Follow Us On

14

April

2021

Wednesday

യേശുക്രിസ്തു പകർന്ന മൂല്യങ്ങൾ നമുക്ക് പ്രചോദനമാകണം: ഇറാഖി പ്രസിഡന്റ്

യേശുക്രിസ്തു പകർന്ന മൂല്യങ്ങൾ നമുക്ക് പ്രചോദനമാകണം: ഇറാഖി പ്രസിഡന്റ്

ബാഗ്ദാദ്: ക്രിസ്ത്യാനികൾ ഇറാഖിന്റെ ശക്തിസ്രോതസാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. വിവിധ മതവിശ്വാസങ്ങളുള്ള ഇറാഖിൽ ക്രിസ്ത്യൻ കുടുംബങ്ങളുടെ സാന്നിധ്യം സുപ്രധാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രിസ്തു പകർന്ന മൂല്യങ്ങളിൽനിന്ന് ഇറാഖി ജനതയും ലോകം ഒന്നടങ്കവും പ്രചോദനം സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു. ക്രിസ്മസ് രാത്രിയിൽ ബാഗ്ദാദിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ ആദ്യവസാനം പങ്കെടുത്ത് ക്രിസ്മസ് ആശംസകൾ അർപ്പിക്കുകയായിരുന്നു അദ്ദേഹം

സ്‌നേഹം, മനുഷ്യത്തിനായുള്ള സഹകരണം, സഹിഷ്ണുത, സമാധാനം, സഹവർത്വം എന്നിവയെല്ലാം നാം ക്രിസ്തുവിൽനിന്ന് പഠിക്കണം. വിദ്വേഷ ഭാഷണത്തിനുപകരം സ്‌നേഹത്തിന്റെ ഭാഷയാണ് ഉണ്ടാവേണ്ടത്. തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ബദലായി സമാധാനം സംജാതമാകണം. പോരാട്ടങ്ങൾക്കും ഭിന്നതകൾക്കും പകരം അനുരഞ്ജനവും ഐക്യവുമാണ് ആവശ്യം. കൽപ്പനകളിലൂടെ ക്രിസ്തു ഇതാണ് പകർന്നുതരുന്നത്. നീതി വ്യാപിച്ചാൽ സമാധാനം നിലനിൽക്കും. സഹവർത്തിത്വത്തിലൂടെ നമുക്ക് സമാധാനവും സുരക്ഷിതത്വവും നേടാൻ കഴിയും.

അടുത്ത കാലത്തായി ഇറാഖി ക്രൈസ്തവർക്ക് തീവ്രവാദസംഘങ്ങളിൽനിന്ന് വളരെയേറെ പീഡനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും വീടുകളിൽനിന്ന് പലായനം ചെയ്യുകയും ചെയ്ത അനേകരുണ്ട്. ഇറാഖി ക്രൈസ്തവർക്ക് നല്ല ജീവിതം ഉറപ്പാക്കാൻ മതതീവ്രവാദത്തിനും അഴിമതിക്കും എതിരെ പോരാടേണ്ടത് അനിവാര്യമാണ്. പലായനം ചെയ്തവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും മാതൃരാജ്യത്ത് സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ക്രിസ്ത്യാനികളുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എന്തെന്നാൽ ക്രിസ്ത്യാനികളില്ലെങ്കിൽ മതങ്ങളുടെയും വംശങ്ങളുടെയും വൈവിധ്യമാർന്ന ശക്തി നമുക്ക് നഷ്ടപ്പെടും.

ഫ്രാൻസിസ് പാപ്പ 2021 മാർച്ചിൽ നടത്തുന്ന പര്യടനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാപ്പയുടെ ഇറാഖ് സന്ദർശനത്തെ ശുഭ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം, അബ്രഹാമിന്റെ ജന്മസ്ഥലമായ ‘ഉർ’ നഗരത്തിലേക്ക് പാപ്പയെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. 2020 സാമ്പത്തികവും ആരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നിറഞ്ഞതും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ വർഷമായിരുന്നുവെങ്കിലും പുതുവർഷത്തിലുള്ള ശുഭാപ്തിവിശ്വാസം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

2018 ഒക്ടോബറിൽ പ്രസിഡന്റായി ബർഹാം സാലിഹ് തിരഞ്ഞെടുക്കപ്പെട്ടശേഷം, ക്രൈസ്തവരെകൂടി ഉൾക്കൊള്ളുന്ന സമൂഹനിർമിതിയിലാണ് ഭരണകൂടം ശ്രദ്ധയൂന്നുന്നത്. ഐസിസ് അധിനിവേശംമൂലം പലായനം ചെയ്ത ക്രൈസ്തവരുടെ തിരിച്ചുവരവിന് രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത നിരവധി തവണ ആവർത്തിക്കുകയും ചെയ്തു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇറാഖി കുർദ്ദിഷ് വംശജനായ ബർഹാം സാലി മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിൽ നിന്നും നാടുകടത്തപ്പെട്ട വ്യക്തിയാണ്. ഈ വർഷംമുതൽ ക്രിസ്മസ് പൊതുഅവധിയായി പ്രഖ്യാപിച്ചതിന് പിന്നിലും നിർണായകമായത് ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?