Follow Us On

15

August

2022

Monday

ജാഗ്രത! ക്രിസ്മസ് ആഘോഷത്തിന് സാത്താനും തയാര്‍!

മാത്യു ജോസ് കുര്യന്‍പറമ്പില്‍

ജാഗ്രത! ക്രിസ്മസ് ആഘോഷത്തിന് സാത്താനും തയാര്‍!

ക്രിസ്തുവില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാത്താന്‍ തന്ത്രത്തെ ജാഗ്രതയോടെ നേരിടണമെന്ന് ഓര്‍മിപ്പിക്കുന്നു ലേഖകന്‍.

സര്‍വതും പിടിച്ചടക്കുന്ന സെക്യുലറിസം ആത്മീയതയെയും ആസൂത്രിതമായി കീഴടക്കുകയാണ്. ആധുനികതയുടെ ആഢംബര സംസ്‌കാരത്തില്‍ ആത്മീയാഘോഷങ്ങളുടെ പ്രസക്തി നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ആത്മീയപശ്ചാത്തലം നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുമ്പോള്‍ തിരിച്ചറിവോടെ പ്രതികരിക്കാന്‍പോലും കഴിയുന്നില്ല വലിയശതമാനം വിശ്വാസികള്‍ക്കും.

രാഷ്ട്രീയ, സാംസ്‌കാരിക, ബൗദ്ധികതലങ്ങളില്‍ ചരിത്രത്തിലൂടെ ക്രൈസ്തവികത ചെലുത്തിയ സ്വാധീനം ഉന്മൂ ലനം ചെയ്യാന്‍ മാത്സര്യബുദ്ധിയോടെ മുന്നേറുകയാണ് സമകാലിക പ്രത്യയശാസ്ത്രങ്ങള്‍. വിശ്വാസം സ്വകാര്യവല്‍ക്കരിക്കപ്പെടണമെന്നും അത് പൊതുജീവിതത്തിന്റെ യാതൊരു തലങ്ങളിലും പ്രതിഫലിക്കരുതെന്നുമാണ് അവരുടെ വാദം. ക്രിസ്മസില്‍നിന്ന് ക്രിസ്തുവിനെ ഒഴിവാക്കിയാല്‍, ദൈവപുത്രന്റെ മനുഷ്യാവതാരമെന്ന ചരിത്രപരമായ വിശ്വാസസത്യത്തെ നിഷേധിക്കാന്‍ കഴിയുമെന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി.

പരിധികളില്ലാത്ത ഉപഭോഗസംസ്‌കാരത്തില്‍, വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വെറും യന്ത്രങ്ങള്‍ മാത്രമായിത്തീരുന്നു മനുഷ്യന്‍. അധാര്‍മികമായ ആശയക്കച്ചടവത്തിന് സുഗമമായ വഴി തുറന്നുകിട്ടുന്നതും ഇവിടെനിന്നാണ്. ഈ തന്ത്രങ്ങള്‍ നന്നായി അറിയാവുന്ന സാത്താന്‍ വളരെ കൃത്യതയോടെ ചതിക്കുഴികളൊരുക്കുന്നു, വിശ്വാസികളെ നരകതുല്യമായ ഗര്‍ത്തത്തിലേക്ക് വീഴ്ത്താന്‍.

കെണികളല്ല, വാരിക്കുഴികള്‍

ഏറെ അപകടകരവും പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്തതുമാണ് പിശാച് ഒരുക്കുന്ന കെണികള്‍ എന്ന് പറയേണ്ടതില്ലല്ലോ. പ്രത്യാശയാണ് ക്രൈസ്തവവിശ്വാസത്തിന്റെ കാതല്‍. ക്രിസ്ത്യാനിക്ക് ഒഴിവാക്കാനാവാത്ത പ്രത്യയശാസ്ത്രവും അതുതന്നെ. സഹസ്രാബ്ദങ്ങളായുള്ള മനുഷ്യന്റെ ക്ഷമാപൂര്‍വമായ കാത്തിരിപ്പിന്റെ സാക്ഷാത്ക്കാരമാണ് ക്രിസ്മസിലൂടെ നിറവേറ്റപ്പെട്ടത്. ദൈവം മനുഷ്യന് നല്‍കിയ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് മനുഷ്യാവതാരം.

ക്രിസ്മസ് ദിനത്തില്‍ ക്രിസ്തു പിറക്കുന്നില്ലെങ്കില്‍ പിന്നെ മനുഷ്യചരിത്രത്തില്‍ ദൈവത്തിന്റെ കൃപാപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് വാദിക്കാം. ദൈവമനുഷ്യബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ അവിശ്വസ്തതകളും പരിഹരിക്കുന്നതിന് രാജാവായ ദൈവം സ്വര്‍ഗം വിട്ടിറങ്ങി. അനന്തമായ സ്‌നേഹത്തോടും എളിമയോടുംകൂടി പുത്രന്‍തമ്പുരാന്‍  തന്റെ പ്രിയജനം വസിക്കുന്ന ഭൂമിയിലേക്ക് ഇറങ്ങിവന്നതിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് ക്രിസ്മസ്. സത്യം ഇതായിരിക്കേ, ക്രിസ്തുവില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു സാത്താന്‍.

തിരുപ്പിറവിയില്‍ തന്നെ യേശുവിനെ കുരുതി കഴിച്ചാല്‍ കാലക്രമത്തില്‍ ക്രിസ്തു ചരിത്രത്തില്‍നിന്നേ അപ്രത്യക്ഷമാകും. അപ്പോള്‍ പിന്നെ ക്രൈസ്തവ ആധ്യാത്മികപാരമ്പര്യങ്ങളില്‍നിന്ന് നഷ്ടമാവുന്നത് ക്രിസ്തുവിന്റെ പ്രത്യാഗമനത്തിനായുള്ള പ്രത്യാശപൂര്‍ണമായ കാത്തിരിപ്പാണ്. ഹേറോദേസിന് കഴിയാതെപോയത് രണ്ടായിരം വര്‍ഷത്തിനുശേഷം സംഭവിക്കും. മനുഷ്യന്റെ സകലപ്രതീക്ഷകളും ആത്മീയവിചാരങ്ങളും വേരോടെ പിഴുതെറിയാനുള്ള സാത്താന്റെ ശ്രമങ്ങളെ ഗൗരവത്തോടെ വീക്ഷിക്കേണ്ടത് ഇത്തരുണത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു.

എ.ഡിയും ബി.സിയും ഇനിയില്ല?

ക്രിസ്തുവിന്റെ പിറവിയെന്ന മഹത്തായ ചരിത്രയാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാന്‍ മാനവചരിത്രംതന്നെ പൊളിച്ചെഴുതാന്‍ മാത്രം ബൗദ്ധിക കുടിലത നിറഞ്ഞതായിരിക്കുന്നു ആധുനികമനുഷ്യന്റെ തീരുമാനങ്ങള്‍. ക്രിസ്തുവിന്റെ പിറവിയെ ആസ്പദമാക്കി രണ്ടായി വേര്‍തിരിച്ചിരിക്കുന്ന ചരിത്രകലണ്ടറില്‍ ബി.സി എന്നത് ബി.സി.ഇ (ബിഫോര്‍ കോമണ്‍ ഇറ) എന്നും എ.ഡി എന്നത് സി.ഇ (കോമണ്‍ ഇറ) എന്നും മാറ്റിയെഴുതിക്കഴിഞ്ഞു. രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ക്രിസ്തുവിന്റെ ജനനമെന്ന ചരിത്രസംഭവത്തില്‍നിന്ന് ദൈവപുത്രനും മനുഷ്യപുത്രനും പുറത്താകുന്നു- ഭൂതവര്‍ത്തമാനകാലങ്ങളില്‍നിന്ന് യേശുവിനെ നിഷ്‌കാസിതനാക്കാനുള്ള ഗൂഢതന്ത്രം!

