Follow Us On

28

March

2024

Thursday

പ്രാർത്ഥനകൾ സഫലം, ദൈവത്തിന് നന്ദി! നൈജീരിയൻ ബിഷപ്പും ഡ്രൈവറും മോചിതരായി

പ്രാർത്ഥനകൾ സഫലം, ദൈവത്തിന് നന്ദി! നൈജീരിയൻ ബിഷപ്പും ഡ്രൈവറും മോചിതരായി

അബൂജ: അഞ്ചു ദിനം നീണ്ട ആശങ്കകൾക്കും ഉഹോപോഹങ്ങൾക്കും ശുഭപര്യവസാനം- ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൈജീരിയൻ ബിഷപ്പ് മോസസ് ചിക്വേയും ഡ്രൈവറും മോചിതരായെന്ന് സ്ഥിരീകരിച്ച് അതിരൂപതാ നേതൃത്വം. മോചനദ്രവ്യം കൊടുക്കാതെയും പരിക്കുകളൊന്നും ഇല്ലാതെയുമാണ് ഇവരുടെ മോചനം സാധ്യമായെന്ന വിവരം സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അതിരൂപത അറിയിക്കുകയായിരുന്നു.

കിഴക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒവ്വേരി അതിരൂപത സഹായമെത്രാൻ മോസസ് ചിക്വേയെയും ഡ്രൈവറെയും ഡിസംബർ 27ന് രാത്രിയിലാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായ മോചനം സാധ്യമാകാൻ വിശ്വാസീസമൂഹം പ്രാർത്ഥിക്കണമെന്ന അതിരൂപതയുടെ ആഹ്വാനത്തിന് വലിയ പിന്തുണയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ചത്. പുതുവർഷ ദിനത്തിലെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ പാപ്പയും പ്രാർത്ഥിച്ചിരുന്നു.

‘ഞങ്ങളുടെ പ്രിയപ്പെട്ട ബിഷപ്പിനെ സ്വാഗതം ചെയ്യുന്നു, ദൈവം തന്റെ ജനത്തിന്റെ പ്രാർത്ഥന കേട്ടു,’ എന്ന കുറിപ്പിനൊപ്പം ബിഷപ്പിന്റെ ഫോട്ടോയും അതിരൂപതാനേതൃത്വം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോചനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തന്റെ ഭവനം സന്ദർശിച്ച് മടങ്ങും വഴിയാണ് അജ്ഞാതർ ഇവരെ തട്ടിക്കൊണ്ടുപോയത്. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ബിഷപ്പിന് ജീവഹാനി ഉണ്ടായെന്നുവരെയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.

ബിഷപ്പിന്റെ സുരക്ഷയ്ക്കും മോചനത്തിനുമായി തെക്കൻ കാലിഫോർണിയയിലെ കത്തോലിക്കരും പ്രാർത്ഥനാശുശ്രൂഷകൾ സംഘടിപ്പിച്ചിരുന്നു. ബിഷപ്പായി നൈജീരിയയിലേക്ക് പോകുംമുമ്പ് വർഷങ്ങളോളം സാൻ ഡീഗോ രൂപതയിൽ സേവനം ചെയ്തിരുന്നു ഇദ്ദേഹം. 53 വയസുകാരനായ ഇദ്ദേഹം 2019 ഒക്ടോബറിലാണ് ബിഷപ്പായി അഭിഷിക്തനായത്.

തീവ്രവാദ ഗ്രൂപ്പകളിൽനിന്നും ക്രിമിനലുകളിൽനിന്നും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം ഉൾപ്പെടെയുള്ള ആക്രമണങ്ങളാണ് നൈജീരിയൻ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നത്. ഒട്ടുമിക്ക അക്രമങ്ങൾക്ക് പിന്നിലും ബോക്കോ ഹാരാം തീവ്രവാദികളാണ്. സന്യാസ സഭകളും രൂപതകളും മോചനദ്രവ്യം നൽകും എന്ന ചിന്തയാണ് വൈദികരും സെമിനാരി വിദ്യാർത്ഥികളും തട്ടിക്കൊണ്ടു പോകലിന് ഇരയാകാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?