Follow Us On

20

April

2024

Saturday

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ഫാ. സ്റ്റാൻ സാമിയുടെ മോചനം വിഷയമാക്കി സഭാനേതൃത്വം

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ഫാ. സ്റ്റാൻ സാമിയുടെ മോചനം വിഷയമാക്കി സഭാനേതൃത്വം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ, ഭീമ- കൊറേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഈശോസഭാംഗം ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം വിഷയമാക്കി ഭാരത കത്തോലിക്കാ സഭാ നേതൃത്വം. ഫാ. സ്റ്റാൻ സ്വാമിയിൽ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരിൽ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നും സഭാനേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഭാധ്യക്ഷന്മാർ.

ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളെ പ്രതിനിധീകരിച്ച് ബോംബെ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഭാധ്യക്ഷന്മാർ പ്രതികരിച്ചു.

83 വയസുകാരനായ ഫാ. സ്റ്റാൻ സാമിയുടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർദിനാൾമാർ ആവശ്യപ്പെട്ടു. വളരെ ക്രിയാത്മകമായിരുന്നു കൂടിക്കാഴ്ച. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 152 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. ഫ്രാൻസിസ് പാപ്പയുടെ ഭാരത പര്യടനം ഉൾപ്പെടെ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലമായി പ്രതികരിച്ചു.

സർക്കാരിന്റെ പ്രത്യേക ശ്രദ്ധ അനിവാര്യമായ വിഷയങ്ങളിൽ രേഖാമൂലം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും സഭ അധ്യക്ഷന്മാർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

നിരവധി തവണ ഭാരത പര്യടനത്തിന് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി സർക്കാരിന്റെ നിലപാടാണ് തടസമായി ചൂണ്ടിക്കാട്ടപ്പെട്ടത്. സഭാ നേതൃത്വത്തിന്റെ ക്ഷണത്തിനു പുറമെ ഭരണകൂടത്തിന്റെ ഔദ്യോഗിക ക്ഷണംകൂടിയുണ്ടെങ്കിലേ വത്തിക്കാൻ രാജ്യത്തിന്റെ അധിപൻകൂടിയായ പാപ്പയുടെ പര്യടനം സാധ്യമാകൂ. ഇതുവരെ പാപ്പയെ ഇന്ത്യൻ ഭരണകൂടം ക്ഷണിച്ചിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് നടത്തിയ കൂടിക്കാഴ്ചയിലും പേപ്പൽ പര്യടനത്തെക്കുറിച്ച് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചിരുന്നു. അത് വാക്കുകളിൽ മാത്രം ഒതുങ്ങിയതിനാൽ, ഇപ്പോഴത്തെ അനുകൂല സമീപനത്തിന്റെ അനന്തരഫലം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനം.

(ഫോട്ടോ ക്യാപ്ഷൻ: ഭാരത കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കർദിനാൾമാർ 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ. കൂടിക്കാഴ്ചയുടെ പുതിയ ചിത്രം ഇത് എഴുതുന്നതുവരെ  ലഭ്യമായിട്ടില്ല)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?