ക്രിസ്മസിന്റെ ചരിത്രം

വചനം മാംസമായി അവതരിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്ന ആഘോഷമാണ് ക്രിസ്മസ്. ആരാധനക്രമം അനു സരിച്ച് ക്രൈസ്തവാഘോഷങ്ങളുടെ പ്രാധാന്യത്തില്‍ മൂന്നാം സ്ഥാനത്താണ് ക്രിസ്മസ്. ഉയിര്‍പ്പ് തിരുനാളും എപ്പിഫനിയുമാണ് (ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനതിരുനാള്‍) ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ആദിമസഭയില്‍ ജന്മദിനാഘോഷങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നില്ല.

എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ഈജിപ്തിലെ സഭാസമൂഹം ക്രിസ്മസ് ആഘോഷത്തിന് തുടക്കംകുറിച്ചു എന്നാണ് ചരിത്രനിഗമനങ്ങള്‍.  ക്രിസ്തു ദൈവപുത്രനാണെന്നതിന്റെ സ്ഥിരീകരണം ലഭിച്ചത്, യോര്‍ദാനിലെ മാമ്മോദീസ സ്വീകരണ വേളയില്‍ ശ്രവിച്ച വാക്കുകളിലൂടെയാണ് (ഇവന്‍ എന്റെ പ്രിയപുത്രനാണ്, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നുവെന്ന് സ്വര്‍ഗത്തില്‍നിന്നും ശ്രവിച്ച സ്വരം) എന്നതായിരുന്നു പഴയകാലത്ത് പ്രബലമായിരുന്ന ദൈവശാസ്ത്രപഠനം. ക്രിസ്മസ് ആഘോഷിക്കുന്ന പതിവ് തുടങ്ങിയപ്പോഴും പൗരസ്ത്യസഭകളില്‍ എപ്പിഫനിയോട് ചേര്‍ന്ന് ജനുവരി ആറിനാണ് ക്രിസ്മസ് ആചരിച്ചുവന്നത്. പൗരസ്ത്യസഭകളില്‍ ചിലത് ഇന്നും ഈ പാരമ്പര്യം തുടരുന്നുണ്ട്.

നാലാം നൂറ്റാണ്ടില്‍ റോമിലാണ് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനമായി നിശ്ചയിക്കപ്പെട്ടത്. പേഗന്‍ വിശ്വാസം പുലര്‍ത്തിയിരുന്ന റോമാക്കാര്‍ക്കിടയിലെ പ്രധാന ആരാധനാമൂര്‍ത്തിയായിരുന്ന സൂര്യദേവന്റെ ജന്മദിനമായിരുന്നു ഡിസംബര്‍ 25. റോമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവവുമായിരുന്നു പ്രകാശത്തിന്റെ ദേവനായിരുന്ന സൂര്യന്റെ ജന്മദിനം. റോമാ സാമ്രാജ്യത്തിലെ ഒരു വലിയവിഭാഗം ക്രിസ്തുമതം സ്വീകരിച്ചെങ്കിലും പേഗന്‍ വിശ്വാസം പുലര്‍ത്തിയിരുന്നവരില്‍നിന്ന് അവരുടെ പരമ്പരാഗത ഉത്സവാഘോഷങ്ങളോടുള്ള താല്‍പ്പര്യം പൂര്‍ണമായി വിട്ടുമാറിയിരുന്നില്ല. അജയശക്തിയായിക്കണ്ട് ആരാധിക്കപ്പെട്ടിരുന്ന സൂര്യദേവന്റെ ജന്മദിനത്തിനുപകരം നീതിസൂര്യനും നിത്യപ്രകാശവുമായ ക്രിസ്തുവിനെ അവതരിപ്പിക്കുകയെന്ന  ലക്ഷ്യമാണ് ഡിസംബര്‍ 25 ക്രിസ്മസ് ദിനമായി നിശ്ചയിക്കാന്‍ കാരണം.

