Follow Us On

19

April

2024

Friday

ഗ്ലാസ്‌കോ ആർച്ച്ബിഷപ്പ് ഫിലിപ്പ് ടാർറ്റഗ്ലിയ ദിവംഗതനായി; യാത്രയായത് അഭയാർത്ഥികളെ മാറോട് ചേർത്ത ഇടയൻ

ഗ്ലാസ്‌കോ ആർച്ച്ബിഷപ്പ് ഫിലിപ്പ് ടാർറ്റഗ്ലിയ ദിവംഗതനായി; യാത്രയായത് അഭയാർത്ഥികളെ മാറോട് ചേർത്ത ഇടയൻ

ഗ്ലാസ്‌കോ: അഭയാർത്ഥികൾക്ക് നൽകേണ്ട മനുഷ്യാന്തസിനുവേണ്ടി വാദിക്കുകയും സ്‌കോട്ട്‌ലൻഡിലെ ഏറ്റവും വലിയ അതിരൂപതയായ ഗ്ലാസ്‌ഗോയെ ഒരു പതിറ്റാണ്ടുകാലം നയിക്കുകയും ചെയ്ത ആർച്ച്ബിഷപ്പ് ഫിലിപ്പ് ടാർറ്റഗ്ലിയ ഇനി ദീപ്തസ്മരണ. ഡിസംബർ അവസാനം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വവസതിയിൽ കഴിയുകയായിരുന്നു. ഗ്ലാസ്‌ഗോയുടെ മധ്യസ്ഥൻ വിശുദ്ധ മുൻഗോയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെയായിരുന്നു 70 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. മരണകാരണം വ്യക്തമല്ലെന്ന് അതിരൂപത അറിയിച്ചു.

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വേണ്ടി എക്കാലവും നിലകൊള്ളുകയും വാദിക്കുകയും ചെയ്തിരുന്ന ഇടയനായിരുന്നു അദ്ദേഹം. ഗ്ലാസ്‌ഗോയിലെ അഭയാർഥികളെയും കുടിയേറ്റക്കാരെയും നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ രംഗത്തിറങ്ങിയിട്ടുമുണ്ട് ഇദ്ദേഹം. അഭയാർഥികളെ ഭവനരഹിതരാക്കാനല്ല, മറിച്ച് അവരുടെ മാനുഷിക അന്തസിനും മനുഷ്യാവകാശങ്ങൾക്കും അനുസൃതമായി അവർക്ക് മാന്യമായ താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യു.കെയിലെ ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞ വർഷം കത്തെഴുതിയത് ശ്രദ്ധേയമായിരുന്നു.

1951 ജനുവരിയിൽ ഗ്ലാസ്‌ഗോയിലാണ് ജനനം. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റി, പൊന്തിഫിക്കൽ സ്‌കോട്‌സ് കോളേജ് എന്നിവിടങ്ങളിൽ വൈദികപരിശീലനം പൂർത്തിയാക്കി 1975 ജൂൺ 30ന് തിരുപ്പട്ടം സ്വീകരിച്ചു. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വിവിധ ഇടവകകളിൽ സേവനമനുഷ്ടിച്ചു. 2004ൽ പൊന്തിഫിക്കൽ സ്‌കോട്ട്‌സ് കോളേജ് റെക്ടറായി നിയമിക്കപ്പെട്ടു. 2005ൽ ബെനഡിക്ട് 16-ാമൻ പാപ്പയാണ് പെയ്‌സ്‌ലി രൂപത ബിഷപ്പായി അഭിഷേകം ചെയ്തത്. 2012ൽ ഗ്ലാസ്‌ഗോ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു.

യൂറോപ്പിലെ നിരവധി ബിഷപ്പുമാരും വിവിധ സംഘടനകളും ആർച്ച്ബിഷപ്പിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആർച്ച്ബിഷപ്പ് ടാർറ്റഗ്ലിയയുടെ ഇടയബോധത്തെയും ദൃഢനിശ്ചയമുള്ള മനസിനെയും അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വം വളരെ വലിയ നഷ്ടമാണെന്നും യു.കെയിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ വിൻസന്റ് നിക്കോൾസ് പറഞ്ഞു. നാലര പതിറ്റാണ്ടുകാലത്തെ വൈദിക- ഇടയ ശുശ്രൂഷകൾ സ്തുത്യർഹമാംവിധം നിറവേറ്റി ദൈവസന്നിധിയിലേക്ക് മടങ്ങിയ ആർച്ച്ബിഷപ്പിനായും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഗ്ലാസ്‌കോ അതിരൂപതാ നേതൃത്വം അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?