ഓസ്ട്രേലിയ: ഗർഭസ്ഥശിശുവിന്റെ ജനനംവരെ ഗർഭഛിദ്രം നിയമവിധേയമാക്കി സൗത്ത് ഓസ്ട്രേലിയൻ അപ്പർ ഹൗസ് പാസാക്കിയ ബില്ലിനെതിരെ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി അഡ്ലെയ്ഡ് വാക്ക് ഫോർ ലൈഫ് 2021. കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ജീവൻ സംരക്ഷണത്തിന് വേണ്ടി തെരുവിലിറങ്ങി ജീവൻ സംരക്ഷണത്തിന്റെ നേർക്കാഴ്ചയായി മാറുകയായിരുന്നു അഡ്ലെയ്ഡിലെ പ്രോ ലൈഫ് ജനത.
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവലിൽ നിന്നും പാർലമെന്റ് മന്ദിരത്തിലേയ്ക്ക് നടത്തിയ വാക്ക് ഫോർ ലൈഫ് മാർച്ചിൽ പങ്കെടുക്കാൻ 4000 ഓളം പ്രതിഷേധപ്രവർത്തകരാണ് ഒത്തുകൂടിയത്. ലൗ അഡ്ലെയ്ഡ എന്ന പ്രോ ലൈഫ് മൂവ്മെന്റാണ് വാക്ക് ഫോർ ലൈഫ് 2021 ന് നേതൃത്വം നല്കിയത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതികൂല സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഇത്രയധികം ആളുകൾ മാർച്ചിൽ പങ്കെടുത്തുവെന്നതും കഴിഞ്ഞവർഷം അത് 3500 പേർ മാത്രമായിരിന്നുവെന്നതും ശ്രദ്ധേയമാണ്.
സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിന്റെ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ബിൽ അവസാനിപ്പിക്കുന്നതിന് വൈകാരികമായ പ്രസംഗങ്ങളും റാലിയിലുടനീളം സജ്ജീകരിച്ചിരുന്നു. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവങ്ങൾ പാർലമെന്റ് മന്ദിരത്തിന് മുമ്പിലെ സമ്മേളനത്തിൽ അനേകം സ്ത്രീകളും ദമ്പതിമാരും പങ്കുവെച്ചു. കൂടാതെ ലിബറൽ പാർട്ടിയിലും ലേബർ പാർട്ടിയിലും പ്രസ്തുത ബില്ലിനെതിരെ സ്വരമുയർത്തുന്ന രാഷ്ട്രീയ പ്രമുഖരും വാക്ക് ഫോർ ലൈഫിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഗർഭസ്ഥശിശു ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ജനനംവരെ ഗർഭഛിദ്രം നിയമവിധേയമാക്കുന്നതാണ് ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ബിൽ. രണ്ട് മെഡിക്കൽ പ്രാക്ടീഷണർമാരുടെ സ്ഥിരീകരണമുണ്ടെങ്കിൽ ഗർഭാവസ്ഥയുടെ 22 ആഴചയ്ക്കുശേഷവും ഗർഭച്ഛിദ്രം നടത്തുന്നത് വൈദ്യശാസ്ത്രപരമായി ഉചിതമാണെന്നതാണ് ബിൽ അനുശാസിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലുമുള്ളവർക്ക് ശർഭസ്ഥശിസുവിന്റെ സെക്സ് നിർണ്ണയിച്ച് ഗർഭച്ഛിദ്രം നടത്താനും ഗർഭച്ഛിദ്ര ഗുളികകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ബിൽ നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ യോഗ്യതയുള്ള ഒരു ഡോക്ടർക്കുമാത്രമല്ല, ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് ഗർഭച്ഛിദ്രം നടത്താനും ബിൽ അനുവദിക്കുന്നുണ്ട്.
ബിൽ അവതരിപ്പിക്കപ്പെട്ട കാലം മുതൽ പ്രോ ലൈഫ് സംഘടനകൾ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ലജിസ്ലേറ്റീവ് കൗൺസിലിൽ ബിൽ പാസാക്കിയെങ്കിലും ഈ മാസം തന്നെ ബിൽ പാർലമെന്റിൽ ചർച്ചയ്ക്കു വന്നേക്കുമെന്നുമാണ് സൂചന.
Leave a Comment
Your email address will not be published. Required fields are marked with *