യാങ്കൂൺ: ഐക്യം സാധ്യമായില്ലെങ്കിൽ മഹാമാരികൾക്ക് സമാനമായ വെല്ലുവിളികൾക്ക് അറുതിയുണ്ടാവില്ലെന്ന മുന്നറിയിപ്പുമായി മ്യാൻമറിലെ യാങ്കൂൺ ആർച്ച്ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ ചാൾസ് ബോ. യുദ്ധക്കെടുതികളിൽനിന്ന് കരകയറാൻ പരിശ്രമിക്കുന്ന മ്യാൻമർ ജനതയ്ക്ക് ഇപ്പോൾ ആവശ്യം ‘സമാധാനത്തിന്റെ വാക്സിൻ’ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 18 മുതൽ 25വരെ കത്തോലിക്കാ സഭ ആചരിക്കുന്ന സഭൈക്യവാരത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് കർദിനാളിന്റെ വാക്കുകൾ.
സംഘർഷഭരിതമായ ദിനങ്ങളിൽ ക്രിസ്തുവിശ്വാസികൾ സമാധാനത്തിന്റെ പ്രവാചകരായി മാറണം. ഐക്യമാണ് ശക്തി, ഐക്യപ്പെടാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കാനുള്ള ഏക മാർഗം ഐക്യമാണെന്നും കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും അഭാവത്താൽ രാജ്യം നേരിടുന്ന മറ്റ് മഹാമാരികളെയും അദ്ദേഹം പരാമർശിച്ചു. ‘ഏഴ് പതിറ്റാണ്ടുകാലത്തെ യുദ്ധം ഒരു മഹാമാരിയാണ്, ദാരിദ്ര്യാവസ്ഥയിൽ പതിനായിരങ്ങൾ ജീവിക്കുന്നത് മറ്റൊരു മഹാമാരിയാണ്. ലഹരി ഉപയോഗവും നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുന്നതും മഹാമാരിയാണ്.’
കൊറോണയും യുദ്ധവും തകർത്ത പ്രദേശങ്ങളിൽ സമാധാനം പുലരാൻ പ്രാർത്ഥിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും ഒന്നുചേർന്ന് നമ്മുടെ കർത്താവിന്റെ സമാധാനം മറ്റുള്ളവരിലേക്ക് പകരേണ്ടതുണ്ട്. ‘ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു, എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു,’ (യോഹ.14:27) എന്ന ദൈവവചനം നമുക്ക് പ്രചോദനമാകണം. നാളിതുവരെ നീണ്ട യുദ്ധം ഒന്നിനും പരിഹാരം ഉണ്ടാക്കിയിട്ടില്ല. സമാധാനം സാധ്യമാണ്, അതു മാത്രമാണ് ഉത്തമ മാർഗം. നീതിയിൽ അധിഷ്ഠിതമായ സമാധാനത്തിനായി ക്രൈസ്തവരെന്ന നിലയിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *