Follow Us On

19

April

2024

Friday

പുരാതന ദൈവാലയം വിൽപ്പനയ്ക്കുവെച്ച് തുർക്കി നേതൃത്വം: പ്രതിഷേധം ശക്തമാകുന്നു

പുരാതന ദൈവാലയം വിൽപ്പനയ്ക്കുവെച്ച് തുർക്കി നേതൃത്വം: പ്രതിഷേധം ശക്തമാകുന്നു

ഇസ്താംബൂൾ: ബുർസായിലെ പുരാതന അർമേനിയൻ ദൈവാലയം തുർക്കി അധികാരികൾ വിൽപ്പനക്കുവെച്ചെന്ന് റിപ്പോർട്ടുകൾ. ചരിത്രപ്രസിദ്ധമായ ഹഗിയ സോഫിയ, കോറയിലെ ഹോളി സേവ്യർ എന്നീ ക്രൈസ്തവ ദൈവാലയങ്ങൾ ഇസ്ലാമിക പ്രാർത്ഥനകൾക്കായി ഭരണകൂടം വിട്ടുകൊടുത്തതിന് പിന്നാലെയുണ്ടായ ഈ കച്ചവടശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 63 ലക്ഷം ടർക്കിഷ് ‘ലിറ’ക്കാണ് (ഏകദേശം എട്ട് ലക്ഷം ഡോളർ) തുർക്കിയിലെ ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ ഇപ്പോൾ ക്ഷയോന്മുഖമാണ് ദൈവാലയ കെട്ടിടം.

മർമരാ കടലിന്റെ തെക്ക് ഭാഗത്തുള്ള മിസ മലനിരയിലാണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രമുള്ള ദൈവാലയമാണിതെന്ന് ‘അർമേനിയൻ നാഷണൽ കമ്മിറ്റി ഓഫ് അമേരിക്ക’യുടെ മുഖപത്രം വ്യക്തമാക്കുന്നു. കച്ചവട രഹസ്യം സൂക്ഷിക്കുന്നതിന്റെ ഭാഗമായി ദൈവാലയത്തിന്റെ കൃത്യമായ സ്ഥലം എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിൽപ്പനയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽനിന്നാണ് ദൈവാലയം ഏതാണെന്ന് വ്യക്തമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘ചരിത്രപ്രാധാന്യമുള്ള ബുർസായിലെ ഈ ദൈവാലയം സാംസ്‌കാരിക കേന്ദ്രമോ മ്യൂസിയമോ ഹോട്ടലോ ആക്കി മാറ്റാനാകും. മേഖലയിൽ അധിവസിച്ചിരുന്ന അർമേനിയൻ ജനത നിർമിച്ച ദൈവാലയം ജനസംഖ്യാപരമായ മാറ്റങ്ങളെ തുടർന്ന് നടന്ന വിൽപ്പനയിൽ സ്വകാര്യ സ്വത്തായി മാറുകയായിരുന്നു. ‘യുനസ്‌ക്കോ’യുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്ന ബുർസായിൽ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയം ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്,’ എന്ന കുറിപ്പോടെയാണ് പരസ്യം നൽകിയിരിക്കുന്നത്.

ഈ നടപടിക്കെതിരെ രാജ്യത്തെ അർമേനിയൻ ക്രൈസ്തവർ രംഗത്തെത്തിയിട്ടുണ്ട്. ‘ബുർസായിലെ പുരാതന അർമേനിയൻ ക്രിസ്ത്യൻ ദൈവാലയം വിൽപ്പനക്ക് വെച്ചിരിക്കുന്നു. പക്ഷേ, ഒരു ആരാധനാലയം വിൽപ്പനക്കുവെക്കാൻ കഴിയുമോ? രാഷ്ട്രത്തിനും സമൂഹത്തിനും ഇത് അനുവദിക്കാൻ കഴിയുന്നതെങ്ങനെ?,’ അർമേനിയൻ വംശജനും പാർലമെന്റംഗവും പ്രതിപക്ഷ കക്ഷിയുമായ ‘എച്ച്.ഡി.പി’ പ്രതിനിധി ഗാരോ പൈലാൻ ചോദ്യമുയർത്തി. പരസ്യത്തിൽ വളരെ ലാഘവത്തോടെ ഉപയോഗിച്ചിരിക്കുന്ന ‘ജനസംഖ്യാപരമായ മാറ്റങ്ങൾ’ എന്ന പ്രയോഗവും ചർച്ചയായിട്ടുണ്ട്.

കുപ്രസിദ്ധമായ അർമേനിയൻ വംശഹത്യ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാന കാലത്തും സെക്കുലർ ഭരണത്തിന്റെ ആദ്യ വർഷവും സംഭവിച്ച ഗ്രീക്ക് ക്രൈസ്തവരുടെ കൂട്ടപ്പാലായനം എന്നീ ചരിത്രവസ്തുതകളെയാണ് ‘ജനസംഖ്യാപരമായ മാറ്റങ്ങൾ’ എന്ന വാക്കുകൾകൊണ്ട് നിസാരവത്ക്കരിച്ചിരിക്കുന്നത്. കടുത്ത ഇസ്ലാമിക വാദിയായ പ്രസിഡന്റ് തയിബ് എർദോർഗൻ നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ ക്രിസ്ത്യൻ വിരുദ്ധതയ്ക്കുള്ള ഏറ്റവും പുതിയ അടയാളമായാണ് ഈ കച്ചവടശ്രമം ചൂണ്ടിക്കാട്ടപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?