റോം/ മെക്സിക്കോസിറ്റി: കോവിഡ് ബാധിതരായി ഇതുവരെ ഇറ്റലിയിൽ 200ൽപ്പരം വൈദികരും ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ നാല് ബിഷപ്പുമാരുൾപ്പെടെ 138 വൈദികരും മരണപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മാധ്യമമായ ‘അവനീരെ’യാണ് ഇറ്റലിയിൽനിന്നുള്ള കണക്കുകൾ പുറത്തുവിട്ടത്; മെക്സിക്കോയിൽനിന്നുള്ള കണക്കുകൾ റിപ്പോർട്ട് ചെയ്തത് കത്തോലിക്കാ മാധ്യമമായ ‘മൾട്ടിമീഡിയ കാത്തലിക് സെന്ററും’. ഇറ്റലിയിൽ മഹാമാരി റിപ്പോർട്ട് ചെയ്തശേഷം ഓരോ ഒന്നര ദിവസത്തിലും ഒരു വൈദികർ മരണത്തിനിരയായെന്നും ‘അവനീരെ’ ചൂണ്ടിക്കാട്ടുന്നു.
2020ൽ മാത്രം 200ൽപ്പരം വൈദികർ കോവിഡ് ബാധിച്ച് മരിച്ചെന്ന് ‘അവനീരെ’ വെളിപ്പെടുത്തുന്നു. 2021ന്റെ ആരംഭത്തിൽ വീണ്ടും നാലു വൈദികർകൂടി മരണപ്പെട്ടു. മരിച്ച വൈദികരിൽ ഭൂരിഭാഗവും 70നും 80നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വൈദികരിൽ ഒരാൾ കോമോ രൂപതാംഗമായ 58 വയസുകാരൻ ഫാ. ആൽഫ്രഡോ നിക്കോളാർഡിയാണ്. ഇറ്റലിയിൽ സേവനം ചെയ്യുന്നു കോംഗോ സ്വദേശിയും 51 വയസുകാരനുമായ ഫാ. മാറ്റെയോ എംപാംപെനെയായാണ് പ്രായം കുറഞ്ഞ മറ്റൊരു വൈദികൻ. പ്രായമായെങ്കിലും മരണപ്പെട്ടവരിൽ ഏറെയും ഇടവക ശുശ്രൂഷയിൽ വ്യാപരിക്കുന്നവരായിരുന്നു.
2020 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് മെക്സിക്കൻ വാർത്താ മാധ്യമമായ ‘മൾട്ടിമീഡിയ കാത്തലിക് സെന്റർ’ പുറത്തുവിട്ടത്. നാല് ബിഷപ്പുമാർക്കും 134 വൈദികർക്കും പുറമെ എട്ട് ഡീക്കന്മാരും മരണപ്പെട്ടു.നിലവിൽ കോവിഡ് ബാധിതരായ 14 ബിഷപ്പുമാർ ചികിത്സയിലുണ്ട്. 2020 നവംബർ ഒന്നിനും 20നും ഇടയിൽമാത്രം 11 വൈദികരാണ് മരണപ്പെട്ടത്. രോഗബാധ മന്ദഗതിയിലായതായി ആരോഗ്യ അധികൃതർ വാദിക്കുന്നുണ്ടെങ്കിലും അപ്രകാരമല്ല സ്ഥിതി. വൈറസ് വ്യാപനവും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ നടപടികൾ കർശനമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിതരായി നിരവധി വൈദികരും സഭാശുശ്രൂഷകരും മരണപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *