Follow Us On

19

January

2021

Tuesday

മിഷന്‍ ഇറാക്ക് !

മിഷന്‍  ഇറാക്ക് !

ഇറാക്കിലേക്കോ കേട്ടവര്‍ കേട്ടവര്‍ മുഖത്തേക്ക് അതിശയത്തോടെ നോക്കി; മരിക്കാന്‍ അത്ര ഇഷ്ടമാണോ എന്ന ഭാവത്തോടെ. ഇറാക്കിലേക്ക് ഒഴിച്ച് മറ്റെവിടെ വേണമെങ്കിലും പൊയ്‌ക്കൊള്ളുക എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള്‍ കേവലം ഉപചാര വാക്കുകളല്ലെന്നും തങ്ങളോടുള്ള കരുതലാണ് അവരെക്കൊണ്ടത് പറയിക്കുന്നതെന്നും സിസ്റ്റര്‍ അന്നക്കും സിസ്റ്റര്‍ ടെസിനും അറിയാമായിരുന്നു. ടോം ഉഴുന്നാലില്‍ അച്ചന്റെയും യെമനില്‍ കൊല ചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെയുമൊക്കെ അനുഭവങ്ങള്‍ ഇവരുടെ മനസിലും പച്ചകെടാതെ ഉണ്ടായിരുന്നു.

സിഎംസി സന്യാസിനി സഭയിലെ എറണാകുളം പ്രൊവിന്‍സിലെ അംഗമാണ് സിസ്റ്റര്‍ അന്ന. സിസ്റ്റര്‍ ടെസ് കാഞ്ഞിരപ്പള്ളി പ്രൊവിന്‍സിലെയും. ഇറാക്കില്‍ ശുശ്രൂഷ ചെയ്യുന്നതിനായി തങ്ങളുടെ സന്യാസ സമൂഹം ആളെ അയക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്വമനസാ ഇതിനായി തയാറായവരാണ് ഇരുവരും. എന്നാല്‍ പോകാനുള്ള തീരുമാനം എടുത്തതുമുതല്‍ എതിര്‍പ്പുകളുടെ ബഹളം ആരംഭിച്ചു. ഇറാക്കിനെക്കുറിച്ച്് കേട്ടറിവ് മാത്രമേ ഇരുവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. എന്തായാലും ഒരു ദിവസം മരിക്കും. കേരളത്തിലായാലും ഇറാക്കിലായാലും ആ സമയവും വിധവുമൊക്കെ ദൈവം നിശ്ചയിച്ചിട്ടുണ്ട്. പിന്നെ എന്തിന് ഇറാക്കില്‍ പോകാന്‍ ഭയപ്പെടണം? സിസ്റ്റര്‍ അന്നയുടെയും ടെസിന്റെയും ചിന്ത അതായിരുന്നു.

ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ മനസിന്റെ സമനില തെറ്റിയതാണെന്ന് ചിലര്‍ പരിഹസിച്ചു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മുന്നറിയിപ്പുകളും കൂടിവന്നിട്ടും ഇവരുടെ ദൃഢമായ തീരുമാനത്തിന് മാത്രം ഇളക്കം തട്ടിയില്ല. ലോകത്തെ മുഴുവന്‍ വാരിപ്പുണരാന്‍ കൊതിക്കുന്നതുപോലെ കുരിശില്‍ ഇരുകൈകളും വിരിച്ച് കിടക്കുന്ന ക്രിസ്തുവിലേക്ക് മാത്രമാണ് അവര്‍ നോക്കിയത്. ഇറാക്കിലുള്ളവരും അവിടുത്തെ മക്കളല്ലേ?
ഒരു ദിവസം സിഎംസി സന്യാസിനി സഭയുടെ മദര്‍ ജനറാള്‍ സിസ്റ്റര്‍ ഡോ. സിബി ഇരുവരെയും വിളിച്ചു ചോദിച്ചു: ‘ഒരു പക്ഷേ മരിക്കേണ്ടി വന്നേക്കാം… നിങ്ങള്‍ തയാറാണോ?’ അതെയെന്നായിരുന്നു ഇരുവരുടെയും ഉത്തരം. ഇനി എന്നെങ്കിലും തിരിച്ചുവരുമോ എന്നറിയില്ലാത്ത യാത്രയ്ക്കായി ഇരുവരും ഒരുങ്ങി.

മലയാളികള്‍ ഇല്ലാത്ത നാട്

2019 ജൂണ്‍ 27ന് സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസ് മരിയയും ഇറാക്കിന്റെ മണ്ണില്‍ കാലുകുത്തി. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും മലയാളികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇറാക്കിലെ കിര്‍കുക്ക് ഇതിനൊരപവാദമാണെന്ന്് അവിടെ എത്തി കുറച്ചുകഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ അന്നയ്ക്കും ടെസിനും മനസിലായി. കാരണം മലയാളികളെന്നല്ല, ഇന്ത്യാക്കാരായി അവിടെ ആകെ ഉള്ളത് ഇവര്‍ രണ്ടുപേര്‍ മാത്രം. കിര്‍കുക്കില്‍ മലയാളികള്‍ ഇല്ലാത്തതിന്റെ പിന്നിലെ കാരണം അറിയാന്‍ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടിവന്നു.

സ്വന്തമെന്ന് പറയാന്‍ ആരുമില്ല. എന്തെങ്കിലും ചോദിക്കാമെന്നോ സംസാരിക്കാമെന്നോ വച്ചാല്‍ ഇംഗ്ലീഷ് പലര്‍ക്കും അറിയില്ല. ഭാഷയുടെ പ്രശ്‌നമുണ്ടായിരുന്നത് കൊണ്ട് ആംഗ്യഭാഷയെയാണ് കൂടുതലായി ആശ്രയിച്ചത്. എങ്കിലും അവര്‍ക്ക് അന്യതാബോധം തോന്നിയില്ല. കിര്‍കുക്കിലെ ബിഷപ്‌സ് ഹൗസിനോട് ചേര്‍ന്നായിരുന്നു ഇവര്‍ക്കുള്ള താമസസ്ഥലം ഒരുക്കിയിരുന്നത്. വളരെവേഗം സിസ്റ്റര്‍ ടെസും സിസ്റ്റര്‍ അന്നയും ഇറാക്കിലെ ഭാഷയോടും ഭക്ഷണത്തോടും മനുഷ്യരോടും ഇണങ്ങി. അവിടെയുള്ള ആളുകളുടെ വീടുകളില്‍ പോകാന്‍ തുടങ്ങി. സിസ്റ്റര്‍മാര്‍ അവര്‍ക്കും അവര്‍ സിസ്റ്റര്‍മാര്‍ക്കും പ്രിയപ്പെട്ടവരായി. ഉള്ളിലടിഞ്ഞുകിടക്കുന്ന ദുഃഖങ്ങളും സംഘര്‍ഷങ്ങളും അവര്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. അക്ഷരാര്‍ത്ഥത്തില്‍ സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസ് മരിയയും ഞെട്ടിയത് അപ്പോഴായിരുന്നു. പുറമെ ശാന്തമായി ഒഴുകുന്ന പുഴയ്ക്കുള്ളിലെ ചുഴികളും കയങ്ങളുംപോലെ യാതനയുടെയും പീഡനങ്ങളുടെയും എണ്ണമറ്റ കഥകളാണ് പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നില്‍ ഇവര്‍ ഒളിപ്പിച്ചിരുന്നത്. ഇറാക്കിനെക്കുറിച്ച് കേട്ട വാര്‍ത്തകളൊന്നും കെട്ടുകഥകളല്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞു.

ചോരയുടെയും മരണത്തിന്റെയും ഗന്ധം

ഇവിടെയുള്ള ക്രിസ്ത്യാനികള്‍ മരണം മുമ്പില്‍ കണ്ടവരാണ്. മക്കളും ജീവിതപങ്കാളിയുമൊക്കെ കണ്‍മുമ്പില്‍ വെടിയേറ്റ് മരിക്കുന്നത് തടയാനാവാതെ അതിന് മൂകസാക്ഷികളാകേണ്ടി വന്നവര്‍, എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി ഇവിടെ എത്തിയവര്‍, വെടിയൊച്ച കേട്ട് കതക് തുറന്നപ്പോള്‍ വീടിന് പുറത്ത് ഭര്‍ത്താവ് വെടിയേറ്റ് മരിച്ച് കിടക്കുന്നത് കണ്ടവര്‍… അങ്ങനെ ശ്വാസമടക്കിപിടിച്ചു മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന കഥകള്‍…

2014 മുതല്‍ 2017 വരെ ഐഎസ് ഭീകരര്‍ ഇറാക്കില്‍ നടത്തിയ ആക്രമണം ഇറാക്കിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണ്. അവര്‍ താമസിക്കുന്ന കിര്‍കുക്കില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ മൊസൂളിലെത്തും. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ താമസിച്ചിരുന്ന ഈ പ്രദേശത്തേക്ക് ഇറാക്കി സൈന്യത്തെ തുരത്തിക്കൊണ്ട് അപ്രതീക്ഷിതമായാണ് ഭീകരര്‍ രംഗപ്രവേശം ചെയ്തത്. ദൈവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും തച്ചുടച്ചുകൊണ്ട് ഭീകര്‍ താണ്ഡവമാടിയ ആ രാത്രിയില്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

ജനിച്ച നാടും വീടും സര്‍വതും ഉപേക്ഷിച്ച് പലായനം ചെയ്ത കുറച്ചുപേര്‍ക്ക് മാത്രമാണ് ദുരന്തത്തെ അതിജീവിക്കാനായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിയാളുകളെ ഭീകര്‍ തട്ടിക്കൊണ്ടുപോയി. ഈ കൊടുംക്രൂരതകള്‍ നടത്തിയ ഭീകരരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ടായിരുന്നു എന്ന വസ്തുത നമ്മെ ഞെട്ടിപ്പിക്കും. രക്തം കൊണ്ട് ഭീകരര്‍ മൊസൂളിലെ കെട്ടിടങ്ങളുടെ ഭിത്തിയിലെഴുതിയിരുന്നവയുടെ കൂട്ടത്തില്‍ മലയാള ലിപിയും ഉണ്ടായിരുന്നു.

അഭയമായി കിര്‍കുക്ക്

കിര്‍കുക്കിലും ഭീകരര്‍ എത്തിയെങ്കിലും ഇവിടെ അവര്‍ക്ക് സൈന്യത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. മൊസൂളില്‍ നിന്ന് രക്ഷപെട്ടു വന്ന 850ഓളം കുടുംബങ്ങള്‍ക്ക് ഇവിടുത്തെ ബിഷപ്പാണ് ദൈവാലയ ഹാളിലും വാടകയ്‌ക്കെടുത്ത വീടുകളിലുമായി മൂന്ന് വര്‍ഷത്തോളം അഭയം നല്‍കിയത്. ആ കാലഘട്ടത്തില്‍ ജാതിഭേദമന്യേ 700 ഓളം കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടുത്തെ സര്‍വകലാശാലയില്‍ പഠിക്കാനും പരീക്ഷയെഴുതാനുമെല്ലാം സൗകര്യമൊരുക്കി. എങ്ങും പോകുവാനില്ലാത്ത ചുരുക്കം ചില കുടുംബങ്ങളെ ഇപ്പോഴും രൂപതയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്.

അപ്പനെയും സഹോദരനെയും ഭീകരര്‍ വെടിവെച്ചുവീഴ്ത്തുകയും ആ അക്രമത്തില്‍ അമ്മയുടെ കണ്ണ് നഷ്ടപ്പെടുകയും ചെയ്ത ഒരു മകള്‍ സന്യാസിനിയായി ഇന്ന് ഇവരുടെ കൂടെ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ആക്രമിച്ച ശേഷം കാറുമായി ഭീകരര്‍ കടന്നുകളഞ്ഞ അനുഭവം, രാത്രിക്ക് രാത്രി, കത്തിച്ചാമ്പലായ വീടുപേക്ഷിച്ച് എങ്ങോട്ടെന്നറിയാതെ ഓടിയവര്‍, ഇങ്ങനെ എല്ലാ വീട്ടിലുമുണ്ട് കദനകഥകള്‍. ഇവയൊക്കെ വെറും മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് നടന്ന നഗ്നസത്യങ്ങളാണെന്ന തിരിച്ചറിവ് ഈ ആളുകളെ കൂടുതല്‍ ചേര്‍ത്ത് പിടിക്കാനാണ് സിസ്റ്റര്‍ അന്നയെയും ടെസ് മരിയയെയും പ്രേരിപ്പിച്ചത്.

കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നടുവില്‍ നിന്ന് ഇവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവരുടെ കണ്ണീര്‍ത്തുള്ളികള്‍ക്കൊപ്പം രക്തത്തുള്ളികളും പൊടിയുന്നതുപോലെ അനുഭവപ്പെടാറുണ്ടെന്ന് സിസ്റ്റര്‍ അന്നയും ടെസ് മരിയയും പറയുന്നു. കാരണം, ഇവരുടെ കാതുകളില്‍ പ്രിയപ്പെട്ടവരുടെ നിലവിളിയുടെ അലയടിനാദം ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഒന്നിനോടും ഭയമില്ലാത്ത വിധത്തിലൊരു നിസംഗത ചിലരെ ബാധിച്ചത് ഒരപായ സൂചനയായാണ് സിസ്റ്റര്‍മാര്‍ കാണുന്നത്. യുദ്ധത്തോടും ഭീകരാക്രമണത്തോടുമൊക്കെ ഇവര്‍ അത്രമാത്രം സമരസപ്പെട്ടിരിക്കുന്നു.

ശാന്തിയുടെ നാളുകള്‍

കല്‍ദായ സഭയില്‍പ്പെട്ട കിര്‍കുക്ക്-സുലൈമാനിയ രൂപതയുടെ കീഴിലാണ് സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസ് മരിയയും സേവനം ചെയ്യുന്നത്. ഇവിടുത്തെ ബിഷപ് ഡോ. യൂസിഫ് തോമസ് മിര്‍ക്കിസ് ഒ.പി ഡൊമിനിക്കന്‍ സഭാംഗമാണ്. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെയും അള്‍ഷിമേഴ്‌സ് ബാധിതരായവര്‍ക്ക് വേണ്ടിയുള്ള ഒരു ഓള്‍ഡ് ഏജ് ഹോമിന്റെയും ഉത്തരവാദിത്വമാണ് മലയാളികളായ സന്യാസിനിമാരെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അഞ്ച് രൂപത വൈദികരും സിറിയയിലെ മര്‍മോസാ സന്യാസ ആശ്രമത്തില്‍ നിന്നുള്ള രണ്ട് സന്യാസ വൈദികരുമാണ് ഇവിടെ സേവനം ചെയ്യുന്നത്. ഏകദേശം 5,000 വിശ്വാസികളാണ് രൂപതയില്‍ ഉള്ളത്. വൈദികരുടെയും സന്യസ്തരുടെയും സംഖ്യ കുറവാണെങ്കിലും എല്ലാ സംഘടനകളും രൂപതയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാറ്റിനും അല്മായരും സിസ്റ്റര്‍മാരുമാണ് നേതൃത്വം നല്‍കുന്നത്.

