Follow Us On

29

March

2024

Friday

ദൈവത്തിന്റെ ഭാഷ

ദൈവത്തിന്റെ ഭാഷ

എരിഞ്ഞു തീരുന്ന തിരികളും തമ്പുരാന്റെ മുമ്പില്‍ കത്തിജ്ജ്വലിക്കുന്ന ബള്‍ബുകളും അവിടുത്തെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ആ കെടാവിളക്കിന്റെ ഭാഗമായി പരിശുദ്ധ അമ്മ എന്നും നമ്മുടെ ജീവിതത്തില്‍ നിലകൊള്ളുന്നു.
മനുഷ്യജീവിതത്തെ സമ്പന്നമാക്കുന്ന ആത്മീയശക്തിയാണ് സാന്നിധ്യം. സാന്നിധ്യത്താല്‍ നയിക്കപ്പെടുന്നവര്‍ ഏതു പ്രതിസന്ധിയും തരണം ചെയ്തുകൊണ്ട് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നു. ഈ സാന്നിധ്യം ചോര്‍ന്നു പോകുമ്പോഴാണ് പലരും നിര്‍ജ്ജീവരും നിരാശരുമായി തീരുന്നത്. ചില വ്യക്തികള്‍ മരണമടഞ്ഞു, അപകടത്തില്‍ പെട്ടു എന്നെല്ലാം കേള്‍ക്കുമ്പോള്‍ നാം സ്ത ബ്ധരായി നില്‍ക്കാറുണ്ട്. ഇനി അവര്‍ എന്റെ കൂടെയില്ല, അവരെ കാണുകയില്ല എന്ന ചിന്തയാണ് ഈ ശൂന്യതയ്ക്ക് കാരണം. ചുരുക്കത്തില്‍, നമ്മെ ഏകോപിപ്പിക്കുകയും ജീവിതദര്‍ശനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന അനശ്വര ശക്തിയാണ് സാന്നിധ്യം. ഭാര്യയ്ക്ക് ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും മക്കള്‍ക്ക് മാതാപിതാക്കളും വേര്‍പെടുത്താന്‍ പറ്റാത്ത നിറസാന്നിധ്യമായി ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്താല്‍ ഒത്തിരിയേറെ അടയാളങ്ങളും അത്ഭുതങ്ങളും നടന്നുകൊണ്ടിരിക്കുന്നു. തിന്മയെ ചെറുത്തു നില്‍ക്കുവാനും മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കുവാനും പരിശുദ്ധ അമ്മയുടെ സഹായം അനിവാര്യമാണ്. അതുകൊണ്ടാണ് ലൂര്‍ദിലും ഫാത്തിമായിലും മെഡ്ജുഗോറിയിലുമെല്ലാം അനേകായിരങ്ങള്‍ ദിവസവും എത്തുന്നത്.
ഇടപെടുന്ന സാന്നിധ്യം
നാം അറിയാതെതന്നെ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്ന സാന്നിധ്യമാണ് പരിശുദ്ധ അമ്മ. യോഹന്നാന്‍ 2:1-11 ലെ കാനായിലെ കല്യാണ വിരുന്നിനെക്കുറിച്ചുള്ള വചനഭാഗം ഏവര്‍ക്കും സുപരിചിതമാണ്. വീഞ്ഞിന്റെ ദൗര്‍ലഭ്യം വിവാഹാഘോഷത്തിന്റെ മോടികുറയ്ക്കുവാന്‍ കാരണമാകുമായിരുന്നു. എന്നാല്‍, പരിശുദ്ധ അമ്മയുടെ അധികമാരുമറിയാത്ത ഇടപെടല്‍ വിവാഹാഘോഷത്തെ സന്തോഷപൂര്‍ണമാക്കി. തന്റെ ഇടപെടല്‍ അവിടെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിച്ച പരിശുദ്ധ അമ്മ ഇതിലൂടെ തന്റെ ഇടപെടുന്ന സാന്നിധ്യം വെളിവാക്കുന്നു.
ലൂക്കാ 1:39-ല്‍ എലിസബത്തിനെ സന്ദര്‍ശിക്കുന്ന പരിശുദ്ധ അമ്മയെക്കുറിച്ച് വായിക്കുന്നു. മക്കളില്ലാതെ അപമാനത്തിലും ദുഃഖത്തിലും വര്‍ഷങ്ങളോളം ജീവിച്ച എലിസബത്ത് ഗര്‍ഭിണിയായി എന്ന വിവരം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ തിടുക്കത്തില്‍ യാത്രയായി. ലൂക്കാ 2:41-ല്‍ പാതിവഴിയില്‍ കാണാതായ തന്റെ തിരുക്കുമാരനെ അന്വേഷിച്ച് ജറുസലെം ദൈവാലയത്തിലേക്ക് അവനെ തേടിച്ചെല്ലുന്ന പരിശുദ്ധ അമ്മയുടെ സാന്നിധ്യം സകലവും നഷ്ടപ്പെട്ടുവെന്ന് കരുതുന്ന മനുഷ്യര്‍ക്ക് ആലംബമാണ്. ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കണം എന്ന ആത്മീയ ഉണര്‍വാണ് പരിശുദ്ധ അമ്മയിലുള്ള തേടിയെത്തുന്ന സാന്നിധ്യം.
നിശബ്ദതയുടെ സംഗീതം
ശബ്ദകോലാഹലങ്ങളാല്‍ മുഖരിതമാകുന്ന ലോകത്ത് ശാന്തത തേടി അനേകര്‍ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചുനോക്കുമ്പോള്‍ ദൈവിക ഇടപെടലുകള്‍ മുഴുവനും നിശബ്ദതയില്‍ ആണ്ടിരുന്നുവെന്ന് മനസിലാകും. പരിശുദ്ധ അമ്മയുടെ ജീവിതവും ഇതിനൊരു തെളിവാണ്. ഏതൊരു മനുഷ്യനെയും ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ സഹായിക്കുന്ന ഒന്നാണ് നിശബ്ദത. മത്തായി 1:35 മുതലുള്ള വാക്യങ്ങളില്‍ പരിശുദ്ധ കന്യകാമറിയത്തോട് ഗബ്രിയേല്‍ മാലാഖ ഈശോയുടെ ജനനത്തെക്കുറിച്ച് അറിയിക്കുന്നു. പരിശുദ്ധ കന്യകാമറിയം ആകുലയെങ്കിലും നിശബ്ദയാണ്. ലൂക്കാ 2:22 മുതലുള്ള വാക്യങ്ങളില്‍ ഈശോയുടെ ദൈവാലയ സമര്‍പ്പണത്തെക്കുറിച്ചാണ് വായിക്കുന്നത്. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന് പരിശുദ്ധ അമ്മയോട് ശിമയോന്‍ പറയുന്ന ഭാഗം വളരെ ശ്രദ്ധേയമാണ്. ഇവിടെയും പരിശുദ്ധ അമ്മയുടെ നിശബ്ദത നമുക്ക് ചിന്തനീയമാണ്. ഏത് പ്രതിസന്ധിയും ദൈവത്തിന് ഭരമേല്‍പ്പിക്കുന്നതാണ് പരിശുദ്ധ അമ്മയുടെ നിശബ്ദസാന്നിധ്യംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്‌നേഹത്തിന്റെ പ്രതീകം
സ്‌നേഹമാണ് ദൈവത്തിന്റെ ഭാഷ. പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ എന്ന് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ നമ്മെ ഓര്‍മിപ്പിക്കുന്നു. അമ്മ എന്നാല്‍ സ്‌നേഹത്തിന്റെ പ്രതീകമാണ്. ഈശോയുടെ ജീവിതത്തിലെ ഓരോ കാല്‍വയ്പ്പിലും പരിശുദ്ധ അമ്മയുടെ നിതാന്തമായ സാന്നിധ്യം പ്രകടമാണ്. ഏതൊരമ്മയ്ക്കും മക്കളുടെ വേദന നൊമ്പരമുളവാക്കുന്നതാണ്. യോഹന്നാന്‍ 19:25-26 ല്‍ കുരിശിന്‍ചുവട്ടില്‍ നൊമ്പരത്തോടെ നില്‍ക്കുന്ന പരിശുദ്ധ അമ്മയോട് യോഹന്നാനെ നോക്കിക്കൊണ്ട്, ഇതാ നിന്റെ മകന്‍ എന്നും യോഹന്നാനോട് ഇതാ നിന്റെ അമ്മയെന്നും ഈശോ പറയുന്നു. ഇതിലൂടെ മനുഷ്യകുലത്തിന് മുഴുവനും അവള്‍ അമ്മയാണെന്നും ആശ്രയിക്കാവുന്ന സാന്നിധ്യമാണെന്നും ഈശോ വ്യക്തമാക്കുന്നു. തന്റെ തിരുക്കുമാരന്‍ ഭരമേല്‍പിച്ച മനുഷ്യവര്‍ഗത്തെ പരിപാലിക്കാന്‍ അവള്‍ ശക്തയാണ്. ആ അമ്മയുടെ സവിധത്തില്‍ നമുക്കൊന്നുചേരാം.

ഫാ. വിനീത് കറുകപറമ്പില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?