Follow Us On

19

January

2021

Tuesday

മഹാമാരിയിൽനിന്ന് മുക്തി തേടി ഫിലിപ്പൈൻസ് ‘കറുത്ത നസ്രായന്റെ’ സന്നിധിയിലേക്ക്

മഹാമാരിയിൽനിന്ന് മുക്തി തേടി ഫിലിപ്പൈൻസ് ‘കറുത്ത നസ്രായന്റെ’ സന്നിധിയിലേക്ക്

മനില: മഹാമാരിയുടെ ഭീതിജനകമായ ദിനങ്ങളിലും സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ‘കറുത്ത നസ്രായ’ന്റെ തിരുനാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഫിലിപ്പൈൻസിലെ വിശ്വാസീസമൂഹം. വിഖ്യാതമായ നഗര പ്രദക്ഷിണം ഒഴിവാക്കിയും കൂടുതൽ ദിവ്യബലി അർപ്പണങ്ങൾ ക്രമീകരിച്ച് ജനസാന്നിധ്യം നിയന്ത്രിച്ചുമാണ് ഇത്തവണ തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫിലിപ്പൈൻ ജനത നാളെ (ജനുവരി ഒൻപത്) കറുത്ത നസ്രായന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ലോകം കോവിഡ് മഹാമാരിയിൽനിന്ന് മുക്തമാകാനുള്ള പ്രാർത്ഥനകളാകും പ്രധാനമായും ബലിവേദിയിൽ അർപ്പിക്കപ്പെടുക.

ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ മെക്‌സിക്കോയ്ക്ക് എങ്ങിനെയോ, അതുപോലെതന്നെയാണ് ഫിലിപ്പൈൻസ് ജനതയ്ക്ക് കറുത്ത നസ്രായന്റെ തിരുനാൾ. കുരിശുവഹിക്കുന്ന ക്രിസ്തുവിന്റെ കറുത്ത നിറത്തിലുള്ള തിരുരൂപത്തിന് ഫിലിപ്പൈൻസ് ജനത സ്‌നേഹാദരവുകളോടെ നൽകിയിരിക്കുന്ന വിശേഷണമാണ് ‘കറുത്ത നസ്രായൻ.’ അജ്ഞാതനായ മെക്‌സിക്കൻ ശിൽപ്പി 16^ാം നൂറ്റാണ്ടിൽ മരത്തിൽ നിർമിച്ച ഈ തിരുരൂപം 1606ൽ അഗസ്റ്റീനിയൻ സന്യാസിമാരാണ് മെക്‌സിക്കയിൽനിന്ന് കൊണ്ടുവന്നത്.

മനിലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കിയാപ്പൊ ദൈവാലയത്തിലാണ് ഈ തിരുരൂപം സ്ഥാപിച്ചിരിക്കുന്നത്. ഇന്നസെന്റ് 10-ാമൻ പാപ്പ 1650ൽ ഈ തിരുരൂപത്തോടുള്ള വണക്കത്തിന് അംഗീകാരം നൽകി. യാത്രയ്ക്കിടെ കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും തിരുരൂപം അത്ഭുതകരമായി അതിനെ അതിജീവിച്ചെങ്കിലും കറുപ്പ് നിറമായി മാറിയെന്നാണ് പാരമ്പര്യ വിശ്വാസം. തിരുനാൾ ദിനത്തിൽ നടത്തുന്ന പ്രദക്ഷിണമാണ് ഏറ്റവും വലിയ സവിശേഷത. 3.7 മൈൽ സഞ്ചരിക്കുന്ന പ്രദിക്ഷണത്തിൽ ഏതാണ്ട് 60 ലക്ഷം പേർ അണിചേരാറുണ്ട്. ഏതാണ്ട് 19 മണിക്കൂർ കൊണ്ടാണ് പ്രദക്ഷിണം പൂർത്തിയാകുക.

പ്രദക്ഷിണം ഇത്തവണ ഒഴിവാക്കാൻ ഒക്‌ടോബറിൽതന്നെ സഭാ, സർക്കാർ അധികൃതർ തീരുമാനിച്ചിരുന്നു. തിരുനാൾ തിരുക്കർമങ്ങൾക്ക് മറ്റ് മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും ദൈവാലയത്തിനകത്ത് ജനപങ്കാളിത്തം നിയന്ത്രിക്കും. പുലർച്ചെ 4.30മുതൽ രാത്രി 10.30വരെയുള്ള സമയങ്ങളിലായി 15 ദിവ്യബലികളാണ് കിയാപ്പൊ ദൈവാലയത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവ്യബലിയിലും 400 പേർക്ക് മാത്രമാണ് ദൈവാലയത്തിനകത്ത് പ്രവേശനം നൽകുക.

എന്നാൽ, സുരക്ഷിതമായ അകലം പാലിച്ച് ദൈവാലയത്തിന് വെളിയിൽനിന്ന് തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ വലിയ വീഡിയോ സ്‌ക്രീനുകൾ ക്രമീകരിക്കും. തിരുരൂപം ചുംബിക്കാൻ അവസരമുണ്ടാകില്ല. അതുപോലെ, തിരുനാൾ ദിനങ്ങളിൽ വിശ്വാസികൾതിരുരൂപത്തിന്റെ വലിയ മാതൃകകൾ ദൈവാലയത്തിലെത്തിക്കുന്നതും പതിവാണ്. എന്നാൽ ഇത്തവണ ചെറുരൂപങ്ങൾ മാത്രമേ കൊണ്ടുവരാവൂ എന്നും സഭാധികാരികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?