ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടില്‍ത്തന്നെ കേരളത്തിലും തമിഴ്നാട്ടിലും എത്തിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാട്ടും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും എത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാവാം അതിനുകാരണം. 1600-കളില്‍ മേലാര്‍ക്കോട് ഭാഗത്ത് സീറോ മലബാര്‍ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു. മേലാര്‍ക്കോട് ഉള്‍പ്പെടുന്ന പാലക്കാട് ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം തൃശൂര്‍ രൂപതയുടെ കീഴിലായിരുന്നു. 1974-ല്‍ തൃശൂര്‍ രൂപത വിഭജിച്ച് പാലക്കാട് രൂപതയും 2010-ല്‍ പാലക്കാട് രൂപത വിഭജിച്ച് രാമനാഥപുരം രൂപതയും നിലവില്‍വന്നു. ലാളിത്യത്തിന്റെ ആള്‍രൂപമായ മാര്‍ ജോസഫ് ഇരുമ്പയത്തിന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും വളര്‍ച്ചയുടെ വക്താവുമായ മാര്‍ ജേക്കബ് മനത്തോടത്തിന്റെയും കാല്പാടുകളെ പിന്തുടരാന് ശ്രമിക്കുന്ന പീറ്റര്‍ കൊച്ചുപുരയ്ക്കലിന് ലഭിച്ച സഹായ മെത്രാന് പദവി രൂപതയുടെ ആത്മീയ വളര്‍ച്ചയുടെ അംഗീകാരമാണ് വിലയിരുത്തപ്പെടുന്നത്.
പാലക്കാട് രൂപതയുടെ ഭരണനിര്‍വഹണത്തിന് തനിക്ക് സഹായമെത്രാനെ വേണമെന്ന് അറിയിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് സിനഡിലും റോമിലെ പൗരസ്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിലും സമര്‍പ്പിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ സിനഡ് തിരഞ്ഞെടുത്തത്. 2020 ജൂണ്‍ 18-നായിരുന്നു മെത്രാഭിഷേകം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ലളിതമായി നടത്തിയ മെത്രാഭിഷേക ചടങ്ങുകള്‍ അന്നുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
പാലാ മെത്രാനായിരുന്ന മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്നിന്നുമായിരുന്നു ഫാ. കൊച്ചുപുരയ്ക്കല്‍ പൗരോഹിത്യം സ്വീകരിച്ചത്. അട്ടപ്പാടി, ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി. പിന്നീട് കുറവമ്പാടിയില് വികാരിയായി. തുടര്‍ന്ന് പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തു. റോമിലെ ഓള്യെന്റന് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടി. രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍, രൂപതാ ചാന്‍സിലര്‍, സഹവികാരി ജനറാള്‍, രൂപതാ കോടതി ജുഡീഷ്യല്‍ വികാരി തുടങ്ങി പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും സമൂഹത്തിന് ദിശാബോധം പകരുന്നവയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. ഇംഗ്ലീഷിന് പുറമേ ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളും മാര്‍ കൊച്ചുപുരയ്ക്കലിന് അനായാസം വഴങ്ങും.
ആഗ്രഹത്തോടുകൂടിയുള്ള ദൈവവിളിയേ നിലനില്ക്കുകയുള്ളൂ. ചഞ്ചലഹൃദയരും വിശ്വാസത്തില്‍ ബോധ്യമില്ലാത്തവരും
പിന്തിരിഞ്ഞേക്കാം. ജനത്തിന് ആവശ്യമുള്ള കാലത്തോളം ദൈവം വിളിച്ചുകൊണ്ടേയിരിക്കും.
? പിന്തിരിഞ്ഞുനോക്കുമ്പോള് എന്ത് തോന്നുന്നു.
• ദൈവത്തിന് നന്ദി പറയുന്നു. ദൈവത്തിന്റെ ഹിതം തിരിച്ചറിയാന്‍ എനിക്ക് അല്പം സമയം കൂടുതല്‍ വേണ്ടിവന്നു. അത് ദൈവഹിതംതന്നെയാണ് എന്ന് മനസിലാക്കിയതിനുശേഷം ഇപ്രകാരം ഒരു ശുശ്രൂഷയിലേക്ക് കടന്നുവരാന്‍ ദൈവം എന്നെ അനുവദിച്ചു. വൈദികപട്ടം തന്ന് പാലക്കാട്ടേക്ക് അയച്ച പള്ളിക്കാപ്പറമ്പില്‍ പിതാവ്, ഇവിടെ വൈദികനാകാന്‍ എന്നെ അനുവദിച്ച ഇരുമ്പന്‍ പിതാവ് എന്നിവരെ സ്നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു. പാലക്കാട് രൂപതയെ മറ്റൊരു കുതിപ്പിലേക്ക് നയിക്കാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിന്റെ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാലക്കാട് രൂപതയിലെ വൈദികരാണ് എന്റെ ശക്തി. വിശ്വാസികളെയും സന്യസ്തരെയും സെമിനാരിയിലെ അധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു.
? സമര്‍പ്പിത ദൈവവിളികള്‍ ഈ കാലഘട്ടത്തില്‍ കുറഞ്ഞുവരുന്നു എന്ന് പറയുന്നത് ശരിയാണോ.
• ഇന്നത്തെ കാലത്ത് സമര്‍പ്പിത ദൈവവിളികള്‍ കുറഞ്ഞുവരുന്നുവെന്ന് പറയുന്നവരുണ്ട്. അത് ശരിയല്ല. ദൈവവിളി കൂടുക, കുറയുക എന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. ഓരോ വര്‍ഷവും വിവിധ സന്യാസ സമൂഹങ്ങളില്‍ ദൈവവിളികള്‍ കൂടുകയും കുറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ആകെ എണ്ണമെടുത്താന്‍ കുറവില്ലെന്ന് ബോധ്യപ്പെടും.
ദൈവവിളി ദൈവിക സംവിധാനമാണ്. ഭൗതികമായ ചര്‍ച്ചകള്‍കൊണ്ടോ ഗൂഢാലോചനകൊണ്ടോ ദൈവവിളിയെ ക്ഷയിപ്പിക്കാനോ തകര്‍ക്കാനോ കഴിയില്ല. ആഗ്രഹത്തോടുകൂടിയുള്ള ദൈവവിളിയേ നിലനില്ക്കുകയുള്ളൂ. ചഞ്ചലഹൃദയരും വിശ്വാസത്തില്‍ ബോധ്യമില്ലാത്തവരും പിന്തിരിഞ്ഞേക്കാം. തിന്മയെ നന്മകൊണ്ട് കീഴടക്കണം. അതുണ്ടാകണമെങ്കില്‍ നന്മ ചെയ്യാന്‍ ആളുകള്‍ വേണം. ജീവിതത്തിലൂടെ നാമത് ചെയ്യണം. ജീവന് വെല്ലുവിളിയുള്ള പ്രദേശങ്ങളിലും വിശ്വാസസമൂഹത്തെ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. ജനത്തിന് ആവശ്യമുള്ള കാലത്തോളം ദൈവം വിളിച്ചുകൊണ്ടേയിരിക്കും.
? പല പദവികളും അങ്ങയെ തേടി എത്തിയിട്ടും ഈ ശുശ്രൂഷതന്നെ ഇതിനുമുമ്പ് വന്നിട്ടും അതൊക്കെ വേണ്ടെന്നുവച്ച് പിതാവ് ഇപ്പോള്‍ ശുശ്രൂഷ ഏറ്റെടുക്കുവാനുണ്ടായ കാരണം.
• ശുശ്രൂഷാവഴികളില്‍ അധികാരികളോട് നിശ്ചിത അകലം പാലിച്ചാണ് ഞാന്‍ നടന്നിരുന്നത്. അതുകൊണ്ടാണ് പല പദവികളും ദൗത്യങ്ങളും മുന്നിലെത്തിയപ്പോഴും വേണ്ടെന്നുവച്ചത്. ഒടുവില്‍ രൂപതയുടെ സഹായമെത്രാന്‍ എന്ന നിയോഗം ഏല്പിക്കുമ്പോഴും മാനുഷികമായ ചിന്തകൊണ്ട് ഇതെനിക്ക് കഴിയുമോ എന്ന ചിന്ത എന്റെയുള്ളില്‍ പലതവണ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ബഹലീനതയില് ശക്തിപ്പെടുത്തുന്ന ദൈവം കൂടെയുണ്ട് എന്ന ചിന്തയാണ് ഈ ശുശ്രൂഷ ഏറ്റെടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
? അങ്ങയുടെ സഭാനിയമ ശുശ്രൂഷാനുഭവങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്.
• സഭാനിയമം വ്യാഖ്യാനിക്കുക എന്നത് ഒരു ശുശ്രൂഷയാണ്. നിയമത്തിന്റെ ശുശ്രൂഷ. ഈ ശുശ്രൂഷ അജപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരെയും സഭയുടെ കൗദാശിക ജീവിതത്തിലേക്കും ആത്മീയ ചൈതന്യത്തിലേക്കും ചേര്‍ത്തുനിര്‍ത്തണം. അകന്നുപോയവരെ തിരികെ കൊണ്ടുവരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചാന്‍സലറായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അനേകരെ ഇങ്ങനെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. കൂടുതല്‍ ആളുകളും രൂപതാ കോടതികളെ സമീപിക്കുന്നത് വിവാഹബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹം കഴിക്കുവാനുള്ള അപേക്ഷയുമായാണ്. വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങള്‍മൂലം കൂദാശാജീവിതത്തില്നിന്നും സ്വയം അയോഗ്യരാക്കപ്പെടുന്ന അനേകരുണ്ട്. അവരെ യോഗ്യരാക്കാന്‍ സഹായിക്കുകയും തിരിച്ചു കൊണ്ടുവരുകയും വേണം. ഈ മേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
? ജുഡീഷ്യല്‍ വികാരി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനസില്‍നിന്നും മായാതെ നില്ക്കുന്ന അനുഭവങ്ങളുണ്ടോ
• സിവില്‍ കോടതിയില്‍ നിന്നും വിവാഹമോചനം നേടിയ ദമ്പതികളെ ഒന്നിപ്പിച്ച് അവരുടെ വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ സാധിച്ചത് മനസില്‍ തങ്ങിനില്ക്കുന്ന അനുഭവമാണ്. 25 വര്‍ഷമായി പിരിഞ്ഞു ജീവിച്ചിരുന്ന ദമ്പതികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞതാണ് മറ്റൊന്ന്. അവരുടെ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പരിഹരിക്കാന്‍ ദൈവം എന്നെ ഉപകരണമായി മാറ്റുകയായിരുന്നു.
? ‘എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ’ എന്ന ആപ്തവാക്യം തിരഞ്ഞെടുക്കാന്‍ കാരണം.
• ഈശോ പീഡാസഹനത്തിനും കുരിശുമരണത്തിനുംമുമ്പ് വലിയ വേദനയോടുകൂടി ഗത്സമന്‍ തോട്ടത്തില്‍വച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി. ഈശോയുടെ തികച്ചും മാനുഷികമായ ഒരു പ്രതികരണമായിരുന്നു, പിതാവേ കഴിയുമെങ്കില്‍ പീഡാസഹനങ്ങളുടെ ഈ പാനപാത്രം എന്നില്‍നിന്നും അകന്നുപോകട്ടെ എന്ന പ്രാര്‍ത്ഥന. എന്നാല്‍ ഉടന്‍തന്നെ ദൈവികചിന്ത കടന്നുവരികയും ലോകരക്ഷയ്ക്കുവേണ്ടി തന്റെ ആഗ്രഹങ്ങളും താല്പര്യങ്ങളും മാറ്റിവച്ച് പിതാവായ ദൈവത്തിന്റെ പദ്ധതിക്ക് കീഴ്വഴങ്ങാന്‍ തിരുമനസാകുകയും ചെയ്തു. പിതാവേ, എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ (ലൂക്കാ 22:42) എന്ന് അവിടുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇതുപോലെ ദൈവജനത്തിനുവേണ്ടിയുള്ള ശുശ്രൂഷ എന്നിലൂടെ നിര്‍വഹിക്കപ്പെടേണ്ടത് ദൈവപിതാവിന്റെ ഹിതംതന്നെയാണെന്ന് എനിക്ക് ബോധ്യമായി. അതിനാല്‍ എന്റെ സ്വന്തം താല്പര്യങ്ങള് വേണ്ടെന്നുവച്ച് ദൈവതിരുമനസിന് ഞാന്‍ പരിപൂര്‍ണമായി വിധേയപ്പെട്ടു. എന്നിലൂടെ ദൈവഹിതം പൂര്‍ത്തിയാകട്ടെ എന്ന് ഞാന്‍ അഭിലഷിക്കുന്നു. അതിനാലാണ് ഈ ആപ്തവാക്യം തിരഞ്ഞെടുത്തത്. ഈ ശുശ്രൂഷയില്‍ എന്നെ ശക്തിപ്പെടുത്താന്‍ ദൈവദൂതന്മാരെപ്പോലെ അനേകര്‍ ഉണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
സിവില്‍ കോടതിയില്‍ നിന്നും വിവാഹമോചനം നേടിയ ദമ്പതികളെ ഒന്നിപ്പിച്ച് അവരുടെ വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ സാധിച്ചത് മനസില്‍ തങ്ങിനില്ക്കുന്ന അനുഭവമാണ്. 25 വര്‍ഷമായി പിരിഞ്ഞു
ജീവിച്ചിരുന്ന ദമ്പതികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞതാണ് മറ്റൊന്ന്.
? ദൈവവിളിയില്‍ കുടുംബത്തിന്റെ സ്വാധീനം എപ്രകാരമായിരുന്നു.
• പാലാ രൂപതയിലെ മരങ്ങോലി ഇടവകയില്‍ കൊച്ചുപുരയ്ക്കല്‍ മാണി-ഏലിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനാണ് ഞാന്‍. മരങ്ങോലിയിലെ ഗവണ്മെന്റ് എല്‍.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാര്‍ഷിക കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാ ദിവസവും ദൈവാലയത്തില്‍ പോകണമെന്നത് വീട്ടില്‍ നിര്‍ബന്ധമായിരുന്നു. അതിനൊപ്പം വര്‍ഷങ്ങളോളം അള്‍ത്താര ബാലനായിരുന്നു. ആ അനുഭവങ്ങള്‍ ദൈവവിളിയില്‍ വലിയ സ്വാധാനം ചെലുത്തിയിട്ടുണ്ട്.
? എങ്ങനെയാണ് പാലായില്‍നിന്നും പാലക്കാട് എത്തിയത്.
• ഹൈസ്കൂള്‍ വിദ്യാഭ്യാസം എറണാകുളം ജില്ലയിലെ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ ആയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ഒരു മിഷനറി വൈദികനാകാനുള്ള ആഗ്രഹം വീട്ടില്‍ അറിയിക്കുകയും മാതാപിതാക്കള്‍ സമ്മതിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പാലക്കാട് മിഷന് പ്രദേശമാണെന്നും ഇവിടെ വൈദികരെ ആവശ്യമുണ്ടെന്നും അറിഞ്ഞത്. അങ്ങനെയാണ് പാലാക്കാട് രൂപതയില്‍ എത്തിയത്.
? ആദ്യത്തെ പാലക്കാട് യാത്രയുടെ അനുഭവങ്ങള്‍ ഇപ്പോഴും മനസിലുണ്ടോ
• മാതാപിതാക്കളുടെ അനുഗ്രഹവും വികാരിയച്ചന്റെ അനുമതിയും വാങ്ങി കല്ലേപ്പള്ളി മൈനര്‍ സെമിനാരി തേടിയാണ് പാലക്കാട്ടേക്കുള്ള ആദ്യയാത്ര. ഒറ്റയ്ക്ക് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസിറങ്ങുമ്പോള്‍ ആളുകളും നാടും അപരിചിതം. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവ് സെമിനാരി പ്രവേശനത്തിനുള്ള തിയതി കുറിച്ചു നല്‍കിയത് ഇന്നും മനസില്‍ മായാതെ നില്ക്കുന്ന ഓര്‍മയാണ്. 1981-ല്‍ കല്ലേപ്പള്ളി മൈനര്‍ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും വൈദികപരിശീലനം പൂര്‍ത്തിയാക്കി.
? കുടിയേറ്റ മേഖലയിലെ അനുഭവങ്ങള്‍ എപ്രകാരമായിരുന്നു.
• പാലക്കാട് രൂപത, പ്രത്യേകമായി അട്ടപ്പാടി കുടിയേറ്റ മേഖലയാണ്. അവിടുത്തെ സാധാരണക്കാരായ ജനങ്ങളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവങ്ങളാണ്. രൂപതയിലെ വൈദികരുടെ സ്നേഹവും സഹകരണവും മനത്തോടത്ത് പിതാവിന്റെ കരുതലും എന്നെ പാലക്കാടുതന്നെ പിടിച്ചുനിര്‍ത്താന്‍ കാരണമായി. തുടര്‍ന്നും പിതാവിനോട് ചേര്‍ന്നുനിന്നുകൊണ്ട് രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് സഹായിക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. ലാളിത്യം മുഖമുദ്രയാക്കിയ മാര്‍ പീറ്റര്‍ കൊച്ചുപുരക്കലിന് താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ ജീവിത മാതൃക വിശ്വാസീസമൂഹത്തിന് തുടര്‍ന്നും കരുത്ത് പകരുമെന്നതില്‍ സംശയമില്ല.
Leave a Comment
Your email address will not be published. Required fields are marked with *