Follow Us On

19

January

2021

Tuesday

സ്വര്‍ഗത്തിലേക്കൊരു ഹൈവേ

സ്വര്‍ഗത്തിലേക്കൊരു ഹൈവേ

ഇന്ന് ലോകമാകെ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ ‘ഫ്രത്തെല്ലി തൂത്തി’ – സോദരര്‍ സര്‍വ്വരും. ചാക്രികലേഖനത്തില്‍ പറയുംപോലെ വിശ്വാസാഹോദര്യവും സാമൂഹിക സൗഹൃദവും വളരെ മുന്‍പുതന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, പാവങ്ങളോട് കൂട്ടുചേര്‍ന്ന്, അനുകമ്പ പ്രദര്‍ശിപ്പിച്ച ഒരു വ്യക്തിയാണ് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റസ്. അധികം വൈകാതെതന്നെ ഒരു ന്യൂജന്‍ വിശുദ്ധനായി മാറും ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈ കൗമാരക്കാരന്‍.

ഇഹലോകവാസം വെടിഞ്ഞതിന്റെ പതിനാലാം വര്‍ഷം കാര്‍ലോ അക്യുറ്റസ് അള്‍ത്താര വണക്കത്തിന് അര്‍ഹമായ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത് ഒരു അത്ഭുതമാണ്. എന്നാല്‍ അതിനെക്കാള്‍ വലിയ അത്ഭുതമാണ് 15 വയസുവരെ മാത്രം നീണ്ട കാര്‍ലോയുടെ ജീവിത നാള്‍വഴികള്‍.

സഭയുടെ മൂന്ന് ധവള വര്‍ണങ്ങള്‍
സഭയുടെ മൂന്ന് ധവള വര്‍ണങ്ങള്‍, മൂന്ന് വെളുപ്പുകളോടുള്ള സ്‌നേഹം എന്നും ഹൃദയത്തില്‍ സൂക്ഷിക്കണമെന്ന് വിശുദ്ധ ഡോണ്‍ ബോസ്‌കോ പഠിപ്പിച്ചിരുന്നു. ദിവ്യകാരുണ്യം, പരിശുദ്ധ മറിയം, മാര്‍പാപ്പ എന്നിവയായിരുന്നു വിശുദ്ധന്‍ ഉദ്ദേശിച്ച മൂന്ന് ധവള വര്‍ണങ്ങള്‍. ഇവ മൂന്നിനോടും പരിപൂര്‍ണ സ്‌നേഹം പുലര്‍ത്തിയ വ്യക്തിയാണ് വാഴ്ത്തപ്പെട്ട കാര്‍ലോ.

ദിവ്യകാരുണ്യത്തെ ഏറെ സ്‌നേഹിച്ച കാര്‍ലോ എല്ലായ്‌പ്പോഴും പറയുമായിരുന്നു ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണെന്ന്. മാതാപിതാക്കള്‍ ജോലി ചെയ്തിരുന്ന ലണ്ടനില്‍ 1991 മെയ് മൂന്നിനാണ് കാര്‍ലോ അക്യുറ്റിസ് ജനിച്ചത്. ഏതാനും മാസങ്ങള്‍ക്കുശേഷം, മാതാപിതാക്കളായ ആന്‍ഡ്രിയ അക്കുട്ടിസും അന്റോണിയ സാല്‍സാനോയും മിലാനിലേക്ക് മാറി. തുടര്‍ന്നുള്ള ജീവിതം അവിടെത്തന്നെയായിരുന്നു.

കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അസാധാരണമായ പക്വത അവനില്‍ ദര്‍ശിച്ച ആളുകള്‍ അവന്റെ അമ്മയോട് പറയുമായിരുന്നു: ”മാഡം, യുവര്‍ സണ്‍ ഈസ് വെരി സ്‌പെഷ്യല്‍.” ഇടവക വികാരിയില്‍നിന്ന്, അധ്യാപകരില്‍നിന്ന്, സഹപാഠികളില്‍നിന്ന്, കെട്ടിടത്തിന്റെ പോര്‍ട്ടറില്‍നിന്ന്……. കടല്‍, യാത്രകള്‍, സംഭാഷണങ്ങള്‍, വീട്ടുജോലിക്കാരുമായി ചങ്ങാത്തം സ്ഥാപിക്കല്‍, എല്ലാവരുമായി സൗഹൃദം സ്ഥാപിക്കല്‍, തെരുവില്‍ കണ്ടുമുട്ടുന്ന പ്രഭുക്കന്മാരോടും യാചകരോടും സംസാരിക്കുക… അവന്റെ ഹൃദയത്തില്‍നിന്ന് ആരും ഒഴിവാക്കപ്പെട്ടിരുന്നില്ല.

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വെബ്‌സൈറ്റ്
കൊച്ചുപ്രായം മുതലേ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്‍ലോയ്ക്ക് ഏഴാം വയസില്‍ ദിവ്യകാരുണ്യനാഥനെ രുചിച്ചറിയുവാനുള്ള ഭാഗ്യം ലഭിച്ചു. 1998 ജൂണ്‍ 16-നായിരുന്നു ആ സുദിനം. അന്നുമുതല്‍ കാര്‍ലോ വിശുദ്ധ ബലിയില്‍ മുടങ്ങാതെ പങ്കെടുത്തു. അനുദിനം പരിശുദ്ധ കുര്‍ബാന സ്വീകരിച്ച കാര്‍ലോ ദിവ്യബലിക്ക് മുമ്പോ ശേഷമോ അരമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുന്നതും ശീലമാക്കി. ഫുട്‌ബോളും വീഡിയോ ഗെയിമും കളിക്കാന്‍ ഇഷ്ടപ്പെട്ട കാര്‍ലോയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്. പതിനൊന്നാം വയസില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കാന്‍ തുടങ്ങി.

അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങള്‍ മാതാപിതാക്കളുടെ കൂടെ സന്ദര്‍ശിക്കുകയും ചെയ്തു. രണ്ടര വര്‍ഷത്തെ പ്രയത്‌നത്തിലൂടെ, പല നൂറ്റാണ്ടുകളിലായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കാര്‍ലോ ഒരു വെബ്‌സൈറ്റ് തയാറാക്കി. അഞ്ച് ഭൂഖ ണ്ഡങ്ങളില്‍ വെര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനവും നടത്തി. അങ്ങനെ എല്ലായ്‌പ്പോഴും ദിവ്യകാരുണ്യ ഈശോയുടെ അടുത്തായിരിക്കാന്‍ അവന്‍ ആഗ്രഹിച്ചു. അധികം വൈകാതെ പതിനഞ്ചാം വയസില്‍ അതു സഫലമാകുകയും ചെയ്തു.

ദിവ്യകാരുണ്യ ഈശോയോടുള്ള കാര്‍ലോയുടെ സ്‌നേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും സമ്പത്തും സൗകര്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ഭവനമില്ലാതെ തെരുവില്‍ നടന്നിരുന്ന പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും കാര്‍ലോ ശ്രദ്ധിച്ചിരുന്നു. അതുകൂടാതെ കാരിത്താസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അവിടെ എത്തി ഭക്ഷണം വിളമ്പുവാനും അഗതികളോടും പാവപ്പെട്ടവരോടും സംസാരിക്കുവാനും അവരെ സന്തോഷിപ്പിക്കുവാനും കാര്‍ലോ എപ്പോഴും മുന്‍പന്തിയിലുണ്ടായിരുന്നു. യാചകരെയും വയോധികരെയും വളരെയേറെ സ്‌നേഹിച്ചിരുന്ന കാര്‍ലോ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന സുഹൃത്തുക്കളെ സ്വഭവനത്തിലേക്ക് ക്ഷണിക്കുമായിരുന്നു.

പരിശുദ്ധ അമ്മയിലേക്ക് അടുപ്പിച്ച അത്ഭുതം
കത്തോലിക്കരാണെങ്കിലും വിശ്വാസജീവിതത്തിന് വലിയ പ്രാധാന്യമൊന്നും കല്പിക്കാത്തവരായിരുന്നു കാര്‍ലോയുടെ മാതാപിതാക്കള്‍. ദൈവാലയത്തില്‍ വളരെ ചുരുക്കമായി മാത്രമാണ് അവര്‍ പോയിരുന്നത്. നന്നേ ചെറുപ്രായത്തില്‍, വൈകുന്നേരങ്ങളില്‍ അമ്മയുടെ കൂടെ നടക്കുവാന്‍ പോകുമ്പോള്‍ അടുത്ത് കാണുന്ന ദൈവാലയത്തില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കാര്‍ലോ ഉത്സാഹം കാണിച്ചിരുന്നു. കൈയിലുള്ള ജപമാലയെടുത്ത് അവന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.
പരിശുദ്ധ അമ്മയോട് വലിയ ഭക്തിയായിരുന്നു കാര്‍ലോയ്ക്ക്.

മാതാവിന് തന്നെ സ്വയം പ്രതിഷ്ഠിച്ചിരുന്നു. എല്ലാ വിശുദ്ധരെക്കാള്‍ പരിശുദ്ധ അമ്മയെ കാര്‍ലോ സ്‌നേഹിച്ചിരുന്നു. എന്നും ജപമാല ചൊല്ലുന്നതില്‍ ഒരു മുടക്കവും കാര്‍ലോ വരുത്തിയില്ല. കാര്‍ലോയുടെ വിശ്വാസം കണ്ടിട്ട് അവന്റെ അമ്മയില്‍ മാറ്റങ്ങള്‍ വന്നു. അവന്റെകൂടെ അമ്മയും ദൈവാലയത്തില്‍ പോകുവാന്‍ തുടങ്ങി. ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അങ്ങനെ അമ്മ ഇടവകയില്‍ മതബോധന അധ്യാപികയായി. കാര്‍ലോയാകട്ടെ അസിസ്റ്റന്റ് മതബോധന അധ്യാപകനും.  കാര്‍ലോയെക്കുറിച്ച് അമ്മ സാക്ഷ്യപ്പെടുത്തിയത് ഇപ്രകാരമാണ്: ”തിരിച്ചറിവ് ലഭിച്ചതിനുശേഷം മൂന്നുതവണ മാത്രമേ ഞാന്‍ ദൈവാലയത്തില്‍ പോയിട്ടുള്ളൂ: ആദ്യകുര്‍ബാന സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും വിവാഹത്തിനും. എന്നാല്‍ എന്റെ മകന്‍ എന്നെപ്പോലെ ആയിരുന്നില്ല.

അവന് ഈശോയില്‍ വലിയ വിശ്വാസമായിരുന്നു. മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ ഈശോയെക്കുറിച്ച് അന്വേഷിച്ചറിയാന്‍ തുടങ്ങി. അവന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതുകേട്ട് ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട്.” ഒരിക്കല്‍ കുടുംബസുഹൃത്തിന്റെ അമ്മയുടെ മാനസാന്തരത്തിനുവേണ്ടി കാര്‍ലോ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി ഈ സ്ത്രീ മാനസാന്തരപ്പെട്ടു. വളരെ ചെറുപ്പത്തില്‍ നടന്ന ഈ അത്ഭുതം കാര്‍ലോയെ പരിശുദ്ധ അമ്മയിലേക്ക് അടുപ്പിച്ചു.
കാര്‍ലോ മരിക്കുന്നതിന് ആറുമാസം മുമ്പ് കാര്‍ലോയും കുടുംബവും ഫാത്തിമ സന്ദര്‍ശിച്ചു. ഫാത്തിമായിലെ അത്ഭുത പ്രത്യക്ഷീകരണം കാര്‍ലോയെ കൂടുതല്‍ പരിശുദ്ധ അമ്മയിലേക്ക് അടുപ്പിച്ചിരുന്നു.

വിശുദ്ധ ജെസിന്താ, വിശുദ്ധ ഫ്രാന്‍സിസ്‌കോ, സിസ്റ്റര്‍ ലൂസി എന്നിവരോട് പ്രായശ്ചിത്തം പരിശുദ്ധ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആകൃഷ്ടനായി കാര്‍ലോ മിഠായികള്‍, ഐസ്‌ക്രീം, ഇഷ്ടമുള്ള സിനിമ, കാര്‍ട്ടൂണ്‍, വീഡിയോ ഗെയിം എന്നിവയെല്ലാം ഉപേക്ഷിച്ചു. ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള വെബ്‌സൈറ്റ് തയാറാക്കിയതിന്റെ കൂടെ കാര്‍ലോ കത്തോലിക്കാ സഭ അംഗീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെയുംകുറിച്ച് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. ഇവയ്ക്കുപുറമേ സ്വര്‍ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും മാലാഖമാരുടെ പ്രത്യക്ഷീകരണം, പിശാചിന്റെ പ്രലോഭനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും വെബ്‌സൈറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അത്ഭുതം സഹോദരങ്ങളുടെ രൂപത്തില്‍
ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടുമുള്ള ഭക്തി കാര്‍ലോയുടെ ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിരുന്നു. ഒപ്പം പാപ്പമാരോടുള്ള സ്‌നേഹവും. പതിനഞ്ചാം വയസില്‍ ലുക്കീമിയ ബാധിച്ച് കാര്‍ലോ ആശുപത്രി കിടക്കയില്‍ ആയിരിക്കുമ്പോള്‍ തന്റെ സഹനങ്ങളെ അവന്‍ പരിശുദ്ധ പിതാവിനും സഭയ്ക്കുംവേണ്ടി കാഴ്ചവച്ച് പ്രാര്‍ത്ഥിച്ചു. താന്‍ ഇനി ആശുപത്രി വിട്ട് പുറത്തുവരില്ലയെന്നും അവന്‍ അമ്മയോട് പറഞ്ഞു. അധികം വൈകാതെ ദൈവഹിതമനുസരിച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ മാതാപിതാക്കള്‍ക്ക് നഷ്ടമായത് അവരുടെ ഏകമകനെയാണ്.

