Follow Us On

19

April

2024

Friday

ഐസിസ് തീവ്രവാദികൾ തകർത്ത ക്വാരഘോഷിലെ ദൈവാലയത്തിന് മുകളിൽ ദൈവമാതാവ്!

എലീസാ ബാബു

ഐസിസ് തീവ്രവാദികൾ തകർത്ത ക്വാരഘോഷിലെ ദൈവാലയത്തിന് മുകളിൽ ദൈവമാതാവ്!

ക്വാരഘോഷ്: ഐസിസ് തീവ്രവാദികൾ തകർത്ത ഇറാഖി നഗരമായ ക്വാരഘോഷിലെ ദൈവാലയത്തിനു മുകളിൽ ദൈവമാതാവിന്റെ തിരുരൂപം സ്ഥാപിച്ച് വിശ്വാസീസമൂഹം. സുരക്ഷാഭീഷണിമുതൽ സാമ്പത്തിക പ്രതിസന്ധിയും മഹാമാരിമൂലമുള്ള വെല്ലുവിളികളുംവരെ അതിജീവിച്ച് വലിയ ലക്ഷ്യം സാധ്യമാക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് പ്രദേശവാസികൾ. ഫ്രാൻസിസ് പാപ്പയുടെ പര്യടനത്തിനായി രാജ്യം ഒരുങ്ങുന്ന ദിനങ്ങളിൽ തന്നെ ദൈവാലയ മണിമാളികയുടെ മുകളിൽ പരിശുദ്ധ അമ്മയുടെ തിരുരൂപം പ്രതിഷ്ഠിക്കാനായി എന്നത് ഓർക്കുമ്പോൾ അവരുടെ സന്തോഷം ഇരട്ടിക്കുന്നു.

2014ലെ ഐസിസ് അധിനിവേശ കാലത്താണ് വടക്കൻ ഇറാക്കിലെ നിനവേ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ കേന്ദ്രമായ ക്വാരഘോഷിലെ ദൈവമാതാവിന്റെ ദൈവാലയം തകർക്കപ്പെട്ടത്. ദൈവാലയത്തിനകത്തെ ക്രിസ്ത്യൻ പ്രതീകങ്ങളെല്ലാം തീവ്രവാദികൾ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ദൈവാലയത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കവേയാണ്, മണിമാളികയ്ക്ക് മുകളിൽ ദൈവമാതാവിന്റെ തിരുരൂപം സ്ഥാപിക്കാൻ പദ്ധതിയിട്ടത്. കഴിഞ്ഞ വർഷങ്ങളിൽ ദൈവാലയ പുനരുദ്ധാരണം പൂർത്തിയായതോടെയാണ് തിരുരൂപ നിർമാണം വേഗത്തിലായത്.

‘നിനവേയിലെ ഏറ്റവും ഉയരംകൂടിയ മണിമാളികയാണ് കാരഘോഷിലേത്. ഐസിസ് അക്രമത്തിൽ മണിമാളികയും ഏറെക്കുറെ തകർന്നിരുന്നു. അത് പുനർനിർമിച്ചശേഷം, അതിന്റെ മുകൾഭാഗം പരിശുദ്ധ അമ്മയുടെ തിരുരൂപം സ്ഥാപിക്കാൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു. ദൈവാലയ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ളതാണ് എന്നതാണ് ഈ തീരുമാനത്തിന് കാരണമായത്,’ വികാരി ഫാ. പൗലോ തബിറ്റ് പറഞ്ഞു. പ്രദേശവാസിയും കലാകാരനുമായ താബിത് മൈക്കിളാണ് തിരുസ്വരൂപത്തിന്റെ ശിൽപ്പി. അൽക്വൊയ്ദ തീവ്രവാദികൾ കൂട്ടക്കൊല നടത്തിയ ബാഗ്ദാദിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ദേവാലയത്തിലെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം നിർമിച്ചത് കത്തോലിക്കാ വിശ്വാസിയായ മൈക്കിളാണ്.

2014 ലെ ഐസിസ് അക്രമണത്തിൽ നിരവധി വീടുകളും ആശുപത്രികളും ദൈവാലയങ്ങളും സ്‌കൂളുകളുമെല്ലാം തകർക്കപ്പെട്ടു. നിരവധി പേർ കൊല്ലപ്പെടും അസംഖ്യം ആളുകൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്യുകയും ചെയ്തു. വർഷങ്ങൾക്കുശേഷം കുറച്ചുപേർ തിരിച്ചെത്തിയയെങ്കിലും അവരെല്ലാം ഇപ്പോഴും ദുരിതക്കയത്തിലാണ്. സുരക്ഷാ ഭീഷണി മാത്രമല്ല, സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ജനങ്ങളെ ദുരിതത്തിലാക്കുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കോവിഡ് ഭീഷണിയേക്കാൾ ഭീകരമാണെന്നും ഫാ. പൗലോ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?