കയിലേയും രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കികൊണ്ടിരിക്കുന്ന കാലഘട്ടം. 1500ൽ സ്‌പെയിനിൽ നിന്നും എത്തിയ ഹെർണാൺഡോ കോട്ടസ്സ് മെക്‌സിക്കോയിലെ ജനങ്ങളെ അടിച്ചമർത്തി സ്പാനീഷ് ആധിപത്യത്തിന് തുടക്കമിട്ടു. അവർ റെഡ് ഇൻഡ്യൻ വംശരുടെ സ്വത്തുകളും വസ്തുവകകളും തട്ടിയെടുത്തു. സ്‌പെയിൻകാരുടെ ക്രൂരമായ പെരുമാറ്റം മൂലം ആ നാട്ടിലെ ആദിവാസികളെല്ലാം വിദേശിയരെ വെറുപ്പോടെയാണ് വീക്ഷിച്ചിരുന്നത്.

റെഡ് ഇന്ത്യക്കാരിൽ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാൻ അനേകം ഫ്രാൻസിസ്‌കൻ, ഡൊമിനിക്കൻ വൈദികർ സ്‌പെയിനിൽ നിന്നുവന്നു. തദ്ദേശീയരുടെ വിജാതീയ മതവിശ്വാസത്താലും അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരതകളാലും അവരുടെ പ്രേഷിതവേല വളരെ ക്ലേശകരമായി മാറി. തദ്ദേശീയർ അധിനിവേശക്കാരെ വെറുത്തു. പക്ഷേ, മിഷണറിമാരെ അവർ സാവകാശം വിശ്വസിക്കാൻ തുടങ്ങി. കാരണം, മതത്തെക്കുറിച്ച് മാത്രമല്ല അവർ പഠിപ്പിച്ചത്, പ്രത്യുത അവരുടെ കുടുംബങ്ങൾക്കായി ഒരു പുതിയ ജീവിതശൈലി ഈ മിഷനറിമാർ പറഞ്ഞുകൊടുത്തു. അവർ ദേവാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു.

അമ്മ വിളിച്ചു: ജുവാൻ ഡിയാഗോ! ജുവാനിറ്റോ!

അടിച്ചമർത്തപ്പെട്ട ഈ ജനങ്ങളോട് പരിശുദ്ധ ദൈവമാതാവിന് സഹതാപം തോന്നി. അവരെ സഹായിക്കുവാനായി അമ്മ കടന്നുവന്നു. ആ കടന്നുവരവ് ലോകചരിത്രത്തിൽ രക്ഷാകരമായൊരു പുതിയ അധ്യായം എഴുതിച്ചേർത്തു. സംഭവബഹുലമായിരുന്നു ദൈവമാതാവിന്റെ ആ കടന്നുവരവ്. ഇന്നത്തെ മെക്‌സിക്കോ സിറ്റിക്ക് ഏതാനും കിലോമീറ്റർ വടക്കുളള ഒരു ഗ്രാമത്തിൽ ജുവാൻ ഡിയാഗോ എന്ന 57 വയസ്സുളള അസ്റ്റിക് വംശത്തിൽപ്പെട്ട ഒരു ക്രൈസ്തവൻ ജീവിച്ചിരുന്നു. മക്കളില്ലാത്ത ജുവാൻ ഭാര്യ മരിച്ചശേഷം തന്റെ അമ്മാവന്റെ കൂടെയാണ് താമസിച്ചിരുന്നത്. അദ്ദേഹവും ഒരു വിശ്വാസിയായിരുന്നു. ജുവാന്റെ ചെറുപ്രായത്തിൽതന്നെ മാതാപിതാക്കളും നഷ്ടപ്പെട്ടിരുന്നു. അമ്മാവനെ ഒത്തിരി സ്‌നേഹിച്ച ജുവാൻ രോഗത്തിന്റെ നാളുകളിൽ അദ്ദേഹത്തെ ശുശ്രൂഷിച്ചുപോന്നു.

