Follow Us On

29

March

2024

Friday

സമാധാനശ്രമങ്ങൾ മുതൽ പേപ്പൽ പര്യടനംവരെ, നിനവേ ഉപവാസം അനുഷ്ഠിച്ച് ഇറാഖിലെ വിശ്വാസീസമൂഹം

സമാധാനശ്രമങ്ങൾ മുതൽ പേപ്പൽ പര്യടനംവരെ, നിനവേ ഉപവാസം അനുഷ്ഠിച്ച് ഇറാഖിലെ വിശ്വാസീസമൂഹം

ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ തയാറെടുക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ അലട്ടുന്ന സകല പ്രശ്‌നങ്ങളും പ്രതീക്ഷകളും ദൈവസന്നിധിയിൽ അർപ്പിച്ച് നിനവേ ഉപവാസ പ്രാർത്ഥനാ ദിനങ്ങളിൽ ഇറാഖിലെ വിശ്വാസീസമൂഹം. ഇറാഖിലെ കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ ആഹ്വാനപ്രകാരം ജനുവരി 25മുതൽ 28വരെയാണ് ‘നിനവേ ഉപവാസം’ അനുഷ്ഠിക്കുന്നത്. യോനാ പ്രവാചകൻ മത്‌സ്യത്തിനുള്ളിൽ മൂന്നു ദിവസം കഴിഞ്ഞതിന്റെയും നിനവേയിലെ ജനങ്ങളുടെ മാനസാന്തരത്തിന്റെയും സ്മരണയ്ക്കായി, ചില പൗരസ്ത്യ റീത്തുകൾ പിന്തുടരുന്ന പരമ്പരാഗത അനുഷ്ഠാനമാണ് നിനവേ ഉപവാസം.

ഫ്രാൻസിസ് പാപ്പയുടെ പര്യടനം, ലോക രാജ്യങ്ങളെ ഒന്നടങ്കം അലട്ടുന്ന കൊറോണയിൽനിന്നുള്ള മുക്തി, ഇറാഖിലെ സമാധാന ശ്രമങ്ങളുടെ ഫലപ്രാപ്തി, ഇന്നും അകന്നിട്ടില്ലാത്ത സുരക്ഷാ ഭീഷണി എന്നിവയുൾപ്പെടെയുള്ള നിരവധി നിയോഗങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. ‘കൊറോണ വൈറസിൽ നിന്നുള്ള മോചനത്തിനായി പ്രാർത്ഥിക്കുക, പാപങ്ങളെ കുറിച്ചോർത്ത് പശ്ചാത്തപിക്കുക, സഹോദരങ്ങളോടും സമൂഹത്തോടുമുള്ള കടമ നിർവഹിക്കുക, തൊഴിലും ജീവിത സാഹചര്യങ്ങളും നഷ്ടമായവർക്കുനേരെ സഹായഹസ്തം നീട്ടുക,’ പ്രസ്ഥാവനയിലൂടെ കർദിനാൾ സാകോ ആഹ്വാനം ചെയ്തു.

അനിശ്ചിതത്വങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, മാർച്ച് അഞ്ചു മുതൽ എട്ടുവരെ നടക്കുന്ന പേപ്പൽ പര്യടനത്തിന്റെ വിജയത്തിനായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്: ‘നമുക്ക് ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിനുവേണ്ടി പ്രാർത്ഥിക്കാം. യോനാ പ്രവാചകൻ പറഞ്ഞ വാക്കുകൾ നിനവേയിലേ ജനങ്ങൾ ശ്രവിച്ചതുപോലെ ഒരു നല്ല ജീവിതം ഉണ്ടാകാനായി പാപ്പയുടെ വാക്കുകൾക്കായി നമുക്ക് കാതോർക്കാം.’ ഉച്ചവരെ, സാധിക്കുമെങ്കിൽ വൈകീട്ടുവരെ ഉപവാസം അനുഷ്ഠിച്ചുകൊണ്ട് ദിവ്യബലിയിലും പ്രാർത്ഥനാ ശുശ്രൂഷകളിലും പങ്കെടുക്കണമെന്ന് കർദിനാൾ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇറാഖ് കാത്തിരിക്കുന്ന പേപ്പൽ പര്യടനം സാധ്യമാകാനുള്ള വിശേഷാൽ പ്രാർത്ഥനകളും പുരോഗമിക്കുകയാണ്. മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ ഇറാഖ് പര്യടനം സാധ്യമാകുമോ എന്ന സംശയം പാപ്പതന്നെ പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ വിശേഷാൽ പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്ത കർദിനാൾ സാകോ, വീടുകളിലും സഭാസ്ഥാപനങ്ങളിലും ചൊല്ലാനുള്ള പ്രാർത്ഥനയും തയാറാക്കി നൽകുകയായിരുന്നു. പര്യടനം സാധ്യമായാൽ ഇറാഖിലെത്തുന്ന പ്രഥമ കത്തോലിക്കാസഭാ തലവനാകും ഫ്രാൻസിസ് പാപ്പ. അതുപോലെ, 15 മാസത്തിനുശേഷം പാപ്പ നടത്തുന്ന ആദ്യത്തെ യാത്രയുമാകും. ബാഗ്ദാദ്, എർബിൽ, മൊസൂൾ, ഊർ, നിനവേയിലെ ക്വാരഘോഷ് എന്നീ സ്ഥലങ്ങളാണ് പാപ്പയുടെ സന്ദർശന പട്ടികയിലുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?