നേപിഡോ: പട്ടാള അട്ടിമറിയെ തുടർന്ന് മ്യാന്മാറിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഏഴിന് പ്രാർത്ഥനയും ഉപവാസവും പ്രഖ്യാപിച്ച് മ്യാന്മാറിലെ സഭാ നേതൃത്വം. കത്തോലിക്കാ മെത്രാൻ സമിതിക്കൊപ്പം രാജ്യത്തെ 16 രൂപതകളിൽനിന്നുള്ള സന്യസ്ത സമർപ്പിത സമൂഹങ്ങളും അന്നേദിനംതന്നെ വിശേഷാൽ പ്രാർത്ഥനകൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
‘രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻവേണ്ടിയുള്ള നിയോഗം സമർപ്പിച്ച് ഫെബ്രുവരി ഏഴിന് ദിവ്യബലി അർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിശ്വാസീസമൂഹം പ്രാർത്ഥനകൾക്കും ഉപവാസത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കുമായി സമയം മാറ്റിവെക്കണം,’ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് ജോൺ സോ യാ ഹാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമാധാനം കൈവിടരുതെന്നും രക്തച്ചൊരിച്ചിലിനുള്ള സാഹചര്യങ്ങൾ ഉണ്ടാകരുതെന്നും അഭ്യർത്ഥിച്ച് മെത്രാൻ സമിതി അധ്യക്ഷനും യാങ്കൂൺ ആർച്ച്ബിഷപ്പുമായ കർദിനാൾ ചാൾസ് മൗൻ ബോ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രാർത്ഥനാ ആഹ്വാനം നൽകപ്പെട്ടത്. മെത്രാൻ സമിതിയുടെ നിലപാടിന് വിവിധ രാജ്യങ്ങളിലെ പ്രാദേശിക സഭാ നേതൃത്വങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്.
മിലിട്ടറി ജനറൽ മിൻ ഔങ് ഹ്ലിയാങ്ങിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ജനാധിപത്യ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം നടക്കവേയായിരുന്നു സംഭവം. ഭരണകക്ഷിയായ ‘നാഷണൽ ലീഗ് ഫോർ ഡെമോക്രസി’ (എൻ.എൽ.ഡി) സ്റ്റേറ്റ് കൗൺസിലറും സമാധാന നോബൽ ജേതാവുമായ ആങ് സാൻ സൂ ചീ, മ്യാന്മാർ പ്രസിഡന്റ് വിൻ മിയിന്റ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കന്മാരെയെല്ലാം തടവിലാക്കിയ സൈന്യം ഒരു വർഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *