Follow Us On

14

April

2021

Wednesday

ഗറില്ലകളുടെ നടുവില്‍ ജീവനും കൈയില്‍ പിടിച്ച്…

ഗറില്ലകളുടെ  നടുവില്‍ ജീവനും കൈയില്‍ പിടിച്ച്…

പട്ടിണിയും അന്ധവിശ്വാസങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുംമൂലം എത്യോപ്യന്‍ ജനതയുടെ ജീവിതം കഷ്ടതകളുടെ നടുവിലാണ്. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കുമെതിരെയുള്ള പടവെട്ടല്‍കൂടിയാണ് അവിടുത്തെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍. എത്യോപ്യയിലെ നെകെംതെ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ മാര്‍ വര്‍ഗീസ് തോട്ടങ്കരയുടെമിഷന്‍ അനുഭവങ്ങള്‍…

ഏഴു വര്‍ഷമായി എത്യോപ്യയിലെ നെകെംതെ രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയാണ് മാര്‍ വര്‍ഗീസ് തോട്ടങ്കര. 2013-ലാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നെകെംതെ രൂപതയുടെ ബിഷപ്പായി മാര്‍ തോട്ടങ്കരയെ നിയമിച്ചത്. വൈദികനായി പന്ത്രണ്ട് വര്‍ഷം അവിടെ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എത്യോപ്യയിലെ ജീവിതം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആദ്യം അവിടെ ചെല്ലുമ്പോള്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍ പെട്ടുപോയ അനുഭവം ഉണ്ടായി.

ചുറ്റും ബോംബുകള്‍ വന്നു വീഴുന്നു. ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥ. സെക്യൂരിറ്റിയില്ല, പോലീസുമില്ല. ആളുകള്‍ കൊള്ളയടിക്കപ്പെടുന്ന അവസ്ഥ.
രണ്ട് ആഴ്ചയോളം ആഭ്യന്തര യുദ്ധത്തിന്റെ നടുവിലായിരുന്നു. 1990-91 കാലഘട്ടത്തിലായിരുന്നു ഇത്. ആ സമയത്ത് കഠിനമായ ദാരിദ്ര്യമായിരുന്നു രാജ്യത്ത്. ബിഷപ്പായശേഷം ഒരിക്കല്‍ ദൂരസ്ഥലത്തേക്ക് യാത്ര പോകേണ്ടതായി വന്നു. ഗറില്ലായുദ്ധം നടക്കുന്ന സമയം. റോഡുകളും വാഹനങ്ങളും അവര്‍ ആക്രമിച്ചുകൊണ്ടിരുന്നു.

ബിഷപ് പോകുന്നതിന്റെ മുമ്പ് കടന്നുപോയ വാഹനങ്ങള്‍ ഗറില്ലകള്‍ അഗ്നിക്കിരയാക്കി. യാത്ര ഇരുപത് മിനിറ്റ് വൈകിയതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. ബിഷപ്‌സ് ഹൗസില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ ഒരാഴ്ചയോളം അവിടെത്തന്നെ ഇരിക്കേണ്ടതായും വന്നു. ഇങ്ങനെ പല പ്രതിസന്ധികളെയും നേരിട്ടാണ് ബിഷപ് മാര്‍ വര്‍ഗീസ് തോട്ടങ്കര തന്റെ മിഷന്‍ ദൗത്യം മുമ്പോട്ടുകൊണ്ടുപോകുന്നത്.

നെകെംതെ രൂപത, സൗത്ത് എത്യോപ്യ മുഴുവനും വ്യാപിച്ചു കിടക്കുന്നതായിരുന്നു. കഫ എന്ന വികാരിയത്തായിട്ടാണ് തുടക്കം. പിന്നീട് പേരുമാറ്റി ജിമ്മ എന്ന രൂപതയാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജിമ്മയില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഡച്ചുകാരായ ബിഷപ്പിന് അവിടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഈ രൂപതയില്‍തന്നെപെട്ട നെകെംതെ സിറ്റിയിലേക്ക് ബിഷപ്‌സ് ഹൗസ് മാറ്റുകയായിരുന്നു.

നെകെംതെയുടെ പ്രഥമ മലയാളി ബിഷപ്

നെകെംതെ രൂപതയില്‍നിന്നാണ് പിന്നീട് ജിമ്മ-ബൊങ്കെ എന്നിങ്ങനെ രണ്ട് വികാരിയത്തുകള്‍ രൂപംകൊണ്ടത്. നെകെതെയുടെ രണ്ട് ബിഷപ്പുമാരും ഹോളണ്ടുകാരായിരുന്നു. മൂന്നാമതാണ് മാര്‍ വര്‍ഗീസ് തോട്ടങ്കര ഈ സ്ഥാനത്തെത്തുന്നത്. ആദ്യത്തെ ഇന്ത്യാക്കാരനായ ബിഷപ്പാണ് 60-കാരനായ ബിഷപ് വര്‍ഗീസ് തോട്ടങ്കര. എറണാകുളം-അങ്കമാലി അതിരൂപതയിലെ തോട്ടുവ ഇടവകാംഗമാണ്. തോട്ടങ്കര സൌരു-മറിയം ദമ്പതികളുടെ മകനാണ്. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷന്‍ (സി.എം) സന്യാസ സഭാംഗമായ മാര്‍ തോട്ടങ്കര 1976-ലാണ് സെമിനാരിയില്‍ ചേര്‍ന്നത്.കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍നിന്നും 1987-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ വിവിധ ഇടവകകളിലെ സേവനത്തിനുശേഷം 1990-ല്‍ എത്യോപ്യയിലെത്തി.

മോറല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തുന്നതിനായി 1995-ല്‍ റോമിലേക്കുപോയി. റോമിലെ പഠനശേഷം എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ മടങ്ങിയെത്തി. 1997-ല്‍ വിന്‍സന്‍ഷ്യന്‍ മേജര്‍ സെമിനാരി റെക്ടറായി ചുമതലയേറ്റു. 2002-ല്‍ ഇന്ത്യയില്‍ തിരികെ എത്തി. വിന്‍സന്‍ഷ്യന്‍ മൈനര്‍ സെമിനാരി റെക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍, സതേണ്‍ ഇന്ത്യന്‍ പ്രൊവിന്‍സ്, റെക്ടര്‍, സുപ്പീരിയര്‍ (വിന്‍സന്‍ഷ്യന്‍ സ്റ്റഡി ഹൗസ്, ആലുവ) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005-ല്‍ വീണ്ടും റോമിലേക്കു പോയി. ആര്‍ക്കിവിസ്റ്റ് ജനറല്‍ ഓഫ് ദ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ ആയി. 2006-ല്‍ ഇന്ത്യയില്‍ തിരികെ വന്ന പ്പോള്‍ സതേണ്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ വീണ്ടും റോമിലേക്ക് മടങ്ങി.

സുഡാനി അഭയാര്‍ത്ഥികള്‍

നെകെംതെ രൂപതയില്‍ പ്രധാനമായും മൂന്ന് ഗോത്രവര്‍ഗക്കാരാണുള്ളത്. സുഡാനാണ് ഈ രൂപതയുടെ അതിര്‍ത്തി. ഒരുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട് രൂപതയ്ക്ക്. 11 ദശലക്ഷമാണ് എത്യോപ്യയിലെ ജനസംഖ്യ. അതിന്റെ രണ്ടുശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണ് നെകെംതെ. ആദ്യകാലത്ത് മിഷനറിമാര്‍ക്ക് ഇവിടെ വരുന്നതിന് എതിര്‍പ്പുകളുണ്ടായിരുന്നു. ഡച്ച് മിഷനറിമാരുടെ നൂറുവര്‍ഷത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്നു കാണുന്ന നെകെംതെ രൂപത.

സാമൂഹ്യപ്രവര്‍ത്തനങ്ങളിലും രൂപത ശ്രദ്ധവയ്ക്കുന്നു. സുഡാനില്‍നിന്നും വന്ന അഭയാര്‍ത്ഥികളുണ്ട്. അവരെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സഭ സജീവമായി ഇടപെടുന്നു. ഗോത്രവര്‍ഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവാണ്. ഇത് പലപ്പോഴും കൊലപാതകങ്ങളിലും കലാശിക്കാറുണ്ട്. അവരുടെയിടയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് മിഷനറിമാര്‍.

മന്തിനെ തടയാന്‍ ഷൂ

വിദ്യാഭ്യാസമേഖലയിലും ആതുര ശുശ്രൂഷാമേഖലയിലുമാണ് മറ്റ് ശുശ്രൂഷകള്‍. ഗവണ്‍മെന്റ് സ്‌കൂളുകളില്ല. ദൈവാലയങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ സ്‌കൂളുകള്‍ തുടങ്ങണമെന്ന് ആവശ്യപ്പെടാറുണ്ട്. സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്.ക്ലിനിക്കുകള്‍, ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെയാണ് ആതുരശുശ്രൂഷാരംഗത്തെ പ്രവര്‍ത്തനങ്ങള്‍. മന്തുരോഗം വ്യാപകമായിട്ടുണ്ട്. ഇത് കൊതുക് പരത്തുന്നതല്ല. ഭൂമിയുടെ പ്രത്യേകതകൊണ്ടും മണ്ണിലൂടെ നടക്കുമ്പോള്‍ അതില്‍നിന്നു വരുന്ന ഇന്‍ഫക്ഷന്‍കൊണ്ടുമാണ് പലര്‍ക്കും രോഗം വരുന്നത്. ഇതിന് മരുന്ന് നല്‍കുന്നത് മിഷനറിമാരുടെ പ്രവര്‍ത്തനമാണ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആവശ്യമായ ഷൂ നല്‍കുന്നു.

സിസ്റ്റര്‍മാര്‍ പ്രധാനമായും ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ചാണ് സേവനം ചെയ്യുന്നതെന്ന് ബിഷപ് പറഞ്ഞു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്ന സ്ഥലമാണ് എത്യോപ്യ. ഓരോ ഗോത്രങ്ങളും അവരുടെ തനിമ കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ മറ്റ് ഗോത്രവര്‍ഗക്കാരെ ശത്രുക്കളെപ്പോലെ കാണുന്നവരുണ്ട്. പരസ്പരം കണ്ടാല്‍ കൊല്ലുന്ന വിധത്തിലാണ് ശത്രുത.

ഗറില്ല ഏറ്റുമുട്ടലുകള്‍

എത്യോപ്യയില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ ശത്രുക്കളായാണ് കാണുന്നതെന്ന് ബിഷപ് തോട്ടങ്കര പറയുന്നു. ഗറില്ല യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഗ്രൂപ്പ് നെകെംതെ രൂപതയുടെ അതിര്‍ത്തിയിലുണ്ട്. ഇതിന്റെ പരിണിതഫലമായി സമൂഹം വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് പതിവാണ്. ബിഷപ്പിന് രൂപതയുടെ പല ഭാഗത്തും കൂദാശകള്‍ പരികര്‍മം ചെയ്യുന്നതിനുള്ള സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്.

ഗോത്രവര്‍ഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷം സാമ്പത്തിക അവസ്ഥയെയും ബാധിച്ചുകഴിഞ്ഞുവെന്ന് ബിഷപ് പറഞ്ഞു. എതിരാളികളുടെ ഭൂമി തീവച്ചു നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും ചെയ്യുന്നതാണ് മറ്റൊരു രീതി. അതിനാല്‍ കഠിനമായ പട്ടിണിയുടെ പിടിയിലാണ് ഈ പ്രദേശം. എത്യോപ്യയ്ക്ക് മുഴുവന്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിരുന്ന പ്രദേശമായിരുന്നു ഇത്. അവിടെയാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

അതോടെ പ്രധാന വരുമാന മാര്‍ഗമായിരുന്ന കൃഷി ഇല്ലാതായി. ഈ രാജ്യത്ത് ഇരുപത് വര്‍ഷമായി ഉണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് പിന്നോട്ടുപോയി. വൈദികര്‍ ഭക്ഷ്യവസ്തുക്കളുമായാണ് ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് ബിഷപ് പറഞ്ഞു.
പണത്തിന് മൂല്യം ഇടിഞ്ഞതുകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തിരുന്ന മരുന്നുകള്‍പോലും നിലച്ചിരിക്കുകയാണ്.

പട്ടിണി മരണങ്ങള്‍

കത്തോലിക്കരെ എന്‍ജിഒ ആയിട്ടാണ് ഗവണ്‍മെന്റ് കാണുന്നത്. അതുകൊണ്ട് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ സ്‌കൂള്‍ നടത്തിയാലും ക്ലിനിക് നടത്തിയാലും ചെലവിന്റെ 25 ശതമാനം മാത്രമേ ജനങ്ങളില്‍നിന്ന് ഈടാക്കാന്‍ കഴിയൂ. ബാക്കി 75 ശതമാനം സഭ സ്വന്തമായി കണ്ടെത്തണം. എത്യോപ്യ ദരിദ്ര രാജ്യമെന്നതുകൊണ്ട് മറ്റ് രാജ്യങ്ങളില്‍നിന്നും ഫണ്ട് ശേഖരിച്ച് അവിടെ ചെലവഴിക്കണമെന്നതാണ് ഗവണ്‍മെന്റിന്റെ നിലപാട്. കത്തോലിക്കര്‍ രണ്ട് ശതമാനം മാത്രമാണെങ്കിലും സര്‍ക്കാര്‍ കഴിഞ്ഞാല്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കത്തോലിക്കാ സഭയാണെന്ന് ബിഷപ് പറഞ്ഞു. കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങളെ ഗവണ്‍മെന്റ് അംഗീകരിക്കുന്നുണ്ട്.

മഴയെ ആശ്രയിച്ചാണ് കൃഷി. എത്യോപ്യയുടെ ചില പ്രദേശങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി മഴയില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് പട്ടിണിമരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ബിഷപ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മിഷനറിമാര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍നിന്നും ഹോളണ്ടില്‍നിന്നുമുള്ള ചില സംഘടനകള്‍ എത്യോപ്യന്‍ സഭയെ സഹായിക്കുന്നു. കിട്ടുമ്പോള്‍ അടിപൊളിയായി ജീവിക്കുക, അല്ലാത്തപ്പോള്‍ പട്ടിണി കിടക്കുകയാണ് ഇവരുടെ രീതി. അതിനാല്‍ ജനങ്ങളില്‍ സമ്പാദ്യശീലം ഉളവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും മിഷനറിമാര്‍ ശ്രദ്ധിക്കുന്നു. കാളയെ ഉപയോഗിച്ച് പൂട്ടി നിലമൊരുക്കി കൃഷിയിറക്കുന്ന പരമ്പരാഗത രീതിയാണ് എത്യോപ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

അന്ധവിശ്വാസങ്ങള്‍

ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ ആഴത്തിലുള്ള അന്ധവിശ്വാസങ്ങളുണ്ട്. അതില്‍നിന്നും അവരെ മോചിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഗവണ്‍മെന്റും സഭയും പങ്കാളികളാകുന്നു. ‘ഗുമ്മൂസ്’ ഗോത്രവര്‍ഗക്കാരിലെ സ്ത്രീകള്‍ക്ക് വീട്ടില്‍ കാര്യമായ അവകാശങ്ങളില്ല. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ പിതാവിന് പണം കൊടുത്ത് പെണ്‍കുട്ടിയെ വിലക്കു വാങ്ങി വിവാഹം കഴിക്കുന്നു. ബഹുഭാര്യത്വം സാധാരണമാണ്. ഭാര്യമാരെ കൃഷിയിടത്തില്‍ പണി ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്നതാണ് രീതി. സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്ത് ഭര്‍ത്താവിന് വിളമ്പിക്കൊടുത്ത് ഭര്‍ത്താവ് ഭക്ഷിച്ചതിനുശേഷം ഒരു പാത്രവും കൊണ്ടുവന്ന് ഭര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന് യാചിക്കണം – ‘ഇനി ഞാന്‍ ഭക്ഷിച്ചോട്ടെ’ എന്ന്. ഇങ്ങനെയുള്ള അനാചാരങ്ങള്‍ അവസാനിപ്പിക്കുന്നതിന് മിഷനറിമാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ബിഷപ് തോട്ടങ്കര പറഞ്ഞു. കൃഷിയും ആടുമാടുകളെ മേയിക്കലുമാണ് എത്യോപ്യന്‍ ജനതയുടെ വരുമാനമാര്‍ഗം. എത്യോപ്യയിലെ പ്രധാന വിള കാപ്പിയാണ്.

ഭൂമി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലാണ്. കൃഷി ചെയ്യാനായി കര്‍ഷകര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കും. എപ്പോഴാണ് ഗവണ്‍മെന്റിന് ആവശ്യം വരുന്നത് അപ്പോള്‍ കൃഷിക്കാര്‍ ഭൂമി തിരിച്ചു കൊടുക്കണം. അതാണ് എത്യോപ്യന്‍ രീതി. ചൈനയില്‍നിന്ന് നിക്ഷേപകര്‍ എത്തുമ്പോള്‍ കര്‍ഷകര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് അവര്‍ക്ക് കൊടുക്കും. ഇവിടെയുള്ള ധാതുക്കള്‍ ചെറിയ വിലയ്ക്ക് അവര്‍ സ്വന്തമാക്കും. ഭൂമി നല്‍കുമ്പോള്‍ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് കൊടുക്കും. ചിലപ്പോള്‍ അതും ലഭിച്ചില്ലെന്നും വരാം. വസ്ത്രങ്ങള്‍, ആഹാരപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്. ബാക്കിയെല്ലാം മറ്റ് രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. ദമ്പതികളില്‍ ആരെങ്കിലും ഒരാള്‍ മരണപ്പെട്ടാല്‍ ഉടനെതന്നെ മറ്റൊരു ജീവിതപങ്കാളിയെ കണ്ടെത്തും. മരണം അവര്‍ക്ക് സങ്കടകരമായ കാര്യമേ അല്ല. മരിച്ചു കഴിഞ്ഞാലുടനെ മറ്റൊരാളെ വിവാഹം കഴിക്കാമല്ലോയെന്ന ചിന്തയാണിവിടെ പ്രബലമായിട്ടുള്ളതെന്ന് ബിഷപ് പറഞ്ഞു.


സൈജോ ചാലിശേരി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?