Follow Us On

28

February

2021

Sunday

നീറോയും ട്രാജനും ഡയോക്ലീഷനും മടങ്ങിവരുന്നോ?

നീറോയും ട്രാജനും ഡയോക്ലീഷനും  മടങ്ങിവരുന്നോ?

വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ 2018-19-ലെ കണക്കുപ്രകാരം വിശ്വാസജീവിതം നയിക്കാന്‍ വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യ പത്താം സ്ഥാനത്തെത്തിച്ചേര്‍ന്നിരിക്കുന്നു. കണക്കുകള്‍പ്രകാരം ഈ രാജ്യങ്ങളില്‍ വിശ്വാസത്തെപ്രതി ദിനവും എട്ട് ക്രിസ്ത്യാനികളാണ് വധിക്കപ്പെടുന്നത്. ഓരോ ആഴ്ചയും 182-ഓളം ക്രൈസ്തവ ദൈവാലയങ്ങളോ സ്ഥാപനങ്ങളോ ആക്രമിക്കപ്പെടുന്നു. ഓരോ മാസവും 309-ല്‍പരം ക്രൈസ്തവര്‍ തുറങ്കിലടയ്ക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍മാത്രം രക്തസാക്ഷികളായത് 1350 ക്രൈസ്തവരായിരുന്നു. ചൈനയില്‍ ആക്രമിക്കപ്പെടുകയോ നിര്‍ബന്ധപൂര്‍വം അടയ്ക്കപ്പെടുകയോ ചെയ്തത് അയ്യായിരത്തില്‍പരം ക്രൈസ്തവ ദൈവാലയങ്ങളായിരുന്നു. അനുദിനം വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്, സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ പീഡനങ്ങളും കഠിനതകള്‍ നിറഞ്ഞുനിന്ന കാലഘട്ടവുമെല്ലാം മടങ്ങിവരുകയാണോ? അതെ, നീറോയും ട്രാജനും ഡയോക്ലീഷനും മടങ്ങിവരുന്നോ?

വാളെടുത്ത് പോരിനിറങ്ങണമോ?
ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ പ്രതികരണം എങ്ങനെയായിരിക്കണം? ചിലരെങ്കിലും പറയുന്നതുപോലെ വാളെടുത്ത് പോരിനിറങ്ങണമോ? ക്ഷമിക്കാനും സ്‌നേഹിക്കാനും സഹിക്കാനും പ്രചോദനമേകുന്ന ക്രൈസ്തവ മാര്‍ഗത്തില്‍ ആയുധമെടുക്കാനും യുദ്ധം ചെയ്യാനുമൊക്കെയാവുക സാധ്യമല്ലല്ലോ. ക്ഷമയും സ്‌നേഹവും വിട്ടുകൊടുക്കലുമൊക്കെ ഒരിക്കലും കഴിവില്ലായ്മയല്ല. പിന്നെയോ, അവ ദൈവകൃപയുടെ അടയാളങ്ങളാണ്. അസാധാരണത്വംകൊണ്ടേ അത് സാധ്യമാകൂ. ക്രൈസ്തവവിളിയും അതുതന്നെയാണല്ലോ. പരമ്പരാഗതമായുണ്ടായിരുന്ന നിയമങ്ങള്‍ സ്‌നേഹം എന്ന സുവര്‍ണകല്പനയാല്‍ തിരുത്തിയെഴുതിയ ഈശോയുടെ മാര്‍ഗം പിന്തുടരുക അസാധാരണത്വമല്ലാതെ മറ്റെന്താണ്!
മക്കബായ വിപ്ലവങ്ങള്‍ക്കിടയില്‍ യൂദാസ് മക്കബേയൂസ് തന്റെ സഹോദരങ്ങളെ ശക്തിപ്പെടുത്തുന്നുണ്ട്: ”… നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം. ഇസ്രായേലിനെ രക്ഷിക്കുന്ന ഒരു വിമോചകനുണ്ടെന്ന് വിജാതീയര്‍ അപ്പോള്‍ അറിയും” (മക്ക. 4:10-11). ദൈവകല്പനപ്രകാരം ഏഴു ദിവസം ജെറീക്കോ പട്ടണത്തിനുചുറ്റും വലംവച്ചപ്പോള്‍ ഇസ്രായേല്‍ജനത്തിനു മുന്നില്‍ അഭേദ്യമെന്ന് കരുതപ്പെട്ടിരുന്ന ജെറീക്കോമതില്‍ തകര്‍ന്നുവീണു (ജോഷ്വ 6). അമോര്യരുമായി ഏറ്റുമുട്ടവെ ജോഷ്വ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു, പിന്നെ ”സൂര്യന്‍ നിശ്ചലമായി നിന്നു. ചന്ദ്രന്‍ അനങ്ങിയതുമില്ല” (ജോഷ്വ 10:13 ). തന്റെ ജനത്തിന് കനിഞ്ഞു നല്‍കിയ വിജയങ്ങളിലൂടെയും അസംഖ്യം അത്ഭുതങ്ങളിലൂടെയും അനുഗ്രഹങ്ങളിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തുകയായിരുന്നു അവിടുന്ന്. തന്റെ ജനത്തിന് ദ്രോഹം ഏല്‍പിച്ചവരെയെല്ലാം അവിടുന്ന് ചിതറിച്ചുകളഞ്ഞു. എന്നാല്‍ ഇന്നെന്തേ തന്റെ ജനത്തിന്റെമേല്‍ പീഡനങ്ങള്‍ അഴിച്ചുവിടുന്ന ജനതയെ… സംഘടിതശ്രമങ്ങളെ അവിടുന്ന് തൂത്തെറിയുന്നില്ല?
അതിനുള്ള ഉത്തരം കണ്ടെത്താനാവുക പുതിയ നിയമത്തിലാണ്. പഴയനിയമവും പ്രവാചകന്മാരുമൊക്കെ ആരെ കാത്തിരുന്നോ, അവനില്‍… ക്രിസ്തുവില്‍. ”വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു” (യോഹ. 1:14). എല്ലാ വെളിപ്പെടുത്തലുകളുടെയും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും പൂര്‍ണതയായി ദൈവപുത്രന്‍ മന്നിലവതരിച്ചു. യുദ്ധങ്ങളോ രക്തച്ചൊരിച്ചിലുകളോ ഇനി നമുക്കാവശ്യമില്ല. ”ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്…” (മത്താ. 7:14) എന്ന വചനത്തിലൂടെ രക്ഷയിലേക്കുള്ള പാതയുടെ പ്രത്യേകത അവിടുന്ന് വെളിപ്പെടുത്തുകയായിരുന്നു. ഒരു കരണത്തടിക്കുന്നവന് മറുകരണം കാട്ടിക്കൊടുക്കുവാന്‍ പഠിപ്പിച്ചുകൊണ്ടും (മത്താ. 5:39) ശത്രുക്കളെ സ്‌നേഹിക്കാനും പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചുകൊണ്ടും (മത്താ. 5:44) ക്ഷമയുടെ, സ്‌നേഹത്തിന്റെ, സഹനത്തിന്റെ ഒരു ‘സുവിശേഷം’, ഒരു പുതിയ കല്പന അവിടുന്ന് അവതരിപ്പിച്ചു (യോഹ. 13:35). കാല്‍വരിയില്‍ മനുഷ്യസങ്കല്പങ്ങള്‍ക്കതീതമായ പീഡനങ്ങളേറ്റുവാങ്ങിക്കൊണ്ടുള്ള കുരിശുമരണത്തിലൂടെ താന്‍ പറഞ്ഞവയുടെയും പഠിപ്പിച്ചവയുടെയുമെല്ലാം മകുടോദാഹരണമായി തന്നെത്തന്നെ സമര്‍പ്പിച്ചു.

രക്തസാക്ഷികളുടെ പ്രത്യാശ
ഓര്‍ക്കുക, സകല അധികാരങ്ങളുടെയും സര്‍വശക്തിയുടെയും നാഥനായിരുന്നു അവിടുന്ന്. ക്ഷണനേരംകൊണ്ട് എല്ലാം അവസാനിപ്പിക്കാമായിരുന്നു. എല്ലാവരെയും സംഹരിക്കാമായിരുന്നു. എന്നാല്‍ എല്ലാമവിടുന്ന് ഏറ്റെടുത്തു, മാനവരക്ഷയ്ക്കായി തികഞ്ഞ ആത്മനിര്‍വൃതിയോടെ. അന്നുമുതല്‍ സഹനങ്ങള്‍ അനുഗ്രഹങ്ങളുടെ വാതായനങ്ങളായിത്തീരുകയായിരുന്നു. മാനവകുലത്തിന്റെ മുഴുവനും സഹനങ്ങളിലും പ്രതിസന്ധികളിലും തളരാതെ, തകരാതെ പിടിച്ചുനില്‍ക്കാനുള്ള ഒരു വലിയ മാതൃക കൂടിയായിരുന്നു കുരിശിലെ ആ ബലി. പ്രാണന്‍ വിട്ടുപോകുന്ന നൊമ്പരങ്ങള്‍ക്കിടയിലും നല്ല കള്ളനെ ആശ്വസിപ്പിച്ച തമ്പുരാന്‍ ഒരിക്കലും ആരെയും കൈവെടിയുകയില്ല. ഓര്‍ക്കാം, കര്‍ത്താവറിയാതെ ഒന്നും സംഭവിക്കുന്നില്ല… കാറ്റ് വീശുന്നില്ല, സൂര്യന്‍ ഉദിക്കുന്നില്ല, ഇലകള്‍ അനങ്ങുന്നില്ല. തന്റെ ശരീരത്തിലെ മുള്ളെടുത്തു മാറ്റുവാന്‍ പ്രാര്‍ത്ഥിച്ച പൗലോസ് ശ്ലീഹായോട് അവിടുന്ന് പറഞ്ഞു: ”നിനക്ക് എന്റെ കൃപ മതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്” (2 കോറി. 12:9).
ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് അരുള്‍ച്ചെയ്യുന്നുണ്ട്: ”ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10). ഈ പ്രത്യാശയായിരുന്നു ആദ്യനൂറ്റാണ്ടുകളിലെ മതപീഡനങ്ങള്‍ക്കിടയില്‍ ധീരതയോടെ വിശ്വാസം ഏറ്റുപറഞ്ഞ് രക്തസാക്ഷിത്വം വരിക്കാന്‍ വിശുദ്ധരെ ശക്തിപ്പെടുത്തിയത്. അവരുടെ ജീവിതമാതൃക പ്രചോദനമാകട്ടെ. ഓര്‍മയിലുണ്ടാകട്ടെ അവിടുത്തെ പ്രവചനം: ”അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും” (മത്താ. 24:9-13). വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാം… ക്ഷമയുടെ, സ്‌നേഹത്തിന്റെ, സഹനത്തിന്റെ മാതൃക മുറുകെ പിടിക്കാം. ”കര്‍ത്താവ് നിങ്ങള്‍ക്കായി യുദ്ധം ചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തമായിരുന്നാല്‍ മതി” (പുറ. 14:14).

ബ്ര. ജേക്കബ് മൂക്കിലിക്കാട്ട് ഒ.സി.ഡി, റോം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?