Follow Us On

28

February

2021

Sunday

ട്രിപ്പിള്‍ റിയാക്ഷന്‍സ് ടു ജീസസ്‌

ട്രിപ്പിള്‍ റിയാക്ഷന്‍സ് ടു ജീസസ്‌

യേശുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം പരിശോധിച്ചാല്‍ മൂന്നുവിധത്തില്‍ യേശുവിനോട് പ്രതികരിക്കുന്നവരെ കാണാന്‍ കഴിയും. ഇതാണ് ഇവിടെ ഉദ്ദേശിക്കുന്ന ട്രിപ്പിള്‍ റിയാക്ഷന്‍സ്. ഈ ട്രിപ്പിള്‍ റിയാക്ഷന്‍സ് ഇവയാണ്:
ഒന്നാമത്തെ കൂട്ടര്‍ യേശുവിന് എതിര് നില്‍ക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ യേശുവിനോട് നിസംഗത കാണിക്കുന്നു. മൂന്നാമത്തെ കൂട്ടര്‍ യേശുവിനെ അംഗീകരിച്ച് ആരാധിക്കുന്നു.
ഇനി ഈ മൂന്ന് തരം പ്രതികരണങ്ങള്‍ക്കും ഉദാഹരണങ്ങള്‍ പരിശോധിക്കാം. യേശുവിന്റെ ജനനവാര്‍ത്ത ആദ്യം അറിഞ്ഞത് ആട്ടിടയന്മാരാണ്. അവര്‍ അപ്പോള്‍ത്തന്നെ യേശുവിനെ കാണാന്‍ പോയി. അതിനായി അവര്‍ റിസ്‌ക് എടുത്തു. അവര്‍ കൂലിക്കാരായ ഇടയന്മാര്‍ ആയിരുന്നിരിക്കണം. രാത്രിയില്‍ കാട്ടുമൃഗങ്ങള്‍ ആടുകളെ പിടിച്ചുകൊണ്ടുപോകാം. കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോകാം. ഈ രണ്ട് സാധ്യതകളും തടയണമെങ്കില്‍ തങ്ങളുടെ സാന്നിധ്യം ആടുകളുടെ അടുത്ത് വേണം. ഇതറിയാമായിരുന്നിട്ടും അവര്‍ ആ രാത്രിയില്‍ യേശുവിനെ കാണാന്‍ പോയി. വലിയ തണുപ്പിലേക്ക് അവര്‍ ഇറങ്ങി നടന്നു. അങ്ങനെ യാത്ര ചെയ്ത് അവര്‍ യേശുവിനെ കണ്ടുവണങ്ങി. സന്തോഷത്തോടെ അവര്‍ തിരിച്ചുപോയി. അന്നുമുതല്‍ ഇന്നുവരെയും യേശുവിനെ അംഗീകരിക്കുന്ന, അന്വേഷിച്ചുപോകുന്ന, കണ്ടുമുട്ടുന്ന, അതിനായി ത്യാഗങ്ങള്‍ എടുക്കുന്ന, യേശുവിനെ കണ്ടുമുട്ടുന്നതിന്റെ സന്തോഷം അനുഭവിക്കുന്ന മനുഷ്യര്‍ ഉണ്ട്. യേശുവിന്റെ പരസ്യജീവിതകാലത്ത് യേശുവിനെ കാണാനും കേള്‍ക്കാനും പോയ ജനങ്ങള്‍ ഉദാഹരണമാണ്. യേശുവിനെ തേടിച്ചെന്ന രോഗികള്‍ ഉദാഹരണമാണ്. രോഗികളെ യേശുവിന്റെ അടുക്കല്‍ എത്തിക്കാന്‍ ശ്രമിച്ച മനുഷ്യര്‍ ഉദാഹരണമാണ്. ശതാധിപനും സക്കേവൂസും സമരിയാക്കാരിയുടെ വാക്കുകേട്ട് വന്ന സമരിയാക്കാരും പാദം കഴുകി തൈലം പൂശിയ സ്ത്രീയും ഉദാഹരണങ്ങള്‍ ആണ്. എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ഇടയ്ക്കിടയ്ക്ക് കുമ്പസാരിക്കാനും വേദപുസ്തകം വായിക്കാനും മുടക്കമില്ലാതെ പ്രാര്‍ത്ഥിക്കാനും ശ്രമിക്കുന്ന വിശ്വാസികള്‍ ഉദാഹരണമാണ്. ഇടയന്മാരെപ്പോലെ അവരും ആത്മീയസന്തോഷം അനുഭവിക്കുന്നു. യേശുവിനെ അന്വേഷിച്ചുവന്ന മൂന്ന് ജ്ഞാനികളും ഉദാഹരണമാണ്. അവര്‍ യേശുവിനെ കണ്ട് കുമ്പിട്ട് ആരാധിച്ചു (മത്തായി 2:11-12); കാഴ്ചകള്‍ സമര്‍പ്പിച്ചു. അവര്‍ സമര്‍പ്പിച്ച കാഴ്ചവസ്തുക്കള്‍വഴി യേശുവിനെപ്പറ്റി ചില പ്രഖ്യാപനങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ നടത്തി. അഥവാ, അവരിലൂടെ ചില പ്രഖ്യാപനങ്ങള്‍ ദൈവം നടത്തി. അവര്‍ കാഴ്ചവച്ച സ്വര്‍ണം യേശു രാജാവാണ് എന്ന് സൂചിപ്പിക്കുന്നു. കാരണം രാജാക്കന്മാര്‍ക്കാണ് സ്വര്‍ണം കാഴ്ചവച്ചിരുന്നത്. അവര്‍ കാഴ്ചവച്ച കുന്തുരുക്കം യേശു ദൈവമാണ് എന്ന് സൂചിപ്പിക്കുന്നു. ദൈവാരാധനയ്ക്കാണ് കുന്തുരുക്കം ഉപയോഗിക്കുന്നത്. അവര്‍ കാഴ്ചവച്ച മീറ ഒരു സുഗന്ധദ്രവ്യമാണ്. ശരീരത്തെ പൂശാനും മൃതശരീരം അടക്കം ചെയ്യുന്നതിനുമുമ്പ് ലേപനം ചെയ്യാനുമാണ് മീറ ഉപയോഗിച്ചിരുന്നത്. ഇത് കാഴ്ചവച്ചതുവഴി യേശുവിന്റെ മനുഷ്യത്വവും മരണവും അവിടെ സൂചിപ്പിക്കപ്പെട്ടു.
രണ്ടാമത്തെ കൂട്ടര്‍ നിസംഗത പുലര്‍ത്തിയവര്‍ ആണ്. ഏറ്റവും ആദ്യം നിസംഗത പുലര്‍ത്തിയത് യഹൂദപുരോഹിതന്മാരും നിയമജ്ഞരുമൊക്കെയാണ്. യേശു എവിടെയായിരിക്കും ജനിക്കുക എന്ന് ഹേറോദേസ് ചോദിച്ചത് അവരോടാണ്. അവര്‍ കൃത്യമായ ഉത്തരം പറഞ്ഞുകൊടുത്തു. യൂദയായിലെ ബെത്ഹലമില്‍ (മത്തായി 2:5-6). എന്നിട്ട് ഇത് വ്യക്തമാക്കുന്ന പഴയനിയമ വചനം അവര്‍ ഉദ്ധരിക്കുകയും ചെയ്തു (മിക്ക 5:2). അപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയാമായിരുന്നു. പക്ഷേ, അവരുടെ പ്രതികരണം എന്തായിരുന്നു? പോകാനോ കാണാനോ വണങ്ങുവാനോ ഒന്നും അവര്‍ തയാറായില്ല. യേശുവിന്റെ പരസ്യജീവിതകാലത്തും ഇത്തരം സ്വഭാവക്കാരെ കാണാം. പ്രസംഗിച്ചും അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചും രോഗശാന്തികള്‍ നല്‍കിയും യേശു നാടു മുഴുവന്‍ സഞ്ചരിച്ചു. വിശ്വസിച്ചവര്‍ ചുറ്റും കൂടി. പറയുന്നത് കേട്ടു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി. ഇന്നും നോക്കുക. യേശുവിനോട്, അല്ലെങ്കില്‍ ദൈവത്തോട്, കടുത്ത നിസംഗത പുലര്‍ത്തുന്ന മനുഷ്യര്‍ ഉണ്ട്. അവര്‍ ദൈവത്തെ അംഗീകരിക്കുവാനോ ആരാധിക്കുവാനോ യേശുവിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ യേശു പറയുന്ന കാര്യങ്ങള്‍ മനസിലാക്കാനോ ഒന്നും ശ്രമിക്കുന്നില്ല. കൈ നീട്ടുന്ന ദൂരത്ത് പരിഹാരം ഉള്ളപ്പോഴും അത് ഉപയോഗപ്പെടുത്തുവാന്‍ അതിനാല്‍ അവര്‍ക്ക് കഴിയുന്നില്ല. തങ്ങളുടെ ജീവിതത്തില്‍ കഷ്ടതകള്‍ ഉണ്ടാവുകയോ കൂടുകയോ ചെയ്തപ്പോള്‍, ദൈവത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന മനുഷ്യരില്‍ കുറെപ്പേരും ദൈവത്തോട് നിസംഗത പുലര്‍ത്താന്‍ തുടങ്ങുന്നത് നാം കാണുന്നു. ദൈവത്തോട് നിസംഗത പുലര്‍ത്തിയതുകൊണ്ട് അവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകും എന്നതല്ലാതെ നേട്ടങ്ങള്‍ ഒന്നുമില്ലതാനും.
മൂന്നാമത്തെ കൂട്ടര്‍ യേശുവിന് എതിര് നിന്നവര്‍ ആണ്. ആദ്യത്തെ എതിരാളി ഹേറോദേസ് ആയിരുന്നു. യേശുവിനെ കൊല്ലാന്‍ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, യേശുവിനെ കൃത്യമായി കണ്ടെത്താന്‍ കഴിയുകയില്ല എന്ന സംശയം കാരണം രണ്ടുവയസില്‍ താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും വധിച്ചു. പരസ്യജീവിതം ആരംഭിച്ചപ്പോഴും യേശുവിന് എതിര് നിന്ന ധാരാളം പേര്‍ ഉണ്ടായിരുന്നു. യേശുവിനെതിരെ ദൂഷണം പറഞ്ഞു. ജനത്തെ യേശുവിന് എതിരാക്കാന്‍ ശ്രമിച്ചു. കള്ളസാക്ഷികളെ സൃഷ്ടിച്ചു. ഇതൊക്കെത്തന്നെ ഇന്നും നടക്കുന്നു. കുറെ മനുഷ്യര്‍ എല്ലാക്കാലത്തും യേശുവിന് എതിരാണ്. സഭയ്ക്കും എതിരാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്.
യേശുവിനെ അന്വേഷിച്ചിറങ്ങിയ ജ്ഞാനികള്‍ വലിയ വിശ്വാസം കാണിച്ചു. വലിയ ത്യാഗങ്ങള്‍ അനുഭവിച്ചു. എങ്കിലും അവര്‍ ലക്ഷ്യം നേടുന്നിടംവരെ യാത്ര തുടര്‍ന്നു. യേശുവിനെ കണ്ടു. യേശുവിനെ അന്വേഷിച്ചു നടന്നവര്‍ യേശുവിനെ കണ്ടെത്തി കുമ്പിട്ട് ആരാധിക്കുന്നവരായി മാറി. യേശുവിനോട് നിസംഗത പുലര്‍ത്തുന്നവരും യേശുവിന് എതിര് നില്‍ക്കുന്നവരും ദൈവത്തെ കണ്ടുമുട്ടാത്തതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്യുന്നത്? അവരുടെ ഉള്ളിലും ദൈവത്തെ കണ്ടുമുട്ടാനുള്ള ആഗ്രഹവും അന്വേഷണവും ഉണ്ടാകും. യേശുവിന്റെ മാമോദീസാസമയത്ത് യേശുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഒരു സ്വരം ഉണ്ടായി: നീ എന്റെ പ്രിയപുത്രന്‍. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു (മര്‍ക്കോസ് 1:11). ഈ സ്വരം പലരും അന്ന് കേട്ടുകാണുമല്ലോ. അതുവഴി യേശുവിനെ വിശ്വസിച്ചവരും കാണുമല്ലോ. ഇതുപോലെ, യേശുവിന്റെ സാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തുന്ന ചില അവസരങ്ങള്‍ ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സഭ ദനഹാക്കാലത്തിലാണ്. ദനഹാ എന്നുവച്ചാല്‍ പ്രത്യക്ഷീകരണം എന്നാണര്‍ത്ഥം. യേശുവിന്റെ മഹത്വം ലോകത്തില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുവാന്‍ ഇടവരട്ടെ. അങ്ങനെ സംഭവിച്ചാല്‍ അവനെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ കൂടുതലായി അവനെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. നിസംഗത പുലര്‍ത്തുന്ന പലരുടെയും നിസംഗത നഷ്ടമാകും. എതിരു നില്‍ക്കുന്ന അനേകരുടെ എതിര്‍പ്പുകള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. നമുക്ക് പ്രാര്‍ത്ഥിക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?