Follow Us On

19

January

2021

Tuesday

ദൈവമാതാവിന്റെ കരംപിടിച്ച് സ്‌കോട്ടിഷ് ജനത; 33 ദിന സമർപ്പണ തിരുക്കർമങ്ങൾക്ക് തുടക്കമായി

ദൈവമാതാവിന്റെ കരംപിടിച്ച് സ്‌കോട്ടിഷ് ജനത; 33 ദിന സമർപ്പണ തിരുക്കർമങ്ങൾക്ക് തുടക്കമായി

സ്‌കോട്ട്‌ലൻഡ്: കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുമ്പോൾ ദൈവമാതാവിന്റെ വിശേഷാൽ മധ്യസ്ഥംതേടി 33 ദിന ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് സ്‌കോട്ട്‌ലൻഡിലെ വിശ്വാസീസമൂഹം. ജനുവരി ഒൻപതുമുതൽ ലൂർദ് മാതാവിന്റെ തിരുനാൾ ദിനം (ഫെബ്രു.12) വരെ നീളുന്ന മരിയൻ സമർപ്പണ ശുശ്രൂഷകൾക്ക് പെയ്‌സ്‌ലി ബിഷപ്പ് ജോൺ കീനനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈനിലൂടെ എല്ലാ ദിവസവും ക്രമീകരിക്കുന്ന ശുശ്രൂഷയിൽ പങ്കുചേരാൻ ലോകമെമ്പാടുമുള്ള വിശ്വാസീഗണത്തെയും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.

ജനങ്ങളെ ഒന്നടങ്കം ദൈവമാതാവിന് സമർപ്പിക്കാൻ ക്ഷണിച്ചുകൊണ്ട് പെയ്‌സ്‌ലി രൂപതയിലെ 35 പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അയച്ച കത്തിന് ലഭിച്ച ക്രിയാത്മക പ്രതികരണമാണ്, ലോകജനതയെ ഒന്നടങ്കം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമർപ്പണ ശുശ്രൂഷകൾക്ക് ബിഷപ്പിനെ പ്രചോദിപ്പിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ‘ചിൽഡ്രൻസ് റോസറി’ പ്രസ്ഥാനത്തിന്റെ സ്ഥാപക ബ്ലൈത്ത് കോഫ്മാൻ തയാറാക്കിയ ‘ദ ചൈൽഡ് കോൺസക്രേഷൻ: ടു ജീസസ് ത്രൂ മേരി’ എന്ന പുതിയ പുസ്തകം സമർപ്പണ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയം.

ലൂർദ് നാഥയോടുള്ള ഭക്തിക്ക് സവിശേഷമായ സ്ഥാനം നൽകുന്ന രൂപതയിൽനിന്ന് എല്ലാ വർഷവും ലൂർദിലേക്ക് തീർത്ഥാടനം നടത്തുക പതിവാണ്. മഹാമാരിമൂലം ഇത്തവണ അത് ഒഴിവാക്കേണ്ടിവന്നെങ്കിലും മരിയൻ സമർപ്പണത്തിലൂടെ ലൂർദ് നാഥയുടെ സവിധത്തിൽ അത്മനാ എത്താനാകുമെന്ന് ബിഷപ്പ് കീനൻ പ്രത്യാശ പ്രകടിപ്പിച്ചു. ‘ഓരോ വർഷവും ലൂർദ് നാഥയുടെ സന്നിധിയിലെത്തി ഞങ്ങളുടെ ഉദ്യമങ്ങളും പ്രാർത്ഥനകളുമെല്ലാം ദൈവമാതാവിന് സമർപ്പിക്കുന്നത് പതിവാണ്. ലോകത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന കോവിഡ് മഹാമാരി കെട്ടടങ്ങാനും അതുമൂലമുള്ള ആശങ്കകളിൽനിന്നുള്ള മുക്തിക്കായും ഈ വർഷം നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.’

കുട്ടികൾക്ക് ദിവസേന സ്‌കൂളുകളിൽ സമർപ്പണ തിരുക്കർമങ്ങൾ ക്രമീകരിക്കുന്നതിനു പുറമെ മുതിർന്നവർക്കായി എല്ലാ ദിവസവും രാത്രി 9.00ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ 15 മിനിറ്റ് ദൈർഘ്യമുള്ള വിശേഷാൽ ശുശ്രൂഷയും അദ്ദേഹം ക്രമീകരിച്ചിട്ടുണ്ട്. പുസ്തകത്തിലെ ഒരു അധ്യായവും അതിലെ പ്രാർത്ഥനയുമാകും പ്രധാന ഉള്ളടക്കം. തത്‌സമയം ആ ശുശ്രൂഷയിൽ പങ്കുചേരാനാകാത്തവർ അന്നേ ദിനംതന്നെ അനുയോജ്യമായ സമയം അതിനായി വിനിയോഗിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘പുസ്തകത്തിന്റെ തലക്കെട്ടു മാത്രം കണക്കിലെടുത്ത് സമർപ്പണ പ്രാർത്ഥനകൾ ഒരു പ്രായവിഭാഗത്തിന് മാത്രമുള്ളതായി കരുതരുത്. കുട്ടികൾക്ക് ചെയ്യുന്നതുപോലെ മുതിർന്നവർക്കും പുരോഹിതർക്കുംകൂടി പ്രയോജനപ്പെടുത്താവുന്ന പുസ്തകം കൂടിയാണിത്. മറിയത്തിലൂടെ യേശുവിനെ സമർപ്പിക്കുന്നതിനുള്ള ആകർഷകമായ മാർഗമാണിത്,’ബിഷപ്പ് കീനൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?