Follow Us On

19

January

2021

Tuesday

കാനോൻ നിയമത്തിൽ ഭേദഗതി; അൾത്താര ശുശ്രൂഷയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇനി ഔദ്യോഗികം

കാനോൻ നിയമത്തിൽ ഭേദഗതി; അൾത്താര ശുശ്രൂഷയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇനി ഔദ്യോഗികം

വത്തിക്കാൻ സിറ്റി: അൾത്താര ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഔദ്യോഗികമായി ഉറപ്പാക്കാൻ കാനോൻ നിയമത്തിൽ ഭേദഗതി വരുത്തി ഫ്രാൻസിസ് പാപ്പ. ‘സ്പിരിതുസ് ഡോമിനി’ എന്ന സ്വയാധികാര പ്രബോധനത്തിലൂടെയാണ് (മോത്തൂപ്രോപ്രിയോ) കാനോൻ നിയമത്തിലെ 230-ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയത്. ഇതുപ്രകാരം, ദിവ്യബലിമധ്യേ സുവിശേഷം ഒഴികെയുള്ള വിശുദ്ധഗ്രന്ഥ ഭാഗങ്ങൾ വായിക്കാനും അൾത്താര ശുശ്രൂഷിയാകാനും ദിവ്യകാരുണ്യം നൽകാനുമാണ് (യൂക്കരിസ്റ്റിക് മിനിസ്റ്റേഴ്‌സ്) അനുമതി നൽകിയത്.

നിലവിൽ ഈ അൾത്താര ശുശ്രൂഷകൾ  കത്തോലിക്കാ സഭയിൽ സ്ത്രീകൾ നിർവഹിക്കുന്നുണ്ടെങ്കിലും അവർക്ക് ചട്ടപ്രകാരം ഈ ശുശ്രൂഷകൾ ഏൽപ്പിച്ചു നൽകാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലൂടെ പ്രാബല്യത്തിലായത്. എന്നാൽ, അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശമില്ലെന്നും രേഖ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ വിവാഹം ആശീർവദിക്കാനും മാമ്മോദീസ പരികർമം ചെയ്യാനും മൃതസംസ്‌കാരം നടത്താനും അനുവാദമില്ല.

1972ൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ ഈ ശുശ്രൂഷകളെ പൗരോഹിത്യ പദവിക്കു പ്രാരംഭമായുള്ള ലഘുപട്ടങ്ങളായി (മൈനർ ഓർഡേഴ്‌സ്) പരിഗണിക്കുന്നതു നിർത്തലാക്കിയിരുന്നു. അതിനാൽ പുതിയ ഭേദഗതികളെ സ്ത്രീകളുടെ പൗരോഹിത്യപദവിയിലേക്കുള്ള ചുവടുവെപ്പായി വ്യാഖ്യാനിക്കാനാവില്ല. നിലവിൽ പലരാജ്യങ്ങളിലും സ്ത്രീകൾ യൂക്കരിസ്റ്റിക് മിനിസ്റ്റേഴ്‌സായി ശുശ്രൂഷ ചെയ്യുന്നുണ്ട്. വ്യക്തി, ശുശ്രൂഷാ ജീവിതങ്ങൾ സൂക്ഷപരിശോധനയ്ക്ക് വിധേയമാക്കിയും തക്കതായ പരിശീലനം നൽകിയുമാണ് സ്ത്രീകളെയും പുരുഷന്മാരെയും പ്രാദേശിക സഭകൾ യൂക്കരിസ്റ്റിക് മിനിസ്റ്റേഴ്‌സായി ചുമതലപ്പെടുത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?