Follow Us On

20

April

2024

Saturday

രോഗീപരിചരണത്തിൽ വിശ്വാസാധിഷ്ടിത ബന്ധം സുപ്രധാനം: പാപ്പ

രോഗീപരിചരണത്തിൽ വിശ്വാസാധിഷ്ടിത ബന്ധം സുപ്രധാനം: പാപ്പ

വത്തിക്കാൻ സിറ്റി: രോഗീപരിചരണത്തിൽ രോഗിയും ശുശ്രൂഷകരും തമ്മിലുള്ള വിശ്വാസാധിഷ്ടിതമായ ബന്ധം സുപ്രധാനമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. രോഗികളും അവരെ പരിപാലിക്കുന്നവരും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അടിസ്ഥാനമിട്ടാൽ നിഷേധാത്മക മനോഭാവത്തെ അതിജീവിക്കാനും രോഗികളുടെ അന്തസിനെ ആദരവോടെ സമീപിക്കാനും സഹായിക്കുമെന്നും പാപ്പ വ്യക്തമാക്കി. ലൂർദ് മാതാവിന്റെ തിരുനാളായ ഫെബ്രുബരി 11ന് ആഗോളസഭ ആചരിക്കുന്ന 29-ാമത് ലോക രോഗീദിനത്തോട് അനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഒരു സമൂഹം അതിലെ ഏറ്റവും ദുർബലരായ അംഗങ്ങളെ സാഹോദര്യസ്‌നേഹത്തോടെ പരിപാലിക്കുമ്പോളാണ് ആ സമൂഹം കൂടുതൽ മനുഷ്യത്വമുള്ളതാകുന്നത്. കാപട്യത്തിനും സ്വയാരാധനയ്ക്കും എതിരെ മറ്റുള്ളവരുമായി വ്യക്തിബന്ധം സ്ഥാപിച്ച് സഹാനുഭൂതി പ്രകടിപ്പിക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരുടെ കഷ്ടതകൾ നമ്മുടേത് കൂടിയാക്കി മാറ്റാനും ശ്രമിക്കണം. രോഗങ്ങൾ നമ്മുടെ ദുർബലത മനസിലാക്കി തരിക മാത്രമല്ല, മറ്റുള്ളവരെ നമുക്ക് ആവശ്യമാണെന്ന ബോധ്യവും പകരുന്നുണ്ട്.

നിരവധി മുഖങ്ങളുണ്ട് രോഗാവസ്ഥയ്ക്ക്. ഒരു വ്യക്തി രോഗിയായിരിക്കുമ്പോൾതന്നെ അവഗണനയ്ക്കും ഒഴിവാക്കപ്പെടലിനും മൗലികാവകാശ നിഷേധത്തിനും സാമൂഹിക അനീതികൾക്കും ഇരയാകുന്നുണ്ട്. ഈ കാലയളവിൽ നാം നേരിട്ട കോവിഡ് മഹാമാരി നമ്മുടെ ആരോഗ്യപരിപാലന സംവിധാനങ്ങളിലെ അസമത്വവും രോഗിപരിചരണത്തിലെ പോരായ്മകളും തുറന്നുകാട്ടി. എന്നാൽ ആരോഗ്യ- സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ, പുരോഹിതർ, അൽമായർ, എന്നിവരുടെ സമർപ്പണവും ഔദാര്യവും എത്രമാത്രം വിശാലമാണെന്നും ഇക്കാലം ഉയർത്തിക്കാട്ടുകയും ചെയ്തു.

വാസ്തവത്തിൽ രോഗികളോട് കാണിക്കുന്ന അടുപ്പം അവരുടെ കഷ്ടപ്പാടുകളിൽ പിന്തുണയും ആശ്വാസവും നൽകുന്ന വിലയേറിയ തൈലമാണ്. പാപത്താൽ മുറിവേറ്റ ഓരോരുത്തരെയും അനുകമ്പയോടെ ചേർത്തുനിർത്തിയ നല്ല സമരിയാക്കാരനായ യേശുക്രിസ്തുവിന്റെ സ്‌നേഹമാണ് ക്രിസ്ത്യാനികളെന്ന നിലയിൽ നാം അനുഭവിക്കുന്നത്. ശുശ്രൂഷിക്കുക എന്നാൽ നമ്മുടെ കുടുംബങ്ങളിലെയും സമൂഹത്തിലെയും ദുർബലരെ പരിചരിക്കുക എന്നാണ് അർത്ഥം.

എന്തെന്നാൽ നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറ്റിവെച്ച് ഏറ്റവും ദുർബലരുടെ മുഖത്തേക്ക് നോക്കാനും അവരെ ചേർത്തുപിടിക്കാനും അവരുടെ അടുപ്പം മനസിലാക്കാനും അവരെ സഹായിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1992ലാണ്, ലൂർദ് മാതാവിന്റെ തിരുനാൾ രോഗീദിനമായി പ്രഖ്യാപിച്ചത്. ‘എന്തെന്നാൽ നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു, നിങ്ങളെല്ലാവരും സഹോദരന്മാരാണ്,’ (മത്താ.23:8) എന്ന തിരുവചനമാണ് ഈ വർഷത്തെ ആപ്തവാക്യം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?