Follow Us On

29

November

2021

Monday

വിശ്വാസങ്ങള്‍ക്ക് ഒരവധിക്കാലം!

വിശ്വാസങ്ങള്‍ക്ക്  ഒരവധിക്കാലം!

ഇറ്റാലിയന്‍ തെരുവുകളിലൊന്നില്‍ ഉയര്‍ന്ന ഒരു ചുവര്‍ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘വിശ്വാസങ്ങള്‍ക്ക് അവധിക്കാലം.’ വസ്തുതാപരമായി പരിഗണിച്ചാല്‍ തെറ്റെന്ന് പറയത്തക്ക ഒരു വാദമല്ലിത്. വാസ്തവത്തില്‍ യൂറോപ്പിലും മറ്റും വിശ്വാസജീവിതത്തിന് ഉണ്ടായി എന്നു പറയുന്ന ഈ അവധിക്കാലം എന്നേ ആരംഭിച്ചതാണ്. ദൈവാലയങ്ങള്‍ കാഴ്ചബംഗ്ലാവുകളായി മാറുന്നു. കാണാനും ചിത്രങ്ങളെടുക്കാനും വരുന്നവരാണ് ദൈവാലയങ്ങളിലെത്തുന്നവരില്‍ സിംഹഭാഗവും. കുട്ടികള്‍ പ്രാര്‍ത്ഥനകളിലും മറ്റും പങ്കെടുക്കുക തുലോം വിരളമാണ്.

കൊറോണ വൈറസിന്റെ കടന്നുവരവിനോടനുബന്ധിച്ച് നടപ്പാക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയുടെയും മറ്റ് പ്രാര്‍ത്ഥനകളുടെയും മുടക്കവും ഉള്‍പ്പെടുന്നുണ്ട്. ഇതുകൂടി ആയപ്പോള്‍ ആ ആശയത്തിന് ആക്കം കൂടുന്നു. ‘നിങ്ങളുടെ ദൈവം ഓടിയൊളിച്ചോ?’ എന്ന് ചോദിച്ച് വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ അത്തരക്കാര്‍ മറന്നുപോകുന്ന, ചിലരെങ്കിലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വലിയ ചരിത്രസത്യങ്ങള്‍ ഉറങ്ങുന്ന ഒരു പുണ്യഭൂമികൂടിയാണിത്. രോഗങ്ങളും യുദ്ധങ്ങളും മനുഷ്യന്‍ ഉരുവായ കാലംതൊട്ടേതന്നെ അവന്റെ കൂടപ്പിറപ്പാണ്. ശാസ്ത്രം വികസിക്കാതിരുന്ന കാലമായിട്ടും മരുന്നുകള്‍ കണ്ടുപിടിക്കപ്പെടാതിരുന്നിട്ടും സമൂഹമാധ്യമങ്ങള്‍ സഹായത്തിനെത്താതിരുന്നിട്ടും അവന്‍ അതിനെ അതിജീവിച്ചു. എങ്ങനെ?

ഭയങ്ങളുടെ നടുവില്‍
രണ്ടാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും പ്ലേഗ്ബാധ യൂറോപ്പിനെ ഗ്രസിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിലാകട്ടെ മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും ഭീകരവും ഭീതിജനകവും എന്നുതന്നെ വിശേഷിപ്പിക്കപ്പെടുന്ന ബ്ലാക്ക് ഡെത്ത് (1348-1351) കടന്നുപോയി. പിന്നീട് പതിനേഴാം നൂറ്റാണ്ടിലും തുടര്‍ന്നും അനവധി മഹാമാരികളും യുദ്ധങ്ങളും മനുഷ്യനെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും മുമ്പൊരിക്കലും മനുഷ്യന്‍ ഇത്രയധികം ഭയപ്പെട്ടിട്ടില്ല, ആകുലരായിട്ടില്ല. അന്നൊക്കെയും മനുഷ്യന് താങ്ങും തണലും ശക്തിയുമായി തങ്ങളുടെ അടിയുറച്ച ദൈവവിശ്വാസമുണ്ടായിരുന്നു. അക്കാലങ്ങളില്‍ സഭാനിയമങ്ങള്‍ അവസാനവാക്കായി പരിഗണിക്കപ്പെട്ടിരുന്നതുകൊണ്ടുതന്നെ ദൈവാലയങ്ങള്‍ അടയ്ക്കപ്പെട്ടില്ല.

അതിന് ആരും ആഗ്രഹിച്ചിരുന്നില്ല. മറിച്ച് എവിടെയും ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളും അഖണ്ഡജപമാലകളും. ഒന്നിനും മനുഷ്യനെ കീഴടക്കാനായില്ല. ”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49:15-16) എന്ന് പ്രവാചകന്‍വഴി അരുളിയ തങ്ങളുടെ ദൈവം മാത്രമായിരുന്നു അവരുടെ ആശ്രയവും ആനന്ദവും.

ഉത്തരാധുനികയുഗം കടന്നുവന്നപ്പോള്‍ സിവില്‍ നിയമങ്ങള്‍ക്ക് ശക്തിയാര്‍ജിച്ചു. അവയ്ക്ക് മുന്നില്‍ ഒരിക്കല്‍ പരിശുദ്ധമായി കണക്കാക്കപ്പെട്ടിരുന്ന സഭാനിയമങ്ങള്‍ പലര്‍ക്കും പ്രഹസനങ്ങളായി മാറി. ഇത്തരമൊരു സാഹചര്യത്തിലാണ് രാഷ്ട്രനേതാക്കളുടെ തീരുമാനങ്ങളനുസരിച്ച് ദൈവാലയങ്ങള്‍ അടച്ചിടാനും വിശുദ്ധ ബലികള്‍ നിര്‍ത്തിവയ്ക്കാനും സഭാനേതൃത്വം നിര്‍ബന്ധിതരായത്. ഈ വസ്തുതയാണ് സഭ തോറ്റുപോയി എന്നു പറഞ്ഞ് ആഘോഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്. തിരുസഭ ദൈവികമാണ്. ക്രിസ്തുവാകുന്ന മൂലക്കല്ലിലാണ് അത് പണിയപ്പെട്ടിരിക്കുന്നത്. തോറ്റുപോകുന്നത് മനുഷ്യനാണ്.

വിശ്വാസജീവിതം താരതമ്യേന മെച്ചപ്പെട്ടുനില്‍ക്കുന്ന നാട്ടിലെ അവസ്ഥ ഭേദമായിരിക്കും എന്നു കരുതിയിരിക്കെയാണ് ഏതാനും ചില സംഗതികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തിലെ മാതൃകാദമ്പതികളുടെ സംശയം ഇങ്ങനെ പോകുന്നു: ”ഇപ്പോള്‍ എവിടെപ്പോയി അത്ഭുതങ്ങളും അടയാളങ്ങളും?” ഇത് ഒറ്റപ്പെട്ട ഒരാശയമെന്ന് കരുതുക വയ്യ. പ്രമുഖ വാര്‍ത്താചാനലിലെ ഒരു പരിപാടിക്കിടയില്‍ അവതരിപ്പിക്കപ്പെട്ട ഒരാശയം ഇപ്രകാരമായിരുന്നു: ”കുര്‍ബാന കൈയില്‍ സ്വീകരിച്ചാല്‍ മതിയെന്ന് സഭ മക്കളോട് പറയുന്നു. കോവിഡ് എന്ന മഹാമാരി പകരുന്നുവെന്ന് കണ്ടപ്പോള്‍ സ്വന്തം ജീവിതത്തിന്റെ സുരക്ഷയ്ക്കായി മതാചാരങ്ങള്‍ വേണ്ടെന്നുവയ്ക്കാനും നിയന്ത്രിക്കുവാനും മനുഷ്യന് കഴിഞ്ഞു. ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഇവിടെ എന്തെങ്കിലും സംഭവിച്ചോ? ഒരു ചുക്കും സംഭവിച്ചില്ല. മാത്രമല്ല, മനുഷ്യന്റെ സുരക്ഷയ്ക്ക് അവയെല്ലാം സഹായകരവുമായി…” എല്ലാവരും സയന്‍സിനെ മാത്രം വിശ്വസിക്കുന്നു.

ഒരു മറുചോദ്യം
യുദ്ധങ്ങളും മഹാമാരികളും ഇതിനുമുമ്പും മനുഷ്യനെ നിസംഗരാക്കിയിട്ടുണ്ട്. എങ്കിലും മുമ്പൊരിക്കലും ഇല്ലാത്തവിധം ഇത്തവണ മനുഷ്യന്റെ വിശ്വാസജീവിതം മറ്റെന്തിനെക്കാളുമധികമായി ആക്രമിക്കപ്പെടുന്നു. ഈ മഹാവ്യാധിക്കിടയിലും പുര കത്തുമ്പോഴുള്ള വാഴവെട്ടല്‍കര്‍മ്മം ചിലര്‍ അതിമനോഹരമായി നിര്‍വഹിക്കുന്നുണ്ട്. സഭാമക്കളുടെ മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യചിഹ്നം ഉയര്‍ത്താനുള്ള ഒരു അപ്രഖ്യാപിതപരിശ്രമം അരങ്ങില്‍ ഭംഗിയായി അരങ്ങേറുന്നുണ്ട്. ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്യുന്നു. വിശ്വാസസമൂഹത്തിന്റെ ഈ പതനം തിന്മയുടെ അരൂപികള്‍ ആഘോഷിക്കുന്നുണ്ടാകും.

മറുവശത്ത് ദുഃഖമോ മുറവിളിയോ വേദനയോ ഇല്ലാത്ത (വെളിപാട് 21:4), അനുതപിക്കുന്ന ഒരു പാപിയെപ്രതിപോലും ആനന്ദിക്കുന്നവന് (ലൂക്കാ 15:7) ഇതുകണ്ട് ആനന്ദിക്കാനാവുമോ? വൈറസ് ബാധയേറ്റു വീഴുന്ന മനുഷ്യനെ കണ്ടു ഭയന്ന് ദൈവം ഓടിയൊളിച്ചോ? എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഒരു മറുചോദ്യമാണ്. ഇതിനുമുമ്പും പഞ്ഞം, പട, വസന്ത തുടങ്ങിയ മഹാമാരികള്‍മൂലം മനുഷ്യന്‍ കഷ്ടതകളനുഭവിച്ചിട്ടുണ്ട്. അന്ന് ദൈവത്തെമാത്രം ആശ്രയിച്ച് രക്ഷ നേടിയവര്‍ ഇന്ന് എന്തേ ആ വഴി എത്തിനോക്കുകപോലും ചെയ്യുന്നില്ല? എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? ദൈവാശ്രയത്വം വെടിഞ്ഞ ശാസ്ത്രത്തെയും അതിന്റെ കണ്ടുപിടുത്തങ്ങളെയും സമൂഹമാധ്യമങ്ങളെയുംമാത്രം കൂടെക്കൊണ്ടു നടക്കുമ്പോള്‍ ദൈവാനുഭവത്തിന്റെയും ദൈവാശ്രയത്വത്തിന്റെയും വലിയൊരു പാരമ്പര്യത്തെയാണ് മറന്നതായി ഭാവിക്കുന്നത്.

വിശുദ്ധഗ്രന്ഥവും മഹാമാരികളും
വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ പലവിധത്തിലുള്ള മഹാമാരികളെയും അവയില്‍നിന്നു ദൈവാശ്രയത്വത്തിലൂടെയും പരിപൂര്‍ണ വിശ്വാസത്തിലൂടെയും രക്ഷ നേടുന്ന ദൈവജനത്തെയും കണ്ടെത്താവുന്നതാണ്. അനുസരണക്കേടിന്റെ ഫലമായി ഇസ്രായേല്‍ജനം മഹാമാരിയേറ്റ് മരിച്ചുകൊണ്ടിരുന്നപ്പോള്‍ മോശ അഹറോനോട് പറയുന്നുണ്ട്: ”ബലിപീഠത്തില്‍നിന്നും അഗ്നിയെടുത്ത് ധൂപകലശത്തിലിടുക. പരിമളദ്രവ്യം ചേര്‍ത്ത് ഉടനെ സമൂഹമധ്യത്തിലേക്ക് കൊണ്ടുപോകുക…. മഹാമാരി ആരംഭിച്ചിരിക്കുന്നു… അവന്‍ മരിച്ചവരുടെയും ജീവനോടിരിക്കുന്നവരുടെയും നടുവില്‍നിന്നു. മഹാമാരി നിലച്ചു” (സംഖ്യ 16:46-48).

മരുഭൂമിയില്‍വച്ച് ആഗ്നേയ സര്‍പ്പങ്ങളുടെ ദംശനമുണ്ടായപ്പോള്‍ മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ ജീവന്‍ പ്രാപിച്ചു (സംഖ്യ 21:9). അന്നേ കര്‍ത്താവ് തന്റെ ജനത്തോട് അരുള്‍ചെയ്തിരുന്നു, നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തില്‍നിന്നും കൊണ്ടുവന്ന കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക (നിയമ. 6:12). അമോര്യരുമായുള്ള യുദ്ധത്തിനിടയില്‍ തന്റെ ജനത്തിന്റെ രക്ഷയ്ക്കായി സൂര്യനെയും ചന്ദ്രനെയും നിശ്ചലമാക്കുന്നുണ്ട് കര്‍ത്താവ് (ജോഷ്വാ 10:13). തന്റെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനവഴി മരണദിനത്തെ മാറ്റിയെടുത്തിട്ടുണ്ട് യൂദാരാജാവായ ഹെസക്കിയ (2 രാജാ. 20:1-11).
ഇങ്ങനെ തുടങ്ങുന്ന നിരവധി സംഭവങ്ങളിലൂടെ തിരുവചനം പഠിപ്പിക്കുക – ഏത് വിപത്തിലും നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ട ദൈവവിശ്വാസത്തെയും ദൈവാശ്രയബോധത്തെയുമാണ്.

വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ”സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീ. 34:10). ദൈവം കൂടെയില്ലെങ്കില്‍ ചെയ്യുന്നവയെല്ലാം വ്യര്‍ത്ഥമെന്ന് 127-ാം സങ്കീര്‍ത്തനം വ്യക്തമാക്കുന്നു. ഏശയ്യാ പ്രവാചകനിലൂടെ ഇന്ന് ലോകം അനുഭവിക്കുന്ന എല്ലാത്തരം കഷ്ടതകള്‍ക്കുമുള്ള മരുന്ന് അവിടുന് കുറിച്ച് നല്‍കുന്നുണ്ട്: ”യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം.

എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ 29:40). ”ഭഗ്നാശരാകാതെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന്” (ലൂക്കാ 18:1) പരസ്യജീവിതയാത്രയ്ക്കിടയിലും ”പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍” (ലൂക്കാ 22:46) എന്ന് ഗത്‌സെമനിയില്‍വച്ചും പറഞ്ഞുതന്ന ഈശോ തന്റെതന്നെ ജീവിതസാക്ഷ്യത്തിലൂടെയും ഇതിന് അടിവരയിട്ടു.

മഹാമാരികളും തിരുസഭാചരിത്രവും
യുദ്ധങ്ങളും മഹാമാരികളും എന്നും മനുഷ്യനെ അലോസരപ്പെടുത്തിയിട്ടേ ഉള്ളൂ. എന്നാല്‍ മുന്‍കാലങ്ങളില്‍ മരുന്നുകളില്ലായിരുന്നു. ദൈവത്തിലുള്ള ആശ്രയത്വവും പരിപൂര്‍ണ വിശ്വാസവുമായിരുന്നു അവരുടെ മുതല്‍ക്കൂട്ട്. പനി വന്നാല്‍, നന്മനിറഞ്ഞ മറിയമേ… എന്നു ചൊല്ലി ചുക്കുകാപ്പി കുടിച്ച് പനി മാറ്റിയിരുന്ന അവര്‍ പരിശുദ്ധ കുര്‍ബാനയെ പുണര്‍ന്നു. ജപമാലയെ മുറുകെ പിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇന്ത്യയിലും ചൈനയിലുമായി ഉടലെടുത്ത പ്ലേഗ്ബാധയില്‍ ഒന്നേകാല്‍ കോടി ജനങ്ങളായിരുന്നു മരണമടഞ്ഞത്. കേരളത്തെയും ആ മഹാമാരി ഗ്രസിച്ചിരുന്നു. എങ്കിലും ഇടമുറിയാത്ത ജപമാലപ്രാര്‍ത്ഥനകളുമായി നമ്മുടെ പൂര്‍വികര്‍ അന്നതിനെ ചെറുത്തുനിന്നു.

1571-ലെ ലെപ്പാന്റോ യുദ്ധത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയാല്‍ നേടിയെടുത്ത വിജയം ക്രിസ്ത്യാനികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകുമോ. ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി കന്യകകളായ പെണ്‍കുട്ടികള്‍ ടിപ്പുവിന്റെ സൈനികരില്‍നിന്നും രക്ഷപ്പെട്ടപ്പോള്‍ ലഭിച്ച ‘കൂനമ്മാവ്’, ‘മഞ്ഞുമ്മല്‍’ എന്നീ സ്ഥലങ്ങളുടെ പേരുകള്‍ അത്ര പെട്ടെന്ന് മറക്കാനാകുമോ? 2004-ല്‍ അലയടിച്ച സുനാമി എങ്ങും കനത്ത നാശം വിതച്ചപ്പോള്‍ കടല്‍ത്തീരമായിരുന്നിട്ടുകൂടി വേളാങ്കണ്ണി പള്ളിയ്ക്കകത്തിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് വിസ്മരിക്കരുത്. എന്നാല്‍ എണ്ണിയാല്‍ തീരാത്ത ഇത്തരം ദൈവാനുഭവങ്ങള്‍ മനുഷ്യന്‍ മറന്നു തുടങ്ങിയിരിക്കുന്നു.

കാലം മാറി…. ശാസ്ത്രം വളര്‍ന്നു… പലതും മനുഷ്യന്‍ മറക്കുകയും ചെയ്യുന്നു. ഇന്ന് തന്റെ സുഖങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന അവന് പ്രാര്‍ത്ഥിക്കാന്‍ സമയമില്ല. എന്ത് ദൈവം, എന്ത് വിശ്വാസം? അഗസ്തീനോസ് പുണ്യവാന്‍ പറയുന്നുണ്ട് ”ലോകത്തിന്റെ ഭോഷന്മാരേ, വിവശരായ സൃഷ്ടികളേ, നിങ്ങളുടെ ഹൃദയത്തെ തൃപ്തിപ്പെടുത്താന്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്? യേശുവിന്റെ അടുത്തേക്ക് വരിക. നിങ്ങള്‍ അന്വേഷിക്കുന്നത് അവിടെ നിങ്ങള്‍ക്ക് കണ്ടെത്താം.” നാമിന്നനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ച് തന്റെ പരസ്യജീവിതകാലത്തുതന്നെ ഈശോ പറഞ്ഞുവച്ചിരുന്നു: ”നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. അവയെപ്പറ്റി കിംവദന്തികളും. എന്നാല്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്… ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.

നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍ അവസാനംവരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപ്പെടും” (മത്തായി 24:8-13). അബ്രാഹവും ജോബുമെല്ലാം പരീക്ഷിക്കപ്പെട്ടതുപോലെ നാമും പരീക്ഷിക്കപ്പെടുകയായിരിക്കാം. ഉല്‍ക്കണ്ഠകളിലും ആകുതലകളിലും ദൈവത്തെ തള്ളിപ്പറയാതെ അവിടുത്തോട് കൂടുതല്‍ അടുത്തായിരിക്കാനുള്ള അവസരങ്ങളായി ഇത്തരം സാഹചര്യങ്ങള്‍ മാറട്ടെ…

സിവില്‍ നിയമങ്ങള്‍ക്കുവേണ്ടി ദൈവാലയങ്ങള്‍ അടയ്ക്കപ്പെട്ടാലും നമ്മുടെ ഹൃദയകോവിലുകള്‍ അവിടുത്തേക്കായി തുറന്നു കിടക്കട്ടെ. പരിശുദ്ധ കുര്‍ബാന സ്വീകരിക്കാനായില്ലെങ്കിലും ജപമാല പ്രാര്‍ത്ഥനകളിലൂടെയും കുരിശിന്റെ വഴികളിലൂടെയും മധ്യസ്ഥപ്രാര്‍ത്ഥനകളിലൂടെയും പ്രായശ്ചിത്ത പ്രവൃത്തികളിലൂടെയും ദൈവീകസാന്നിധ്യം നമ്മിലൂടെ ലോകത്തിന് പതിച്ചു നല്‍കാം. ദൈവവിശ്വാസത്തെ തകര്‍ക്കാനുള്ള നിഗൂഢപരിശ്രമങ്ങളെ ചെറുത്തുതോല്‍പിക്കാം.


ബ്ര. ജേക്കബ് മൂക്കിലിക്കാട്ട് ഒ.സി.ഡി, റോം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?