Follow Us On

19

January

2021

Tuesday

ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍

ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍

25000 രൂപയ്ക്ക് എത്ര വീടു പണിയാമെന്ന് ചോദിച്ചാല്‍ ഒരു വീടിന്റെ അടിത്തറ കെട്ടാന്‍പോലും തികയില്ലെന്നായിരിക്കും മറുപടി. എന്നാല്‍ ഈ ചോദ്യം സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനോടാണെങ്കില്‍ ഉത്തരം 142 എന്നായിരിക്കും.10 വര്‍ഷങ്ങള്‍ക്കുമുമ്പ് കടമായി ലഭിച്ച 25,000 രൂപകൊണ്ട് ആരംഭിച്ച ദൗത്യത്തിലൂടെ സിസ്റ്റര്‍ ഇതിനകം 142 വീടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 12 വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. ആ വീടുകള്‍ക്കുവേണ്ടി അനേകം കുട്ടികള്‍ ജന്മദിന ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചു. വിവാഹ വാര്‍ഷികങ്ങളിലെ ആഘോഷങ്ങള്‍ ഉപേക്ഷിച്ച അധ്യാപകരും തിരുനാളുകളുടെ പ്രൗഢി കുറച്ച ഇടവകകളും നോമ്പുകാലത്ത് മിച്ചംപിടിച്ച തുകകള്‍ കൈമാറിയ സാധാരണക്കാരും നിരവധി. ആദ്യം ലഭിച്ച ശമ്പളം നിറഞ്ഞ മനസോടെ നല്‍കിയ അനേകം യുവജനങ്ങളുണ്ട്. ഒരു രൂപ നല്‍കിയ വിദ്യാര്‍ത്ഥികള്‍ മുതല്‍ ലക്ഷങ്ങള്‍ നല്‍കി ഈ വലിയ സംരംഭത്തില്‍ പങ്കുചേര്‍ന്നവര്‍വരെ ധാരാളം പേര്‍. ന്യായാധിപന്മാര്‍ മുതല്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ സംഭാവനകള്‍ വരെയാണ് വീടെന്ന അനേകരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ പിന്നില്‍.

വീട്ടിലേക്കുള്ള വഴികള്‍…

കൊച്ചി നഗരത്തോട് ചേര്‍ന്നുകിടക്കുന്ന തോപ്പുംപടി ഔവര്‍ ലേഡി ഓഫ് കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. സിസ്റ്ററിന്റെ മനസിലുദിച്ച ആശയമായിരുന്നിത്. അത് ദൈവത്തിന്റെ സ്വപ്‌നമായിരുന്നു എന്നാണ് പദ്ധതിയുടെ വളര്‍ച്ച തെളിയിക്കുന്നത്. കാലത്തിനു മായ്ക്കാന്‍ കഴിയാത്ത രീതിയില്‍ അനേകം ഹൃദയങ്ങളില്‍ നന്മയുടെയും പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും പാഠങ്ങള്‍ ഇതിലൂടെ പതിപ്പിക്കാന്‍ കഴിഞ്ഞെന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ പശ്ചിമകൊച്ചിയിലെ ഒരു സാധാരണ മത്സ്യത്തൊഴിലാളി ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലത്തുനിന്നും ഒരു സെന്റ് മറ്റൊരാള്‍ക്കു വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കി. പദ്ധതിയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഇതുപോലുള്ള അനേകരുണ്ട്. ഒരു സെന്റില്‍ മനോഹരമായ വീടു പണിത് എഞ്ചിനീയര്‍മാരെപ്പോലും സിസ്റ്റര്‍ ഞെട്ടിച്ചു എന്നത് മറ്റൊരു കാര്യം.

10 വര്‍ഷങ്ങള്‍ക്കുമുമ്പ് സിസ്റ്റര്‍ എത്തുമ്പോള്‍ കുട്ടികളുടെ എണ്ണക്കുറവുമൂവം സ്‌കൂള്‍ ഡിവിഷന്‍ ഫാള്‍ നേരിടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ 3,000-ത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മക്കള്‍ മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ അഭ്യസിച്ചു വളരണമെന്ന സാധാരണക്കാരുടെ ആഗ്രഹമാകാം വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന് കാരണം. എസ്എസ്എല്‍സിക്ക് എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇവിടെയാണ്. എസ്എസ്എല്‍സിക്ക് വര്‍ഷങ്ങളായി 100 ശതമാനമാണ് വിജയം. വീടില്ലാത്തവരുടെ കണ്ണീരൊപ്പാന്‍ പ്രധാന്യാപിക ഇറങ്ങിയപ്പോള്‍ ദൈവം തന്റെ അനുഗ്രഹത്തിന്റെ കരം സ്‌കൂളിന് മുകളില്‍ ഉയര്‍ത്തിയിട്ടുണ്ടാകാം. 2018-ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട 150 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് സിസ്റ്ററിന്റെ നേതൃത്വത്തില്‍ ദത്തെടുത്തിരുന്നു. ഹോപ് പ്രൊജക്ട് എന്നായിരുന്നു അതിന് നല്‍കിയ പേര്.

142 കഥകള്‍ അല്ല, അനുഭവങ്ങള്‍

142 വീടുകള്‍ക്കും അത്രയുംതന്നെ കഥകളും പറയാനുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔവര്‍ ലേഡി ഓഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസ സഭാംഗമായ സിസ്റ്റര്‍ ലിസി. സഭയുടേതാണ് സ്‌കൂള്‍. ആ സമയത്താണ് സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി എത്തുന്നത്. സ്‌കൂളിന്റെ ജൂബിലി എങ്ങനെ മനോഹരമാക്കാം എന്ന ആലോചനകള്‍ നടക്കുമ്പോള്‍ സിസ്റ്റര്‍ ഒരു ആശയം മുന്നോട്ടുവച്ചു. ജൂബിലി സ്മാരകമായി ഒരു വീടു പണിതു നല്‍കാം. നടക്കുന്ന കാര്യമാണോ എന്നൊരു സംശയം പലരുടെയും മനസുകളില്‍ നിറഞ്ഞു. നിര്‍ദ്ദേശം അംഗീകരിച്ചുകഴിഞ്ഞപ്പോള്‍ ആര്‍ക്കു നല്‍കുമെന്നതായിരുന്നു അടുത്ത ചോദ്യം.

ആദ്യത്തെ വീട്

എന്നാല്‍, ദൈവത്തിന് അവിടെയും ഒരു പദ്ധതി ഉണ്ടായിരുന്നു. ആ ദിവസങ്ങളിലാണ് സിസ്റ്ററിന്റെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് മരിച്ചത്. വിവരമറിഞ്ഞ് സിസ്റ്റര്‍ അവരുടെ വീട്ടിലെത്തി. ഹൃദയഭേദകമായിരുന്നു അവിടുത്തെ കാഴ്ചകള്‍. കൊച്ചിയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെല്ലാനം പഞ്ചായത്തിലായിരുന്നു വീട്. മൃതദേഹം വയ്ക്കാന്‍പോലും വീട്ടില്‍ ഇടം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീടിന്റെ ഒരു ഭാഗവുംകൂടി ചേര്‍ത്താണ് മൃതശരീരം വച്ചത്. മഴവെള്ളം വീഴാതിരിക്കാന്‍ പൊട്ടിപ്പോയ ഓടിന്റെ ഭാഗത്ത് എന്തോ വയ്ക്കാന്‍ വീടിന്റെ മുകളില്‍ കയറിയതായിരുന്നു കല്‍പ്പണിക്കാരനായ ബെന്നി എന്ന ആ കുടുംബനാഥന്‍. മുകളില്‍വച്ച് ഹൃദയസ്തംഭനം ഉണ്ടായി. താമസിയാതെ മരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അടച്ചുറപ്പുള്ള വീടെന്ന് ആരോ പറയുന്നതും കേട്ടു. പ്ലാറ്റിനം ജൂബിലി സ്മാരക വീട് ആര്‍ക്കു നല്‍കണമെന്ന ചോദ്യത്തിന് അവിടെ വച്ച് ഉത്തരം ലഭിച്ചു.

സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ ബെന്നിയുടെ സുഹൃത്തുക്കളോട് പറഞ്ഞു, ബെന്നിയുടെ സ്വപ്‌നം നമുക്ക് യാഥാര്‍ത്ഥ്യമാക്കാം, നിങ്ങള്‍ എന്റെയൊപ്പം നില്ക്കുകയാണെങ്കില്‍. അവര്‍ എന്തിനും തയാറായിരുന്നു. മരണത്തിന്റെ 30 കഴിഞ്ഞ് പിറ്റേന്ന് തറക്കല്ലിടല്‍ നടത്താമെന്ന് പറഞ്ഞിട്ടാണ് സിസ്റ്റര്‍ മടങ്ങിയത്. കൈയില്‍ പണം ഉണ്ടായിരുന്നില്ല. മഠത്തിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും മറ്റ് ആത്മീയ ശുശ്രൂഷകളും ചെയ്യുന്നത് ഫ്രാന്‍സിസ്‌കന്‍ വൈദികരാണ്. ആശ്രമത്തിന്റെ സുപ്പീരിയര്‍ കൂടിയായ വൈദികനോട് അന്നു വൈകുന്നേരം സിസ്റ്റര്‍ ലിസി ഇക്കാര്യം പറഞ്ഞു. അദ്ദേഹം 25,000 രൂപ നല്‍കിയിട്ടു പറഞ്ഞു: ഇത് കടമാണ്. ആവശ്യം കഴിഞ്ഞതിനുശേഷം തിരിച്ചു നല്‍കിയാല്‍ മതി. സിസ്റ്ററിന്റെ ഒപ്പം ഹൗസിലെ സുപ്പീരിയറും ഉണ്ടായിരുന്നു. സിസ്റ്റര്‍ ലിസിയുടെ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ സ്‌കൂളിന്റെ വകയായി 25,000 രൂപ നല്‍കി.

സഹപാഠിക്കൊരു ഭവനം

30-ാം ദിവസം ‘സഹപാഠിക്കൊരു ഭവനം’ എന്ന പേരില്‍ തറക്കല്ലിട്ടു. പണികള്‍ ആളുകള്‍ സൗജന്യമായി ചെയ്തു. ഇപ്പോഴും അങ്ങനെയാണ്. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് വീടുകള്‍ ഉയരുന്നത്. സ്‌കൂളിലെ കുട്ടികള്‍ ചെറുതും വലുതുമായ തുകകള്‍ നല്‍കി. എന്നാല്‍, വീടെന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ അതു തികയുമായിരുന്നില്ല. സിസ്റ്റര്‍ പലരുടെ മുമ്പിലും കൈനീട്ടി. ആറ് മാസംകൊണ്ട് മനോഹരമായ ആ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. എല്ലാം കഴിഞ്ഞപ്പോള്‍ 25,000 രൂപ മിച്ചംവന്നു. ദൈവം നല്‍കിയ ഉറപ്പായിട്ടാണ് അത് സിസ്റ്ററിന് അനുഭവപ്പെട്ടത്.

മിച്ചംവന്ന പണംകൊണ്ട് മറ്റൊരു വീട് നിര്‍മിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിയത്. തുടര്‍ന്ന് വര്‍ഷത്തില്‍ ഒരു വീടെന്ന രീതിയില്‍ അഞ്ച് വീടുകള്‍ നിര്‍മിച്ചു. 2015-ല്‍ ഹൗസ് ചലഞ്ച് പ്രൊജ്ക്ട് ആരംഭിച്ചു. അഞ്ചു വര്‍ഷംകൊണ്ട് 137 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. ഇതെല്ലാം ദൈവത്തിന്റെ മഹാകരുണ എന്ന് വിശേഷിപ്പിക്കാനാണ് സിസ്റ്ററിന് ഇഷ്ടം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഹൗസ് ചലഞ്ച് ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി. സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍, സ്‌കൂളിലെ അധ്യാപികയായ ലില്ലി പോള്‍, ജോസഫ് ആന്റണി എന്നിവരാണ് അംഗങ്ങള്‍.

അധ്യാപികയാകാന്‍ ഞാനില്ല

ഇരിങ്ങാലക്കുട രൂപതയിലുള്ള മേലാടൂര്‍ ഗ്രാമത്തിലെ കുഞ്ഞുവറീത്-ത്രേസ്യാക്കുട്ടി ദമ്പതികളുടെ ഇളയമകളായി ജനിച്ച ലിസിയുടെ മനസില്‍ അധ്യാപിക എന്ന ആഗ്രഹം ഒരിക്കലും ഉണ്ടായിരുന്നില്ല. സന്യാസ ജീവിതത്തിലേക്ക് തന്നെ എത്തിച്ചത് ഇടവക ദൈവാലയത്തിലെ ക്രൂശിത രൂപമാണെന്ന് സിസ്റ്റര്‍ പറയുന്നു. ക്രൂശിത രൂപത്തിലേക്ക് നോക്കിയിരിക്കുന്നത് ആ കൗമാരക്കാരിയുടെ പതിവുകളില്‍ ഒന്നായിരുന്നു. എനിക്കു വേണ്ടി മരിച്ച യേശുവിന് ഞാന്‍ എന്തു നല്‍കും? എനിക്കു തരാനുള്ളത് എന്റെ ജീവിതം മാത്രമാണ് അതു ഞാന്‍ നിനക്കു തരുന്നു എന്നൊരു വാഗ്ദാനം ഒരിക്കല്‍ നടത്തി.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മഠത്തില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചു. എന്നാല്‍, അത്ര അനുകൂലമായിരുന്നില്ല വീട്ടില്‍നിന്നുള്ള പ്രതികരണം. ഇളയമകള്‍ ആയതുകൊണ്ടുകൂടിയാകാം. തുടര്‍ന്ന് പ്രീ-ഡിഗ്രിക്ക് ചേര്‍ന്നു. അതിനുശേഷമാണ് മഠത്തില്‍ ചേര്‍ന്നത്. അന്തര്‍ദ്ദേശീയ സഭ തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം ഉണ്ടായിരുന്നു. യേശു സഞ്ചരിച്ച വിപ്ലവകരമായ പാതകളായിരുന്നു മനസില്‍. ലോകമെമ്പാടും പോയി സുവിശേഷം പ്രസംഗിക്കുക. ആരും കടന്നുചെന്നിട്ടില്ലാത്ത പാവങ്ങളുടെ ഇടയില്‍ ചെന്ന് അവരുടെ ശബ്ദമായി മാറുക. അങ്ങനെ ഏറെ സ്വപ്‌നങ്ങള്‍… എന്നാല്‍, ദൈവപദ്ധതി മറ്റൊന്നായിരുന്നു.

നോവിഷ്യേറ്റ് വാരണാസിയിലായിരുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ പിന്നാക്കാവസ്ഥയും ദുരിതങ്ങളും കണ്ടറിഞ്ഞപ്പോള്‍ മനസില്‍ നൊമ്പരമായി മാറി. ഉള്ളിലെ മിഷനറി ഒന്നുകൂടി വളര്‍ന്നു. ഹിന്ദി പഠിച്ചു, ഗോത്രഭാഷ പഠിക്കാന്‍ തുടങ്ങി. നോവിഷ്യേറ്റിനുശേഷം കേരളം ഉള്‍പ്പെടുന്ന ബംഗളൂരു പ്രൊവിന്‍സിലേക്ക് പോകാനാണ് അധികാരികള്‍ നിര്‍ദേശിച്ചത്. തനിക്ക് മിഷനാണ് താല്പര്യമെന്ന് കെഞ്ചിപ്പറഞ്ഞു. നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് നോക്കാമെന്നായിരുന്നു ലഭിച്ച മറുപടി.

കേരളത്തില്‍ എന്തു മിഷന്‍?

കേരളത്തില്‍ മിഷന് സാധ്യത ഇല്ലെന്നായിരുന്നു അന്നുവരെ ചിന്തിച്ചിരുന്നത്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ആഗ്രഹമായി മനസില്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ അട്ടപ്പാടിയിലെ മഠത്തിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൗണ്‍സിലേഴ്‌സിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സഭയുടെ സ്‌കൂളുകളില്‍ നല്ല അധ്യാപകരെ വേണം. അതിനാല്‍ ബിഎഡിന് പോകാന്‍ നിര്‍ദേശിച്ചു. അധ്യാപനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളും ആകാമല്ലോ എന്ന് അധികാരികള്‍ പറഞ്ഞപ്പോള്‍ മനസില്ലാമനസോടെ അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലായിരുന്നു ആദ്യ നിയോഗം. പാഠഭാഗങ്ങള്‍ പഠിപ്പിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കുന്ന അധ്യാപികയായി സിസ്റ്റര്‍ ഒതുങ്ങിയില്ല. കുട്ടികളെ കേള്‍ക്കാന്‍ തുടങ്ങി. അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരംഭിച്ചു. ഒരു കന്യാസ്ത്രീക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ടെന്ന തിരിച്ചറിവ് സമ്മാനിച്ച കാലങ്ങളായിരുന്നു അത്. നാല് വര്‍ഷത്തിനുശേഷം തോപ്പുംപടി ഔവര്‍ ലേഡി ഓഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെത്തി.

അവിടെയും കുട്ടികളോടൊപ്പം അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരംഭിച്ചു. കൊച്ചിയുടെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍നിന്നുള്ളവരായിരുന്നു വിദ്യാര്‍ത്ഥികള്‍. മറ്റുള്ളവരുടെ ദുരിതങ്ങളില്‍, സങ്കടങ്ങളില്‍ മനസലിയുന്ന സ്വഭാവം രൂപപ്പെട്ടത് മാതാപിതാക്കളില്‍നിന്നായിരുന്നു. വിശന്ന് ആരു വീട്ടില്‍വന്നാലും അമ്മ ഭക്ഷണം നല്‍കുമായിരുന്നു. അപരന്റെ നൊമ്പരങ്ങള്‍ സ്വന്തം വേദനയായി ഏറ്റെടുക്കുമ്പോള്‍ അവിടെ ദൈവം ഇറങ്ങിവരുമെന്നാണ് സിസ്റ്റര്‍ അനുഭവങ്ങളില്‍നിന്നും പറയുന്നത്. വീടു നിര്‍മിക്കുന്നത് തന്റെ മിഷനായിട്ടാണ് സിസ്റ്റര്‍ കാണുന്നത്. ”ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യം കുടുംബമാണ്. അതിന്റെ അടിസ്ഥാനം വീടാണ്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അത്യാവശ്യം അവര്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. നല്ലൊരു വീട് ലഭിക്കുമ്പോള്‍ അവരുടെ സാമൂഹ്യാവസ്ഥ മാറും.”

ജനകീയ പങ്കാളിത്തത്തോടെയാണ് എല്ലാ വീടുകളും ഉയരുന്നത്. വീട് നല്‍കുന്നത് പ്രധാനമായും അവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ക്കാണെങ്കിലും പുറമെ ഉള്ളവര്‍ക്കും നല്‍കാറുണ്ട്. വിധവകള്‍, ഭിന്നശേഷിക്കാരായ മക്കള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരുടെ കഷ്ടപ്പാടുകള്‍ കണ്ട് കരഞ്ഞുപോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. മുതിര്‍ന്ന മക്കളെ എടുത്ത് ടോയ്‌ലെറ്റില്‍ കൊണ്ടുപോകുന്ന അമ്മമാര്‍. നല്ലൊരു വീടില്ലെങ്കില്‍ മുറി വൃത്തിയായി സൂക്ഷിക്കാന്‍ വലിയ പ്രയാസമാണ്. ആ വീട്ടിലെ മറ്റു കുട്ടികളുടെ മാനസികാവസ്ഥയെക്കൂടി അതു ബാധിക്കും. ഭിന്നശേഷിയുള്ള കുടുംബാംഗത്തിന്റെ പേരില്‍ വീട് ലഭിക്കുമ്പോള്‍ ആ വ്യക്തി വീട്ടിലെ കേന്ദ്രബിന്ദുവാകും. അവന്‍ മുഖാന്തിരമാണല്ലോ വീട് ലഭിച്ചതെന്ന ചിന്തതന്നെ കാഴ്ചപ്പാടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തമാണ്.

 

ന്യായാധിപന്റെ പോക്കറ്റുമണി

അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഹൗസ് ചലഞ്ച് പദ്ധതി ആരംഭിച്ചത്. അതിലൂടെ ഇതുവരെ 137 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് വീട് നല്‍കുന്ന ചടങ്ങില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പങ്കെടുത്തിരുന്നു. അന്നദ്ദേഹം സുപ്രീം കോടതി ജഡ്ജിയായിരുന്നു. കുട്ടികളുടെ പോക്കറ്റുമണിയില്‍നിന്നും കെട്ടിപ്പൊക്കിയ വീടാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. ഇന്നുമുതല്‍ എന്റെ പോക്കറ്റുമണിയും ഈ പദ്ധതിക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു എന്ന്. പ്രോഗ്രാം കഴിഞ്ഞ് പോകാന്‍ ഇറങ്ങുമ്പോള്‍ സിസ്റ്ററിനോട് കാരുണ്യം നിറഞ്ഞ ആ ന്യായാധിപന്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിപ്പിക്കാന്‍ മറന്നില്ല. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാന്‍ മടിക്കരുതെന്ന്.

ഏതാനും ആഴ്ചകള്‍ക്കുശേഷം തോപ്പുംപടിക്ക് അടുത്തുള്ള സാന്തോം കോളനിയില്‍ സിസ്റ്റര്‍ പോയി. അവിടെ കണ്ട കാഴ്ചകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു വലിച്ചുകെട്ടിയ കൂരകളായിരുന്നു അധികവും. ഒരു കട്ടില്‍ നേരെ ഇടാനുള്ള വലുപ്പം വീടുകള്‍ക്ക് ഉണ്ടായിരുന്നില്ല. വേലിയേറ്റ സമയത്ത് മലിന ജലം വീടുകളിലേക്ക് കയറും. കോര്‍പറേഷന്റെ മൂക്കിനു താഴെയാണെങ്കിലും വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ യാതൊരുവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല. അവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്നതുപോലെ സിസ്റ്ററിന് തോന്നി.

എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പേരായിരുന്നു. ആദ്യത്തെ വീടിനുള്ള നിര്‍മാണ വസ്തുക്കളുടെ മുഴുവന്‍ തുകയും അദ്ദേഹം നല്‍കി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം സാന്തോം കോളനിയില്‍ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ 17 വീടുകള്‍ തല ഉയര്‍ത്തിനില്ക്കുന്നു. കോളനിയുടെ മുഖഛായ മാറ്റാന്‍ സാധിച്ചു. റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ക്കു ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു.

ഏഴ് അമ്മമാരുടെ അവസാന ആഗ്രഹം

നല്ല വീട്ടില്‍ കഴിയണമെന്ന മരണാസന്നരായ ഏഴ് അമ്മമാരുടെ അവസാനത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതാണ് വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റവും സംതൃപ്തി നല്‍കുന്നതെന്ന് സിസ്റ്റര്‍ പറയുന്നു. അതിലൊന്ന് തോപ്പുംപടി സാന്തോം കോളനിയിലായിരുന്നു. അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഒരു ചെറുപ്പക്കാരനെ കാണാനാണ് ആ കുടിലില്‍ എത്തിയത്. കുനിഞ്ഞു വേണമായിരുന്നു ഉള്ളിലേക്ക് കയറാന്‍. അയാള്‍ക്ക് നിവര്‍ന്നു കിടക്കാനുള്ള ഇടം അവിടെ ഉണ്ടായിരുന്നില്ല. പ്രായമായ അമ്മയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ശബ്ദത്തില്‍നിന്നായിരുന്നു അവര്‍ ആളുകളെ തിരിച്ചറിഞ്ഞിരുന്നത്. നല്ലൊരു വീട്ടില്‍ കഴിഞ്ഞിട്ട് എനിക്ക് മരിക്കാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ക്ക് സിസ്റ്ററിനോട് ചോദിക്കാന്‍ ഉണ്ടായിരുന്നത്. ജീവിതം മുഴുവന്‍ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ഒരമ്മയുടെ സങ്കടങ്ങള്‍ മുഴുവനും ഉണ്ടായിരുന്നു ആ വാക്കുകളില്‍. വളരെ താമസിയാതെ മനോഹരമായ വീട് അവിടെ ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനുശേഷം ആ അമ്മ മരിക്കുകയും ചെയ്തു.

ഭൂദാനം മഹാദാനം

തന്റെ നീണ്ട കാലത്തെ പ്രാര്‍ത്ഥന സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ സിസ്റ്റര്‍ ലിസി. വീട് വേണമെന്ന ആവശ്യവുമായി സമീപിച്ച ധാരാളം പേരെ സ്വന്തമായി ഭൂമി ഇല്ലെന്ന കാരണത്താല്‍ തിരിച്ചയക്കേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കാന്‍ കഴിയുന്നില്ലല്ലോ എന്നൊരു വിഷമം സിസ്റ്ററിനെ പലപ്പോഴും അലട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെ പുതുവൈപ്പില്‍ കോടികള്‍ വിലമതിക്കുന്ന 72 സെന്റ് സ്ഥലം സിസ്റ്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിക്കുവേണ്ടി രഞ്ജന്‍ വര്‍ഗീസ് എന്നൊരു മനുഷ്യസ്‌നേഹി സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ പിതാവിന്റെ അവസാനത്തെ ആഗ്രഹം നടപ്പിലാക്കുകയായിരുന്നു ആ കുടുംബം.

പാവങ്ങള്‍ക്കു വീടു വയ്ക്കാന്‍ ഈ ഭൂമി സൗജന്യമായി നല്‍കാന്‍ അവര്‍ നോക്കിയെങ്കിലും അതു നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് രഞ്ജന്‍ വര്‍ഗീസും ഭാര്യ ടെസിയും സിസ്റ്ററിനെക്കുറിച്ച് അറിയുന്നത്. അങ്ങനെ 16 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കാന്‍ വഴിയൊരുങ്ങി. മികച്ച ഹൗസിംഗ് കോളനിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് വീട് നിര്‍മിക്കുന്നത്. ഭൂദാനം മഹാദാനം എന്ന പേരില്‍ എറണാകുളത്ത് 16 കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആയിരുന്നു. അതില്‍ നാല് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 12 വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു.

മൂന്നര സെന്റിലെ വിസ്മയങ്ങള്‍

കൂടാതെ മൂന്നര സെന്റ് സ്ഥലത്ത് രണ്ടു നില കെട്ടിടം വേറെ നിര്‍മിക്കും. അതിന്റെ ലക്ഷ്യം മറ്റൊന്നാണ്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായ റേഡിയേഷന്‍ കഴിഞ്ഞവര്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍ തുടങ്ങിയവര്‍ക്ക് ആദ്യത്തെ ഏതാനും മാസങ്ങള്‍ അണുബാധ ഉണ്ടാകാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൊച്ചിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനേകര്‍ക്ക് അതിനുള്ള സൗകര്യങ്ങളില്ല. അങ്ങനെയുള്ളവര്‍ക്ക് ഏതാനും മാസങ്ങള്‍ താമസിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പാവപ്പെട്ടവര്‍ക്ക് വീടു നല്‍കുന്നത് കൊച്ചിയില്‍ പൊതുരീതിയായി മാറ്റാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു. അനേകം സ്‌കൂളുകളും ഇടവകകളും വിവിധ പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ അതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി വീടുകള്‍ നിര്‍മിക്കുന്ന തരത്തിലേക്ക് മാറി. ഈ മാതൃക കേരളത്തിലെ ഇടവകകള്‍ പൊതുരീതിയായി സ്വീകരിച്ചാല്‍ വീടില്ലാത്ത ഒരാളും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് സിസ്റ്റര്‍ പറയുന്നു. അങ്ങനെയൊരു കാലമാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സ്വപ്‌നവും.

പല വിശുദ്ധ കുര്‍ബാനകളിലും സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അന്നന്നു വേണ്ടുന്ന ആഹാരം നല്‍കണമേ എന്ന ഭാഗത്ത് എത്തുമ്പോള്‍ അവിടെ സിസ്റ്റര്‍ ലിസി ഒരു മാറ്റം വരുത്താറുണ്ട്; ഇന്നത്തെ സിമന്റിനും കമ്പിക്കും കൊടുക്കാനുള്ള പണം നല്‍കണമേ എന്ന്. ഹൃദയം നുറങ്ങിയുള്ള പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പരിചയമുള്ളവരും ഇല്ലാത്തവരുമായി പലരും ചെറിയ പൊതികളുമായി കാത്തുനില്ക്കുന്ന അനുഭവങ്ങള്‍ നിരവധി. അതില്‍ പതിനായിരവും ഇരുപതിനായിരവുമൊക്കെ കാണും. മറ്റാരെക്കാളും ദൈവത്തിന് അറിയാം, ഇന്നത്തെ ദിവസം എത്ര ആവശ്യമുണ്ടെന്ന്. ഈ പദ്ധതി ദൈവത്തിന്റെ സ്വപ്‌നമാണെന്നതിന് ഇതില്‍ക്കൂടുതല്‍ മറ്റൊരു അടയാളം ആവശ്യമുണ്ടോ?


ജോസഫ് മൈക്കിള്‍
[email protected]

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?