വത്തിക്കാൻ സിറ്റി: സമൂഹത്തിൽ വേരൂന്നിയ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കണമെന്ന് അമേരിക്കൻ ജനതയെ ഓർമിപ്പിച്ചും അമേരിക്കയ്ക്കുവേണ്ടി പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. അമേരിക്കയിലെ കാപ്പിറ്റൽ കെട്ടിടത്തിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറി അഴിച്ചുവിട്ട അക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ. പ്രക്ഷോപത്തിനിടെ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ആഞ്ചലൂസ് സന്ദേശത്തിന്റെ സമാപനത്തിൽ പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ.
‘അക്രമങ്ങൾ നശീകരണ പ്രവൃത്തിയാണ്. അക്രമങ്ങളിലൂടെ നിരവധിയായ നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും ഉണ്ടാവില്ല. ദേശീയമായ അനുരജ്ഞനം വളർത്താനും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും ഭരണാധികാരികളും ജനങ്ങളും ഉത്തരവാദിത്വബോധത്തോടെ വർത്തിക്കണം,’ അമേരിക്കൻ ഐക്യനാടുകളുടെ സഹരക്ഷകയായ ദൈവമാതാവിന്റെ സംരക്ഷണംതേടി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ: ‘പൊതുവായ നന്മ കെട്ടിപ്പടുക്കാനുള്ള പ്രധാന മാർഗമായ കരുതലുള്ള സംസ്കാരം സജീവമായി നിലനിർത്താൻ പരിശുദ്ധ കന്യകാമാതാവ് സഹായിക്കട്ടെ.’
ഏതാനും സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് സർട്ടിഫിക്കേഷൻ സംബന്ധിച്ച ചർച്ചകൾ നടക്കവേ കാപ്പിറ്റൽ കെട്ടിടത്തിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. അക്രമത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്കേറ്റു. അക്രമത്തെ അപലപിച്ച് അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതിയും വിവിധ രൂപതാധ്യക്ഷന്മാരും രംഗത്തെത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *