Follow Us On

28

February

2021

Sunday

പുതുവര്‍ഷത്തില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

പുതുവര്‍ഷത്തില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

2021 പുതുതാണ്. എന്നാല്‍, ആ വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ നമ്മള്‍ പുതുതായോ എന്നൊരു ചോദ്യം ബാക്കിയാകുന്നു. പുതുവര്‍ഷം നമ്മോടു പറയുന്നത്, പുതിയ മനുഷ്യനായി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാനാണ്. അതിന് പല അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, ആരെയും വേദനിപ്പിക്കാത്ത മനുഷ്യന്‍. രണ്ട്, താന്‍മൂലം ആരും വേദനിക്കരുതെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍. മൂന്ന് ഞാന്‍ മൂലം മറ്റുള്ളവര്‍ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍. ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മള്‍ പുതിയ മനുഷ്യരാകും. ഞാന്‍ മൂലം മറ്റൊരാള്‍ സന്തോഷിക്കാന്‍ ഇടയാകുക എന്നു പറയുന്നതാണ് സാമൂഹ്യ അവബോധം എന്ന ആശയം. മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന് പറയാറുണ്ട്. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സമൂഹമെന്ന നിലയ്ക്ക് ഒരു ചങ്ങലയില്‍ കോര്‍ത്തിണക്കിയ കണ്ണിയാണ് മനുഷ്യന്‍. കണ്ണിക്ക് അതില്‍ത്തന്നെ ബലമില്ല. ചങ്ങലയുടെ ഭാഗമാകുമ്പോള്‍ വലിയ ബലമുണ്ടാകുകയും ചെയ്യും. വടം ചകിരിനാരുകൊണ്ട് പിരിച്ചുണ്ടാക്കിയതാണ്. നാരുകള്‍ക്ക് ഒറ്റക്ക് ബലമില്ല. എന്നാല്‍ അവ കൂടിച്ചേരുമ്പോള്‍ ബലമാകുന്നു. ഇത് കൂട്ടായ്മയുടെ പ്രതീകമാണ്.

കൂട്ടായ്മ ഉണ്ടാകണമെങ്കില്‍ ഒരോരുത്തരും സ്വന്തം കാര്യം മാത്രം അന്വേഷിച്ചാല്‍ പോര. അപരന്റെ സുഖംകൂടി പരിഗണിക്കണം. അവനവന് ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്റെ സുഖത്തിനുകൂടി വരണമെന്നു പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്. വസുദേവകുടുംബം എന്നു പറയുന്നതും അതാണ്. എല്ലാവരും മനുഷ്യ സമൂഹത്തിലെ അംഗങ്ങളാണ്. എന്റെ സുഖം, എന്റെ സന്തോഷം. അത് മറ്റുള്ളവരെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. മറ്റുള്ളവരെയും പരിഗണിക്കണിച്ചുവേണം അത് അനുഭവിക്കാനും അന്വേഷിക്കാനും. ആ അര്‍ത്ഥത്തില്‍ നമ്മള്‍ പുതിയ മനുഷ്യരായി മാറാന്‍ കഴിഞ്ഞാല്‍, ഈ വത്സരം നമുക്ക് പുതിയതായിരിക്കും. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന നമ്മുടെ സ്വപ്‌നങ്ങള്‍ പൂവണിയും. ഈ വര്‍ഷം സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ മുളപ്പിക്കുമ്പോള്‍ ഓര്‍ക്കണം, അത് മറ്റാരെയും വേദനിപ്പിക്കുന്നതോ ദുഃഖിപ്പിക്കുന്നതോ ആകരുത്. മറ്റുള്ളവര്‍ക്ക് അതു മുഖാന്തിരം സന്തോഷവും സമാധാനവും സ്വസ്ഥതയും ലഭിക്കുന്നതാകണം. അപരനെ പരിഗണിക്കുന്നതാകണം. ആ അര്‍ത്ഥത്തില്‍ പുതിയ മനുഷ്യനായി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകും.

രണ്ട് അനുഭവങ്ങള്‍

എന്റെ രണ്ട് ചെറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ. അത് ആത്മപ്രശംസയായി ആരും കാണരുത്. ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കിയ കൊച്ചിയിലെ സിസ്റ്റര്‍ ചക്കാലയ്ക്കലിനെക്കുറിച്ചുള്ള ഫീച്ചര്‍ സണ്‍ഡേ ശാലോമിന്റെ ക്രിസ്മസ് പതിപ്പില്‍ വായിച്ചപ്പോഴാണ് ആ പഴയ സംഭവം വീണ്ടും ഓര്‍മയിലേക്ക് വന്നത്. ഒരു കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള പണത്തിനായി എന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സിസ്റ്റര്‍ വിളിച്ചിരുന്നു. ഞാന്‍ അന്ന് സുപ്രീം കോടതി ജഡ്ജിയായി സേവനം ചെയ്യുകയായിരുന്നു. ശമ്പളം മാത്രമാണ് വരുമാനം. എനിക്ക് ധാരാളം ലോണുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ആലോചിച്ചു, എനിക്ക് തവണകളായി ലോണ്‍ അടച്ചുവീട്ടാന്‍ കഴിയും. ആ കുടുംബത്തിന് അതിന് സാധിക്കില്ല. അങ്ങനെ ഡല്‍ഹിയിലെ ഒരു ബാങ്കില്‍നിന്ന് പേഴ്‌സണല്‍ ലോണ്‍ എടുത്തു. അത്തരം വായ്പകള്‍ക്ക് പലിശ കൂടുതലാണ്. പണം അയച്ചുകൊടുത്തു. സിസ്റ്റര്‍ ആ കുടുംബത്തിന് വീട് വച്ചുകൊടുക്കുകയും ചെയ്തു. എനിക്ക് വലിയ സന്തോഷമായി.
ഒരിക്കല്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് പള്ളി പണി നടക്കുകയായിരുന്നു. ഞങ്ങളുടെ വിഹിതം കൊടുത്തിരുന്നു. വീണ്ടും പണത്തിന് ആവശ്യം വന്നപ്പോള്‍ വികാരിയച്ചന്‍ പറഞ്ഞു, പ്രധാന വാതില്‍ വയ്ക്കാന്‍ പണം ഇല്ലെന്ന്. അന്നും ലോണെടുത്താണ് പണം നല്‍കിയത്. അങ്ങനെ നല്‍കിയതിന്റെ പേരില്‍ എനിക്ക് ഒരു ദോഷവും വന്നിട്ടില്ല. അമര്‍ത്തിക്കുലുക്കി നിറച്ച് തരുന്ന അനുഭവങ്ങളാണ് പിന്നീട് ഉണ്ടായത്. കര്‍ത്താവിന് കടംകൊടുത്തിട്ട് ഇന്നേവരെ ആര്‍ക്കും ഒരു ദാരിദ്ര്യവും ഉണ്ടായിട്ടില്ല എന്നത് നൂറ് ശതമാനവും ഉറപ്പാണ്.

ബന്ധങ്ങള്‍ നേര്‍രേഖയിലാണോ?

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുന്നത് എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകുവാനാണ്. ദൈവത്തിന്റെ കൃപയാലും കാരുണ്യത്താലും നാം പുതിയൊരു വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒത്തിരി പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍ നമുക്ക് പൂര്‍ത്തിയാക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ട പല സ്വപ്‌നങ്ങളും പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാലും പുതിയ വര്‍ഷത്തേക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. ദൈവം അനുഗ്രഹിക്കാന്‍ തിരുമനസായാല്‍ എല്ലാം സാധിക്കും. പുതുവര്‍ഷത്തലേക്ക് പ്രവേശിക്കുമ്പോള്‍ ഇതു വളരെ പ്രധാനപ്പെട്ട ചിന്തയാകണം. നാം എന്തെല്ലാം പദ്ധതികള്‍ വിഭാവനം ചെയ്താലും ആത്യന്തികമായി ദൈവം തിരുമനസായാല്‍ മാത്രമേ അതു നടക്കുകയുള്ളൂ, നടക്കാന്‍ പാടുള്ളൂ. ദൈവത്തിന്റെ ഹിതത്തിന് അനുസരിച്ച് അല്ലാത്തതൊന്നും എന്റെ ജീവിതത്തില്‍ നടക്കാന്‍ പാടില്ല. ദിവസവും നമ്മള്‍ പലതും പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ആ പ്രാര്‍ത്ഥനയുടെ അവസാനം ഒരു കാര്യം കൂട്ടിച്ചേര്‍ക്കണം. ദൈവമേ, ഞാന്‍ പ്രാര്‍ത്ഥിക്കുന്നതോ, ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതോ നിന്റെ ഹിതത്തിന് യോജിച്ചതല്ലെങ്കില്‍ അത് എനിക്ക് അനുവദിക്കരുതേ.
തിരുഹിതത്തിന് കീഴ്‌വഴങ്ങാന്‍ തക്ക മനസ് നമ്മില്‍ രൂപപ്പെടണം. പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാം ഒരു ‘തിരു’ ആക്കി മാറ്റണം. എന്റെ കുടുംബം തിരുക്കുടുംബമാക്കി മാറ്റണം. തിരുക്കുടുംബമാകുന്നത് കുടുംബത്തിലെ ബന്ധങ്ങള്‍ നേരെ ആകുമ്പോഴാണ്. ബന്ധങ്ങള്‍ നേരെ ആകണമെങ്കില്‍ അവിടെ അഴിച്ചുപണി അത്യാവശ്യമാണ്. മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ബന്ധം, മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ബന്ധം, മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം. ബന്ധങ്ങള്‍ നേര്‍രേഖയിലാണെങ്കില്‍ വലിയ സന്തോഷവും സമാധാനവും കുടുംബത്തില്‍ ഉണ്ടാകും. മനസ് തിരുമനസ് ആകണമെങ്കില്‍ ശുദ്ധമാകണം. ശുദ്ധമാകണമെങ്കില്‍ ക്ഷമിക്കാനും മറക്കാനും പൊറുക്കാനും വിട്ടുകൊടുക്കാനും തയാറാകണം. വിട്ടുകൊടുക്കുക, വിട്ടുവീഴ്ച ചെയ്യുക എന്നത് മലയാളത്തിലെ രണ്ട് പ്രധാനപ്പെട്ട വാക്കുകളാണ്. വിട്ടുകൊടുക്കാന്‍ തയാറാകുമ്പോള്‍ വലിയൊരു തിരിച്ചുകിട്ടലുണ്ടാകും, പ്രതിഫലം ലഭിക്കും. വിട്ടുവീഴ്ച ചെയ്യുമ്പോള്‍ ദൈവത്തോട് വലിയ ബന്ധത്തിലാകാന്‍ സാധിക്കും.

കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കാം

ദൈവം എപ്പോഴും മനുഷ്യനോട് അനുരജ്ജനപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ്. ദൈവത്തിന് നമ്മോട് അനുരജ്ജനപ്പെടണമെന്നുണ്ടെങ്കില്‍ ദൈവം സൃഷ്ടിച്ച ബന്ധങ്ങളില്‍ അനുരജ്ജനം ഉണ്ടാകണം. നമ്മുടെ ബന്ധങ്ങള്‍ നേരെ ആക്കാതെ ദൈവവുമായുള്ള ബന്ധം ശരിയാകില്ല. കുടുംബം നന്നായാല്‍ സമൂഹം നന്നാകും, നാടും നന്നാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടായാല്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ഏര്‍പ്പെടുന്ന എല്ലാ വ്യാപാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആ നിറവ് ഉണ്ടാകും. ഐശ്യര്യമുള്ള കുടുംബം എന്നു പറയുന്നതിന്റെ അര്‍ത്ഥം-ദൈവം വസിക്കുന്ന കുടുംബങ്ങള്‍ എന്നാണ്. പ്രവൃത്തികളും ഉദ്യമങ്ങളും ആശീര്‍വദിക്കുന്നത് ദൈവമാണ്. അത് ദൈവത്തിന് വിട്ടുകൊടുക്കണം. ദൈവത്തോട് ബന്ധപ്പെടുത്തിയാണ് നമ്മുടെ അഭിലാഷങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ബന്ധങ്ങളില്‍ നേര്‍രേഖ ഉണ്ടാകും.
ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്ന വ്യക്തികള്‍ക്ക് മൂന്ന് തിരിച്ചറിവുകള്‍ പ്രധാനപ്പെട്ടതാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല, ദൈവം നമ്മെ കൈവിടില്ല, ദൈവത്തിന് എല്ലാം സാധ്യമാണെന്ന ബോധ്യം. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കാന്‍ പുതുവത്സരത്തില്‍ നമുക്ക് പരിശീലിക്കാം. ദൈവം നമ്മെ കൈവിടില്ലെങ്കില്‍ പിന്നെ എന്തിനാണ് നാം ആശങ്കപ്പെടുന്നത്. എന്റെ സന്തോഷം കാംക്ഷിക്കുന്ന, എന്റെ നിത്യത കാംക്ഷിക്കുന്ന നല്ല ദൈവം എന്റെ കൂടെ ഉണ്ടെന്നും മനസിനെ പഠിപ്പിക്കണം. ആ ദൈവത്തിന്റെ കൃപയോട് സഹകരിച്ചു ജീവിച്ചാല്‍ മതി. അങ്ങനെയൊരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ ജീവിതത്തില്‍ സ്വസ്ഥത ഉണ്ടാകും. ദൈവത്തിന് വിട്ടുകൊടുക്കാത്തപ്പോഴാണ് ഭയവും ആശങ്കയും നിറയുന്നതും അസ്വസ്ഥതകള്‍ കീഴടക്കുന്നതും. അപ്പോഴാണ് പ്രശ്‌നങ്ങളില്‍ ചെന്നുചാടുന്നത്. ദൈവം കൈപിടിച്ച് നടത്തുന്ന ഒരാള്‍ക്ക് ആശങ്കള്‍ ഉണ്ടാവില്ല. ദൈവം അറിയാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. ദൈവകൃപയോട് സഹകരിച്ച് ജീവിക്കാന്‍ സാധിച്ചാല്‍ വലിയ അനുഗ്രഹങ്ങള്‍ക്ക് അത് ഇടയാക്കും. ബന്ധങ്ങള്‍ വിശുദ്ധവും നിര്‍മലവുമാകും. അപ്പോള്‍ കുടുംബത്തില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളെ തിരുമുറിവുകളാക്കി മാറ്റാന്‍ സാധിക്കും. മുറിവുകളെ തിരുമുറിവുകളാക്കി മാറ്റുമ്പോള്‍ കുടുംബങ്ങള്‍ തിരുക്കുടുംബങ്ങളായി മാറും. എല്ലാവര്‍ക്കും നല്ലൊരു വര്‍ഷം ആശംസിക്കുന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?