കിര്‍കുക്ക് സുലൈമാനിയ രൂപതയിലെ ബിഷപ്പിനും വൈദികര്‍ക്കും പ്രാദേശിക ഗവണ്‍മെന്റുമായും സൈന്യവുമായും നല്ല ബന്ധമാണ്. ആരംഭിക്കാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളും അള്‍ഷിമേഴ്‌സ് ഓള്‍ഡ് ഏജ് ഹോമും ഗവണ്‍മെന്റ് വക സ്ഥലത്താണ് തുടങ്ങുന്നത്. അതുപോലെ ഇവിടുത്തെ ഗവണ്‍മെന്റ് നടത്തുന്ന കാന്‍സര്‍ ആശുപത്രിയില്‍ മുറികള്‍ നിര്‍മിക്കാനും മാമോഗ്രാഫി മെഷീന്‍ വാങ്ങി നല്‍കാനുമൊക്കെ ബിഷപ് മുന്‍കൈയെടുത്തിരുന്നു. ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള ആശുപത്രി ആരംഭിക്കുന്നതിനും ബിഷപ് സഹായം നല്‍കി. ഇസ്ലാം മതസ്ഥരും ക്രൈസ്തവരുമായി നല്ല ബന്ധമാണിവിടെ നിലനില്‍ക്കുന്നത്. ഇരു സമുദായങ്ങളുടെയും തിരുനാളുകള്‍ക്ക് പരസ്പരം ആശംസകള്‍ കൈമാറുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ക്രൈസ്തവരെക്കുറിച്ച് പൊതുവെ മതിപ്പുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. ക്രൈസ്തവരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്‌കൂളുകളില്‍ ധാരാളം മുസ്ലീം കുട്ടികളും അധ്യാപകരും ഉണ്ട്.

സ്വന്തം നാടിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ച് ഇവരോടൊപ്പം ആയിരിക്കാനും പ്രാര്‍ത്ഥിക്കാനും ഇവരെ ശ്രവിക്കുവാനും സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസും തങ്ങളുടെ ശുശ്രൂഷകള്‍ തുടരുകയാണ്. നൊമ്പരങ്ങളുടെയും ഞെരുക്കങ്ങളുടെയും പീഡനങ്ങളുടെയും അനുഭവത്തിലൂടെ കടന്നുപോയ മനസുകള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട്, ഇരുട്ടില്‍ ഒരു തിരിവെട്ടം പോലെ ഇവരുടെ ജീവിതം പ്രശോഭിക്കുന്നു.

ഇറാക്ക് ഒളിപ്പിച്ചുവച്ച അത്ഭുതങ്ങള്‍

സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസ് മരിയയും ഇറാക്കിലെത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് സിസ്റ്റര്‍ റോസ് മേരി (ഇരിങ്ങാലക്കുട), സിസ്റ്റര്‍ ദീപാ ഗ്രേസ് (അങ്കമാലി), സിസ്റ്റര്‍ വിനയ (ഡെറാഡൂണ്‍), സിസ്റ്റര്‍ ആന്‍സില (ചങ്ങനാശേരി) എന്നിവര്‍ ഇറാക്കിലെത്തുന്നത്. സ്‌കൂളിന്റെയും ഓള്‍ഡ് ഏജ് ഹോമിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സുലൈമാനിയയിലെ ഒരു ആശ്രമത്തിലാണ് ഇവര്‍ക്ക് താല്‍ക്കാലികമായി താമസമൊരുക്കിയത്.
ഇറാക്കിലെ അപരിചിതമായ സാഹചര്യത്തില്‍ ശുശ്രൂഷ ചെയ്യാനെത്തിയ സിസ്റ്റര്‍മാരോട് ‘നിങ്ങള്‍ മിശിഹായുടെ ആളുകളാണോ?’ എന്ന അപ്രതീക്ഷിത ചോദ്യമെത്തിയപ്പോള്‍ സിസ്റ്റര്‍മാര്‍ ആദ്യം ഒന്നമ്പരന്നു. പിന്നീട് ധൈര്യം സംഭരിച്ച് ‘അതെ’ എന്ന് മറുപടി നല്‍കി. ഇറാക്കുപോലുള്ള സ്ഥലത്ത് തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ പ്രദേശവാസികള്‍ ഇവര്‍ക്ക് നല്‍കുന്ന സ്‌നേഹവും പരിഗണനയും ഇന്നും ഇവര്‍ക്കൊരു അത്ഭുതമാണ്. ഇറാക്കിലെ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ മേഖലയിലുള്ളവര്‍ പുലര്‍ത്തുന്ന സഹിഷ്ണുതയും ക്രൈസ്തവരോടുള്ള അനുഭാവവും അന്നുമുതല്‍ ഇവര്‍ക്ക് പുതുമയുള്ള അനുഭവമാണ്.

വടക്കന്‍ ഇറാക്കിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്ത് ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമാണ് സുലൈമാനിയ. സ്വയം ഭരണാവകാശമുള്ള കുര്‍ദിസ്ഥാന്റെ കീഴിലുള്ള ഈ പ്രദേശം പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഏഴ് ലക്ഷത്തോളം ജനങ്ങളുള്ള ഈ പ്രദേശത്ത് ക്രൈസ്തവരുടെ സംഖ്യ മൂവായിരത്തില്‍ താഴെയാണ്. സുന്നി ഇസ്ലാം മതവിശ്വാസികളാണ് കൂടുതലാളുകളും. ഇറാക്കിലെ ഭാഷ അറബിയാണെങ്കിലും ഈ പ്രദേശത്തുള്ള കൂടുതലാളുകളും പ്രത്യേകിച്ച്, പുതിയ തലമുറ കുര്‍ദി ഭാഷയാണ് സംസാരിക്കുന്നത്. സൗത്ത് ഇറാക്ക്, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി സമാധാനത്തിന്റെ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ യുദ്ധഭീഷണിയുള്ള അയല്‍രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്ത നിരവധിയാളുകള്‍ ഇവിടെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. വിവിധ സന്നദ്ധസംഘടനകളും ഗവണ്‍മെന്റും ചേര്‍ന്നാണ് അവര്‍ക്ക് ജീവനും ജീവിതവും നല്‍കുന്നത്.

സജീവ വിശ്വാസം

ആയിരത്തോളം വരുന്ന കല്‍ദായ കത്തോലിക്ക വിശ്വാസികള്‍ക്കായി സ്ഥാപിതമായിരിക്കുന്ന മാര്‍ യൂസഫ് കത്തോലിക്ക ദൈവാലയം സുലൈമാനിയ നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇറാക്കിന്റെ മറ്റ് ഭാഗങ്ങളിലെന്നതുപോലെ വിശ്വാസികളുടെ സംഖ്യ കുറവാണെങ്കിലും ഉള്ളവര്‍ വളരെ തീക്ഷ്ണതയുള്ളവരും വിശ്വാസത്തില്‍ അടിയുറച്ചവരുമാണ്. അനുദിനം വിശുദ്ധ കുര്‍ബാനയിലും വെള്ളിയാഴ്ച തോറുമുള്ള മതപഠന ക്ലാസിലും ഇടവകവികാരിയുടെ നേതൃത്വത്തിലുള്ള ഭവനസന്ദര്‍ശനത്തിലുമൊക്കെ വിശ്വാസികളുടെ സജീവ പങ്കാളിത്തമാണുള്ളത്.

2014-15 കാലഘട്ടത്തില്‍ സംഭവിച്ച ഐഎസ് അധിനിവേശത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് സുലൈമാനിയയില്‍ അഭയം തേടിയത്. അവരില്‍ 400-ഓളം പേര്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള കാര്യങ്ങള്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഈ ഇടവക ദൈവാലയത്തില്‍ ഒരുക്കി. അതിരൂപതാധ്യക്ഷന്‍ മാര്‍ യൂസഫ് തോമസ് മിര്‍ക്കിസും ഇടവക വികാരി ഫാ. ഐമനുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.

ഐഎസ് പ്രഘോഷിച്ച സുവിശേഷം

ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന ക്രൈസ്തവ സന്നദ്ധസംഘടനയുടെ പ്രസിഡന്റായ ജഫ് കിംഗ്, മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ സുവിശേഷപ്രഘോഷകനായ ബ്രദര്‍ റാച്ചിഡിനോട് ഒരിക്കല്‍ ചോദിച്ചു: ”ഐഎസ് ഭീകരരുടെ അധിനിവേശം സഭയെ ഏത് വിധത്തിലാണ് ബാധിച്ചത്?”
സഭയ്ക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ചുള്ള ഒരു വിവരണം പ്രതീക്ഷിച്ചിരുന്ന ജഫിനോട് ബ്രദര്‍ റാച്ചിഡ് പറഞ്ഞ ഉത്തരം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു: ”ഐഎസ് സുവിശേഷം പ്രഘോഷിച്ചു. ഞാന്‍ മാമ്മോദീസ നല്‍കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഐഎസ് എന്ന ഭീകരസംഘടനയുടെ ക്രൂരതകളും അതിനോടുള്ള ക്രൈസ്തവരുടെ പ്രതികരണവും മുമ്പൊരിക്കലുമില്ലാത്തവിധമുള്ള താല്‍പ്പര്യമാണ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ഇറാക്കി ജനതയിലുണ്ടാക്കിയിരിക്കുന്നതെന്നുള്ള സത്യമാണ് ബ്രദര്‍ റാച്ചിഡിന്റെ വാക്കുകളില്‍ വെളിവാകുന്നത്. സുവിശേഷം അഗ്നിപോലെ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. മാധ്യമങ്ങളിലൂടെ പലപ്പോഴും നമ്മുടെ മുമ്പിലെത്തുന്നത് ദുരന്തങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ മാത്രമാണ്. എന്നാല്‍ ദുരന്തങ്ങളുടെ മധ്യത്തിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ അദൃശ്യകരം നിരവധി മനസുകളെ സ്പര്‍ശിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ ഇറാക്കിലും ദൃശ്യമാണ്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇറാക്കല്ല ഇന്നുള്ളത്. യുദ്ധങ്ങളുടെ അവശേഷിപ്പുകള്‍ നിറഞ്ഞ ഇറാക്കിലെ തെരുവുകളില്‍ മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നുണ്ട്. അതിന്റെ സൂചനകളാണ് മതസ്വാതന്ത്ര്യവും വൈവിധ്യവും ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങള്‍ ഗവണ്‍മെന്റിനെതിരായി നടത്തുന്ന സമരങ്ങള്‍. മാറുന്ന ചിന്തകളും ആശയങ്ങളും ചിത്രങ്ങളുടെ രൂപത്തില്‍ ഇറാക്കിലെ പല തെരുവുകളിലുമുള്ള ചുമരുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. യേശുവിന്റെ ചിത്രം വരയ്ക്കുന്ന പെണ്‍കുട്ടിയും സുവിശേഷത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന മുസ്ലീം പണ്ഡിതരുമൊക്കെ അതിന്റെ സൂചനയാണ്. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദം എന്നത്തെക്കാളും ഇന്ന് ശക്തമാണ്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഎസ് ഭീകരാക്രണത്തില്‍ ഭവനവും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട ക്രൈസ്തവ യുവാവാണ് സല്‍വാന്‍. ക്വാറഘോഷിലുള്ള തന്റെ ഭവനം ഉപേക്ഷിച്ച് പലായനം ചെയ്ത ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ദിവസമെന്ന് പറയുന്ന സല്‍വാന്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ സഹായത്തോടെ വാങ്ങിയ ടാക്‌സി ഓടിച്ചാണ് ഇന്ന് ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്. അടുത്ത കാലത്ത് മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ബാഗ്ദാദില്‍ നടന്ന പ്രക്ഷോഭത്തില്‍ സല്‍വാനും സഹോദരന്‍ സ്റ്റീവനും പങ്കാളിയായിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയുണ്ടായ പോലീസ് ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സല്‍വാന്റെ സഹോദരന്‍ സ്റ്റീവനെ മുസ്ലീം യുവജനങ്ങള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. അതെ, ഇറാക്കിന്റെ ആത്മാവ് ഏറെ മാറിയിരിക്കുന്നു. മതങ്ങള്‍ക്കതീതമായി സുവിശേഷത്തിന്റെ ഫലങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ലളിതമായി നടത്തുവാനാണ് ഇറാക്കിലെ സഭ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളുടെ മധ്യത്തിലും വിശുദ്ധബലിക്കായി ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ ബാഹുല്യം അതിശയിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ അന്ന പറയുന്നു. സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരുന്ന സാ ഹോദര്യത്തിന്റെ ആഘോഷമാണ് ഈ സന്യാസിനിമാര്‍ക്ക് ക്രിസ്മസ്. ദൈവം മനുഷ്യന് കൂട്ടായി വന്ന ക്രിസ്മസ് രാവിന്റെ സ്മരണ, സഹോദരങ്ങള്‍ക്ക് കൂട്ടായി മാറിക്കൊണ്ട് ഇവരും ആഘോഷിക്കുകയാണ്…

പാലം പണിയുന്ന വൈദികന്‍

സുലൈമാനിയ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡെയിര്‍ മറിയം അല്‍ ആദ്രാ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. മറ്റ് മതവിശ്വാസികളും സംസ്‌കാരങ്ങളുമായി സംവാദം നടത്തുക എന്ന ഉദ്ദേശ്യത്തോടെ 1992-ല്‍ സിറിയയില്‍ ആരംഭിച്ച സന്യാസഭവനത്തിലെ വൈദികനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജാതിമത ഭേദമന്യേ എല്ലാവരെയും സ്വീകരിക്കുന്ന ഈ ആശ്രമത്തില്‍ എല്ലാ മതവിഭാഗത്തിലുംപെട്ടവര്‍ കൗണ്‍സിലിങ്ങിനായും ഉപദേശങ്ങള്‍ക്കായും കടന്നുവരാറുണ്ട്. ഐഎസ് ഭീകരാക്രമണങ്ങളുടെ കാലഘട്ടത്തില്‍ ഇവിടെ എത്തിപ്പെട്ട പത്തോളം കുടുംബങ്ങള്‍ക്ക് ഇന്നും ഇവിടെ അഭയം നല്‍കി വരുന്നു.

സിറിയയില്‍ അഞ്ച് മാസം ഭീകരരുടെ തടവില്‍ കഴിയേണ്ടി വന്ന സന്യാസ വൈദികനാണ് ഫാ. ജാക്വസ് മൗറാദ്. ഒരു ചെറിയ ടോയ്‌ലറ്റിനുള്ളിലാണ് ഭീകരര്‍ അദ്ദേഹത്തെ പൂട്ടിയിട്ടത്. ക്ലേശപൂര്‍ണമായ ആ തടവറ വാസം അദ്ദേഹത്തെ ക്ഷീണിതനാക്കിയില്ല. ക്രൈസ്തവ-ഇസ്ലാം ബന്ധം ഊഷ്മളമാക്കുന്നതിനുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മീയ കരുത്ത് ലഭിച്ച കാലഘട്ടം എന്നാണ് ആ സമയത്തെ ഫാ. ജാക്വസ് വിശേഷിപ്പിക്കുന്നത്. ഐഎസ് നേതാക്കളോടുപോലും ക്ഷമിക്കാനും പുഞ്ചിരിയോടെ ഇടപഴകാനും അദ്ദേഹത്തിന് സാധിച്ചു. പരിശുദ്ധ മാതാവിന്റെ ശക്തമായ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചിരുന്ന ഈ വൈദികനെ ഒരു മുസ്ലീം സഹോദരന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് രക്ഷിച്ചത്.

ഐഎസ് തടവറയില്‍ നിന്നും മോചനം നേടിയ ശേഷം കൂടുതല്‍ തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യുന്നതിനായാണ് അദ്ദേഹം ഇറാക്കിലെത്തിയത്. ഫാ. ജാക്വസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി സ്വിസ്-ജര്‍മ്മന്‍ പുരോഹിതനായ ഫാ. ജെന്‍സ് പെറ്റ്‌സോള്‍ഡും കൂടെയുണ്ട്.
വ്യത്യസ്ത സംസ്‌കാരങ്ങളുള്ളവരെയും വിവിധ മതങ്ങളിലുള്ളവരെയും ഏകോപിപ്പിച്ചുകൊണ്ട് ഇവിടെ സമാധാനാന്തരീക്ഷം സ്ഥാപിക്കാനുള്ള ഈ അശ്രാന്ത പരിശ്രമത്തില്‍ ഭാഗികമായാണെങ്കില്‍ക്കൂടിയും പങ്കുചേരാന്‍ സിസ്റ്റര്‍മാരായ റോസ് മേരിക്കും ദീപാ ഗ്രേസിനും വിനയക്കും ആന്‍സിലയ്ക്കും സാധിക്കുന്നു.


രഞ്ജിത് ലോറന്‍സ്
[email protected]

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?