Follow Us On

28

February

2021

Sunday

ജീവിതം സുവിശേഷമാക്കി മാറ്റിയ കര്‍മ്മയോഗി

ജീവിതം സുവിശേഷമാക്കി  മാറ്റിയ കര്‍മ്മയോഗി

ആത്മീയതയുടെ അളവുകോല്‍ കാണപ്പെടുന്ന സഹോദരങ്ങളോടുള്ള സ്‌നേഹമാണെന്നു പറഞ്ഞ വിശുദ്ധ അമ്മത്രേസ്യയുടെ മൊഴികള്‍ ജീവിതമാക്കി മാറ്റിയ വ്യക്തിയാണ് പുണ്യശ്ലോകനായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി. പൗരോഹിത്യം അള്‍ത്താരയില്‍ ഒതുങ്ങാനുള്ളതല്ലെന്നും സമൂഹത്തില്‍ സ്‌നേഹവും സേവനവുമായി തണല്‍ വിരിക്കാനുള്ളതാണെന്നും ഈ പുണ്യശ്ലോകന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ആഗോളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചൈതന്യത്തോടെ ഇന്നത്തെ കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി, ആലപ്പുഴ രൂപതകളുടെ തീരദേശത്തുകൂടെ ഓടിനടന്ന് സുവിശേഷം പ്രസംഗിക്കുകയും അവശര്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമായി നല്ല സമറായനായി മാറുകയും ചെയ്ത പുണ്യാന്മാവാണ് തിയോഫിലസച്ചന്‍. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീശാക്തീകരണം, സ്വയം തൊഴില്‍ പദ്ധതികള്‍, സമൂഹ വിവാഹം, ഭവന നിര്‍മ്മാണം, വ്യദ്ധ ജനസംരക്ഷണം, പാപപ്പെട്ടവര്‍ക്ക് ആഹാര സാധനങ്ങള്‍ എത്തിച്ചു നല്‍കല്‍ തുടങ്ങിയവ അര നൂറ്റാണ്ടിനപ്പുറം അച്ചന്‍ ഭംഗിയായി നടപ്പാക്കിയിരുന്നു.

അടുപ്പുപുകയാത്ത വീടുകളിലേക്ക്

ജീവിത കാലത്തു തന്നെ ‘പുണ്യാളനച്ച’നെന്നും തീക്ഷ്ണതയും പ്രവര്‍ത്തനങ്ങളും കൊണ്ട് ‘കേരള ഫ്രാന്‍സിസ് സേവ്യറെ’ന്നും അറിയപ്പെട്ട അദ്ദേഹം റോമില്‍ പോയി സകലയിടങ്ങളിലും ക്രിസ്തുവിനെ പ്രഘോഷിക്കാനാവശ്യമായ അപ്പസ്‌തോലിക് മിഷണറി പദവി 10-ാം പിയൂസ് പാപ്പയില്‍ നിന്ന് കരസ്ഥമാക്കി എന്നറിയുമ്പോള്‍ അദ്ദേഹത്തില്‍ ആളിക്കത്തിയിരുന്ന പ്രേഷിത ചൈതന്യം വെളിവാകുന്നുണ്ട്. നിത്യതയിലേക്ക് യാത്രയായിട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 26 ന് 73 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കോട്ടപ്പുറം രൂപതയിലെ മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ഇടവകയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കബറിടം അനേകര്‍ക്ക് അനുഗ്രഹങ്ങളുടെ കലവറയായിത്തീരുന്നു. അതിന്റെ സാക്ഷ്യങ്ങളാണ് ആ കബറിടത്തിനു മുന്‍പിലെ കല്‍വിളക്കില്‍ അണയാതെ കത്തുന്ന എണ്ണത്തിരികള്‍.
ഭാരത ക്രൈസ്തവ പാരമ്പര്യത്തിനപ്പുറം പഴക്കമുള്ള മുസിരിസ് പദ്ധതി പ്രദേശത്ത്, എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് ഗ്രാമത്തിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. അന്നത്തെ പള്ളിപ്പുറം മഞ്ഞു മാതാ ഇടവകയില്‍ പാണ്ടിപ്പിള്ളി ജോസഫ് – മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1860 ഒക്ടോബര്‍ 10 -ന് അദ്ദേഹം ഭൂജാതനായി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമമാണ് ജ്ഞാനസ്‌നാന സമയത്ത് നല്‍കപ്പെട്ടത്. അക്കാലത്ത് പടര്‍ന്നുപിടിച്ച കോളറ സേവ്യറിന്റെ മാതാപിതാക്കളുടെ ജീവനപഹരിച്ചു. സേവ്യര്‍ തുടര്‍ന്ന് പള്ളിപ്പുറത്ത് പടമാടന്‍ കുടുംബത്തില്‍പ്പെട്ട മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. മുത്തച്ഛന്‍ വിശുദ്ധരുടെ ജീവചരിത്രവും സന്മാര്‍ഗ കഥകളും കൊണ്ട് അവന്റെ കുഞ്ഞ് മനസ് നിറച്ചു. അവനില്‍ ദൈവവിളിയുടെ വിത്തുകള്‍ നാമ്പെടുത്തു തുടങ്ങി. മാതൃഭക്തനായ സേവ്യര്‍ കര്‍മ്മലീത്ത സഭയില്‍ ചേര്‍ന്ന് സന്യാസ വൈദികനാകാന്‍ തീരുമാനമെടുത്തു. 1878 ല്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്ത സഭയില്‍ യോഗാര്‍ത്ഥിയായി. തിയോഫിലസ് എന്ന നാമം സ്വീകരിച്ച അദ്ദേഹം 1886 ല്‍ ലെയോനാര്‍ദ് മെല്ലാനോ മെത്രാപ്പോലീത്തയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
വൈദികനായശേഷം ഫാ. തിയോഫിലസ് ലത്തീനില്‍ ആഴമായ പാണ്ഡിത്യം നേടി. ലെറീസ് എന്ന ഖണ്ഡകാവ്യം അദ്ദേഹം ലത്തീനില്‍ രചിച്ചിട്ടുണ്ട്. രൂപതാ വൈദികരുടെ അഭാവത്തില്‍ സന്യാസ വൈദികരെ ഇടവകകളുടെ ചുമതല ഏല്പിക്കുക അന്നും ഇന്നും സാധാരണമാണ്. പാണ്ടിപ്പിള്ളിയച്ചനും അവിഭക്ത വരാപ്പുഴ അതിരൂപതയില്‍ പനങ്ങാട് സെന്റ് ആന്റണീസ്, കാര മൗണ്ട് കാര്‍മ്മല്‍, മതിലകം സെന്റ് ജോസഫ് ഇടവകകളില്‍ വികാരിയായി ശുശൂഷ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭവന സന്ദര്‍ശനങ്ങള്‍ സമ്പന്നനില്‍നിന്ന് ദരിദ്രനിലേക്ക് പങ്കുവയ്പിന്റെ പാലം പണിയുന്ന അനുഭവമായി മാറി. ഒരു കയ്യില്‍ വടിയും മറുകയ്യില്‍ ഭിക്ഷാ പാത്രവുമായി അലഞ്ഞ് കിട്ടുന്നതെല്ലാം അടുപ്പു പുകയാത്ത വീടുകളിലേക്ക് എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

റോമിലേക്കൊരു യാത്ര

ആദ്യം സന്യാസാശ്രമത്തിലും പിന്നീട് ഇടവകകളിലുമാണ് തിയോഫിലസച്ചന്‍ പൗരോഹിത്യ ശുശൂഷ നിര്‍വഹിച്ചത്. എന്നാല്‍ ഇടവകയുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് സ്വതന്ത്രമായി സഞ്ചരിച്ച് സുവിശേഷ പ്രഘോഷണം നടത്താനുള്ള ഉല്‍കടമായ ആഗ്രഹം അദ്ദേഹം മനസില്‍ സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് പനങ്ങാട് ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ 1907 ല്‍ പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് ഈ ആഗ്രഹം ഉണര്‍ത്തിക്കാന്‍ റോമിലേക്ക് തിരിക്കുന്നത്. ഗോവയില്‍ നിന്നാണ് റോമിലേക്ക് കപ്പല്‍ കയറിയത്. അന്ന് റോമില്‍ ഉപരിപഠനം നടത്തിയിരുന്ന, പിന്നീട് വരാപ്പുഴയുടെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയായി മാറിയ, ഫാ. ജോസഫ് അട്ടിപ്പേറ്റി അതിനാവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കി. 10-ാം പിയൂസ് പാപ്പ സ്വതന്ത്രമായി എവിടെയും ചെന്ന് പ്രേഷിത പ്രവര്‍ത്തനം നടത്താനള്ള ‘മിഷനറി അപ്പസ്‌തോലിക്ക്’ എന്ന അധികാരപത്രം നല്‍കി അദ്ദേഹത്തെ അനുഗ്രഹിച്ചു.
നാട്ടില്‍ തിരിച്ചെത്തിയ ഫാ. പാണ്ടിപ്പിള്ളി ഇന്ന് കോട്ടപ്പുറം രൂപതയുടെ ഭാഗമായ മടപ്ലാതുരുത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. വചന വിത്ത് വിതച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ച് ജ്ഞാനസ്‌നാനം നല്‍കി. അതുപോലെ ധാരാളം ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തി. മടപ്ലാതുരുത്തില്‍ ഭവന രഹിതരെ വീടുണ്ടാക്കി പാര്‍പ്പിച്ച അച്ചന് സ്വന്തമായി വീടുണ്ടായിരുന്നില്ല. എത്തിപ്പെടുന്ന ഇടങ്ങളില്‍ തന്നെ അദ്ദേഹം അന്തിയുറങ്ങി. പലപ്പോഴും ബോട്ടും, പീടികത്തിണ്ണയും വീടുകളുടെ ചാര്‍ത്തും മരത്തണലുകളുമൊക്കെയായിരുന്നു അച്ചന്റെ സങ്കേതങ്ങള്‍.
താഴ്ന്ന ജാതിയില്‍ പെട്ടവരെയും പാണ്ടിപ്പിള്ളിയച്ചന്‍ ജ്ഞാനസ്‌നാപ്പെടുത്തി. കോട്ടപ്പുറത്തും മടപ്ലതുരുത്തിലും അനാഥശാലകള്‍ സ്ഥാപിച്ചു. ജീവിതം മുഴുവന്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സുവിശേഷമാക്കി മാറ്റാന്‍ ഓടിനടന്നു ആ കര്‍മ്മയോഗി. അദ്ദേഹത്തിന്റെ കര്‍മനിരതയെ തടഞ്ഞു നിര്‍ത്തിയത് എണ്‍പത്തിയേഴാം വയസില്‍ പുറത്തുണ്ടായ ചൂടുകുരുപോലുള്ള ഒരു പരുവായിരുന്നു. അതു വലുതായി പഴുത്ത് പൊട്ടാന്‍ തുടങ്ങി. അത് അച്ചന്റെ ശരീരത്തെയാകെ തളര്‍ത്തി. വേദന സഹിച്ച് രോഗക്കിടക്കയില്‍ കമിഴ്ന്നു കിടന്നപ്പോഴും ‘എന്റെ ഈശോയെ’ എന്ന നാമം അദ്ദേഹം ഉരുവിട്ടു കൊണ്ടിരുന്നു. സഹനങ്ങളുടെ കാല്‍വരി യാത്രയ്ക്കിടയില്‍ 1947 ഡിസംബര്‍ 26 ന് 87-ാം വയസില്‍ പാണ്ടിപ്പിള്ളിയച്ചന്‍ സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായി.

സുകൃത ജീവിതത്തിന്റെ സാക്ഷ്യങ്ങള്‍

മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് പാണ്ടിപ്പിള്ളിയന്റെ കബറിടം. അദ്ദേഹത്തിന്റെ സുകൃത ജീവിതത്തിന് സാക്ഷികളായ ജനങ്ങള്‍ കബറിടത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം ആ പുണ്യചരിതന്റെ മാധ്യസ്ഥ്യത്തിന്റെ പരിമളം അനുഭവിക്കാനും കഴിഞ്ഞു. ജീവിത പ്രതിസന്ധികളില്‍ ‘പുണ്യാളച്ചന്റെ കല്ലറയില്‍’ പ്രാര്‍ത്ഥിക്കുന്ന പതിവ് ഈ പ്രദേശത്ത് രൂപപ്പെട്ടു. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് മുതല്‍ 26 വരെ പുണ്യശ്ലോകന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിവരുന്നു.
ജീവിത കാലത്ത് തന്നെ അനേകം അത്ഭുതങ്ങള്‍ ദൈവം പാണ്ടിപ്പിള്ളിയച്ചന്‍ വഴി പ്രവര്‍ത്തിച്ചു എന്നാണ് വാമൊഴിയായി പ്രചരിച്ചിട്ടുള്ളത്. ‘ചാഴി വിലക്ക്’ നടത്തുന്നതിന് ദൂരദേശത്തു നിന്നുപോലും ആളുകള്‍ അച്ചനെ തേടിയെത്തിയിരുന്നു. പിശാചു ബാധയൊഴിപ്പിക്കാനും അച്ചന്റെ സഹായം അന്വേഷിച്ചെത്തി. കടല്‍ തീരത്തെ അത്ഭുതകരമായ മീന്‍പിടുത്ത കഥയും പ്രസിദ്ധമാണ്.
സമാനമായ അനേകം അത്ഭുത സംഭവങ്ങള്‍ അച്ചനെ സംബന്ധിച്ച് നാട്ടില്‍ പ്രചാരത്തിലുണ്ട്. 2004 ല്‍ അച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച മൂന്ന് കുട്ടികള്‍ക്ക് ദിവ്യദര്‍ശനം ലഭിച്ചു. ആ കാലഘട്ടം മുതല്‍ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ഇന്ന് അച്ചന്റെ കബറിടം അനേകര്‍ക്ക് ആശ്വാസവും അഭയ കേന്ദ്രവുമായി മാറി കഴിഞ്ഞു. അപേക്ഷിച്ചാല്‍ പാണ്ടിപ്പിള്ളിയച്ചന്‍ ഉപേക്ഷിക്കില്ല എന്ന വിശ്വാസം ജനമനസുകളില്‍ രൂഢമൂലമായി കഴിഞ്ഞു. സ്വര്‍ഗത്തിലിരുന്ന് തങ്ങളുടെ വിഷമസന്ധിയില്‍ ഇടപെടുന്ന ‘ഞങ്ങളുടെ പുണ്യാളനച്ചന്‍’ എന്നാണ് വിശുദ്ധനായി മാറുക എന്ന ചോദ്യവുമായി വലിയൊരു ജനത പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

ഫാ. റോക്കി റോബി കളത്തില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?