Follow Us On

28

February

2021

Sunday

അമിതാധ്വാനം മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യം

അമിതാധ്വാനം മൂലം  തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യം

കഠിനാധ്വാനംകൊണ്ട് വിജയസോപാനങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെയും വ്യക്തികളെയും കുറിച്ചാണ് നാം കേട്ടിട്ടുള്ളത്. അത്തരം കഥകള്‍ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്നതിനാല്‍ അവ കേള്‍ക്കാന്‍ പൊതുവേ എല്ലാവര്‍ക്കും താല്പര്യമാണ്. എന്നാല്‍ അമിത അധ്വാനംമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യം ഭൂമുഖത്തുണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയായ ജപ്പാനാണ് ആ രാജ്യം. കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നിയേക്കാം. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ ഒരുകാലത്ത് അവരായിരുന്നു ലോകത്തെ നിയന്ത്രിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോയിരുന്നവര്‍ തിരിച്ചെത്തുമ്പോള്‍ കൊണ്ടുവന്നിരുന്ന ടേപ്പ് റിക്കോര്‍ഡറുകളും ടെലിവിഷന്‍ സെറ്റുകളുമെല്ലാം ജപ്പാന്‍ കമ്പനികളുടേതായിരുന്നു. പല ജപ്പാന്‍ ബ്രാന്റുകളുടെയും ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വീട്ടില്‍ ഉണ്ടെന്നത് അഭിമാനമായി കരുതിയിരുന്ന കാലം അത്ര പഴയതല്ല.
ഇപ്പോഴും നമ്മുടെ നിരത്തുകളില്‍ നിറഞ്ഞോടുന്ന മാരുതി കാറുകളും ഹോണ്ടാ ടുവീലറുകളുമൊക്കെ ജപ്പാന്‍ വിജയഗാഥകളുടെ ബാക്കിപത്രങ്ങളാണ്. ഗുണമേന്മയുടെ കാര്യത്തില്‍ മുമ്പിലായിരുന്നു എന്നും അവര്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ അണുബോംബ് വീണ് തകര്‍ന്നടിഞ്ഞ രാജ്യം ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഫിനീക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്ക്കുകയായിരുന്നു. തളര്‍ന്നുപോയവര്‍ക്ക് കരുത്തുപകരുന്നതാണ് ജപ്പാന്റെ ചരിത്രം. പ്രചോദനാത്മക പ്രസംഗകര്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യത്തിന്റെ ചരിത്രം ജപ്പാനായിരിക്കും. ഭരണാധികാരികളും ജനങ്ങളും നടത്തിയ കഠിനാധ്വാനമാണ് ത്രസിപ്പിക്കുന്ന അവരുടെ വിജയ രഹസ്യം.
വിജയത്തില്‍നിന്നും വിജയത്തിലേക്ക് കുതിക്കുന്നതിനിടയില്‍ കുടുംബത്തെ മറന്നുപോയതാണ് ഇപ്പോള്‍ ആ രാജ്യത്തിന് വിനയായിരിക്കുന്നത്. സമീപ ഭാവിയില്‍ വൃദ്ധരുടെ രാജ്യമായി ജപ്പാന്‍ മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവിടുത്തെ യുവജനങ്ങള്‍ കുടുംബജീവിതത്തിന് യാതൊരു പ്രാധാന്യവും കല്പിക്കുന്നില്ല. 24 ശതമാനം പുരുഷന്മാരും 50 വയസുകഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല. 18-നും 34-നും ഇടയിലുള്ള 60 ശതമാനം പുരുഷന്മാരും 50 ശതമാനം സ്ത്രീകളും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ത്തന്നെ ജപ്പാനിലെ ശരാശരി വിവാഹപ്രായം പുരുഷന്മാരുടേത് 31-ഉം സ്ത്രീകളുടേത് 29.6 -മാണ്. വിവാഹം വേണ്ടെന്നുവയ്ക്കുന്ന യുവജനങ്ങളുടെ എണ്ണം ജപ്പാനില്‍ വര്‍ധിച്ചുവരുന്നു. ഇപ്പോഴത്തെ രീതിയില്‍ മുമ്പോട്ടുപോയാല്‍ 2035 ആകുമ്പോഴേക്കും വിവാഹപ്രായമെത്തിയ മൂന്നു പേരില്‍ ഒരാള്‍ അവിവിവാഹിതനായിരിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതുമൂലം അവിടെ ഏറ്റവും വിഷമിക്കുന്നത് പ്രായമായവരാണ്. അവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ജപ്പാനിലെ യുവജനങ്ങള്‍ വഴിതെറ്റി സഞ്ചരിക്കുന്നവര്‍ ആണെന്നല്ല ഇതിനര്‍ത്ഥം. അവര്‍ അധ്വാനത്തിന് വല്ലാതെ അടിമപ്പെട്ടുപോയതുകൊണ്ട് ബാക്കി ഒന്നിനും പ്രാധാന്യം നല്‍കുന്നില്ല. പ്രൊഫഷനെ ബാധിക്കുമെന്ന് കാരണം പറഞ്ഞാണ് യുവജനങ്ങള്‍ വിവാഹത്തില്‍നിന്നും അകന്നുനില്ക്കുന്നതും. 12 കോടിയോളം മാത്രം ജനസംഖ്യയുള്ള രാജ്യത്തെ സമ്പത്തിന്റെയും ടെക്‌നോളജിയുടെ മേഖലയില്‍ ലോകത്തിലെ മുടിചൂടാമന്നന്മാരായി നിലനിര്‍ത്തുന്നത് അവരുടെ കഠിനാധ്വാനമാണ്. എന്നാല്‍, ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കിയാല്‍ അവര്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. ഈ രീതിയില്‍ പോയാല്‍ ഒന്നോ രണ്ടോ നൂറ്റാണ്ട് കഴിയുമ്പോള്‍ ആ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? ഇപ്പോഴത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍പോലും കഴിയാത്ത സാഹചര്യം സംജാതമാകും. അറിവും കഴിവും സമ്പത്തും എല്ലാം ഉണ്ടെങ്കിലും ഒരു പ്രായം കഴിയുമ്പോള്‍ ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥ എത്ര ഭീകരമാണ്.
തൊഴിലും സമ്പത്തും ഏതൊരു സമൂഹത്തിനും അനിവാര്യമാണ്. അതിന് കഠിനാധ്വാനവും ആവശ്യമാണ്. എന്നാല്‍, അതിനിടയില്‍ ദൈവത്തെയും കുടുംബത്തെയും മറന്നുപോകരുത്. തൊഴില്‍ മേഖലയുടെ രൂപത്തിലും ഭാവത്തിലുമൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. അതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ നാട്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതില്‍നിന്നും നമുക്ക് ഒഴിഞ്ഞുനില്ക്കാന്‍ സാധിക്കില്ല. സമ്പത്തിന് അമിത പ്രാധാന്യം നല്‍കി മറ്റെല്ലാം അപ്രസക്തമാണെന്നു കരുതുന്ന ചിന്ത നമ്മുടെ സമൂഹത്തിലും പ്രബലമാകുന്നുണ്ടെന്ന കാര്യം കാണാതെ പോകരുത്. ചില ആശയങ്ങള്‍ നമ്മെ കീഴടക്കിയാല്‍ അതില്‍നിന്നും പുറത്തുവരാന്‍ എളുപ്പമല്ല. വളര്‍ച്ചക്ക് കഠിനാധ്വാനം അനിവാര്യമാണ്. എന്നാല്‍, എപ്പോഴും ദൈവത്തോട് ചേര്‍ന്നുനിന്നുവേണം നാം മുന്നേറാന്‍. കുടുംബം എന്നത് ദൈവം രൂപം നല്‍കിയ ഒന്നാണ്. അത് നമ്മുടെ അടിസ്ഥാനമാണ്. അടിത്തറ ഇളകിയാല്‍ എത്ര കൂറ്റന്‍ കെട്ടിടമാണെങ്കിലും നിപതിക്കും. കുടുംബങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ബോധ്യം നഷ്ടമാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അധ്വാനങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ ഒരു ഫലവും ഇല്ലെന്ന അവസ്ഥയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?