വാഷിംഗ്ടൺ ഡി.സി: 48-ാമത് ‘മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘ജീവന്റെ സംരക്ഷണത്തിനായി’ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പ്രാർത്ഥനാ ജാഗരത്തിന് ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കയിലെ വിവിധ ബിഷപ്പുമാരുടെ കാർമികത്വത്തിൽ ജനുവരി 28 രാത്രി 8.00മുതൽ 29 രാവിലെ 8.00വരെ ഓൺലൈനിൽ ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധനയിൽ അമേരിക്കയിലെ മാത്രമല്ല ഇതര രാജ്യങ്ങളിലെ വിശ്വാസികളുടെ പങ്കാളിത്തവും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നാഷണൽ ബസിലിക്കയുടെ വെബ് പേജിൽ പ്രാർത്ഥനാ ജാഗരം തത്സമയം ലഭ്യമാകും.
‘മാർച്ച് ഫോർ ലൈഫി’ന് മുന്നോടിയായി വാഷിംഗ്ടൺ ഡി.സി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ നാഷണൽ ബസിലിക്കയിൽ രാത്രി ജാഗരം സംഘടിപ്പിക്കുക പതിവാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ, നാഷണൽ ബസിലിക്കയിൽ പൊതുവായ തിരുക്കർമങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയുമെല്ലാം തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി 29ന് നടക്കുന്ന ഇത്തവണത്തെ ‘മാർച്ച് ഫോർ ലൈഫും’ ഓൺലൈനിലാണ് ക്രമീകരിച്ചികരിക്കുന്നത്.
ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി ‘റോ വേഴ്സസ് വേഡ്’ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് ആരംഭിച്ച വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി’ന്റെ 48 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പ്രാർത്ഥനാ ജാഗരം മാധ്യമങ്ങളിലൂടെമാത്രം ലഭ്യമാക്കുന്നത്. 28 രാത്രി 8.00ന് (ഈസ്റ്റേൺ സമയം) പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള ബിഷപ്സ് കൗൺസിൽ ചെയർമാനും കാൻസാസ് സിറ്റി ആർച്ച്ബിഷപ്പുമായ ജോസഫ് നൗമാൻ പ്രാരംഭ ദിവ്യബലി അർപ്പിക്കും. തുടർന്ന് ‘ജീവനുവേണ്ടിയുള്ള ദേശീയ ജപമാല’ അർപ്പണം.
പിറ്റേന്ന് പ്രഭാതംവരെ നീളുന്ന ജാഗരണപ്രാർത്ഥനകൾക്ക് വിവിധ ബിഷപ്പുമാർ കാർമികത്വം വഹിക്കും. 29ന് രാവിലെ 8.00ന് അർപ്പിക്കുന്ന സമാപന ദിവ്യബലിയിൽ ബാൾട്ടിമൂർ ആർച്ച്ബിഷപ്പ് വില്യം ലോരിയായിരിക്കും മുഖ്യകാർമികൻ. രാത്രി ജാഗരത്തിൽ പങ്കുചേരാനും ജീവന്റെ സംരക്ഷണത്തിനായി ക്രിസ്തുനാഥന്റെ സന്നിധിയിൽ സമയം ചെലവഴിക്കാനും ബിഷപ്പ് നൗമാൻ വിശ്വാസികളെ ക്ഷണിച്ചു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മുമ്പത്തേക്കാൾ ഉപരി പ്രാർത്ഥന ആവശ്യമായ കാലഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി 1973ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെയാണ് രാജ്യത്തുടനീളം ഗർഭച്ഛിദ്ര ക്ലിനിക്കുകൾ സ്ഥാപിതമായത്. ഏതാണ്ട് 2200ൽപ്പരം ഗർഭച്ഛിദ്ര ക്ലിനിക്കുകളിലൂടെ 60 ദശലക്ഷത്തിലധികം കുരുന്നുകളാണ് ഇതുവരെ ഗർഭപാത്രത്തിൽവെച്ച് അരുംകൊല ചെയ്യപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *