Follow Us On

18

April

2024

Thursday

ജപ്പാൻ- വത്തിക്കാൻ നയതന്ത്ര ബന്ധം: മലയാളി ആർച്ച്ബിഷപ്പിന് ജാപ്പനീസ് സർക്കാരിന്റെ മരണാനന്തര ബഹുമതി

ജപ്പാൻ- വത്തിക്കാൻ നയതന്ത്ര ബന്ധം: മലയാളി ആർച്ച്ബിഷപ്പിന് ജാപ്പനീസ് സർക്കാരിന്റെ മരണാനന്തര ബഹുമതി

ടോക്കിയോ: വത്തിക്കാനും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നയതന്ത്രതലത്തിൽ നടത്തിയ ഇടപെടലുകൾക്ക് ആദരമർപ്പിക്കാൻ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് മരണാനന്തര ബഹുമതിയായി ജാപ്പനീസ് സർക്കാരിന്റെ ‘ഓർഡർ ഓഫ് ദ റൈസിംഗ് സൺ’ പുരസ്‌കാരം. ജപ്പാനിലെ ഉന്നതമായ രണ്ടാമത്തെ പുരസ്‌കാരമാണിത്. 2011മുതൽ ജപ്പാൻ നുൺഷ്യോയായിരുന്ന ആർച്ച്ബിഷപ്പ് ചേന്നോത്ത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് കാലം ചെയ്തത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളാണ് പുരസ്‌ക്കാരം സമർപ്പിക്കാൻ ജാപ്പനീസ് ഭരണകൂടത്തെ പ്രചോദിപ്പിച്ചത്.

എറണാകുളം- അങ്കമാലി അതിരൂപത ചേർത്തല കോക്കമംഗലം ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി 1943 ഒക്ടോബർ 13നാണ് ജനനം. 1960ൽ എറണാകുളം സെമിനാരിയിൽ ചേർന്നു. ആലുവ മേജർ സെമിനാരിയിലെ ഫിലോസഫി പഠനത്തിനുശേഷം 1963ൽ ഉപരിപഠനത്തിന് റോമിലേക്ക് അയക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കൽ ഉർബാന യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫിലോസഫിയിലും തിയോളജിയിലും ബിരുദമെടുത്തു. 1969 മേയ് നാലിന് ഓസ്ട്രിയയിൽ വെച്ചായിരുന്നു തിരുപ്പട്ട സ്വീകരണം.

തുടർന്ന് നാട്ടിലെത്തി ബറോഡ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. 1973ൽ റോമിൽനിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പോൾ ആറാമൻ പാപ്പയാണ് മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തിയത്. 1984 മുതൽ രണ്ടു വർഷം വത്തിക്കാൻ വിദേശകാര്യ വകുപ്പിലും 1986 മുതൽ മൂന്നു വർഷം ടർക്കിയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലും സേവനം ചെയ്തു. തുടർന്ന് ലക്‌സംബർഗ്, ബൽജിയം, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും നിയമിതനായി.

1990ൽ സ്‌പെയിനിലെ ന്യുൺഷ്യേച്ചറിൽ കൗൺസിലറായി നിയോഗിക്കപ്പെട്ടു. 1993 മുതൽ ഡെൻമാർക്ക്, സ്വീഡൻ, നോർവെ, ഫിൻലാന്റ് എന്നിവിടങ്ങളിൽ കൗൺസിലറായി. 1999ൽ തയ്‌വാനിൽ ചാർജ് ഡി’അഫയേഴ്‌സായി സേവനം ചെയ്യവേയാണ് ന്യൂൺഷ്യോയായി നിയമിക്കപ്പെട്ടത്. 1999 ഓഗസ്റ്റ് 24ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആർച്ച്ബിഷപ്പായി അഭിഷേകം ചെയ്തു. പിന്നീട് അദ്ദേഹത്തെ സെൻട്രൽ ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കും നിയമിച്ചു. ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ, ചൈനീസ് ഭാഷകളിൽ വിദഗ്ദ്ധനായിരുന്ന അദ്ദേഹം 1986ൽ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പം കേരളം സന്ദർശിച്ച സംഘത്തിലും അംഗമായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?