Follow Us On

14

April

2021

Wednesday

വെല്ലുവിളിയിലും ഞങ്ങളുടെ ക്രിസ്തുവിശ്വാസത്തിന് ഒട്ടും കുറവുവന്നിട്ടില്ല: കാമറൂൺ ആർച്ച്ബിഷപ്പ്

വെല്ലുവിളിയിലും ഞങ്ങളുടെ ക്രിസ്തുവിശ്വാസത്തിന് ഒട്ടും കുറവുവന്നിട്ടില്ല: കാമറൂൺ ആർച്ച്ബിഷപ്പ്

യവുണ്ടേ: കാമറൂണിൽ വർഷങ്ങളായി തുടരുന്ന ആഭ്യന്തര കലാപത്തിൽ പലതും തങ്ങൾക്ക് നഷ്ടമായെങ്കിലും ക്രിസ്തീയവിശ്വാസത്തിന് തെല്ലും കുറവുവന്നിട്ടില്ലെന്ന് ഏറ്റുപറഞ്ഞ് ആർച്ച്ബിഷപ്പ് ആൻഡ്രൂ എൻക്യ ഫുവാനിയ. ‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് സമാധാനശ്രമങ്ങൾക്ക് ശക്തിപകരാൻ രാജ്യത്തെത്തിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിനെ സ്വാഗതം ചെയ്യവേയാണ് പ്രതിസന്ധിയിലും തങ്ങളെ പ്രത്യാശാഭരിതരാക്കുന്ന ക്രിസ്തീയവിശ്വാസത്തെ കുറിച്ച് ബമെണ്ട അതിരൂപതാധ്യക്ഷനായ അദ്ദേഹം സാക്ഷിച്ചത്.

കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോഫോൺ ന്യൂനപക്ഷവും സർക്കാർ സൈന്യവും തമ്മിലുള്ള രക്തരൂക്ഷിത കലാപം ആരംഭിച്ച 2016നുശേഷം കാമറൂണിലെ വടക്ക്- പടിഞ്ഞാറ്, തെക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങളെ സന്ദർശിച്ച ആദ്യത്തെ വിദേശ പ്രതിനിധിയാണ് കർദിനാൾ പരോളിൻ. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരമുണ്ടായ കർദിനാളിന്റെ സന്ദർശനത്തെ വലിയ പ്രത്യാശയോടെയാണ് കാമറൂൺ ജനത നോക്കിക്കാണുന്നത്. ബമെണ്ട കത്തീഡ്രലിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാൻ വന്നെത്തിയ ജനക്കൂട്ടംതന്നെ ആ പ്രതീക്ഷ വ്യക്തമാക്കുന്നതാണെന്നും ആർച്ച്ബിഷപ്പ് വ്യക്തമാക്കി.

‘ഈ പ്രതിസന്ധി ഘട്ടത്തിൽ അങ്ങയെ സമാധാനത്തിന്റെ സന്ദേശവാഹകനായും അനുരഞ്ജനത്തിന്റെ അംബാസഡറായുമാണ് ഞങ്ങൾ കാണുന്നത്. ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യം ഇപ്പോൾ ഞങ്ങൾക്കിടയിൽ അനുഭവിക്കാനാകുന്നുണ്ട്. പാപ്പ ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ആശ്വാസകരമാണ്, അനുഗ്രഹാശിസുകൾ സമാധാനദായകവും. അദ്ദേഹത്തിന്റെ വാക്കുകൾ എപ്പോഴും പുതുമയുള്ളതും മുറിവുകൾക്ക് ലേപനം പുരട്ടുന്നതുമാണ്. ഇപ്പോൾ സമാധാനത്തിനുള്ള സമയമായി എന്ന് എനിക്ക് ശക്തമായി പറയാനാകും.’

വടക്ക്- പടിഞ്ഞാറ്, തെക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലെ സംഘട്ടനത്തിൽ നിരവധി വൈദികരും ബിഷപ്പുമാരും അൽമായരും മർദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും, പരിഭ്രാന്തരായ ഒരു ജനതയ്ക്ക് പ്രത്യാശയുടെ ദീപമായി സുവിശേഷ സന്ദേശം എത്തിക്കുന്നത് സഭ ഇന്നും തുടരുകയാണ്. ഫ്രാൻസിസ് പാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ സാന്നിധ്യം സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനുംവേണ്ടി പ്രവർത്തിക്കാനുള്ള ക്ഷണമാണെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസത്തിലും നിയമവ്യവസ്ഥയിലും ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് ആംഗ്ലോഫോൺ അധ്യാപകരും അഭിഭാഷകരും തെരുവിലിറങ്ങിയ 2016 മുതൽ പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിച്ചു. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് പ്രതിനിധീകരിക്കുന്ന തങ്ങൾ പാർശ്വവത്ക്കരിക്കപ്പെട്ടെന്ന തിരിച്ചറിവോടെ പ്രതിഷേധങ്ങൾ കലാപമായി മാറി. ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ പരാതികൾക്ക് ചെവികൊടുക്കുന്നതിന് പകരം പ്രതിഷേധത്തെ അക്രമാസക്തമായി ഭരണകൂടം അടിച്ചമർത്തിയതും പ്രശ്‌നം രൂക്ഷമാക്കി.

ഏതാണ്ട് 10 വിഘടനവാദ ഗ്രൂപ്പുകൾ സർക്കാർ സേനയോട് പോരാടുന്നുണ്ട്. ‘ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പി’ന്റെ കണക്കുകൾ പ്രകാരം, പോരാട്ടത്തിൽ ഇതിനകം 200ൽപ്പരം സുരക്ഷാ സൈനികരും 600ൽപ്പരം വിഘടനവാദികളും 500ൽപ്പരം സാധാരണക്കാരും കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ അഭയാർത്ഥികളായി മാറി. നാല് വർഷമായി കുട്ടികൾക്ക് സ്‌കൂളിൽപോലും പോകാനാവാത്ത സ്ഥിതിയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?