Follow Us On

14

April

2021

Wednesday

ശതാഭിഷേകത്തിൻ്റെ ചാന്ദ്രശോഭ!

ശതാഭിഷേകത്തിൻ്റെ ചാന്ദ്രശോഭ!

ആയിരം പൂർണചന്ദ്രനെ ദർശിച്ചതിന്റെ നിറവിൽ ഫ്രാൻസിസ് പാപ്പ ശതാഭിഷിക്തനാകുമ്പോൾ, ജീവിതദർശനത്തിലൂടെയും രചനകളിലൂടെയും സഭയ്ക്കും സമൂഹത്തിനും ലോകത്തിനാകമാനവും പകരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കുകയാണ് ലേഖകൻ.

റോയി അഗസ്റ്റിൻ, മസ്കറ്റ്

ചന്ദ്രശോഭയെ വെല്ലുന്നൊരു നറുനിലാവു പോലെ ശതാഭിഷേക നിറവിൽ (84 വയസ്) ഫ്രാൻസിസ്‌ പാപ്പ. 1936 ഡിസംബർ 17ന് ഇറ്റാലിയൻ റെയിൽവേ ജീവനക്കാരൻ്റെ അഞ്ചു മക്കളിൽ ഒരാളായി അർജൻ്റീനയിൽ ജനിച്ച ആദ്ദേഹം, 1969 ഡിസംബർ 13ന് ഈശോസഭാ വൈദികനായി. 1988ൽ ബുവനേഴ്‌സ് ഐരിസ് ആർച്ച്ബിഷപ്പായ അദ്ദേഹം, 2001ൽ കര്‍ദിനാൾ പദവിയിലേക്കുയർത്തപ്പെട്ടു. 2014 മാർച്ച് 19 മുതൽ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ.

വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് എന്നും വ്യത്യസ്ഥനാക്കിയിരുന്നത്. സഭയുടെ പ്രഥമ ദൗത്യം പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള പക്ഷം ചേരലാണെന്നും മറിച്ചായാൽ പരസ്പരം പ്രശംസിക്കുന്നവരുടെ കൂടാരമായി സഭ തരം താഴുമെന്നും വൈദിക പരിശീലന കാലത്തു തന്നെ വാദിച്ചിരുന്ന അദ്ദേഹം തൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ ഈ കാഴ്ചപ്പാടിൽ നിന്ന് അണുവിട മാറിയിട്ടില്ല. 2001 ൽ കര്‍ദിനാൾ പദവിയിലെത്തിയതോടെയാണ് ആഗോളസഭയിൽ അദ്ദേഹം അറിയപ്പെടുന്നതും അദ്ദേഹത്തെ ലോകം ശ്രദ്ധിക്കാൻ തുടങ്ങുന്നതും.

തൻ്റെ ഓരോ ഉദ്യമങ്ങളിലും ബൈബിളിലെ യേശുവിനെ പിൻപറ്റാൻ അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു എന്നു കാണാൻ കഴിയും. ബുവനേഴ്‌സ് ഐരിസിലെ ചേരിയിൽ അവിടുത്തെ അന്തേവാസികൾക്കായി വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ പ്രാന്തവൽക്കരിക്കപ്പെട്ടവരോടും മാറ്റിനിർത്തപ്പെട്ടവരോടും മുഖം നഷ്ടപ്പെട്ടവരോടുമുള്ള അദ്ദേഹത്തിൻ്റെ പക്ഷം ചേരൽ ലോകം ദർശിച്ചു.

പാപ്പ ആയതിനു ശേഷമുള്ള തൻ്റെ ആദ്യ ചാക്രിക ലേഖനം ‘വിശ്വാസത്തിൻ്റെ വെളിച്ചത്തി’ലൂടെ കുടുംബങ്ങളെയാണ് അദ്ദേഹം ലക്ഷ്യം വെച്ചത്. കുടുംബങ്ങളിൽ ആരംഭിച്ച് ആഴപ്പെടുന്ന വിശ്വാസത്തിന് സമൂഹത്തെ മുഴുവൻ പ്രകാശമാനമാക്കാനുള്ള കരുത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘കാരുണ്യത്തിൻ്റെ മുഖ’ മെന്ന അപ്പസ്തോലിക ലേഖനത്തിലൂടെ സഭയിൽ കരുണയുടെ വർഷം അദ്ദേഹം പ്രഖ്യാപിച്ചു. 2015 ഡിസംബർ എട്ടിനായിരുന്നു അത്. സ്നേഹമാകുന്ന ദൈവത്തിൻ്റെ മുഖം കരുണയുടേതാണെന്നദ്ദേഹം ലോകത്തോടു പറഞ്ഞു.

‘അങ്ങേയ്ക്ക് സ്തുതി ‘ എന്ന ചാക്രിക ലേഖനത്തിൽ നമ്മുടെ പൊതു ഭവനമാകുന്ന ഭൂമി അതിൻ്റെ നിലനിൽപ്പിനായി കേഴുകയാണെന്നും വ്യക്തികളും സഭയും സമൂഹവും രാജ്യങ്ങളും പരിസ്ഥിതി പ്രശ്നത്തിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തിയില്ലെങ്കിൽ വരാനിരിക്കുന്നത് നാശമായിരിക്കുമെന്നദ്ദേഹം നൽകിയ മുന്നറിയിപ്പ് ലോകത്തിൽ വലിയ സംവാദങ്ങൾക്കു തുടക്കമിട്ടു.

‘ഫ്രതെല്ലി തൂത്തി’ (എല്ലാവരും സഹോദരങ്ങൾ) എന്ന സഹോദര്യത്തിൻ്റെ മഹാ സന്ദേശം നൽകുന്ന അദ്ദേഹത്തിൻ്റെ ചാക്രിക ലേഖനം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുറത്ത് വന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ ആ ലേഖനത്തിൽ, പരസ്പരം സഹകരിച്ചും സഹായിച്ചും മാത്രമേ ഈ മഹാമാരിയെ നമുക്കു കീഴടക്കാൻ കഴിയുകയുള്ളൂവെന്നും കോവി ഡിനൊപ്പം അനീതിയുടെയും അസമത്വത്തിൻ്റെയും സ്വാർത്ഥതയുടെയും വൈറസുകകളെക്കൂടി ഇല്ലാതാക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടും അദ്ദേഹം ലോകത്തിന്‌ നൽകി.

പാപ്പയുടെ പുതിയ പുസ്തകത്തിന്റെ കവർ പേജ്‌

അന്നു പറഞ്ഞതിൻ്റെ തുടർച്ചയെന്നോണം ജീവിതത്തിൻ്റെ പ്രത്യാശകളെയും പ്രകാശം പരത്തുന്ന ചിന്തകളേയും അക്ഷരച്ചരടിൽ കോർത്തെടുത്ത ഒരു മനോഹര ഗ്രന്ഥം ഈ ശതാഭിഷേക വർഷത്തിനു കൂടുതൽ മിഴിവേകാനെന്നവണ്ണം അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരിക്കുകയാണ്. ‘Let us Dream – The Path to a Better Fulure’ എന്ന കഴിഞ്ഞ ദിവസം പ്രസിദ്ധീകൃതമായ തൻ്റെ പുതിയ പുസ്തകത്തിൻ്റെ ഓരോ വരികളിലൂടെയും എത്രത്തോളം ആത്മവിശ്വാസമാണദ്ദേഹം ലോകത്തിലേക്ക് പ്രസരിപ്പിക്കുന്നത്‌!

അവരവരെയല്ല, ജനതയെ മുന്നിൽ നിർത്തിയുള്ളതാകണം കോവിഡാനന്തര ലോകക്രമമെന്നദ്ദേഹം ഓർമ്മിപ്പിക്കുമ്പോൾ, ഈ മഹാമാരിയുടെ ആഘാതമേൽപ്പിച്ച ആകുലതകളിൽ താളം തെറ്റിയ ലോകത്തിനത് എല്ലാവരും ഒന്നാണെന്ന മഹനീയ ചിന്തയുടെ ലേ പനം പുരട്ടിയൊരു തലോടലായി മാറുന്നു. സ്ത്രീകൾക്ക് വലിയ ആദരം നൽകുന്നുണ്ട് ഈ പുസ്തകത്തിൽ അദ്ദേഹം. സ്ത്രീകളുടെ നേതൃത്വം പ്രതിസന്ധികളുടെ മഹാമാരിയെ വിജയകരമായി നേരിട്ടതിനെ പുത്തൻ പ്രതീക്ഷകളുടെ തിരിനാളമായി അദ്ദേഹം ചിത്രീകരിക്കുന്നു.

ഒരേ സമയം മനസിൻ്റെയും ഹൃദയത്തിൻ്റെയും കൈകളുടെയും ഭാഷ സംസാരിക്കാൻ കഴിയുന്നത് വീട്ടമ്മമാർക്കാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം, പലവിധ തരം താഴ്ത്തപ്പെടലിനു വിധേയരായി വീട്ടകങ്ങളിൽ തളച്ചിടപ്പെടുന്ന സഹോദരിമാർക്കുള്ള വലിയ ആദരവുതന്നെയാണ്‌. അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആ നിരീക്ഷണത്തിന്  പ്രത്യേക ‘വൈബു’ ണ്ട്. വനിതകളോടുള്ള തങ്ങളുടെ മുഴുവൻ ആദരവും ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ ഈ അക്ഷരത്താളുകളിൽ അദ്ദേഹവും സഹഎഴുത്തുകാരനായ ഡോ. ഓസ്റ്റിൻ ഇവേറയും അനുവാചകർക്കായി ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

സ്വന്തം ജീവനപ്പുറം മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്തവർക്കും അതിനിടയിൽ ജീവൻ നഷ്ടമായവർക്കും വേണ്ടിയാണ് ലോക് ഡൗൺ കാലത്ത് താൻ ഏറെ പ്രാർത്ഥിച്ചതെന്നു പാപ്പ എഴുതുമ്പോൾ അത് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്കുള്ള അഭിവാദനം കൂടിയാകുന്നു. അവരുടെ തീരുമാനം ഒരു ബോധ്യത്തിൻ്റെ സാക്ഷ്യമാണ്. അതിനാലാണ് പല രാജ്യങ്ങളിലും ജനങ്ങൾ ജനാലയ്ക്കരുകിലും വാതിൽപ്പടിയിലും മട്ടുപ്പാവിലുംനിന്ന് അവർക്ക് നന്ദി പ്രകടിപ്പിച്ചത്. നമ്മുടെ തൊട്ടടുത്ത വീട്ടിലെ വിശുദ്ധ രാണവർ. ആരോഗ്യ പ്രവർത്തകരുടെ ഹൃദയത്തെ തൻ്റെ ഹൃദയംകൊണ്ട് തൊടുന്നുണ്ട് ഫ്രാൻസിസ്‌ പാപ്പ.

കോവിഡിനാൽ ഉരുത്തിരിഞ്ഞൊരു മാറ്റം ഈ ലോകത്തിൽ കാണപ്പെടുന്നുണ്ട്. ഈ മാറ്റമാകട്ടെ കാലത്തിൻ്റെ അടയാളങ്ങളും പുത്തൻ ചുമരെഴുത്തുകളും വായിക്കാൻ സഹായ പ്രദമാണെന്ന് പാപ്പ പറയുന്നു. സെൽഫി സംസ്കാരം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു എന്നോർമ്മപ്പെടുത്തുന്ന അദ്ദേഹം അകലത്തുള്ളവരെ അരികിലും അപരിചിതനെ സഹോദരനുമാക്കിയതിനു ദൈവത്തിനു നന്ദി പറയുന്ന ടാഗോറിൻ്റെ ‘ഗീതാഞ്ജലി ‘യിലെ വാക്കുകൾ ലോകത്തിൻ്റെ കണ്ണുതുറപ്പിക്കാനെന്നോണം ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി.

സഭയ്ക്കും ലോകത്തിനും എന്നും ഉറ്റുനോക്കാനാവുന്ന പ്രത്യാശയുടെ ഒരു വിളക്കുമാടമായി അദ്ദേഹത്തിൻ്റെ തെളിഞ്ഞ ചിന്തകളും നിറഞ്ഞ പുഞ്ചിരിയും നിറഞ്ഞു നിൽക്കട്ടെ; പ്രകാശം പരത്തട്ടെ!

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?