ക്രിസ്മസ് ട്രീക്ക് പകരം ‘ലൈറ്റഡ് പൈന്‍ട്രീ’

ക്രിസ്മസ് ട്രീ എന്ന പാരമ്പര്യത്തിന്റെ ആരംഭം ജര്‍മനിയിലായിരുന്നു. ഏതാണ്ട്, 16-ാം നൂറ്റാണ്ടില്‍. ഐശ്വര്യത്തിന്റെയും പ്രകാശത്തിന്റെയും ഉത്സവമായാണ് പഴയകാല ജര്‍മന്‍ ജനത ക്രിസ്മസിനെ കണ്ടത്. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ പ്രതീകമായി വീടിന് അകത്തും പുറത്തും ക്രിസ്മസ് ട്രീകളിലും വിളക്കുകള്‍ കത്തിച്ചുവെച്ച് ക്രിസ്മസ് ആഘോഷത്തിന് തുടക്കമിട്ടത് ജര്‍മനിയിലെ ഭക്തരായ ക്രൈസ്തവസമൂഹങ്ങളാണ്.

ലോകത്തിന്റെ ദീപമായ ക്രിസ്തുവെന്ന സത്യപ്രകാശത്തിന് പകരം ബില്ല്യനുകള്‍ മുടക്കി വിവിധ നിറക്കൂട്ടുകളില്‍ മിന്നിത്തിളങ്ങുന്ന കൃത്രിമദീപപ്രപഞ്ചം വെറുമൊരു ദീപാരാധനയായി മാറുന്നു. ക്രൈസ്തവവിശ്വാസി തിരിഞ്ഞു കുമ്പിട്ടുനില്‍ക്കുന്നത് പേഗന്‍ വിശ്വാസത്തിലേക്കല്ലേ? മാത്രമല്ല, ക്രിസ്മസ് ട്രീയെ ലൈറ്റഡ് പൈന്‍ട്രീ എന്ന് പേരുമാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുകയാണ് ഇന്ന്.

ക്രിസ്മസ് സന്ദേശം എന്നാല്‍ ‘ഹാപ്പി ഹോളിഡെയ്‌സ്’?

ആദ്യത്തെ ക്രിസ്മസ് കാര്‍ഡ് തയാറാക്കപ്പെട്ടത് 1843ല്‍ ലണ്ടനിലാണെന്നാണ് കരുതപ്പെടുന്നത്. സമാധാനത്തിന്റെ രാജാവായി അവതരിച്ച ക്രിസ്തുവിന്റെ സന്ദേശം പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് കാര്‍ഡുകള്‍ വ്യാപകമായി പ്രചാരത്തിലായത്. ഇവ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിള്‍ ലിഖിതങ്ങളും പദ്യരൂപത്തിലുള്ള ക്രൈസ്തവപ്രമേയങ്ങളുമൊക്കെയാണ് കാര്‍ഡില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നത്. പ്രത്യാശ നഷ്ടപ്പെട്ടവരുടെയും സഹനങ്ങളേറ്റുവാങ്ങി ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരുടെയും ഹൃദയങ്ങളില്‍ സമാധാനവും ആനന്ദവും പകരാന്‍ സഹായിക്കുന്നതുമായിരുന്നു പഴയകാല ക്രിസ്മസ് കാര്‍ഡിലെ സന്ദേശങ്ങള്‍.

ഇന്ന് നവസെക്യുലറിസ്റ്റ് സമൂഹത്തില്‍, ക്രിസ്മസ് സന്ദേശമെഴുതിയ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അന്യംനിന്നുപോവുകയാണ്. ക്രിസ്മസ് കാര്‍ഡില്‍ ക്രിസ്തുവിന്റെ പേര് ഉപയോഗിക്കുന്നതുപോലും സംസ്‌കാരശൂന്യരുടെ അറുപഴഞ്ചന്‍ സമീപനംപോലെ കണക്കാക്കിത്തുടങ്ങിയിരിക്കുന്നു പുതിയ പരിഷ്‌കാരികളുടെ ലോകം. ഹാപ്പി ഹോളിഡെയ്‌സ് എന്നാവണമത്രേ ഗ്രീറ്റിംഗ്‌സ്. സംസ്‌കാരസമ്പന്നരെന്ന് അവകാശപ്പെടുന്നവരുടെ സിവില്‍ സൊസൈറ്റിയില്‍ ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കുന്നതുപോലും നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല അത്.

ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറപ്പെടുന്നത് ക്രൈസ്തവാരൂപിയിലുള്ള ഉപവിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരുംതന്നെ ഇന്ന് കരുതുന്നില്ല. കച്ചവടക്കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തില്‍നിന്ന് വന്‍വിലയ്ക്ക് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി അവധിക്കാലകടമ നിറവേറ്റി സ്വയം തൃപ്തിയടയുന്നു ആധുനിക ലോകം. സത്യസന്ധമായി ആലോചിച്ചാല്‍, സമ്മാനങ്ങളിലെ ആത്മാര്‍ത്ഥത തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

പുല്‍ക്കൂടിന്റെ പ്രാധാന്യം കുറയുന്നു?

12-ാം നൂറ്റാണ്ടില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ കൂടുതല്‍ ഭൗതികപരമായി മാറിയപ്പോള്‍, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയാണ് പുല്‍ക്കൂട് നിര്‍മിച്ച് ക്രിസ്മസിനെ കൂടുതല്‍ ആത്മീയ പശ്ചാത്തലമുള്ളതാക്കി മാറ്റിയത്. ഉണ്ണിയേശുവിന്റെ എളിമയും ദാരിദ്ര്യാരൂപിയും ജനമനസ്സുകളില്‍ ശക്തമായി അവതരിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ക്രിസ്മസിനോടനുബന്ധിച്ചുള്ള പുല്‍ക്കൂട് നിര്‍മാണം സഭയില്‍ പിന്നീട് ഒരു പാരമ്പര്യമായിത്തീര്‍ന്നു.

എന്നാല്‍, വിനയാന്വിതനും ദരിദ്രരില്‍ ദരിദ്രനുമായി പിറന്നുവീണ ദൈവപുത്രനായ ഉണ്ണിയേശു ഈ കാലഘട്ടത്തിലെ ആഘോഷങ്ങളില്‍ അവഗണിക്കപ്പെടുന്നു. ആധുനിക ക്രിസ്മസ്, കൊട്ടാരങ്ങളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസിയുടെ സഹതാപമര്‍ഹിക്കുംവിധം കോമാളികളായിത്തീരുന്നത് സാന്താക്ലോസുമാരാണ്. നമ്മുടെ ഭവനങ്ങളിലും എന്തിന് ദൈവാലയങ്ങളില്‍പ്പോലും പുല്‍ക്കൂടുകള്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി’ എന്നതുപോലെയായി മാറിക്കൊണ്ടിരിക്കുന്നു ഇന്നത്തെ ആഘോഷങ്ങള്‍. ആഘോഷിച്ചാഘോഷിച്ച് തിരുപ്പിറവിയില്‍നിന്ന് ഉണ്ണിയേശുവിനെ പുറത്താക്കിയതുപോലെ. അതിരുകടന്ന ഉത്സവഭ്രമം ക്രൈസ്തവാഘോഷങ്ങളെ ആത്മീയപശ്ചാത്തലത്തില്‍നിന്ന് വേര്‍പെടുത്തുമെന്ന് തിരിച്ചറിയുക.

സാന്താക്ലോസ് കോമാളിയല്ല

നാലാം നൂറ്റാണ്ടില്‍ ലീഷ്യയിലെ (ഇന്നത്തെ ടര്‍ക്കിയുടെ ഭാഗം) ബിഷപ്പായിരുന്ന വിശുദ്ധ നിക്കോളാസിന്റെ പേരിനോട് ബന്ധപ്പെടുത്തിയാണ് സാന്താക്ലോസ് എന്ന ഐതിഹ്യകഥാപാത്രം രൂപംകൊള്ളുന്നത്. റഷ്യ, ഗ്രീസ്, സിസിലി എന്നിവിടങ്ങളില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന സെന്റ് നിക്കോളാസ് കടല്‍സഞ്ചാരികളുടെ മധ്യസ്ഥനായി വണങ്ങപ്പെട്ടിരുന്നു. 11-ാം നൂറ്റാണ്ടായപ്പോഴേക്കും ഇറ്റലിയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും കുട്ടികള്‍ക്ക് പ്രിയപ്പെട്ട സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ഘടകമായിക്കഴിഞ്ഞു.

ഡച്ചുകാരായ പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ 1600കളിലാണ് സാന്താക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പനെ അമേരിക്കയില്‍ പരിചയപ്പെടുത്തിയത്. നാളുകള്‍ പിന്നിട്ട് 21-ാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍ സാന്താക്ലോസുമാര്‍ പുതിയ രൂപത്തിലും ഭാവത്തിലും നമുക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. നിഷ്‌കളങ്കരായ കുട്ടികളോട് പിതൃസഹജമായ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കേണ്ട ക്രിസ്മസ് ഫാദര്‍മാര്‍ വെറും കോമാളികളായ അഭിനവ ക്രിസ്മസ് അപ്പൂപ്പന്മാരായി അവതരിക്കുന്നു.

പിടിയിലാക്കാന്‍ കച്ചവടതന്ത്രജ്ഞര്‍

കച്ചവടപ്രഭുക്കക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപഭോഗതൃഷ്ണയില്‍ വെന്തെരിയുന്ന മനസ്സും ശരീരവുമുള്ളവരെയാണ് ഇന്നെവിടെയും കാണുക. ക്രിസ്മസ് കാലം പുതിയ വിപണനതന്ത്രം പയറ്റാനുള്ള ഒരു വേദിമാത്രമാണ് പുതിയ യജമാനന്മാര്‍ക്ക്. ത്യാഗപൂര്‍ണമായ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശം നല്‍കേണ്ട ആഗമനകാലം അവധിക്കാലമായി പരിണമിപ്പിക്കുന്നതിനു പിന്നിലും കച്ചവടതന്ത്രജ്ഞര്‍ത്തന്നെ.

പുല്‍ക്കൂടുകളും പരമ്പരാഗത ക്രിസ്മസ് ആചാരങ്ങളും നമ്മുടെ മനസ്സുകളില്‍നിന്നും കുടുംബങ്ങളില്‍നിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥമോഹങ്ങള്‍മാത്രം സംരക്ഷിക്കുന്ന ആര്‍ഭാടസംസ്‌കാരത്തിലേക്ക് ക്രിസ്മസ്സിന്റെ ആത്മീയ പശ്ചാത്തലം മാറിക്കൊണ്ടിരിക്കുന്നു. ക്രിസ്തുവിനെ പുറത്താക്കി ക്രിസ്മസ് ആഘോഷിച്ച് ഒരു പരിഷ്‌കാരിയാവുക എന്നതാണ് ഇന്നിന്റെ സംസ്‌കാരം നമ്മോട് പരോക്ഷമായെങ്കിലും ആവശ്യപ്പെടുന്നത്.