1531 ഡിസംബർ ഒൻപത്. അതൊരു ശനിയാഴ്ചയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ബഹുമാനാർത്ഥം വിശുദ്ധ ജയിംസിന്റെ ദൈവാലയത്തിൽ നടക്കുന്ന പ്രഭാത ദിവ്യബലിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു ജുവാൻ. ദിവ്യബലിക്കുശേഷം വിശ്വാസപരിശീലന ക്ലാസും ഉണ്ടായിരുന്നു. സ്‌പെയിനിലും അതിന്റെ കോളനികളിലും അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്ന ദിവസംകൂടിയായിരുന്നു അത്. നേരം വെളുത്തിട്ടില്ല. എങ്കിലും പക്ഷികൾ പാടുന്നുണ്ട്. അപ്പോൾ ഒരു സ്ത്രീശബ്ദം തന്നെ വിളിക്കുന്നത് അയാൾകേട്ടു. ”ജുവാൻ ഡിയാഗോ! ജുവാനിറ്റോ!”

ശബ്ദം കേട്ട കുന്നിലേക്ക് ജുവാൻ വലിഞ്ഞു കയറി. അവിടെ അതാ, തകർന്ന പാറക്കൂട്ടങ്ങളുടെയിടയിൽ സുന്ദരിയായ ഒരു സ്ത്രീ. സൂര്യൻ അപ്പോഴും ഉദിച്ചിരുന്നില്ല. എങ്കിലും സ്വർണനിറത്തിലുളള പ്രകാശ രശ്മികളിൽ കുളിച്ചുനിന്നു ആ സ്ത്രീ. കഷ്ടി 16 വയസ്സുളള സുന്ദരിയായ ഒരു റെഡ് ഇൻഡ്യൻ പെൺകൊടിയായിരുന്നു അത്. വളരെ സുന്ദരമായ മുഖം. വർണാഭമായ ഉടയാടകൾ വർണശോഭയാൽ തിളങ്ങി. കല്ലുകൾ രത്‌നങ്ങൾപോലെ തോന്നിച്ചു.

കന്യകാമറിയം സംസാരിക്കുന്നു

ജുവാൻ നീ എവിടെ പോകുകയാണ്? ആ സ്ത്രീ അയാളുടെ മാതൃഭാഷയിൽ ചോദിച്ചു. ”ദിവ്യബലിക്ക് നേരമായി; അൽപ്പം തിരക്കുണ്ട്.” ജുവാൻ പറഞ്ഞു. ”എന്റെ പ്രിയപ്പെട്ട മകനേ, ഞാൻ നിന്നെ സ്‌നേഹിക്കു ന്നു,” ആ സ്ത്രീ തുടർന്നു: ”ഞാനാണ് കന്യകാമറിയം; ലോകവും അതിലുളള സമസ്തവും സൃഷ്ടിച്ച ദൈവത്തിന്റെ അമ്മ. ഇവിടെ ഒരു പളളി പണിയണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇവിടെവെച്ച് നിന്റെ ജനത്തോട് ഞാൻ സഹാനുഭൂതികാണിക്കും. മാത്രമല്ല, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന എല്ലാവരെയും അവരുടെ പ്രവർത്തനങ്ങളിലും ദുഃഖങ്ങളിലും ഞാൻ സഹായിക്കും. അതുകൊണ്ട് ഉടൻ നഗരത്തിൽചെന്ന് ബിഷപ്പിനെ കണ്ട് നീ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അറിയിക്കുക.”

താനാരാണെന്ന് പരിശുദ്ധ കന്യക പറഞ്ഞപ്പോൾ ജുവാൻ മുട്ടിന്മേൽ വീണിരുന്നു. ”മഹതീ, അവിടുന്ന് പറഞ്ഞതുപോലെ ഞാൻ ചെയ്യാം.” അവൻ നിന്നിരുന്ന ടെപയാക് മലയിൽനിന്ന് മെക്‌സികോ സിറ്റിയിലേക്ക് ബിഷപ്പിനെ കാണുവാനായി ജുവാൻ യാത്ര തുടങ്ങി. നഗരത്തിൽ ചെല്ലാനോ സ്‌പെയിൻകാരുമായി സംസാരിക്കാനോ ജുവാന് ഒരിക്കലും ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും ‘ദൈവമാതാവായ കന്യകാമറിയം’ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീയെ അനുസരിക്കാൻ അയാൾ സ്വന്തം മനസ്സിനെ ഒരുക്കി.

പരിശുദ്ധ മാതാവ് പിന്നെയും…

ജുവാൻ ബിഷപ്പ്‌സ് ഹൗസിലെത്തി. ഫ്രേ ജുവാൻ ഡി സുമ്മാരാഗാ എന്നായിരുന്നു ഫ്രാൻസിസ്‌കൻ സഭക്കാരനായ ആ ബിഷപ്പിന്റെ പേര്. ഈ പുതുക്രിസ്ത്യാനിയുടെ നിസ്വാർത്ഥത ബിഷപ്പിനെ അത്ഭുതപ്പെടുത്തി. പക്ഷേ, ജനവാസമില്ലാത്ത ഒരു മരുപ്രദേശത്ത് പളളി പണിയണമെന്ന് സ്വർഗീയറാണി എങ്ങനെ ആവശ്യപ്പെടുമെന്ന സംശയം മാറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ട് പിന്നീട് പറയാമെന്നും മറ്റൊരിക്കൽ വരണമെന്നും പറഞ്ഞ് ബിഷപ്പ് ജുവാനെ പറഞ്ഞയച്ചു.

വിശന്ന് തളർന്ന് ജുവാൻ ആ മലയിൽ എത്തിയപ്പോഴേക്കും സൂര്യനസ്തമിക്കാറായിരുന്നു. മലകയറിചെന്ന ജുവാൻ കണ്ടത് ആ സ്ത്രീ അവിടെ നിൽക്കുന്നതാണ്. ഉടനെ മുട്ടിൽവീണ അയാൾ നടന്ന കാര്യങ്ങളെല്ലാം അവളെ അറിയിച്ചു. ”എന്റെ അമ്മേ, അവിടുത്തെ വിശ്വാസത്തിന് ഞാൻ യോഗ്യനല്ല. ദയവായി മറ്റാരെയെങ്കിലും ബിഷപ്പിന്റെ അടുക്കലേക്ക് അയച്ചാലും.” അവൾ മറുപടി പറഞ്ഞു: ”എന്റെ പ്രിയമകനെ, ഞാൻ തിരഞ്ഞെടുത്തവൻ നീയാണ്. നാളെ നീ വീണ്ടും ബിഷപ്പിന്റെ അടുത്ത് ചെന്ന് ഈ സ്ഥലത്ത് പളളി പണിയണമെന്ന എന്റെ ആവശ്യം ആവർത്തിക്കുക.”

”പ്രഭ്വീ,” ജുവാൻ താണുവണങ്ങി മറുപടി പറഞ്ഞു: ”അങ്ങുന്ന് ആവശ്യപ്പെട്ടതുപോലെ ഞാൻ ചെയ്യാം. പക്ഷെ ഇത്രവേഗം വീണ്ടും എന്നെ കാണുന്നത് ബിഷപ്പിന് ഇഷ്ടമാകുമോ എന്നാണെന്റെ പേടി. ഏതായാലും നാളെ ഞാൻ ബിഷപ്പിന്റെ അടുത്തുപോയിവന്നതിനുശേഷം വിവരങ്ങൾ അറിയിക്കാം.”

ബിഷപ്പ് അടയാളം ആവശ്യപ്പെടുന്നു
പിറ്റേദിവസം, ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുത്തശേഷം ജുവാൻ വീണ്ടും മെക്‌സിക്കോ സിറ്റിയിലേക്ക് പോയി. അയാൾ പറഞ്ഞതെല്ലാം ശാന്തനായി കേട്ടതിന് ശേഷം ബിഷപ്പ് ജുവാനോട് പറഞ്ഞു: ”പരിശുദ്ധ മാതാവിനായുളള പളളി പണിതുടങ്ങുന്നതിനുമുമ്പ് ഒരു അടയാളം ആവശ്യപ്പെടുക.” മാതാവ് തരാൻ മനസ്സാകുന്ന അടയാളം ഏതായാലും കൊണ്ടുവന്നുകാണിക്കാം എന്ന് പറഞ്ഞ് ജുവാൻ തിരിച്ചുപോയി. പതിവുപോലെ ആ സ്ത്രീ അവനെ കാത്തുനിൽപ്പുണ്ടായിരുന്നു. ബിഷപ്പ് അടയാളം ആവശ്യപ്പെട്ടകാര്യം അയാൾ കന്യകാമറിയത്തെ അറിയിച്ചു.

പിറ്റേദിവസം, തിങ്കളാഴ്ച അതിരാവിലെ വീണ്ടുംവരിക. അപ്പോൾ അടയാളം തരാം എന്ന് അവൾ പറഞ്ഞു. മറിയത്തോട് യാത്ര പറഞ്ഞ് ജുവാൻ തന്റെ ഭവനത്തിലേയ്ക്ക് മടങ്ങി. തന്നെ മറിയം സന്ദേശവാഹകനായി തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ ജുവാനുമപ്പോൾ ഉറപ്പായിക്കഴിഞ്ഞിരുന്നു. ഇനി അവൾ പറയുന്നതെന്തും ചെയ്യും എന്ന് അയാൾ തീരുമാനിച്ചു.

രോഗിയായ അമ്മാവൻ
വീട്ടിൽ തിരിച്ചെത്തിയ ജുവാൻ കണ്ടത് പകർച്ചപ്പനി ബാധിച്ചു കിടക്കുന്ന തന്റെ അമ്മാവനെയാണ്. ആവശ്യമായ മരുന്നുകൾ ഉണ്ടാക്കുകയും അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട് ജുവാൻ ആ രാത്രിയും പിറ്റേന്ന് പകലും കഴിച്ചുകൂട്ടി. അതിനാൽ പറഞ്ഞ സമയത്ത് കന്യകാമറിയത്തെ കാണാൻ കഴിഞ്ഞില്ല.  മരണം അടുത്തുകഴിഞ്ഞുവെന്ന് ഭയന്ന അമ്മാവനാകട്ടെ, അന്ത്യകൂദാശകൾക്കായി വൈദികനെ കൊണ്ടുവരുവാൻ ജുവാനോട് കെഞ്ചുകയാണ്.

അതോടെ ജുവാൻ വൈദികനെ അന്വേഷിച്ച് യാത്രയായി. പോകുംവഴി അയാൾ വീണ്ടും പരിശുദ്ധ മറിയത്തെ കണ്ടുമുട്ടി. കാണാതിരിക്കാൻ ജുവാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അപ്പോൾ മറിയം കാര്യമന്വേഷിച്ചു. ”എന്നോട് പൊറുക്കണേ,” ജുവാൻ താഴ്മയോടെ തുടർന്നു:
. ”ഇന്നലെ എനിക്ക് അങ്ങയുടെ അടുത്ത് വരാൻ സാധിച്ചില്ല. കാരണം എന്റെ അമ്മാവൻ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഞാൻ ഒരു വൈദികനെ അന്വേഷിച്ച് ഇറങ്ങിയതാണ്.”

പരിശുദ്ധ കന്യകാമറിയം പ്രതിവചിച്ചു

”എന്റെ പ്രിയപ്പെട്ട മകനേ, നീ എന്റെ സംരക്ഷണയിലാണ്. നിന്റെ അമ്മാവനെ ഞാൻ സുഖപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ട് വേഗം മലമുകളിൽ പോയി അവിടെ വിടർന്നു നിൽക്കുന്ന പനിനീർ പൂക്കൾ ശേഖരിച്ച് എന്റെ അടുക്കൽ കൊണ്ടുവാ.”
ഇത്രവേഗം എങ്ങനെ അമ്മാവൻ സുഖപ്പെടാനാണ്, ജുവാൻ വിസ്മയിച്ചു. അതുപോലെ ഡിസംബറിന്റെ ഈ തണുപ്പിൽ എങ്ങനെ ഈ കല്ലുമലയിൽ പൂക്കളുണ്ടാകും? എങ്കിലും അയാൾ മറിയത്തെ അനുസരിച്ചു. മുകളിലെത്തിയ ജുവാൻ അത്ഭുതപ്പെട്ടുപോയി. മഞ്ഞുതുളളികൾ ഇറ്റുവീണുകൊണ്ടിരിക്കുന്ന മനോഹരമായ റോസാപ്പൂക്കൾ!

അവിടെയുണ്ടായിരുന്ന കളളിച്ചെടികളും, മുൾപ്പടർപ്പുമാകട്ടെ കട്ടിയായ മഞ്ഞിൽ മരവിച്ചുകിടക്കുന്നു. ആസ്‌ടെക്കുകാർ ജോലിസമയത്ത് ധരിക്കുന്ന ‘റ്റിൽമ’ എന്ന ഒരുതരം ഏപ്രൺ ജുവാൻ ധരിച്ചിരുന്നു. പരുക്കൻ തുണികൊണ്ടു നെയ്ത അത് തൊപ്പിയായും ഉപയോഗിക്കാം. അയാളതിൽ ആ പനിനീർപ്പൂക്കൾ നിറച്ചു. എന്നിട്ടു പരിശുദ്ധ അമ്മയുടെ അടുക്കലേയ്ക്ക് തിരിക്കിട്ടുപോയി. ജുവാൻ കൊണ്ടുവന്ന പൂക്കൾ സ്വന്തം കൈകൊണ്ട് ഒന്നുകൂടി ക്രമീകരിച്ചു ഭംഗിയായി റ്റിൽമയിൽ വെച്ചശേഷം പരിശുദ്ധ മറിയം അതിന്റെ കീഴ്ഭാഗത്തെ മൂലകൾ അയാളുടെ കഴുത്തിൽ ചുറ്റി കെട്ടിക്കൊടുത്തു. റ്റിൽമകൊണ്ടുതന്നെ പൂക്കൾ മൂടുകയും ചെയ്തു.

മാതാവിന്റെ ചിത്രം
മേരി, ജുവാനോട് പറഞ്ഞു: ”എന്റെ മകനേ ഇതാണ് ബിഷപ്പിനുള്ള എന്റെ അടയാളം. പക്ഷേ നീ എന്താണ് കൊണ്ടുപോകുന്നത് എന്ന് മറ്റാരും അറിയരുത്. നിന്റെ അമ്മാവനെ സുഖമാക്കിയത് ഞാനാണെന്നും ഞാൻ തന്നെയാണ് ഈ പൂക്കൾ ഈ രീതിയിൽ ഒരുക്കിയതെന്നുംബിഷപ്പിനോട് പറയണം. ഇപ്രാവശ്യം അദ്ദേഹം നിന്നെ വിശ്വസിക്കും.”

ഇത്തവണ ജുവാന്റെ കഥ കേൾക്കുന്നതിന് ബിഷപ്പ്‌ സാക്ഷികളെയും കൂട്ടിയിരുന്നു. കന്യകാമറിയം തന്നോട് പറയാനേൽപ്പിച്ച കാര്യങ്ങൾ മുഴുവൻ ബിഷപ്പിനോട് പറഞ്ഞശേഷം ജുവാൻ തന്റെ ‘റ്റിൽമ’യുടെ അറ്റം അഴിച്ചു. അപ്പോൾ പൂക്കൾ താഴെ വീണുചിതറി.
പൂക്കളെകാളും വലിയ മറ്റൊരു അടയാളം തനിക്കും ബിഷപ്പിനുമായി കന്യകാമറിയം ഒരുക്കിയിരിക്കുന്നത് കണ്ട് അവർ അത്ഭുതപ്പെട്ടു. ജുവാന്റെ ‘റ്റിൽമ’യുടെ മുൻവശത്ത് ജുവാൻ ദർശനത്തിൽ കണ്ടവിധം തന്റെ അതിമനോഹരമായ ചിത്രം അവൾ പതിപ്പിച്ചിരിക്കുന്നു!

അതുകണ്ട് ബിഷപ്പും കൂടെയുണ്ടായിരുന്നവരും മുട്ടിൻമേൽ വീണു. ജുവാന് പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ യഥാർത്ഥത്തിൽ ദൈവമാതാവായിരുന്നുവെന്നും അമ്മ അയാളോട് സംസാരിച്ചെന്നും തന്റെ മഹത്വത്തിനായി ഒരു പളളി പണിയണമെന്ന് ആവശ്യപ്പെട്ടുവെന്നുമൊക്കെ അവരപ്പോൾ പൂർണ്ണമായി വിശ്വസിച്ചു.

കത്തീഡ്രലിലേക്ക് ചിത്രം
പൂക്കൾ നിലത്ത് വീണ നിമിഷം പൊടുന്നനെ അമ്മയുടെ രൂപം റ്റിൽമയിൽ തെളിയുകയായിരുന്നു എന്നാണ്‌ വിശ്വാസം. ബിഷപ്പ് എഴുന്നേറ്റ് ജുവാന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന ‘റ്റിൽമ’ ഭക്തിപുരസരം അഴിച്ചെടുത്തു എന്നിട്ടത് തന്റെ സ്വകാര്യചാപ്പലിൽ, അൾത്താരയ്ക്കടുത്തായി സ്ഥാപിച്ചു. കന്യകാമേരിയുടെ ചിത്രം അത്ഭുതകരമായി ‘റ്റിൽമ’യിൽ പതിഞ്ഞ വിവരം അതിവേഗം നാടാകെ പാട്ടായി. പിറ്റേദിവസം ‘റ്റിൽമ’ കത്തീഡ്രലിൽ സ്ഥാപിക്കുന്നതിനായി ജനങ്ങൾ സന്തോഷപൂർവ്വം പ്രദക്ഷിണമായി മെത്രാനോടൊപ്പം കത്തീഡ്രലിലേക്കുപോയി.

പരിവർത്തിതരായ റെഡ് ഇന്ത്യാക്കാരടക്കം അനേകം വിശ്വാസികൾ പരിശുദ്ധ കന്യകാമാറിയത്തോട് പ്രാർത്ഥിക്കാനായി അവിടെ എത്തിച്ചേർന്നു. വേദനയുടെയും കഷ്ടപ്പാടിന്റെയും സമയങ്ങളിൽ ദൈവമാതാവ് തങ്ങളെ ഓർത്തു എന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. അവൾ തങ്ങളെ സഹായിക്കും എന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവുമില്ലായിരുന്നു.

ഗ്വാഡലൂപ്പെ എന്ന് വെളിപ്പെടുത്തിയതും അമ്മ
ദൈവമാതാവ് പളളിപണിയണമെന്ന് ആഗ്രഹിച്ച മല കാണിച്ചുകൊടുക്കുവാൻ ബിഷപ്പ് ജുവാനോട് ആവശ്യപ്പെട്ടു. ബിഷപ്പും പരിവാരങ്ങളും അവിടെപോയശേഷം ജുവാന്റെ അമ്മാവനെയും സന്ദർശിച്ചു. പൂർണ്ണ ആരോഗ്യവാനായ അദ്ദേഹത്തെയാണവർ കണ്ടത്.
അദ്ദേഹം അപ്പോൾ അത്ഭുത സൗഖ്യത്തെക്കുറിച്ച് അവരെ വിവരിച്ചു കേൾപ്പിച്ചു. മുറി മുഴുവൻ മൃദുലമായൊരു പ്രകാശത്താൽ നിറഞ്ഞു. അപ്പോൾ സുന്ദരിയായ ഒരു യുവതി തന്റെയടുത്തുവന്നു നിന്നു.

തന്നെക്കുറിച്ചും തന്റെ ചിത്രത്തെക്കുറിച്ചും പറഞ്ഞ അവൾ ഇതുകൂടി കൂട്ടിച്ചേർത്തു: ”എന്നെയും എന്റെ പ്രതിരൂപത്തെയും ‘ഗ്വാഡലൂപ്പെ മാതാവ്’ എന്ന് വിളിക്കുക”. ‘ഗ്വാഡലൂപ്പെ’ എന്നപേര് ബിഷപ്പിനെ കുഴക്കി. ‘ചവിട്ടിമെതിക്കപ്പെട്ട കൽസർപ്പം’ എന്നാണ് ആ വാക്കിന്റെ അർത്ഥം. ആദത്തിന്റെയും ഹവ്വായുടെയും പതനത്തിന്റെ വേളയിൽ സർപ്പത്തോട് ദൈവം പറഞ്ഞ വാക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്:”നീയും സ്ത്രീയും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും അവൾ നിന്റെ തലതകർക്കും.” അമലോത്ഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോകത്തെ വീണ്ടെടുക്കുന്നവനായ സ്വപുത്രനിലൂടെ അവളതിന്റെ തല ചവിട്ടിയരയ്ക്കും.

പരിശുദ്ധ അമ്മയുടെ ദൈവാലയം
തങ്ങൾക്കായി ഒരു പുതിയ ദേവാലയമുണ്ടാകാൻ പോകു ന്നു എന്ന വാർത്ത പരിവർത്തിതരായ റെഡ് ഇന്ത്യക്കാരുടെയിടയിൽ പരന്നു. പളളി പണിയുന്നതിനായി നൂറുകണക്കിനുപേർ ശ്രമദാനവുമായി മുന്നിട്ടിറങ്ങി. രണ്ടാഴ്ച്ചക്കുളളിൽ ചെറിയ ഒരു ദേവാലയം ഉയർന്നു. ഡിസംബർ 26 ന് അമ്മയുടെ വിശുദ്ധ ചിത്രം ആഘോഷമായി പളളിയിലേക്ക് കൊണ്ടുവന്നു. പരിശുദ്ധ കുർബാനയർപ്പിക്കുന്ന അൾത്താരയ്ക്ക് മുകളിലായി ആ രൂപം സ്ഥാപിക്കപ്പെട്ടു.

പളളിയിൽ ഗ്വാഡലൂപ്പെ മാതാവിന്റെ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടതിന് ശേഷം റെഡ്ഇന്ത്യക്കാർ ആനന്ദനൃത്തമാടി. അതിനിടെ ഒരാൾ വീണപ്പോൾ അടുത്തുനിന്നയാളുടെ കുന്തം കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. രക്തമെല്ലാം വാർന്ന് അയാൾ അതിവേഗം മരണാസന്നനായി. അയാളെ ഉടൻ എല്ലാവരുംകൂടി ഗ്വാഡലൂപ്പെ മാതാവിന്റെ മുൻപിലെത്തിച്ചിട്ട് രക്ഷിക്കണമെന്നപേക്ഷിച്ചു. അത്ഭുതം; ഉടൻതന്നെ അയാൾ പൂർണസൗഖ്യം പ്രാപിച്ച് എഴുന്നേറ്റു നിന്നു! ഒരാഴ്ചക്കകംതന്നെ നിരവധി അത്ഭുതങ്ങൾ അവിടെ സംഭവിച്ചു.

പുതിയ ബസിലിക്ക
മലയിൽ പണിതീർന്ന ആദ്യത്തെ പളളിയുടെ അടുത്തായി ജുവാൻ ഡിയാഗോയ്ക്കായി ഒരു ചെറിയ ഭവനം പണിതു. അവിടെ താമസിച്ചുകൊണ്ട് പ്രാർത്ഥനയ്ക്കായി കടന്നുവന്ന പതിനായിരങ്ങളോട് ജുവാൻ മാതാവു പ്രത്യക്ഷപ്പെട്ടതിന്റെ ചരിത്രം പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം 1548-ൽ മരിച്ചു. പളളിയുടെ അകത്ത് മാതാവിന്റെ ചിത്രത്തിനു സമീപത്താണ് ജുവാനെ സംസ്‌കരിച്ചത്. ജുവാന്റെ റ്റിൽമയിൽ പതിഞ്ഞ അമലോത്ഭവ മാതാവിന്റെ പൂജ്യമായ ചിത്രത്തിനായി 1709ൽ ഒരു പുതിയ ബസലിക്കാ ദൈവമാതാവിന്റെ നാമത്തിൽ പണികഴിച്ചു.

തീർത്ഥാടകരുടെ എണ്ണം വർഷംതോറും വർധിക്കുകയാണ്. ലോകമെമ്പാടുനിന്നും മെക്‌സിക്കോ സിറ്റിയിലെത്തുന്ന തീർത്ഥാടകർ ഇന്ന് സന്ദർശിക്കുന്നത് വമ്പിച്ച തീർത്ഥാടക സമൂഹത്തെ ഉൾക്കൊളളാനായി പണിത പുതിയ ബസിലിക്കയാണ്. പരിശുദ്ധ അമ്മയെ വണങ്ങുന്നതിനായി കടന്ന് വരുന്ന എല്ലാവരും അവൾ ലോകം മുഴുവനുമായിതന്ന ആ മനോഹര ചിത്രത്തിലേയ്ക്ക് നോക്കി അത്ഭുതപ്പെടുന്നു. ഇന്ന് മെക്‌സിക്കോയിലെന്നല്ല; അമേരിക്കൻ ഐക്യനാടുകളിൽ മുഴുവനിലും ഗ്വാഡലൂപ്പെ മാതാവിന്റെ ഓർമ ഡിസംബർ 12 ന് ആഘോഷിക്കുന്നു. ഈ തിരുനാളിൽ മാത്രമല്ല, വർഷം മുഴുവനും തീർത്ഥാടക പ്രവാഹം പൂക്കളും, ബാനറുകളുമായി ഈ വലിയ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി കടന്നുവന്നുകൊണ്ടിരിക്കുകയാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?