Follow Us On

18

April

2024

Thursday

ഫാ. ഫ്രാങ്കോയിസ് ലബോര്‍ഡ് ഓര്‍മയായി

ഫാ. ഫ്രാങ്കോയിസ് ലബോര്‍ഡ് ഓര്‍മയായി

കൊല്‍ക്കത്ത: ദരിദ്രര്‍ക്കും കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി 50 വര്‍ഷത്തി ലേറെ പ്രവര്‍ത്തിച്ച ഫാ. ഫ്രാങ്കോയിസ് ലാബോര്‍ഡ ഓര്‍മയായി. കൊല്‍ക്കത്ത റോമന്‍ കത്തോലിക്കാ അതിരൂപതയുടെ പുരോഹിതനായ ഫാ. ഫ്രാങ്കോയിസ് ലബോര്‍ഡിന്റെ പ്രവര്‍ത്തന മേഖല പ്രധാനമായും പശ്ചിമബംഗാളായിരുന്നു. മിഡ്‌നാപൂരിലെ സെന്റ് ജോസഫ് ആശുപത്രിയിലെ വസതിയിയാലിരുന്നു അവനസാന കാലം താമസിച്ചിരുന്നത്. ആചാര്യ പ്രഫുല്ല ചന്ദ്ര റോഡില്‍ സ്ഥിതിചെയ്യുന്ന സിയാല്‍ഡയിലെ സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫ്രാങ്കോയിസ് ലബോര്‍ഡ് 1927 ഫെബ്രുവരി 28 ന് ഫ്രാന്‍സിലെ പാരീസില്‍ ജനിച്ചു. ലാ സോര്‍ബോണ്‍ സര്‍വകലാശാലയിലെ പഠനത്തിനുശേഷം അദ്ദേഹം വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേരുകയായിരുന്നു.
1951 മാര്‍ച്ച് 24-ന് പൗരോഹിത്യം സ്വീകരിച്ചു. റോമില്‍ ദൈവശാസ്ത്രത്തിലും ലിയോണില്‍ തത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കി. അതിനുശേഷം പ്രാഡോ സെമിനാരിയില്‍ ഫിലോസഫി പ്രഫസറായി എട്ട് വര്‍ഷം സേവനം ചെയ്തു.
1965 ജനുവരി 26-ന് ഫാ. ലബോര്‍ഡ് ഇന്ത്യയിലെത്തി. യുനെസ്‌കോ അംഗമായ ഡോ. എം. ആദിശേഷന്റെ കീഴില്‍ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് സാമൂഹികവും നരവംശശാസ്ത്രപരവുമായ ചില ഗവേഷണങ്ങള്‍ ആരംഭിച്ചു. ചേരികളുടെ ലോകത്തേക്ക് പ്രവേശിക്കാനും സമൂഹത്തില്‍ നിന്ന് പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതം മനസിലാക്കാനുമുള്ള വഴിയായിരുന്നു ഇത്.
ഹൗറയിലെ പില്‍ഖാനയിലെ ചേരിയില്‍ എട്ട് വര്‍ഷം ചെലവഴിച്ച ഫാ. ലബോര്‍ഡ് ചേരി നിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സേവാ സംഘ സമിതി എന്ന സാമൂഹിക സേവന സംഘടന സ്ഥാപിച്ചു. 1976 ല്‍ അദ്ദേഹം ആന്‍ഡുല്‍ റോഡ് ഇടവകയില്‍ ശുശ്രൂഷ ആരംഭിച്ചു.
അന്തരിച്ച കര്‍ദിനാള്‍ എല്‍.ടി. പിക്കാച്ചി എസ്.ജെയുടെ ആഗ്രഹപ്രകാരം ഹൗറയിലെ നിര്‍മ്മല മാതാ മരിയ ഗിര്‍ജ ഇടവകയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരു പുനരധിവാസ കേന്ദ്രം ഫാ. ലബോര്‍ഡ് തുറന്നു. പിന്നീട് അദ്ദേഹം ഹൗറയില്‍ മറ്റ് കേന്ദ്രങ്ങളും ആരംഭിച്ചു. ഈ അസോസിയേഷന്‍ ഇപ്പോള്‍ ഇന്ത്യയിലുടനീളം ‘ഹൗറ സൗത്ത് പോയിന്റ്’, (എച്ച്എസ്പി) എന്നറിയപ്പെടുന്നു.
എച്ച്എസ്പി തന്റെ അധ്വാന ഫലമല്ല, മറിച്ച് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറയാനാണ് ഫാ. ല ബോര്‍ഡ് ഇഷ്ടപ്പെട്ടത്. എച്ച്എസ്പിയുടെ ഓരോ സ്റ്റാഫും വെറും ശമ്പളം ലഭിക്കുന്ന ഒരു തൊഴിലാളിയല്ല, മറിച്ച് തന്റെ സഹോദരീ സഹോദരന്മാരുടെ പുനരധിവാസത്തിനായുള്ള ദൗത്യം സ്വീകരിച്ച സാമൂഹ്യ പ്രവര്‍ത്തകനാണ്. ഓരോരുത്തരും അനുകമ്പയോടും സ്‌നേഹപൂര്‍വമായ കരുതലോടും കഴിവോടും കൂടി എളിയ ജോലികള്‍ നിറവേറ്റാന്‍ തയ്യാറാകണമെന്നായിരുന്നു ഫാ. ലാബോര്‍ഡിന്റെ കാഴ്ചപ്പാട്.
ഉത്ഭവം ഹൗറയിലായതു കാരണം ‘ഹൗറ സൗത്ത് പോയിന്റ്’ എന്ന പേരില്‍ ഇത് സ്ഥാപിതമായെങ്കിലും മറ്റ് സ്ഥലങ്ങളിലും ഈ പേരില്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പശ്ചിമ ബംഗാളില്‍ ജല്‍പായ്ഗുരി ജില്ലയില്‍ വികലാംഗരായ കുട്ടികള്‍ക്കായി നാല് ഹൗസുകള്‍, ഒരു പ്രൈമറി സ്‌കൂള്‍, ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍, വികലാംഗരായ കുട്ടികള്‍ക്കായി നിരവധി ഔട്ട്‌പോസ്റ്റുകള്‍ എന്നിവ സ്ഥാപിച്ചു.
ഫാ. ലബോര്‍ഡ് വര്‍ഷങ്ങളായി ശുശ്രൂഷ നടത്തിയ കുഷ്ഠരോഗികളുടെ കോളനിയായ ശാന്തിനഗറിനടുത്ത് അസന്‍സോള്‍ പ്രദേശത്ത് അദ്ദേഹം ഒരു പുതിയ കേന്ദ്രം സ്ഥാപിച്ചു. അത് കുഷ്ഠരോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിയായിരുന്നു. കുഷ്ഠരോഗികളുടെ കുട്ടികളെ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
വിവിധയിടങ്ങളിലായി ആകെ ഒമ്പത് പുനരധിവാസ ഭവനങ്ങല്‍, നാല് പ്രൈമറി സ്‌കൂളുകള്‍, ഇടക്ക് വെച്ച് പഠനം നിര്‍ത്തിപ്പൊകുന്ന എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍, ഇഷ്ടിക തൊഴിലാളികള്‍ തുടങ്ങിയവരുടെ കുട്ടികള്‍ക്കായി അഞ്ച് അനൗദ്യോഗിക സ്‌കൂളുകള്‍, വൈകല്യമുള്ളവര്‍ക്കായുള്ള രണ്ട് സ്‌കൂളുകള്‍ എന്നിവ സ്ഥാപിച്ചു.
ക്ഷയരോഗികളും ഏയ്ഡ്‌സ് രോഗികളുമായ കുട്ടികള്‍ക്കായി ഒരു ജര്‍മ്മന്‍ അസോസിയേഷന്റെയും ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും സഹകരണത്തോടെ ആരോഗ്യ കേന്ദ്രം ആരംഭിച്ചു. നാല് മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ സ്ഥാപനത്തോടെ സമൂഹത്തില്‍ തികച്ചും ദരിദ്രരായവരെ സമീപിച്ച് പ്രാഥമിക പരിചരണം നല്‍കാനുള്ള സാഹചര്യം ഉണ്ടാക്കി. പ്രിവന്റീവ് മെഡി കെയര്‍ പ്രോഗ്രാമിലൂടെ ഗ്രാമീണ മേഖലയിലെ ഏറ്റവും ദുര്‍ബലരായ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമവും നടത്തി. ദരിദ്ര പ്രദേശങ്ങളില്‍ ഫിസിയോതെറാപ്പി സേവനം നല്‍കുന്ന നാല് സെന്ററുകളും ഉണ്ടാക്കി. ചേരികളിലെ ഗര്‍ഭിണികളായ അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്ക് ആദ്യ മൂന്ന് വര്‍ഷവും ഭക്ഷണവും ആരോഗ്യ അവബോധവും നല്‍കുന്നതിനായി 1978 ല്‍ ഒരു സുരക്ഷിത മാതൃത്വശിശു നിരീക്ഷണ പരിപാടി ആരംഭിച്ചു. ഇത് ഒരു വിദ്യാഭ്യാസ, പോഷക, മെഡിക്കല്‍ പ്രോഗ്രാമാണ്.
”മത, ജാതി, ഭാഷ എന്നീ വ്യത്യാസങ്ങളില്ലാതെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ സേവനത്തിനായി പ്രവര്‍ത്തിച്ചതില്‍ വലിയ സന്തോഷമുണ്ട്. മനുഷ്യരായ നമുക്ക് യഥാര്‍ത്ഥ മനുഷ്യരാകാനുള്ള ഏക മാര്‍ഗം പാര്‍ശ്വവത്കരിക്കപ്പെട്ടവരെ പരിപാലിക്കുക എന്നതാണ്. കാരണം ഈ തകര്‍ന്ന വ്യക്തികള്‍ ഞങ്ങളുടെ സഹോദരീസഹോദരന്മാരാണ.് നാം അവരോടുള്ള ഐക്യദാര്‍ഢ്യത്തോടെയാണ് ജീവിക്കുന്നത്. അതിനായി, ആദ്യം നാം നമ്മുടെ ബലഹീനതയും കഷ്ടപ്പാടുകളും അംഗീകരിക്കണം. അല്ലാത്തപക്ഷം മറ്റുള്ളവരുടെ വിഷമങ്ങളെ സുഖപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞെന്നുവരില്ല.” ഫാ. ലബോര്‍ഡ് പലപ്പോഴും ഇങ്ങനെ പറഞ്ഞിരുന്നു.
ഭിന്നശേഷിക്കാരയ കുട്ടികള്‍ക്കായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ച് 2019 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ലെജിയന്‍ ഓഫ് ഓണര്‍ പദവി നല്‍കി ആദരിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?