അബൂജ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന നൈജീരിയൻ ഭരണകൂടത്തിനെതിരെ തുറന്നടിച്ച് സഭാനേതൃത്വം. തലസ്ഥാന നഗരിയായ അബൂജയിലെ നഹാരതിയിലെ അനാഥാലയത്തിൽനിന്ന് എട്ട് കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിലാണ് അബൂജ ആർച്ച്ബിഷപ്പ് ഇഗ്നേഷ്യസ് കെഗാമ വിമർശനം ഉന്നയിച്ചത്. തലസ്ഥാന നഗരിപോലും സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭരണകൂടം കൂടുതൽ പ്രാധാന്യം നൽകണമെന്നും ആവശ്യപ്പെട്ടു.
ജനുവരി 23 പ്രാദേശിക സമയം ഒരു മണിയോടെ, ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന ഒരു കൂട്ടം ആയുധ ധാരികൾ അനാഥാലയത്തിൽ അതിക്രമിച്ച് കയറി എട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനാഥാലയത്തിലെ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ‘നിർഭാഗ്യകരമായ ഈ സംഭവം നടന്നത് ഫെഡറൽ തലസ്ഥാന പ്രദേശമായ അബൂജയിലാണ്. അവിടെ താമസിക്കുന്നവരെങ്കിലും സുരക്ഷിതരെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, കുട്ടികൾ പോലും അവിടെ സുരക്ഷിതരല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു,’ ആർച്ച്ബിഷപ്പ് കെഗാമ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് ഭയമില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള സാഹചര്യം രാജ്യത്ത് സൃഷ്ടിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ‘പൗരന്മാരുടെ സംരക്ഷണം മികച്ച രീതിയിൽ ഉറപ്പാക്കാൻ നടപടിയെടുക്കണം. നിലവിലെ സാഹചര്യത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ഭരണകൂടം കൂടുതൽ പ്രാധാന്യം കൊടുത്തു കാണുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. ഞങ്ങൾ നിസഹായരാണ്, ദൈവത്തിലും അവിടുത്ത കരുണയിലും സംരക്ഷണയിലുമാണ് വിശ്വാസികളായ നാം പ്രത്യാശവെക്കുന്നത്. അതേസമയം, നമ്മുടെ ഭരണാധികാരികൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റുകയും വേണം.’
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പകളിൽനിന്നും ക്രിമിനലുകളിൽനിന്നും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം ഉൾപ്പെടെയുള്ള ആക്രമണങ്ങളാണ് നൈജീരിയൻ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നത്. സന്യാസ സഭകളും രൂപതകളും മോചനദ്രവ്യം നൽകും എന്ന ധാരണയാണ വൈദികരും സെമിനാരി വിദ്യാർത്ഥികളും തട്ടിക്കൊണ്ടു പോകലിന് ഇരയാകാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയവരിൽ പലരും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാനാവാത്ത സ്ഥിതിയാണുള്ളത്. പ്രമുഖ നൈജീരിയൻ മനുഷ്യാവകാശ സംഘടനയായ ‘ഇന്റർസൊസൈറ്റി’യുടെ കണക്കുകൾ പ്രകാരം 2015 ജൂൺ ഇതുവരെ 12,000ൽപ്പരം ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *