Follow Us On

29

March

2024

Friday

മരണസംഖ്യ ഉയരുന്നു; ഇന്തോനേഷ്യൻ ജനതയെ ദൈവസന്നിധിയിൽ സമർപ്പിച്ച് പാപ്പ

മരണസംഖ്യ ഉയരുന്നു; ഇന്തോനേഷ്യൻ ജനതയെ ദൈവസന്നിധിയിൽ സമർപ്പിച്ച് പാപ്പ

ജക്കാർത്ത: ഇതിനകം 42 പേരുടെ മരണത്തിനിരയാക്കിയ ഭൂകമ്പ ദുരന്തത്തിനുമുന്നിൽ നടുങ്ങിനിൽക്കുന്ന ഇന്തോനേഷ്യൻ ജനതയെ ദൈവസന്നിധിയിൽ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. മരണപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും പ്രാർത്ഥിച്ചുകൊണ്ട് പാപ്പ ടെലഗ്രാം സന്ദേശം അയച്ചു. ഉറ്റവരുടെ വിയോഗത്തിൽ വേദനിക്കുന്നവരെ ആശ്വാസിപ്പിക്കുകയും ചെയ്തു പാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ മുഖാന്തിരമാണ് ടെലഗ്രാം സന്ദേശം അയച്ചത്.

സുലാവസി ദ്വീപിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഏഴ് സെക്കൻഡ് നീണ്ടുനിന്ന ഭൂകമ്പത്തിൽ നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഷോപ്പിംഗ് മാൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും 60ൽപ്പരം വീടുകളും തകർന്നു. ഏതാണ്ട് 190 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിലാണ് അധികൃതർ. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം.

മജേനെ സിറ്റിക്ക് ആറ് കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് മജേനെയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. തുടർ ചലനങ്ങൾ ഉണ്ടാകുന്നതും വെല്ലുവിളിയാണ്. ഇന്നലെ ഇതേ പ്രദേശത്ത് ഉണ്ടായ, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വീണ്ടും കെട്ടിടങ്ങൾ തകരാൻ കാരണമായി. ഇനിയും ചെറുചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പവും അഗ്‌നിപർവത സ്‌ഫോടനങ്ങളും പതിവായ രാജ്യമാണ് ഇന്തോനേഷ്യ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?