Follow Us On

03

July

2022

Sunday

എന്തായിരിക്കണം ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനം?

എന്തായിരിക്കണം ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനം?

ലോകത്തിന്റെ പ്രകാശമായ ക്രിസ്തു ഹൃദയത്തില്‍ പിറക്കുമ്പോള്‍ വിശുദ്ധി നിറഞ്ഞ ഒരു ഹൃദയമാകണം, ഉണ്ണീശോയ്ക്ക് ഈ ക്രിസ്മസില്‍ നാം നല്‍കേണ്ട സമ്മാനമെന്ന് ഓര്‍മിപ്പിക്കുന്നു, നിരവധി ആത്മീയ ലേഖനങ്ങളുടെ രചയിതാവായ മിനി തട്ടില്‍.

ഡിസംബര്‍ 24. വീട്ടില്‍ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചേട്ടനും ചേച്ചിയും കൂടി സാന്താക്ലോസിന്റെ രൂപം ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ്. വലിയ കൗതുകത്തോടെ ഞാനും അത് നോക്കിക്കൊണ്ടിരുന്നു. ആദ്യം മുളങ്കമ്പുകള്‍ വെച്ചുകെട്ടി മനുഷ്യന്റെ ഏകദേശരൂപം ഉണ്ടാക്കി. പിന്നെ, അതിനുമേല്‍ പഴയ ചാക്കുകള്‍ ചുറ്റിക്കെട്ടി ആ രൂപത്തെ “വണ്ണം വെപ്പിച്ചു’. തലയുടെ ഭാഗത്ത് പഴന്തുണിക്കെട്ട്. കുടവയറിന്റെ സ്ഥാനത്ത് പഴയ ഒരു തലയിണ വെച്ചുകെട്ടി.

എല്ലാ ജോലികളും പൂര്‍ത്തിയായശേഷം മനോഹരമായ  ഒരു ചുവന്ന നീളന്‍ കുപ്പായം ആ രൂപത്തെ ധരിപ്പിച്ചു. തലയില്‍ ഭംഗിയുള്ള ഒരു നീളന്‍ തൊപ്പിയും വെച്ചുകൊടുത്തു. വാ തുറന്ന് ചിരിക്കുന്ന സാന്താക്ലോസിന്റെ ഒരു മുഖംമൂടിയും ഫിറ്റ് ചെയ്തു. തോളില്‍ ബലൂണ്‍ കൂട്ടം കെട്ടി തൂക്കിയിട്ടു. അങ്ങനെ എല്ലാ മിനുക്കുപണികളും പൂര്‍ത്തിയായപ്പോള്‍ കാണാന്‍ നല്ല ഭംഗിയുള്ള ഒരു സാന്താക്ലോസ്. ആ സമയം ദൈവാത്മാവ് എന്റെയുള്ളില്‍ മന്ത്രിച്ചു: “ഇതാണ് പൊയ്മുഖമണിഞ്ഞ മനുഷ്യന്‍. പുറമെ കണ്ണഞ്ചിപ്പിക്കുന്ന മോടികള്‍, ഉള്ളില്‍ കീറച്ചാക്കും പഴന്തുണിയും!”

അത് ശരിയാണല്ലോ എന്ന് ഞാനും മനസിലോര്‍ത്തു. സന്ധ്യയായതോടെ വീടിന്റെ മുന്‍ഭാഗത്തുള്ള മതിലിനു പുറകിലായി വഴിയാത്രക്കാര്‍ക്കെല്ലാം കാണാവുന്ന രീതിയില്‍, തൂക്കിയിട്ട നക്ഷത്രവിളക്കുകള്‍ക്കു കീഴെ ആ ‘സുന്ദരന്‍’ സാന്താക്ലോസിനെ പ്രതിഷ്ഠിച്ചു. അന്നു വൈകുന്നേരം ഞങ്ങളെല്ലാവരും പാതിരാ കുര്‍ബാനയ്ക്കു പോയി. കുര്‍ബാന കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തി. കാര്‍ വീടിനു മുമ്പില്‍ നിര്‍ത്തിയ ഉടനെ ആദ്യം നോക്കിയത് സാന്താക്ലോസ് അപ്പൂപ്പനെയായിരുന്നു.

ഒരു നിമിഷത്തേക്ക് മനസില്‍ അല്‍പ്പം സങ്കടം തോന്നി, ക്രിസ്മസ് ‘ലഹരിയില്‍’ വഴിയിലൂടെ ചുറ്റിക്കറങ്ങിയ ഈ ‘ഭൂമിയിലെ സന്മനസില്ലാത്ത’ ആരൊക്കെയോ സാന്താക്ലോസ് അപ്പൂപ്പനെ ‘പോസ്റ്റുമോര്‍ട്ടം’ ചെയ്തിട്ടിരിക്കുന്നു! പല ഭാഗങ്ങളും ഊരിയെടുത്തുകൊണ്ടു പോയിട്ടുണ്ട്. ഉടനെ ദൈവാത്മാവ് വീണ്ടും ഉള്ളില്‍ പറഞ്ഞു: “ഇതാണ് പൊയ്മുഖമണിഞ്ഞ മനുഷ്യന്‍, ഉള്ളില്‍ കീറച്ചാക്കും.” മുമ്പേ പരിശുദ്ധാത്മാവ് മനസില്‍ മന്ത്രിച്ച ആശയം ഇപ്പോള്‍ കുറെക്കൂടി വ്യക്തമാകുന്നതുപോലെ തോന്നി.

ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവിടുന്ന് തന്റെ ദൈവിക ചൈതന്യവും അവന്റെ ആത്മാവില്‍ നിക്ഷേപിച്ചു. പക്ഷേ, മനുഷ്യന്‍ സാത്താന്റെ സ്വരം ശ്രവിച്ച് പാപം ചെയ്തപ്പോള്‍ അവനിലെ ദൈവതേജസ് മങ്ങിപ്പോയി. അങ്ങനെ ദൈവവുമായും സഹസൃഷ്ടികളുമായും തന്നോടു തന്നെയുമുള്ള സ്‌നേഹബന്ധത്തില്‍ അകല്‍ച്ചയായി. പിന്നെ, ഉള്ളിന്റെ ഉള്ളിലുള്ള സ്‌നേഹശൂന്യതയില്‍ അശുദ്ധികളുടെ ‘കീറച്ചാക്കുകളും പഴന്തുണികളും’ കുത്തിനിറച്ചു മനുഷ്യന്‍.

ഈ മനുഷ്യനെ ആദിമ ആന്തരിക ചൈതന്യത്തിലേക്ക്- ദൈവവും മനുഷ്യനും ഒന്നായിരിക്കുന്ന പറുദീസാനുഭവത്തിലേക്ക്- വീണ്ടെടുക്കാനാണല്ലോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ബേത്‌ലഹെമിലെ കാലിത്തൊഴുത്തില്‍ സര്‍വശക്തനായവന്‍ ഒരു ഉണ്ണിയായി പിറന്നത്. പാപത്തിന്റെ ഇരുള്‍മൂടിയ ഈ ലോകത്തിലേക്ക് ‘പ്രഭാതനക്ഷത്ര’മായി കടന്നുവന്ന ദൈവകുമാരന്റെ ‘നയപ്രഖ്യാപന പ്രസംഗം’ ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.

“ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു,” (ലൂക്കാ 4:18,19)

ആധുനിക മനുഷ്യസമൂഹത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കുക. ഇന്നത്തെ മനുഷ്യനെപ്പോലെ, ഇത്രമാത്രം അത്യാധുനിക ജീവിതസൗകര്യങ്ങളോടുകൂടി ഈ ഭൂമിയില്‍ ജീവിച്ച മറ്റൊരു ജനത ലോകചരിത്രത്തില്‍, മുമ്പൊരിക്കലും ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ, അതിനോടൊപ്പം മറ്റൊരു വസ്തുത കൂടിയുണ്ട്. ഇന്നത്തെ മനുഷ്യരെപ്പോലെ ഇത്രമാത്രം ആന്തരിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്ന മറ്റൊരു മനുഷ്യസമൂഹവും ഈ ലോകത്തില്‍ മുമ്പൊരിക്കലും ജീവിച്ചിട്ടുണ്ടാകില്ല.

എല്ലാ ഭൗതിക സുഖങ്ങളും ആസ്വദിച്ചിട്ടും മനുഷ്യന് ഇന്നും സന്തോഷമില്ല. സമാധാനമില്ല. കാരണം ദൈവം മനുഷ്യനോടുകൂടി ആയിരിക്കാന്‍ വേണ്ടി ഈ ലോകത്തിലേക്ക് വന്നെങ്കിലും മനുഷ്യന്‍ ഇന്നും ദൈവത്തോടുകൂടെയല്ല. മുറിവുകളും നെടുവീര്‍പ്പുകളും പാപഭാരവും പേറി ജീവിക്കുന്ന ആധുനിക മനുഷ്യനോട്, 2000 വര്‍ഷംമുമ്പ് സംഭവിച്ച ‘യഥാര്‍ത്ഥ ക്രിസ്മസി’ന്റെ ഓര്‍മയുണര്‍ത്തി, ദൈവം ഇന്നും സംസാരിക്കുന്നു: “വരുവിന്‍ നമുക്ക് രമ്യപ്പെടാം,” (ഏശയ്യ 1:18).

കാരണവും അവിടുന്ന് പറയുന്നുണ്ട്: “എനിക്ക് നിന്നോടുള്ള സ്‌നേഹം അനന്തമാണ്. നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും. നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും,” (ജറെ. 31:3).

ദൈവവുമായുള്ള അനുരഞ്ജനമാണ് മനുഷ്യനെ തന്നോടുതന്നെയും സഹസൃഷ്ടികളോടുമുള്ള അനുരഞ്ജനത്തിലേക്ക് നയിക്കുക. അതുകൊണ്ടായിരിക്കാം ലോകരക്ഷകന് വഴിയൊരുക്കാന്‍ വന്നവന്‍, മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് മരുഭൂമിയില്‍നിന്ന് പ്രഘോഷിച്ചത്. മാനസാന്തരത്തിന്റെ സുവിശേഷം തന്നെയാണ് ലോകരക്ഷകനായ യേശുക്രിസ്തുവും പ്രഘോഷിച്ചത് (മത്താ. 4:17) ഇന്ന് ആ രക്ഷകന്റെ രണ്ടാം വരവിന് വഴിയൊരുക്കിക്കൊണ്ടിരിക്കുന്ന ദൈവദാസരിലൂടെ, ജീവിതം ‘മരുഭൂമി’ പോലെയായിത്തീര്‍ന്ന മനുഷ്യരോട് ദൈവം പ്രഘോഷിച്ചു കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.

ദൈവവുമായി അനുരഞ്ജനപ്പെടാന്‍ എന്തുചെയ്യണമെന്ന് പൗലോസ് ശ്ലീഹാ വ്യക്തമായി എഴുതിയിട്ടുണ്ട്: “പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനം ചെയ്യുവിന്‍. സമ്പൂര്‍ണജ്ഞാനംകൊണ്ട് സൃഷ്ടാവിന്റെ പ്രതിഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍,” (കൊളോസോസ് 3:9,10)

തിരുപ്പിറവിയുടെ ഓര്‍മയാചരിക്കാന്‍ ഒരുങ്ങുന്ന നമുക്ക് നമ്മിലെ ആന്തരിക മനുഷ്യനെ ദൈവതിരുമുമ്പില്‍ വിലയിരുത്താം. പരമ പരിശുദ്ധനായവന്റെ വിശുദ്ധ സ്‌നേഹത്തിന് നിരക്കാത്തതായി എന്റെ ഹൃദയത്തിലുള്ള അശുദ്ധികളെന്തൊക്കെയാണ്? ഞാന്‍ ഇനിയും എന്നിലെ പഴയ മനുഷ്യനെ പൂര്‍ണമായും ഉരിഞ്ഞുമാറ്റിയിട്ടില്ലേ? എന്നില്‍ ഇനിയും കത്തിചാമ്പലാക്കി കളയേണ്ട പാപത്തിന്റെ ‘പഴന്തുണികളും കീറച്ചാക്കുകളും’ അവശേഷിക്കുന്നുണ്ടോ? ഇന്ന് ദൈവം എന്നെ സന്ദര്‍ശിക്കുകയാണെങ്കില്‍ അവിടുന്ന് എന്നേയും ‘വെള്ളയടിച്ച കുഴിമാടം’ എന്ന് വിശേഷിപ്പിക്കുമോ?

നമ്മുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് ദൈവത്തിലേക്ക് തിരിയാം. പുറമോടികള്‍ക്കുള്ളിലുള്ള ആത്മീയ ദാരിദ്ര്യവും ജീര്‍ണതയും ഏറ്റുപറഞ്ഞുകൊണ്ട് എന്നെ ശുദ്ധീകരിക്കണമെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. വിശുദ്ധീകരിക്കപ്പെട്ട ആ ഹൃദയം ക്രിസ്തുവിന്റെ പുല്‍ക്കൂട് ആയിത്തീരട്ടെ. നമ്മുടെകൂടെ ആയിരിക്കാന്‍ സ്വര്‍ഗം വിട്ടിറങ്ങിവന്നവന്‍, പാപിയെ തേടിവന്നവന്‍ നമുക്കൊരു പുതിയ ഹൃദയം നല്‍കും. ലോകത്തിന്റെ പ്രകാശമായ ക്രിസ്തു ഹൃദയത്തില്‍ പിറക്കുമ്പോള്‍ വിശുദ്ധി നിറഞ്ഞ ഒരു ഹൃദയം, അതായിരിക്കട്ടെ ഈ വര്‍ഷം ഉണ്ണീശോയ്ക്കുള്ള നമ്മുടെ സ്‌നേഹസമ്മാനം.

നിരവധി ക്രിസ്മസുകളും പുതുവത്സര ദിനങ്ങളും നമ്മുടെ ജീവിതത്തില്‍ കടന്നുപോയി. എന്നാല്‍, നമ്മുടെ രക്ഷകനായ ഉണ്ണീശോയ്ക്ക് പിറക്കാന്‍മാത്രം വിശുദ്ധിനിറഞ്ഞ, സ്‌നേഹം നിറഞ്ഞ ഒരു പുതുഹൃദയം നമ്മില്‍ എന്നാണോ നാം തീര്‍ക്കുക. അന്നാണ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ ക്രിസ്മസ്, അന്നാണ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ പുതുവത്സരദിനം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?