Follow Us On

19

January

2021

Tuesday

സെക്കുലർ ‘ഷോ’കളെ പിന്നിലാക്കി ഫാ. ഷ്മിറ്റ്‌സിന്റെ ബൈബിൾ പോഡ്കാസ്റ്റ് ‘ആപ്പിളിൽ’ ഒന്നാമത്!

ക്രെസ്‌ലിൻ നെറ്റോ

സെക്കുലർ ‘ഷോ’കളെ പിന്നിലാക്കി ഫാ. ഷ്മിറ്റ്‌സിന്റെ ബൈബിൾ പോഡ്കാസ്റ്റ് ‘ആപ്പിളിൽ’ ഒന്നാമത്!

യുവജന ശുശ്രൂഷകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ കത്തോലിക്കാ വൈദികൻ ഫാ. മൈക്ക് ഷ്മിറ്റ്‌സ് പുതുവർഷദിനത്തിൽ ആരംഭിച്ച ‘ബൈബിൾ ഇൻ എ ഇയർ’ പോഡ്കാസ്റ്റ് ശ്രോതാക്കളുടെ എണ്ണത്തിൽ ‘ആപ്പിൾ പോഡ്കാസ്റ്റി’ൽ ഒന്നാം സ്ഥാനത്ത്. ഒരു വർഷംകൊണ്ട് ബൈബിൾ ആഴത്തിൽ മനസിലാക്കാനും രക്ഷാകര ചരിത്രം പഠിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന ബൈബിൾ പരിശീലന പദ്ധതിയാണ് ‘ബൈബിൾ ഇൻ എ ഇയർ’. ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഐട്യൂൺസിലും ആപ്പിൾ പോഡ്കാസ്റ്റിലും ‘ബൈബിൾ ഇൻ എ ഇയർ’ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മാധ്യമാധിഷ്ഠിത വിശ്വാസപരിശീല രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ‘അസെൻഷൻ പ്രസ്’ ആണ് ഈ പരിശീലനപദ്ധതിയുടെ ഉപജ്ഞാതാക്കൾ. പ്രശസ്ത ബൈബിൾ പണ്ഡിതൻ ജെഫ് കാവിൻസ് ആവിഷ്‌ക്കരിച്ച ‘ദ ബൈബിൾ ടൈംലൈൻ’ എന്ന ഈ പരിശീലന രീതിയാണ് ‘ബൈബിൾ ഇൻ എ ഇയർ’ പിന്തുടരുന്നത്. ഓരോ എപ്പിസോഡിലും രണ്ടു മുതൽ മൂന്നു വരെ വചനഭാഗങ്ങൾ ഫാ. ഷ്മിറ്റ്‌സ് വായിക്കും. ശേഷം വിശ്വാസികൾക്ക് അവയുടെ ആന്തരീകാർത്ഥം മനസിലാകാൻ വചനഭാഗങ്ങളുടെ വിവരണങ്ങളും വിചിന്തനങ്ങളും പങ്കുവെക്കും. 20 മുതൽ 25 മിനിറ്റ് ദൈർഘ്യമുള്ള ഓരോ എപ്പിസോഡും സമാപിക്കുന്നത് ചെറു പ്രാർത്ഥനയോടെയാണ്.

പുതുവത്സരത്തിന് മുമ്പുതന്നെ ആപ്പിളിന്റെ ‘റിലീജിയൻ ആൻഡ് സ്പിരിച്വാലിറ്റി’ ചാർട്ടിൽ ഒന്നാമതെത്തിയ ‘ബൈബിൾ ഇൻ എ ഇയർ’ പോഡ്കാസ്റ്റ്, ആദ്യ എപ്പിസോഡ് മുതൽതന്നെ അമേരിക്കൻ ജനതയുടെ പ്രിയപ്പെട്ട പോഡ്കാസ്റ്റായി മാറുകയായിരുന്നു. ഒരു വർഷത്തോളം കൊറോണ വൈറസ് പ്രതിസന്ധിയെ നേരിട്ടതിനാൽ ജീവിതത്തിൽ വലിയ ഒരു മാറ്റം കൊണ്ടുവരാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്രയും കേൾവിക്കാരെ ലഭിച്ചതെന്നും അദ്ദേഹം ‘ഫോക്‌സ് ന്യൂസി’നോട് പറഞ്ഞു.

‘ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുദിന ജീവിതവുമായി വലിയ ബന്ധമുണ്ട്. അതിനാൽ ദൈവവിശ്വാസികൾ അല്ലാത്തവരും പോഡ്കാസ്റ്റ് ശ്രവിക്കണം,’ അദ്ദേഹം വ്യക്തമാക്കി. ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റ് ആപ്പിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതും അത്ര സാധാരണമല്ല. ബെൻ ഷാപ്പിറോ ഷോ, ജോയി റീഗൻ ഷോ എന്നിങ്ങനെയുള്ള പ്രശസ്ത സെക്കുലർ പോഡ്കാസ്റ്റുകൾ പോലും ‘ബൈബിൾ ഇൻ എ ഇയർ’ പോഡ്കാസ്റ്റിന് പിന്നിലാണെന്നതും ശ്രദ്ധേയം.

ഐട്യൂൺസ്, ആപ്പിൾ പോഡ്കാസ്റ്റ്, സ്‌പോട്ടിഫയ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കു പുറമെ അസൻഷൻ വെബ്‌സൈറ്റിലും പോഡ്കാസ്റ്റ് സൗജന്യമായി ലഭ്യമാണ്. ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ, വായിക്കേണ്ട ബൈബിൾ ഭാഗങ്ങൾ ലഭ്യമാകും. അമേരിക്കയിലെ ഡുളുത് രൂപതയുടെ യുവജന പ്രസ്ഥാനങ്ങളുടെ ഡയറക്ടറായ ഫാ. ഷ്മിറ്റ്‌സ്, മിനിസോട്ട- ഡുളുത് യൂണിവേഴ്‌സിറ്റിയിലെ ന്യൂമാൻ കാത്തലിക് ക്യാമ്പസ് മിനിസ്റ്ററി ചാപ്ലൈനുമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?