Follow Us On

19

January

2021

Tuesday

ഉണ്ണീശോ നല്‍കിയ നിക്ഷേപപ്പെട്ടി

ഉണ്ണീശോ നല്‍കിയ നിക്ഷേപപ്പെട്ടി

എന്നും രാത്രിയില്‍ കടയടച്ചു വരുമ്പോള്‍ പിതാവ് ഞങ്ങള്‍ മക്കള്‍ക്ക് ഓരോ നാണയം തരുമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന ഞാന്‍ അത് സൂക്ഷിച്ചിരുന്നത് ചോളക്കതിരിന്റെ പടമുള്ള ഒരു തകരപ്പാട്ടയിലായിരുന്നു. അതായിരുന്നു എന്റെ നിക്ഷേപപ്പെട്ടി. അന്നത്തെ ഏതോ വിദേശ കമ്പനിയുടെ പാല്‍പ്പൊടി ടിന്നായിരുന്നത്. അതിന്റെ മുകള്‍ഭാഗം തുളച്ച് അതില്‍ ഞാന്‍ നാണയങ്ങള്‍ നിക്ഷേപിച്ചു. അടപ്പ് തുറന്നു പോകാതിരിക്കാന്‍ ചാക്കുനൂലുകൊണ്ട് കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേറ്റാലുടനെ ആ ടിന്നെടുത്ത് കുലുക്കിനോക്കും. അതൊരു ഹരമായിരുന്നു.

ഒരിക്കലൊരു ക്രിസ്മസ് നാളില്‍ ഒരു യാചകന്‍ വീട്ടില്‍ വന്നു. അദ്ദേഹത്തിന് ഭക്ഷണം കൊടുത്തതിനുശേഷം ചാച്ചന്‍ എന്നോടു പറഞ്ഞു, ”എടാ നിന്റെ പൈസാപ്പെട്ടി ഇങ്ങുകൊണ്ടുവാ.” ഞാനങ്ങനെ ചെയ്തു. പിച്ചാത്തികൊണ്ട് ചാച്ചന്‍ ആ ചാക്കുനൂല്‍ മുറിച്ച് പെട്ടി തുറന്നു. പണം ആ യാചകന് കൊടുക്കാന്‍ ചാച്ചന്‍ പറഞ്ഞു. ഹൃദയം പൊട്ടുന്നതുപോലെ എനിക്കു അനുഭവപ്പെട്ടു. കൊടുക്കരുത് എന്ന് പറയണമെന്നു തോന്നി. പക്ഷേ, ചാച്ചന്റെ വാക്കുകള്‍ക്ക്, വാക്കുകളെക്കാള്‍ അര്‍ത്ഥവും ഭാരവുമുണ്ട്. ഒരു തകരപ്പെട്ടിയല്ല, ഇരുമ്പുപെട്ടിപോലും പിളര്‍ക്കാന്‍ ശേഷിയുള്ളതാണ് ആ വാക്കുകളെന്ന് എനിക്കറിയാമായിരുന്നു. പണം മുഴുവന്‍ യാചകന്‍ നീട്ടിപ്പിടിച്ച തുണിയിലേക്ക് ഞാന്‍ ഇട്ടുകൊടുത്തു. നെഞ്ചകം പൊളിയുന്ന വേദന ആ ക്രിസ്മസ്ദിനത്തില്‍ എനിക്കുണ്ടായി. കൈവിട്ടുപോയതിന്റെ വേദന…!

ഞാന്‍ പറമ്പില്‍ പോയി ആരും കാണാതെ കരഞ്ഞു. കൈയില്‍ കിട്ടിയ വടികൊണ്ട് പറമ്പിലെ റബര്‍മരങ്ങളെ ശക്തിയോടെ അടിച്ചു… പിന്നെ ആരും കാണാതെ മുറിയുടെ മൂലയില്‍ എന്തോ നിറച്ചുവച്ചിരുന്ന ചാക്കുകളുടെ മുകളില്‍ കിടന്നുറങ്ങി. ആ സമയത്ത് ആരോ നിക്ഷേപപ്പെട്ടി മേശപ്പുറത്ത് എടുത്തുവച്ചിട്ടുണ്ട്. അരിശത്തോടെ ഞാനതെടുത്തു. അതിന് നല്ല ഭാരമുള്ളതുപോലെ തോന്നി! കുലുക്കുനോക്കി… ആ ചെറിയ ടിന്നില്‍ നിറച്ചു നാണയങ്ങള്‍. വിശ്വസിക്കാനാവാതെ ഞാനത് ഒന്നുകൂടി കുലുക്കി. വീണ്ടും വീണ്ടും കുലുക്കി. ഞാന്‍ കൊടുത്തതിനെക്കാള്‍ കൂടുതല്‍ നാണയങ്ങള്‍ അതിലുണ്ടായിരുന്നു. അത് ഉണ്ണീശോ നല്‍കിയതാണെന്ന് ഞാന്‍ കരുതി…. ഈ പ്രായത്തിലും അങ്ങനെതന്നെ കരുതാനാണ് എനിക്കിഷ്ടം!

എല്ലാ തിരുനാളുകള്‍ക്കും പ്രതീക്ഷയുടെ ഒരു താളമുണ്ട്. എല്ലാം മറന്നു സന്തോഷിക്കുകയും വരുംകാലം നന്മയുടേതാകുമെന്നുമുള്ള ഒടുങ്ങാത്ത ആഗ്രഹമാണ് അതിലെല്ലാം ഉള്ളത്. ആ ആഗ്രഹത്തെയാണ് പ്രതീക്ഷ എന്നു നാം വിളിക്കുന്നത്. ക്രിസ്മസ് അനിതരസാധാരണമായ ആനന്ദത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്ന ആഘോഷമാണ്. നന്മയുടെയും പ്രകാശത്തിന്റെയും വലിയൊരു ലോകമാണ് എന്നും നമ്മള്‍ സ്വപ്‌നം കാണുന്നത്. മനുഷ്യന്‍ ജീവിക്കുന്നതുതന്നെ ഈ പ്രതീക്ഷയുള്ളതുകൊണ്ടാണ്.

അതേസമയം ക്രിസ്മസ് ഇല്ലായ്മയെ നമ്മെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇല്ലായ്മയുടെ ഇടയിലേക്കാണ് ഈശോ വന്നത്. അതിനു കാരണം ഇല്ലായ്മ അനുഭവിക്കുന്നവര്‍ക്കേ പ്രതീക്ഷയുള്ളൂ എന്നതുതന്നെ. കാലിത്തൊഴുത്തില്‍ പിറന്ന ഈശോ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ദുഃഖിതരുടെയും വേദനകള്‍ മനസിലാക്കി എന്നു മനുഷ്യന്‍ തിരിച്ചറിഞ്ഞപ്പോള്‍ തങ്ങളോടൊപ്പം നില്‍ക്കാന്‍ ഒരാളുണ്ട് എന്ന ആത്മധൈര്യം അവരിലുണ്ടായി. ഇല്ലായ്മയെ ഓര്‍ത്തു ദുഃഖിക്കാന്‍ ശ്രമിക്കാത്ത പുതിയ നീതി മനുഷ്യരുടെയിടയില്‍ രൂപപ്പെട്ടു. അഷ്ടാംഗ സൗഭാഗ്യങ്ങളിലൂടെ ഈശോമിശിഹാ നമ്മെ പഠിപ്പിച്ചതു മറ്റൊന്നല്ല.

കുറവുകള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങളും ആധ്യാത്മികതയും ഈശോ ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു. ഇല്ലായ്മപോലും സന്തോഷത്തിനു കാരണമാകുന്ന നവസംസ്‌കാരം സ്ഥാപിച്ചു എന്നത് നിസാര കാര്യമല്ല. മഹാഭൂരിപക്ഷം വരുന്ന കുറവുകളുടെ മനുഷ്യര്‍ക്ക് പ്രത്യാശയും സന്തോഷവും കൊടുക്കാന്‍ ഈശോയുടെ ജനനത്തിന് കഴിഞ്ഞു. അതിനുശേഷം ഭൗതികതയുടെ കുന്നുകൂടല്‍ തിന്മയായി മനുഷ്യന്‍ കാണാന്‍ തുടങ്ങിയതും ഇന്നും നീതിയുടെ മാനദണ്ഡമായി അതിനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയതും ക്രിസ്മസിന്റെ മറ്റൊരു ഫലമായിരുന്നു.

ക്രിസ്മസ് നമ്മെ ബോധിപ്പിക്കുന്ന വലിയൊരു സത്യമുണ്ട്: ‘എന്നിലെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ചേതനയെ തട്ടിയുണര്‍ത്തേണ്ടതു മറ്റാരുമല്ല, ഞാന്‍ തന്നെയാണ്.’ ക്രിസ്മസ് ആ ചേതനയെ ഉണര്‍ത്താന്‍ നമ്മെ സഹായിക്കുന്നു. അതുണര്‍ന്നാല്‍ പ്രതീക്ഷയായി. സന്തോഷത്തോടും സമാധാനത്തോടുമുള്ള പ്രണയത്തിലേക്കാണ് ക്രിസ്മസ് നമ്മെ നയിക്കുന്നത്. അതിനെ എന്നില്‍ കെടാതെ സൂക്ഷിക്കാനുള്ള ദീപ്തമായ ആഗ്രഹം ക്രിസ്മസ് നമുക്ക് നല്‍കുകയും ചെയ്യും. യേശു ജനിച്ച കാലിത്തൊഴുത്തുപോലും അവന് സ്വന്തമല്ലായിരുന്നു. എന്നിട്ടും ഈശോയോട് ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും സന്തോഷവും സമാധാനവും കുറഞ്ഞുപോയില്ല. അതിന്റെ അര്‍ത്ഥം നമ്മുടെ കാഴ്ചയ്ക്കും കേള്‍വിക്കും അപ്പുറത്ത് മനുഷ്യനെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് ഉണ്ടെന്നാണ്. ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠം ഇതാണ്.

ഇക്കാലം ഒരു നെറികെട്ട കാലമായി ലോകജനത കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസിനും ഈ വര്‍ഷത്തെ ക്രിസ്മസിനും ഇടയില്‍ നടന്ന ദുഃഖക്കാഴ്ചകളും ദുഃഖാനുഭവങ്ങളും നമ്മുടെ സ്വപ്‌നങ്ങളൊക്കെയും അടിച്ചുടയ്ക്കുന്നവയായി അനുഭവപ്പെടുന്നു. മാധ്യമങ്ങളില്‍ പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍ കള്ളബുദ്ധിജീവികളുടെ കണ്ടെത്തലുകള്‍ കാണാറും കേള്‍ക്കാറുമുണ്ട്. ശുദ്ധനായ മനുഷ്യനെ ക്രൂരനായ ദൈവം ചതിച്ചു; ഇനി മതത്തിനോ ആധ്യാത്മികതക്കോ അര്‍ത്ഥവും ഭാവിയുമില്ലത്രേ! ഇനിയൊരു ക്രിസ്മസിനും സാധ്യതയില്ലത്രേ! കാരണം കൊറോണ ദൈവത്തെ ഇല്ലാതാക്കി!

പ്രകൃതിക്കൊരു താളമുണ്ട്. ആ താളം നഷ്ടപ്പെട്ടാല്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കാതെ വേറെ വഴിയില്ല. ഇതു നമ്മുടെ സാമാന്യബുദ്ധിയില്‍ ഉദിക്കേണ്ടതാണ്. പ്രകൃതിയുടെ താളത്തിന് എതിരായി പ്രവര്‍ത്തിക്കുമ്പോഴൊക്കെ നാം ഉത്തരം പറയുന്നുണ്ട്. നന്മകള്‍ നമ്മുടെ കണക്കിലും തിന്മകളെല്ലാം ദൈവത്തിന്റെ കണക്കിലും ചേര്‍ത്താല്‍ നമ്മുടെ ഉത്തരവാദിത്വം തീരുന്നില്ല. വലിയ ഭൂകമ്പ സാധ്യതയുള്ളിടത്ത് ബഹുനില കെട്ടിടങ്ങള്‍ പണിത മനുഷ്യന്‍ നീതിമാന്‍; ദൈവം ക്രൂരന്‍! കടല്‍ക്കരയിലെ നിയമങ്ങളെ മറികടന്ന് വീടുകെട്ടുന്നവന്‍ മിടുക്കന്‍; സുനാമി അടിച്ച് അവന് അപകടമുണ്ടാകുമ്പോള്‍ ദൈവം പ്രതിസ്ഥാനത്ത്! ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷിക്കാന്‍ കൊടുത്ത് ലാഭമുണ്ടാക്കുന്നവന്‍ രാഷ്ട്രസ്‌നേഹി; അതു കഴിച്ചു കാന്‍സറും മാറാരോഗങ്ങളും വന്നാല്‍ ദൈവം കണ്ണില്‍ ചോരയില്ലാത്തവന്‍!

ഈ ക്രിസ്മസ് ഒരു ഓര്‍മപ്പെടുത്തലാണ്. പ്രകൃതിനിയമം ദൈവനിയമമാണ്. അതിനെ മറികടക്കുന്നവന് ഫലം അനുഭവിച്ചേ കഴിയൂ. ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. ഭൂമി എന്ന വീട്ടിലെ സ്‌നേഹഗായകരാണ് നമ്മള്‍. ഭൂമിയെയും പ്രകൃതിയെയും സ്‌നേഹിച്ചേ മതിയാകൂ. എല്ലാത്തിനും പരിഹാരം നമുക്കുണ്ട്. നമ്മള്‍ത്തന്നെയാണ് പരിഹാരം. മറ്റുള്ളവര്‍ക്ക് എന്റെ ജീവിതംകൊണ്ട് കഴിയുന്നത്ര സമാധാനം കൊടുക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് കൈത്താങ്ങാകാനും എന്റെ സന്തോഷത്തിന് ദീര്‍ഘായുസുണ്ടാക്കാനും കഴിയും. എന്തു കൊടുത്താലും എനിക്കിപ്പോള്‍ ശൂന്യത തോന്നാറില്ല.

ചെറുപ്പത്തിലെ ആ ക്രിസ്മസ് തന്നത്ര സന്തോഷം മറ്റൊരിക്കലും ഞാനുഭവിച്ചിട്ടുമില്ല. കൊടുക്കുന്നവന്റെ മനസിന്റെ മരവിപ്പ് സ്വീകരിക്കുന്നവന്റെ കണ്ണിലെ പ്രകാശംകൊണ്ട് ഇല്ലാതാകും എന്ന യാഥാര്‍ത്ഥ്യം ആ ക്രിസ്മസാണെന്നെ പഠിപ്പിച്ചത്. നിറങ്ങളെയും പ്രകാശത്തെയും സംതൃപ്തിയെയും സമാധാനത്തെയും സ്വപ്‌നം കാണുന്ന മനുഷ്യന്റെ പ്രതീക്ഷയാണ് ക്രിസ്മസ്. കുറവുകളും വെല്ലുവിളികളും അടിസ്ഥാനപരമായി നമ്മെ ബാധിക്കുന്നില്ല എന്ന് അത് നമ്മെ ഓര്‍മിപ്പിക്കുന്നു. എല്ലാ കുറവുകളെയും വെളിച്ചം ഇല്ലാതാക്കും എന്ന് മനസ് ഓര്‍മിപ്പിക്കുന്ന തിരുനാളാണിത്. ഇല്ലായ്മയുടെ വേദനയിലും അഭിമാനത്തോടെ ജീവിക്കാന്‍ ക്രിസ്മസ് നമ്മെ പ്രേരിപ്പിക്കുന്നു.


ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?