Follow Us On

29

February

2024

Thursday

ജോസുകുട്ടി നടയ്ക്കപ്പാടം: സഭ ‘താര’മായി ഉയർത്തിയ അൽമായ മിഷണറി!

എം. സക്കേവൂസ്

ജോസുകുട്ടി നടയ്ക്കപ്പാടം: സഭ ‘താര’മായി ഉയർത്തിയ അൽമായ മിഷണറി!

സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന അൽമായരെ ആദരിക്കാൻ സീറോ മലബാർ സഭ ഏർപ്പെടുത്തിയ ‘സഭാതാരം’ അവാർഡ് നേടിയ ചിക്കാഗോ സെന്റ് തോമസ് രൂപതാംഗം ജോസുകുട്ടി നടയ്ക്കപ്പാടത്തിന്റെ ശുശ്രൂഷാ ജീവിതത്തിലൂടെ…

ജോസുകുട്ടി എന്ന മലയാളി ജാതിമതഭാഷ ഭേദമില്ലാതെ അമേരിക്കയിൽ ഏവർക്കും സുപരിചിതനാണ്. സഹപ്രവർത്തകർക്ക് മിസ്റ്റർ ജോസുകുട്ടിയാണ്. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്ക് നടയ്ക്കപ്പാടമാണ്. ഇളംതലമുറക്കാർക്ക് ജോസുകുട്ടി അങ്കിളാണ്. കൂടുതൽ പേർക്കും ജോസുകുട്ടിച്ചായനാണ്. പല വിശേഷണങ്ങളുണ്ടെങ്കിലും ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ദൈവാലയത്തിലെ ചങ്ങനാശേരിക്കാരൻ ജോസുകുട്ടി സർവ്വാദരണിയനാണ്. അതുകൊണ്ടുതന്നെ സഭാതാരം പുരസ്‌ക്കാര ലബ്ധിയിൽ അദ്ദേഹത്തെ അറിയുന്നവരെല്ലാം ഏറെ സന്തോഷിക്കും.

വിനയവും സ്‌നേഹവും തുളുമ്പുന്ന ഇടപെടലുകൾ, സരസമായ സംഭാഷണശൈലി, പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരോടുവരെ പേര് ചൊല്ലി വിളിച്ച് ഇടപെടാനുള്ള സവിശേഷമായ കഴിവ്. യു.എസിൽ എത്തിയിച്ച് വർഷം 55 കഴിഞ്ഞിട്ടും ഇനിയും കൈമോശം വരാത്ത മലയാളിത്തനിമ. അങ്ങനെ എന്തുകൊണ്ടും ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയാണ് ജോസുകുട്ടി നടയ്ക്കപ്പാടം. കേരളത്തിന് വെളിയിൽനിന്ന് ആദ്യമായി ‘സഭാതാരം’ അവാർഡിന് അർഹനായ ഇദ്ദേഹം ചങ്ങനാശ്ശേരി മാമ്മൂട് പാലാക്കുന്നേൽ നടയ്ക്കപ്പാടം കുടുംബാംഗമാണ്.

എളിയ ശുശ്രൂഷകൻ

ഒരു അൽമായന് സഭയിൽ ഏറ്റെടുക്കാവുന്ന രണ്ട് പ്രധാനപ്പെട്ട പ്രേഷിത ദൗത്യങ്ങളാണ് മതബോധനവും ദൈവാലയ ശുശ്രൂഷയും. ഈ രണ്ട് ദൗത്യങ്ങളും അമേരിക്കയിൽ ജോസുകുട്ടി കഴിഞ്ഞ 50 വർഷത്തിലധികമായി അർപ്പണബോധത്തോടെ നിർവഹിക്കുന്നു. പതിറ്റാണ്ടുകളായി അൾത്താര ശുശ്രൂഷ ചെയ്യുന്ന ഇദ്ദേഹം ഓരോ ശുശ്രൂഷയും ദൈവാനുഭവമായി മാറ്റുന്നു. ചിക്കാഗോ രൂപതയിൽ കഴിഞ്ഞ 30 വർഷത്തിലധികം തുടർച്ചയായി മതബോധന രംഗത്ത് സേവനം ചെയ്ത മറ്റാരുമുണ്ടാവാനിടയില്ല.

ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച് വിശ്രമ ജിവിതത്തിനായി അരിസോണയിലേക്ക് താമസം മാറ്റിയശേഷവും ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ഇടവകയിൽ വിശ്വാസ പരിശീലന രംഗത്തും ലിറ്റർജി സർവ്വീസിലും ജോസുകുട്ടിയുടെ സജീവ സാന്നിദ്ധ്യമുണ്ട്. സീറോ മലബാർ ക്രമത്തിൽ മാത്രമല്ല; ലത്തീൻ, മലങ്കര ക്രമമനുസരിച്ചും ദിവ്യബലി ശുശ്രൂഷ ചെയ്യാൻ ഇദ്ദേഹത്തോളം പരിചയമുള്ള മറ്റൊരു മലയാളി അൽമായൻ ഒരുപക്ഷേ യു.എസിൽ ഉണ്ടാവില്ല. സുറിയാനി പ്രാർത്ഥനകളും പാട്ടുകളും നന്നേ വശമാണ് ഇദ്ദേഹത്തിന്. തന്റെ കുട്ടിക്കാലത്ത് സീറോ മലബാർ സഭയിൽ ദിവ്യബലി അർപ്പിക്കപ്പെട്ടിരുന്നത് സുറിയാനി ഭാഷയിലായിരുന്നുവെന്ന ചരിത്രവും പുതുതലമുറയോട് പങ്കുവെക്കും ജോസുകുട്ടി.

കേരളത്തിൽനിന്ന് യു.എസിൽ എത്തുന്ന വൈദികരിൽ പലർക്കും ജോസുകുട്ടിച്ചായൻ വിശ്വസ്തനായ സുഹൃത്തുമാത്രമല്ല ആദരണീയനായ ഗുരുവുമാണ്. നാട്ടിലേതിൽനിന്ന് ഏറെ വ്യത്യസ്ഥ സാമൂഹിക സാസ്‌ക്കാരിക പരിസരത്തിലേക്ക് ആദ്യമായി എത്തിപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയുന്ന പ്രായോഗിക നിർദേശങ്ങൾ നൽകാൻ 50 വർഷത്തിലധികമായി അമേരിക്കയിൽ ജീവിക്കുന്ന ഈ വിശ്വസ്ത സുഹൃത്തിന് കഴിയും.

ദൈവശാസ്ത്ര ബിരുദങ്ങളൊന്നുമില്ലെങ്കിലും ആരാധനാക്രമ സംബന്ധമായ വിഷയങ്ങളും അതിന്റെ പ്രതീകാത്മക അർത്ഥങ്ങളും ഒരു അൽമായനെന്ന നിലയിൽ അതീവ ജാഗ്രതയോടെ വിവരിച്ചുതരാനും പ്രാപ്തനാണ് ഇദ്ദേഹം. പൗരസ്ത്യ, പാശ്ചാത്യ സഭാചരിത്രത്തിലും മികച്ച അറിവുള്ള ഇദ്ദേഹം, സഭയുമായി ബന്ധപ്പെട്ട സമകാലിക കാര്യങ്ങൾ അറിയാൻവേണ്ടിയുള്ള പരന്ന വായന താൽപ്പര്യപൂർവം ഇപ്പോഴും തുടരുന്നു.

യേശുവിനെയും സഭയെയും ലോകത്തിന് കൃത്യമായി പരിചയപ്പെടുത്തിക്കൊടുക്കാൻ സമർപ്പണം ചെയ്ത ജോസുകുട്ടിയെന്ന മിഷണറിക്ക് വിശുദ്ധ കുർബാന അനുദിന ജീവിത ഭാഗമാണ്. ഓരോ ദിവസം പ്രഭാത ദിവ്യബലിയോടെ ആരംഭിക്കണമെന്ന് നിർബന്ധമുള്ള ഇദ്ദേഹം, ഭാര്യയോടൊത്ത് ദിവസവും ദിവ്യകാരുണ്യാരാധനയ്ക്കും സമയം ചെലവിടും. പ്രാർത്ഥനയുടെ ഫലദായകത്വത്തെക്കുറിച്ച് അനുഭവങ്ങളിൽനിന്ന് തന്റെ ഉൾക്കാഴ്ച മടികൂടാതെ നമ്മോട് പങ്കുവെക്കും.

‘പ്രാർത്ഥന വഴിയായി നമുക്ക് മുമ്പിലുള്ള പ്രതികൂല സാഹചര്യങ്ങളെല്ലാം പാടേ നീങ്ങണമെന്ന് വാശിപിടിക്കരുത്. എന്നാൽ, വിപരീത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള അധികശക്തി പ്രാർത്ഥിക്കുമ്പോൾ തീർച്ചയായും ദൈവം നമുക്ക് തരും.’ വിശുദ്ധ അൽഫോൻസാമ്മയുടെ തികഞ്ഞ ഭക്തൻ കൂടിയാണ് ജോസുകുട്ടിച്ചായൻ.

യു.എസിൽ സീറോ മലബാർ സഭയുടെ വളർച്ചയിൽ സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുള്ള ജോസുകുട്ടിക്ക് വിവിധ സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന പ്രാദേശിക സഭാസമൂഹങ്ങളുമായി അടുത്ത് ഇടപെടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സഭയുടെ വളർച്ചയ്ക്കുവേണ്ടി ആത്മാർത്ഥമായി അഹോരാത്രം സേവനം ചെയ്യുന്ന നിരവധി വിശ്വാസികളുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ഭിന്നതകളും പൊട്ടിത്തെറികളും അപ്രതീക്ഷിതമായി സംഭവിക്കാറുണ്ടൈന്നും ഇദ്ദേഹം പറയുന്നു. എന്നാൽ പ്രശ്‌നങ്ങളുടെ മൂലകാരണം പലപ്പോഴും ആത്മീയ സംബന്ധിയാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു

‘ആത്മാർത്ഥതയിൽ കൂടുതൽ സ്വാർത്ഥത കടന്നുകൂടുന്നതോടെയാണ് പ്രതിസന്ധികൾക്ക് തുടക്കമാകുന്നത്. ഒരു പക്ഷേ, ഞാനും എന്റെ പള്ളിയും, എന്റെ കുടുംബവും എനിക്ക് പ്രിയപ്പെട്ടവരുമെന്ന സമീപനം മാറ്റിനിർത്തി നമ്മളും നമ്മുടെ പള്ളിയുമെന്ന് വിശാലമായി ചിന്തിച്ച് തുടങ്ങിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ട് തുടങ്ങും,’ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിൽ ജോസുകുട്ടി വ്യക്തമാക്കി.

മിഷണറിയുടെ വഴിയേ

സഭാത്മക ശുശ്രൂഷയിലൂടെയും സേവന പ്രവർത്തനങ്ങളിലൂടെയും ഏത് ജീവിത സാഹചര്യങ്ങളിലും വിശ്വാസം അഭിവൃദ്ധിപ്പെടുത്തുകയെന്നത് മിഷണറിയുടെ ദൗത്യമാണ്. ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രയത്‌നിക്കേണ്ടത് എങ്ങനെയെന്നതിന് മാതൃകയാണ് ജോസുകുട്ടിയുടെ ശുശ്രൂഷകൾ.

‘ക്രിസ്തുവിന് സാക്ഷികളാകാൻ ദൃഢനിശ്ചയത്തോടെയുള്ള സ്വയം പരിശീലനംതന്നെ ആവശ്യമായി വരും. ഒരു പക്ഷേ, തുടക്കത്തിൽ നാം പ്രതീക്ഷിക്കുന്ന മികച്ച ഫലം ലഭിക്കണമെന്നില്ല. എങ്കിലും നിശ്ചയദാർഢ്യത്തോടെ പരിശ്രമം തുടരുക. ക്രൈസ്തവാദർശങ്ങളിൽ ഉറച്ചനിലപാടുകൾ സ്വീകരിക്കുമ്പോഴും സ്‌നേഹത്തിലധിഷ്ഠിതമായ ചില വിട്ടുവീഴ്ചകൾ തയാറാകേണ്ടി വരും,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വിപരീത സാഹചര്യങ്ങളുടെ സമ്മർദംമൂലം സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുപോയവരുണ്ടാകാം. ഏതെങ്കിലും നിഷേധാത്മക നിലപാടുകൾ മൂലം കത്തോലിക്കാസഭ വിട്ടുപോയവരുണ്ടാകാം പുതിയ സാഹചര്യങ്ങളിൽ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് വിശ്വാസത്തിൽ വളരാൻ ആവശ്യമായ പ്രോത്സാഹനം നൽകുകയെന്നത് മിഷണറിയുടെ അടിസ്ഥാന ദൗത്യമാണ്. ഈ ലക്ഷ്യം മുൻനിറുത്തിയാണ് നടയ്ക്കപ്പാടം വിവിധ സീറോ മലബാർ കൺവെൻഷനുകളുടെ സംഘാടകനായതും സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നതും.

കത്തോലിക്കാവിശ്വാസം അതിന്റെ സമഗ്രതയിൽ ജീവിച്ച് മാതൃകയാകുന്ന ഒരു മിഷണറിക്ക് ‘സഭാതാരം’ പുരസ്‌ക്കാരം ലഭിച്ചതറിഞ്ഞ് അനുമോദിക്കാനെത്തുന്നവർക്കുള്ള മറുപടി ഏതാനും വാക്കുകളിൽ അവസാനിക്കും. ‘അയോഗ്യദാസനായ എന്നെ ആ പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ അവസരം നൽകിയതിൽ നല്ലവനായ ദൈവത്തിന് ഞാൻ നന്ദിപറയുന്നു. എനിക്കല്ല, നിങ്ങൾക്കുള്ളതാണ് ഈ അവാർഡ്. യു.എസിലെ സീറോമലബാർ സഭയ്ക്കുള്ളത്.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?