വത്തിക്കാൻ സിറ്റി: എല്ലായ്പ്പോഴും ദൈവം വിശ്വസ്തനാണെന്ന ബോധ്യത്തോടെ ഏത് സാഹചര്യത്തിലും നാം ദൈവത്തെ സ്തുതിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവം വിശ്വസ്തനായ സുഹൃത്താണെന്നും അവിടുത്തെ സ്നേഹം ഒരിക്കലും പരാജയപ്പെടല്ലെന്നും പാപ്പ പറഞ്ഞു. പൊതുസന്ദർശനമധ്യേ, സ്തുതി ആരാധനയുടെ മാനങ്ങൾ പ്രതിഫലിപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ.
ദൈവരാജ്യത്തെ കുറിച്ച് പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് പരസ്യ ജീവിതത്തിന് യേശു തുടക്കം കുറിച്ച നാളുകളിൽ വലിയ പ്രതിസന്ധികളും അവിടുത്തേക്ക് നേരിടേണ്ടി വന്നു. തന്നെ ശ്രവിച്ചിരുന്നവർ യേശുവിന്റെ പ്രബോധനങ്ങളോട് വിദ്വേഷം പ്രകടിപ്പിച്ചപ്പോൾ, സ്നാപക യോഹന്നാനും അവിടുത്തെ സംശയിച്ചു. നിരാശാജനകമായ ഈ നിമിഷത്തിലും പക്ഷേ, പിതാവായ ദൈവത്തോട് യേശു പരാതി പറഞ്ഞില്ല. മറിച്ച്, സന്തോഷത്തിന്റെയും സ്തുതിയുടെയും ഒരു ഗീതമാണ് പിതാവിന്റെ സന്നിധിയിലേക്ക് യേശു ഉയർത്തിയത്.
ജ്ഞാനികളെന്നും പാണ്ഡിത്യമുള്ളവരെന്നും കരുതപ്പെടുന്നവർ പലപ്പോഴും ക്രിസ്തുവിന്റെ പ്രഘോഷണങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചത്. അതേസമയം, കൊച്ചുകുട്ടികൾ അവിടുത്തെ സന്ദേശങ്ങൾ തുറന്ന മനസോടെ സ്വീകരിച്ചു. ഇതാണ് പിതാവിന്റെ തിരുവിഷ്ടം. അതിനാൽ നമുക്കും ദൈവത്തെ സന്തോഷിപ്പിക്കുകയും സ്തുതിക്കുകയും ചെയ്യാം. എന്തെന്നാൽ എളിമയുള്ളവരാണ് സുവിശേഷത്തെ സ്വാഗതം ചെയ്യുന്നത്.
എന്നാൽ പലപ്പോഴും നാം ദൈവത്തെ സ്തുതിക്കുന്നത് തിന്മ നിലനിൽക്കുന്നുവെന്നും അത് തടയാൻ മറ്റ് മാർഗങ്ങളില്ലെന്നും തോന്നുമ്പോൾ മാത്രമാണ്. ദൈവത്തിനുവേണ്ടിയല്ല, മറിച്ച് നമ്മുടെ സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയാണ് പലപ്പോഴും നാം അവിടുത്തെ സ്തുതിക്കുന്നത്. എന്നാൽ, സന്തോഷകരമായ സമയങ്ങളിലും അനുഗ്രഹിക്കപ്പെടുമ്പോഴുമെല്ലാം നാം ദൈവത്തെ സ്തുതിക്കണം.
പരാജയമെന്ന് തോന്നുന്ന നിമിഷങ്ങളിൽ നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ പരാജയങ്ങളെ മറ്റൊരു വെളിച്ചത്തിൽ കാണാനുള്ള കൃപയിലേക്ക് നാം നയിക്കപ്പെടും. കാരണം, ദൈവത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുമ്പോൾ പുതിയതും വിശാലവുമായ ഒരു ചക്രവാളം നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവത്തെ സ്തുതിച്ച വിശുദ്ധന്മാരുടെ ജീവിതമാതൃക നാം സ്വീകരിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *