Follow Us On

28

February

2021

Sunday

പേപ്പൽ പര്യടനം അനിശ്ചിതത്വത്തിൽ: പ്രാർത്ഥനാഹ്വാനവുമായി ഇറാഖീ സഭ; അണിചേരും ആഗോള ക്രൈസ്തവർ

പേപ്പൽ പര്യടനം അനിശ്ചിതത്വത്തിൽ: പ്രാർത്ഥനാഹ്വാനവുമായി ഇറാഖീ സഭ; അണിചേരും ആഗോള ക്രൈസ്തവർ

മൊസ്യൂൾ: ഇറാഖിലെ പേപ്പൽ പര്യടനം അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ, വിശേഷാൽ പ്രാർത്ഥന ആഹ്വാനം ചെയ്ത് ഇറാഖിലെ കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാകോ. ജനുവരി 17 മുതൽ ഞായറാഴ്ച ദിവ്യബലി അർപ്പണങ്ങളിൽ ഇതുസംബന്ധിച്ച് വിശേഷാൽ പ്രാർത്ഥനകൾ ആരംഭിക്കണമെന്ന് നിർദേശിച്ച അദ്ദേഹം അതിനായി പ്രത്യേക പ്രാർത്ഥനയും തയാറാക്കി നൽകിയിട്ടുണ്ട്. മാർച്ച് അഞ്ച് മുതൽ എട്ടുവരെയാണ് പേപ്പൽ പര്യടനം തീരുമാനിച്ചിരിക്കുന്നത്.

മഹാമാരിമൂലമുള്ള ആരോഗ്യപ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ഇറാഖ് പര്യടനം സാധ്യമാകുമോ എന്ന സംശയം കഴിഞ്ഞ ദിവസം പാപ്പ പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ്, സാഹചര്യങ്ങൾ അനുകൂലമാകാനുള്ള പ്രാർത്ഥനയ്ക്ക് കർദിനാൾ ആഹ്വാനം ചെയ്തത്. മിഡിൽ ഈസ്റ്റിൽ സമാധാനം സംജാതമാക്കാനുള്ള ശ്രമങ്ങളിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇറാഖി പേപ്പൽ പര്യടനം യാഥാർത്ഥ്യമാകാൻ ഇറാഖീ സഭ ആഹ്വാനം ചെയ്ത പ്രാർത്ഥനയിൽ അണിചേരാനൊരുങ്ങുകയാണ് ആഗോള ക്രൈസ്തവ സമൂഹം.

ജനുവരി 17മുതൽ വിശ്വാസികൾ ചൊല്ലമെന്ന് നിർദേശിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രാർത്ഥന ചുവടെ:

‘ഞങ്ങളുടെ ദൈവമായ ക്രിസ്തുവേ, ആകാംക്ഷയോടെ കാത്തിരുന്ന ഈ സന്ദർശനം വിജയപ്രഥമാക്കാൻ പാപ്പയ്ക്ക് ആരോഗ്യവും സംരക്ഷണവും നൽകണമേ. വേദനാജനകമായ സംഭവങ്ങളിലൂടെ ഇറാഖിലെ ജനങ്ങൾ കടന്നുപോകുമ്പോൾ, സംവാദം പ്രോത്‌സാഹിപ്പിക്കാനും പരസ്‌നേഹത്തിലൂന്നിയ അനുരജ്ഞനത്തിനായും ആത്മവിശ്വാസം സൃഷ്ടിക്കാനും മനുഷ്യാന്തസും സമാധാനവും സംജാതമാക്കാനും പാപ്പ നടത്തുന്ന ശ്രമങ്ങളെ അനുഗ്രഹിക്കണമെ.

‘സൃഷ്ടാവായ ദൈവമേ, നന്മയും സമാധാനവും തിരിച്ചറിയാൻ അവിടുത്തെ പ്രകാശംകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമെ. പേപ്പൽ സന്ദർശനത്തെ പരിശുദ്ധ ദൈവമാതാവിന്റെ മാതൃസഹജമായ സംരക്ഷണത്തിന് ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങനെ പൂർണമായ ദേശീയ ഐക്യത്തിൽ ജീവിക്കാനും, രാജ്യത്തിനും പൗരന്മാർക്കും മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കാനാവശ്യമായ സഹവർതിത്വത്തിലായിരിക്കാനുമുള്ള കൃപ ഞങ്ങൾക്ക് നൽകണമേ.’

ഇറാഖും മിഡിൽ ഈസ്റ്റ് മുഴുവനും പ്രത്യാശയോടെ കാത്തിരിക്കുന്ന പേപ്പൽ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബാഗ്ദാദ്, എർബിൽ, മൊസൂൾ, ഊർ, നിനവേയിലെ ക്വാരഘോഷ് എന്നീ സ്ഥലങ്ങളാണ് സന്ദർശന പട്ടികയിലുള്ളത്. പര്യടനം സാധ്യമായാൽ ഇറാഖിലെത്തുന്ന പ്രഥമ കത്തോലിക്കാസഭാ തലവനാകും ഫ്രാൻസിസ് പാപ്പ. അതുപോലെ, 15 മാസത്തിനുശേഷം പാപ്പ നടത്തുന്ന ആദ്യത്തെ യാത്രയുമാകും.

2003ൽ ഏതാണ്ട് 15 ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാഖിൽ നാലിലൊന്ന് ക്രൈസ്തവർ മാത്രമാണ് ഇപ്പോഴുള്ളത്. കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ 2024ൽ ഇറാഖിലെ ക്രൈസ്തവരുടെ എണ്ണം 23,000മാത്രമാകുമെന്ന പഠന റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്നും ഭയാശങ്കകളോടെ ജീവിക്കുന്ന ഇറാഖി ക്രൈസ്തവർക്ക് പ്രത്യാശയുടെ ദൂത് പകരണമെന്ന ലക്ഷ്യത്തോടെ പാപ്പ പദ്ധതിയിട്ട പര്യടനം യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനയിലാണ് ആഗോള ക്രൈസ്തവ സമൂഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?