എന്നാല്‍, നമുക്ക് നഷ്ടമാവുന്നത് ‘ദൈവം നമ്മോടുകൂടെ’ എന്നര്‍ത്ഥമുള്ള എമ്മാനുവലിനെയാണ്. പാപമോചകനായ ക്രിസ്തു വരുംതലമുറയ്ക്ക് അന്യമാകും. അന്ധകാരത്തില്‍ കഴിഞ്ഞവര്‍ക്ക് പ്രകാശവും അടിമത്തത്തില്‍ കഴിഞ്ഞവര്‍ക്ക് വിമോചനവും നല്‍കുന്നവനെ ഭാവിതലമുറയ്ക്ക് ലഭിക്കാതെപോകും. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് ക്രിസോസ്റ്റം പറയുന്നു: “അവര്‍ (പേഗന്‍ വിശ്വാസികള്‍) അത് (ക്രിസ്മസ്) അജയനായവന്റെ (സൂര്യദേവന്റെ) ജന്മദിനമായി ആഘോഷിക്കുന്നു. എന്നാല്‍, നമുക്കത് (ക്രിസ്ത്യാനിക്ക്) ഒരിക്കലും പരാജിതനാവാത്ത നീതിസൂര്യനായ ക്രിസ്തുവിന്റെ ജന്മദിനമാണ്.”

കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങാം; നക്ഷത്രം ഇനിയും തെളിയും

വില്‍ക്കാനും വാങ്ങാനുമുള്ള ശേഷിക്കനുസരിച്ച് മനുഷ്യന്റെ മൂല്യം നിര്‍ണയിക്കുന്ന കച്ചവടസംസ്‌ക്കാരത്തില്‍ കമ്പോളം എല്ലാം നിശ്ചയിക്കും. സൃഷ്ടിസംഹാരങ്ങളും അവനാണ് നിശ്ചയിക്കുക. യഥാര്‍ത്ഥ ക്രിസ്തുവിനെ കൊല്ലാനും അഭിനവക്രിസ്തുവിന് ജന്മം നല്‍കാനും അവന് കഴിയും. ‘സാത്താനിക് ക്രിസ്മസ്’ ആഘോഷിക്കാന്‍ തയാറെടുത്തുകഴിഞ്ഞു തിന്മയുടെ ശക്തികള്‍. ദൈവപുത്രന്‍ പിറന്ന പുണ്യനിമിഷങ്ങളോര്‍ത്ത് ഹല്ലേലുയ്യ പാടാന്‍ മറന്നുപോകുന്ന വിശ്വാസികള്‍ പിറവിക്കാലത്തിന്റെ ആലസ്യത്തിലാണ്.

നവയുഗം പ്രചരിപ്പിക്കുന്ന തലതിരിഞ്ഞ ക്രിസ്മസ് സംസ്‌കാരത്തിന്റെ കാണാച്ചരടുകളില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ മനുഷ്യന്‍ ജാഗരൂകനായിരിക്കുക. അനിവാര്യമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകതന്നെ ചെയ്യും. കാരണം, പ്രത്യാശയാണ് ക്രൈസ്തവവിശ്വാസത്തിന്റെ ആകെത്തുക. പൂജാരാജാക്കന്മാരെപ്പോലെ നമുക്കും ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങാം. നമുക്ക് മുന്‍പില്‍ വഴികാട്ടിയായി നക്ഷത്രം ഇനിയും തെളിയും അതിന്, ഹേറോദേസിന്റെ കൊട്ടാരത്തില്‍നിന്ന് നാം പുറത്തിറങ്ങിയാല്‍മാത്രം മതി. നൂതനസൗഭാഗ്യങ്ങള്‍ക്കിടയില്‍, മൂല്യങ്ങളെല്ലാം തകര്‍ന്നടിയുമ്പോള്‍ വരുംതലമുറയിലെ വിശ്വാസികള്‍ക്ക് ജീവിക്കാന്‍ പ്രതീക്ഷകളുടെ ഒരു പച്ചത്തുരുത്ത് ദൈവം സൃഷ്ടിക്കുകതന്നെചെയ്യും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?