എന്നാല്‍ പിന്നീട് അമ്മ ഒരു അത്ഭുതം ദര്‍ശിക്കുമെന്ന് പറഞ്ഞ കാര്‍ലോയുടെ വാക്കുകള്‍ നാലു വര്‍ഷങ്ങള്‍ക്കുശേഷം സത്യമായി. കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന അന്റോണിയ 43-ാം വയസില്‍ വീണ്ടും ഗര്‍ഭം ധരിച്ച്, ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.തിരുസഭയ്ക്കും വചനപ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അതുപോലെതന്നെ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും സമ്പത്തില്‍നിന്നും ഒരു ഓഹരി മാറ്റിവയ്ക്കുവാന്‍ കാര്‍ലോ മാതാപിതാക്കളെ ഓര്‍മപ്പെടുത്തിയിരുന്നു. ഈശോയുടെ മൗതിക ശരീരമായ സഭയെ ചെളിവരി തേക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി കാര്‍ലോ എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. ഈ ഉള്‍ക്കാഴ്ച മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുവാനും കാര്‍ലോ ശ്രമിച്ചിരുന്നു.

വീട്ടുജോലിക്കാരന്റെ മാനസാന്തരം
ക്രിസ്തുവിനോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ച് കാര്‍ലോ എല്ലാവരോടും പറയുമായിരുന്നു. തന്റെ വീട്ടുജോലിക്കാരന്‍ ഹിന്ദു ബ്രാഹ്മണനായ രാജേഷിനോടും ക്രിസ്തുവിനെക്കുറിച്ച് കാര്‍ലോ പറഞ്ഞിരുന്നു. അധികം വൈകാതെ രാജേഷ് ക്രിസ്തുമതം സ്വീകരിക്കുന്നതിലേക്കും ഇത് നയിച്ചു. ഇപ്രകാരമാണ് തന്റെ സുഹൃത്തായ കാര്‍ലോയെക്കുറിച്ച് രാജേഷിന് പറയാനുള്ളത്: ”വളരെ ചെറുപ്പവും സുന്ദരനും ധനികനുമായ ഒരു ആണ്‍കുട്ടി വ്യത്യസ്തമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നെ ചിന്തിപ്പിച്ചു. അവന്റെ അഗാധമായ വിശ്വാസവും ദാനധര്‍മവും പരിശുദ്ധിയുമാണ് എന്നെ സ്വാധീനിച്ചതും മാമോദീസ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചതും.”

ക്രിസ്തുവിലേക്ക് സ്വയം അടുക്കുകയും മറ്റുള്ളവരെ അടുപ്പിക്കുകയും ചെയ്ത കാര്‍ലോക്കിന് ദൈവഹിതമെന്നപോലെ അധികം വൈകാതെ പ്രോമിലോസൈറ്റിക് രക്താര്‍ബുദം ബാധിച്ചു. മുഖത്ത് തിളക്കമാര്‍ന്ന പുഞ്ചിരിയോടെ മാര്‍പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി ജീവിതം സമര്‍പ്പിച്ച് കാര്‍ലോ 2006 ഒക്‌ടോബര്‍ 12-ന് നിത്യസമ്മാനത്തിനായി യാത്രയായി.

കാര്‍ലോയുടെ ആഗ്രഹപ്രകാരം വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നഗരമായ അസീസിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. കാര്‍ലോയുടെ മൃതസംസ്‌കാരദിവസം ദൈവാലയവും മുറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാലും ആരാധകരാലും നിറഞ്ഞു. അവരില്‍ പലരും കാര്‍ലോയുടെ സ്‌നേഹവും സഹായവും ലഭിച്ചവരായിരുന്നു.

പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ റോബിന്‍ ശര്‍മ്മ ‘-Who Will Cry When You Die-‘ എന്ന പുസ്തകത്തില്‍ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വളരെ മനോഹരമായി പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ മരിച്ചു കിടക്കുമ്പോള്‍ എത്രപേര്‍ നമുക്കുവേണ്ടി കരയുവാനും നമ്മെക്കുറിച്ച് നല്ലതു പറയുവാനും ഉണ്ടാകുമെന്ന് ചിന്തിപ്പിക്കുവാന്‍ ഈ പുസ്തകം പ്രേരിപ്പിക്കുന്നു. അതുപോലെതന്നെ കാര്‍ലോയുടെ ജീവിതവും മരണവുമെല്ലാം നമുക്ക് വലിയൊരു വെല്ലുവിളിയാണ്.

”യേശു എന്റെ ഉത്തമസുഹൃത്തും വിശുദ്ധ കുര്‍ബാന സ്വര്‍ഗത്തിലേക്കുള്ള എന്റെ പാതയുമാണ്.” – കാര്‍ലോയുടെ ഈ വാക്കുകള്‍ നമുക്ക് കരുത്തു പകരട്ടെ – ഒരു ന്യൂജെന്‍ വിശുദ്ധനാകുവാന്‍.


ഫാ. പോള്‍ പേര്‍സി ഡിസില്‍വ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?