Follow Us On

19

April

2024

Friday

പരിശുദ്ധ അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം; മരിയഭക്തി സാക്ഷ്യപ്പെടുത്തി പ്രമുഖ ഫാഷൻ വിദഗ്ദ്ധ

പരിശുദ്ധ അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം; മരിയഭക്തി സാക്ഷ്യപ്പെടുത്തി പ്രമുഖ ഫാഷൻ വിദഗ്ദ്ധ

ലിസ്ബൺ: പരിശുദ്ധ കന്യാകാമറിയത്തോടുള്ള ഭക്തി വെളിപ്പെടുത്തി പ്രമുഖ ഫാഷൻ വിദഗ്ദ്ധയും അധ്യാപികയുമായ ഇസബെൽ കാന്റിസ്റ്റ പങ്കുവെച്ച സാക്ഷ്യം ശ്രദ്ധേയമാകുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് പരിശുദ്ധ കന്യകാമറിയം എന്നതായിരുന്നു അക്കാദമിക, ഫാഷൻ മേഖലകളിൽ ഒരു പോലെ പ്രശസ്തയായ ഇസബെല്ലിന്റെ സാക്ഷ്യം. പ്രമുഖ മാധ്യമമായ ‘നാഷണൽ കാത്തലിക് രജിസ്റ്ററി’ന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഫാഷൻ നിർവചനങ്ങളെ മാറ്റിയെഴുതുന്ന വസ്ത്ര നിർമാണത്തിലേക്ക് ലോകം ചുവടുവെക്കുമ്പോൾ തന്റെതായ സംഭാവനകൾകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുന്ന കത്തോലിക്കാ വിശ്വാസിയാണ് ഇസബെൽ. മനുഷ്യശരീരത്തിൽ ദൈവത്തിന്റെ സൗന്ദര്യവും നന്മയും പ്രതിഫലിപ്പിക്കാൻ ലഭിക്കുന്ന മഹത്തായ അവസരമായി ഫാഷനെ നിർവചിക്കുന്ന ഇവർ, മനുഷ്യന്റെ ശരീരത്തിന്റെ മഹത്വത്തിനു പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ‘ഗ്ലോബൽ ഫാഷൻ കോൺഫറൻസ്’ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമാണ്.

ഫാഷൻ മേഖലയിൽ ഒരു കത്തോലിക്കാ വിശ്വാസിയായി പിടിച്ചുനിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, പല പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നും അവർ പറയുന്നു. ‘നിരവധി കത്തോലിക്ക വിശ്വാസികൾ ഫാഷൻ മേഖലയെ ക്രൈസ്തവ വിരുദ്ധമായാണ് കാണുന്നത്. മാന്യമായ വസ്ത്രധാരണം പരസ്യങ്ങളിലൊന്നും കാണുന്നില്ല എന്നതുതന്നെ പ്രധാന കാരണം.എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ഫാഷൻ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.’

ഫാഷൻ എന്നത് കത്തോലിക്കർ പൂർണമായും മാറ്റിനിർത്തേണ്ട ഒന്നല്ല. തയ്യൽ കൂടാതെ നെയ്യപ്പെട്ട യേശുവിന്റെ മേലങ്കിയെ കുറിച്ച് ബൈബിളിൽ പരാമർശിക്കുന്നുണ്ട്. അതിനർഥം അവ വളരെ സൂക്ഷ്മതയോടും കരുതലോടും കൂടെ നിർമിക്കപ്പെട്ടു എന്നതാണ്. പരിശുദ്ധ അമ്മയായിരിക്കണം യേശുവിനായി അത് നെയ്തത്. മാത്രമല്ല, നഗ്‌നരെ ഉടുപ്പിക്കുക എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവിക പുണ്യമാണ്. അതിൽ ദൈവകരുണയുടെ തലമുണ്ട്. അതിനാൽ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഫാഷൻ മേഖലയിലേക്ക് ക്രൈസ്തവർ കടന്നുവരണമെന്നാണ്, ഒരു ദശാബ്ദമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇസബെല്ലിന്റെ അഭിപ്രായം.

തന്റെ ജോലിയിൽ ഒരു ആത്മീയമാനമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന ഇസബെൽ പോർച്ചുഗലിലെ ലുസിയാഡാ യൂണിവേഴ്‌സിറ്റി ഓഫ് പോർട്ടോയിലെ പ്രൊഫസറും യൂറോപ്യൻ കമ്മീഷന്റെ കോമ്പറ്റിറ്റീവ്‌നസ് ആൻഡ് ഇനോവേഷൻ എക്‌സിക്യൂട്ടീവ് ഏജൻസി അംഗവുമാണ്. ഫാഷൻ മേഖലയിൽ മിന്നൽവഗത്തിൽ മാറ്റങ്ങൾ സംഭവിക്കുന്ന ഇക്കാലത്ത് ലളിതവും സുസ്ഥിരവുമായ ഡിസൈനുകളുടെ വക്താവുമാണ് ഇസബെൽ. മലിനീകരണത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മേഖലയാണ് ഫാഷൻ. അതിനാൽ പ്രകൃതിക്കനുയോജ്യമായ വസ്തുക്കളാൽ നിർമിതമായ വസ്ത്രങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇസബെല്ലിന് ധാരണയുണ്ട്. കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ഭൂമിയോടും പ്രകൃതിയോടുമള്ള പ്രതിജ്ഞാബദ്ധതയാണ് അതിന് പ്രചോദനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?