കെയ്റോ: ആഗോളകത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തിൽ, ‘തിരുകുടുംബത്തിന്റെ പാത’ പദ്ധതി വേഗത്തിലാക്കി ഈജിപ്ഷ്യൻ ഭരണകൂടം. ഹേറോദേസിന്റെ ഭീഷണിമൂലം പലായനം ചെയ്ത തിരുക്കുടുംബം ഈജിപ്തിൽ എത്തിയപ്പോൾ സഞ്ചരിച്ച സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് തയാറാക്കുന്ന പദ്ധതിയാണ് ‘തിരുകുടുംബത്തിന്റെ പാത.’ സീനായ് തീരം മുതൽ അപ്പർ ഈജിപ്തുവരെ നീളുന്ന പാതയ്ക്ക് ഏതാണ്ട് 3500 കിലോമീറ്റർ ദൈർഘ്യമുണ്ടാകും.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ ദൈവാലയങ്ങളും സ്മാരകങ്ങളും ഉൾപ്പെടെയുള്ള 25 സ്ഥലങ്ങളിൽ ഡെസ്റ്റിനേഷൻ പോയിന്റുകൾ ക്രമീകരിക്കും. അതിൽ ഒന്നായ, പുരാതന ദൈവാലയം സ്ഥിതിചെയ്യുന്ന സമാനൗദ് സിറ്റിയിലെ ‘പോയിന്റ്’ കഴിഞ്ഞ ദിവസം വിശ്വാസികൾക്കായി സമർപ്പിച്ചു.
ഈജിപ്തിലെ എട്ട് ഗവർണറേറ്റുകളിലൂടെ കടന്നുപോകുന്ന പദ്ധതി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന പാതയായി ഇത് മാറും. 2020ൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പലവിധ കാരണങ്ങളാൽ അത് സാധ്യമാകാതെ പോകുകയായിരുന്നു. മന്ദഗതിയിലായ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ച പശ്ചാത്തലത്തിൽ, കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ആചരിക്കുന്ന 2021ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അന്താരാഷ്ട്ര സംഘടനകളുടെയും വ്യക്തികളുടെയും സാമ്പത്തികമായ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസത്തിൽനിന്നുളള വരുമാനവും ഈജിപ്ത് ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്തിന് ഇത് ആശ്വാസം പകരുമെന്നും വിലയിരുത്തപ്പെടുന്നു. ‘തിരുകുടുംബത്തിന്റെ പാത’ പദ്ധതിയുടെ പ്രതിനിധികൾ 2017ൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചതും ശ്രദ്ധേയമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *