അബുജ: നൈജീരിയയിൽ അൽമായരും വൈദികരും ഉൾപ്പെടെയുള്ള ക്രൈസ്തവരെ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുമ്പോഴും ഭരണകൂടം തുടരുന്ന നിസംഗതയ്ക്കെതിരെ തുറന്നടിച്ച് സഭാ നേതൃത്വം. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന് നൽകിയ അഭിമുഖത്തിലാണ് ഭരണകൂട നിസംഗതയെ നൈജീരിയൻ ആർച്ച്ബിഷപ്പ് ഇഗ്നാസിയോ കൈഗാമ വിമർശിച്ചത്.
തട്ടിക്കൊണ്ടുപോകൽ ഒരു പകർച്ചവ്യാധിപോലെ പടരുമ്പോഴും അതിന് അറുതിവരുത്താനുള്ള യാതൊരുവിധ ലക്ഷണങ്ങളും അധികാരികളിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രശ്നത്തെ ഗൗരവപൂർവം കാണണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദിവസങ്ങളുടെ ഇടവേളയിൽ ഉണ്ടായ നാല് തട്ടിക്കൊണ്ടുപോകലുകൾ ലോകശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു ബിഷപ്പ്.
ഔവ്വറിയിലെ സഹായമെത്രാൻ മോൺ. മോസസ് ചിക്വെയെയും ഡ്രൈവർ നഡുബുസി റോബർട്ടിനെയും ആയുധധാരികൾ തട്ടിക്കൊണ്ടു പോയത് ഇക്കഴിഞ്ഞ ഡിസംബർ 27നാണ്. നൈജീരിയയിലെ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവർ മോചിതരാകുകയായിരുന്നു.
ഫാ. വാലന്റെൻ എക്സാഗുവിനെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത് ഡിസംബർ 15നാണ്. 36 മണിക്കൂറിനുശേഷം അദ്ദേഹത്തെയും വിട്ടയച്ചു. അബുജ അതിരൂപതയിലെ ഫാ. മാത്യു ഡാജോയെ തട്ടിക്കൊണ്ടുപോയി 10 ദിവസത്തിനു ശേഷം മോചിപ്പിച്ചു. ജനുവരി 15ന് തട്ടിക്കൊണ്ടുപോയ മിന്ന രൂപതയിലെ ഫാ. ജോൺ ഗബാകാനെ പിറ്റേന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ വളരെക്കാലമായി നടക്കുന്നുണ്ടെന്നും ഭരണകൂടം ഇതിനെ ഗൗരവമായി കാണാത്തത് ഖേദകരമാണ്. ഭീകരർ, ആയുധധാരികൾ, കവർച്ചക്കാർ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിനപ്പുറം യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിൽ ഭരണകൂടം പരാജയപ്പെടുകയാണെന്നും ബിഷപ്പ് കെഗാമ ചൂണ്ടിക്കാട്ടി.
‘കത്തോലിക്കാ സഭയെ നൈജീരിയൻ സമൂഹം വലിയ ആദരവോടെയാണ് വീക്ഷിക്കുന്നത്. അതിനാൽ, സഭാ നേതാക്കളെ തട്ടിക്കൊണ്ടുപോയാൽ തങ്ങളുടെ പ്രവൃത്തിക്ക് കൂടുതൽ ശ്രദ്ധ കിട്ടുമെന്ന് തട്ടിക്കൊണ്ടുപോകുന്നവർക്ക് അറിയാം, വൈദികർ ഉൾപ്പെടെയുള്ള സഭാനേതാക്കൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകാനുള്ള പ്രധാന കാരണം അദ്ദേഹം ചൂണ്ടിക്കാട്ടി. സന്യാസ സഭകളും രൂപതകളും മോചനദ്രവ്യം നൽകും എന്ന ചിന്തയും മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *