Follow Us On

18

April

2024

Thursday

ജീസസ് യൂത്തിന് അഭിമാന നിമിഷം: ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് ഇതാ ഒരു ജീസസ് യൂത്ത്!

എലീസ ബാബു

ജീസസ് യൂത്തിന് അഭിമാന നിമിഷം: ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് ഇതാ ഒരു ജീസസ് യൂത്ത്!

വൈദിക, സന്യസ്ത സമർപ്പിത വിളികൾ തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും നിരവധി യുവജനങ്ങൾക്ക് പ്രചോദനമായ ജീസസ് യൂത്തിന് മറ്റൊരു അഭിമാന നിമിഷം- അമേരിക്കയിൽനിന്ന് ആദ്യമായി ഒരു ഇന്ത്യൻ വനിത ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് പ്രവേശിതയാകുന്നു. ഒരുപക്ഷേ, മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത ‘ഓർഡർ ഓഫ് വിർജിൻ’ (കോൺസക്രേറ്റഡ് വിർജിൻസ്) എന്ന സമർപ്പിത ജീവിതാന്തസ് സ്വീകരിക്കുന്ന സിമി സാഹുവിന്റെ വിശ്വാസവളർച്ചയിൽ നിർണായകമായത് ജീസസ് യൂത്തിന്റെ സ്വാധീനമാണ്.

ഇന്ത്യയിലെ ‘ചാർട്ടേഡ് അക്കൗണ്ടന്റി’ന് തുല്യമായ അമേരിക്കയിലെ ‘സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റു’കൂടിയാണ് (സി.പി.എ) സിമി എന്നുകൂടി അറിയണം. ജീസസ് യൂത്തിന്റെ ഭാഗമായുള്ള സുവിശേഷവത്ക്കരണ ശുശ്രൂഷകൾക്കുവേണ്ടിയാകും തന്റെ സമർപ്പിതജീവിതം സിമി സാഹു എന്ന 31 വയസുകാരി മാറ്റിവെക്കുക. ഫെബ്രുവരി 11 വൈകിട്ട് 5.00 (ET) ന് ഫ്‌ളോറിഡയിലെ പാംബീച്ച് സെന്റ് ഇഗ്‌നേഷ്യസ് ലെയോള കത്തീഡ്രലിലാണ് സമർപ്പണ തിരുക്കർമങ്ങൾ. ബിഷപ്പ് ജെറാൾഡ് ബാർബറീറ്റോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം സംപ്രേഷണം ചെയ്യും. യു.എസിൽനിന്ന് ജീസസ് യൂത്തിനുവേണ്ടി സെമിനാരി പരിശീലനം നടത്തുന്നവരുടെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. തോമസ് പുളിക്കൽ, ഫാ. മെൽവിൻ പോൾ എന്നിവർ സഹകാർമികരാകും.

ക്രിസ്തുവിന്റെ മണവാട്ടിമാർ എന്ന് കേൾക്കുമ്പോൾ പ്രധാനമായും മനസിൽ വരുന്നത് കന്യാസ്ത്രീകൾ എന്നാവും. എന്നാൽ, ബ്രഹ്‌മചര്യം, അനുസരണം, ദാരിദ്രം എന്നീ വ്രതത്രയങ്ങൾ സ്വീകരിക്കുന്ന സന്യാസിനികളിൽനിന്ന് വ്യത്യസ്ഥമായ മറ്റൊരു സമർപ്പിത വിഭാഗം കൂടിയുണ്ട് തിരുസഭയിൽ. അതാണ് ‘കോൺസക്രേറ്റഡ് വിർജിൻസ്.’ ഏതെങ്കിലും ഒരു ആവൃതിയിൽ (സന്യാസിനീ സഭയിൽ) അംഗമാകാതെ, ബ്രഹ്‌മചര്യവ്രതം സ്വീകരിച്ചും പൊതുസമൂഹത്തിൽ സാധാരണ ജീവിതം നയിച്ചും സഭയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷയിൽ വ്യാപരിക്കുന്നവരാണിവർ. വ്രതവാഗ്ദാനം നടത്തുന്നതിന് പകരം ഒരു രൂപതാധ്യക്ഷനു മുന്നിൽ നൽകുന്ന സമർപ്പണ വാഗ്ദാനത്തിലൂടെയാണ് പ്രസ്തുത ജീവിതാന്തസിലേക്ക് ഇവർ പ്രവേശിതരാകുന്നത്.

ഇന്ത്യൻ ആർമിയിൽനിന്ന് വിരമിച്ച ഒറീസ സ്വദേശി മേജർ റാസ്‌ഗോവിന്ദ് സാഹുവിന്റെയും നഴ്‌സായ കോട്ടയം പ്രവിത്താനം മീനാ സാഹുവിന്റെയും മകളാണ് സിമി സാഹു. കത്തോലിക്കാ വിശ്വാസിയായ മീനയുടെ ജീവിതം ഹൈന്ദവ വിശ്വാസിയായിരുന്ന റാസ്‌ഗോവിന്ദിനെയും കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. ആറാം വയസിലായിരുന്നു സിമിയുടെ മാമ്മോദീസ സ്വീകരണം. 14-ാം വയസിൽ കുടുംബസമേതം അമേരിക്കയിലെത്തി. കുട്ടിക്കാലം മുതൽ അമ്മയിൽനിന്ന് സിമിക്ക് ക്രിസ്തു സുപരിചതനാണെങ്കിലും കൗമാരപ്രായക്കാർക്കായി ന്യൂജേഴ്‌സിയിൽ വെച്ച് ജീസസ് യൂത്ത് സംഘടിപ്പിച്ച ധ്യാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്.

‘ക്രിസ്തുവിനെ വ്യക്തിപരമായി അടുത്തറിയാൻ സഹായിച്ചത് ആ ധ്യാനമാണ്. അവിടെവെച്ച്, കുരിശുരൂപത്തിലേക്ക് നോക്കുമ്പോൾ വാക്കുകൾകൊണ്ട് വിവരിക്കാനാകാത്ത ഒരു അനുഭവത്തിലേക്ക് ഞാൻ നയിക്കപ്പെട്ടു. നിറകണ്ണുകളോടെ ക്രിസ്തു എന്നെ ഉറ്റുനോക്കുന്നു, അവിടുന്നിൽനിന്ന് അഗാധമായ സ്‌നേഹം എന്നിലേക്ക് ഒഴുകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ക്രിസ്തു ഒരു ശക്തിയോ തേജസോ ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ, അവിടുന്ന് വ്യക്തിയാണെന്നും അവിടുന്ന് ഇത്രയും നാൾ എനിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്റെ ഉള്ളിൽ മാറ്റങ്ങൾ സംഭവിച്ചു, എന്റെ ജീവിതത്തിന്റെയും ലോകം മുഴുവന്റെയും അതിനാഥനായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്,’ സിമി സാഹു സൺഡേ ശാലോമിനോട് പറഞ്ഞു.

അക്കൗണ്ടൻസിയിൽ ബിരുദവും തുടർന്ന് സി.പി.എ പരിശീലനവും പൂർത്തിയാക്കുമ്പോഴും അതേ തീക്ഷ്ണതയോടെ ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങളിലും വ്യാപൃതയായി സിമി. ജീസസ് യൂത്തിന്റെ ‘ഫുൾടൈമർഷിപ്പ് പ്രോഗ്രാ’മിന്റെ ഭാഗമായി 2010ൽ കരീബിയൻ ദ്വീപായ ഹെയ്ത്തിയിൽ നടത്തിയ മിഷൻ പ്രവർത്തനമാണ് സമർപ്പിത ജീവിതം എന്ന ചിന്തയിലേക്ക് സിമിയെ നയിച്ചത്. ക്രിസ്തുവിനെയും തിരുസഭയെയും സഭാപ്രബോധനങ്ങളെയും കുറിച്ചും ആഴത്തിൽ പഠിക്കാനുള്ള അവസരംകൂടിയായിരുന്നു ആ കാലഘട്ടം. ഹെയ്തിയിൽ ശുശ്രൂഷ ചെയ്തിരുന്ന ഫാ. ഐസെയായുടെ ജീവിത മാതൃകയും തന്റെ തീരുമാനത്തിന് പ്രചോദമായെന്നും സിമി സാക്ഷ്യപ്പെടുത്തുന്നു.

‘എന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞപ്പോഴും ‘കോൺസക്രേറ്റഡ് വിർജിൻസ്’ എന്നതിനെ കുറിച്ച് എനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. അതേക്കുറിച്ചുള്ള അന്വേഷണം എന്നെ വലിയ ബോധ്യങ്ങളിലേക്ക് നയിച്ചു. ലോകത്തിൽ ക്രിസ്തുവിന്റെ പ്രത്യക്ഷമായ അടയാളങ്ങൾ നമുക്കുവേണം, സന്യാസസഭയിൽ അംഗമായ കന്യാസ്ത്രീമാരെപ്പോലെ. അതുപോലെ, സാധാരണ ജീവിതത്തിലൂടെ സമൂഹത്തിൽ പുളിമാവായി വർത്തിക്കേണ്ടവരും ഉണ്ടാവണം, ആ ദൗത്യമാണ് ‘കോൺസക്രേറ്റഡ് വിർജിൻസി’ന് നിറവേറ്റേണ്ടത്,’ ദൈവം തന്നെ ഭരപ്പെടുത്തിയ ഉത്തരവാദിത്വം തിരിച്ചറിഞ്ഞതിനെ കുറിച്ച് പങ്കുവെക്കുമ്പോൾ സിമിയുടെ കണ്ണുകൾക്ക് വജ്ജ്രത്തിളക്കം.

ചിക്കാഗോയിലെ പ്രമുഖമായ അക്കൗണ്ടിംഗ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് 2016ൽ ഫ്‌ളോറിഡ സെന്റ് വിൻസെന്റ് ഡീ പോൾ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രത്തിൽ സിമി മാസ്റ്റേഴ്‌സിന് നേടിയത്. ജോലിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഉന്നതമായ നേട്ടങ്ങൾ കരസ്തമാക്കാമായിരുന്നല്ലോ എന്ന ചോദ്യത്തിന് സിമി പറയുന്ന ലളിതമായ മറുപടി നമ്മെ എല്ലാവരെയും ചിന്തിപ്പിക്കും: ‘വമ്പൻ കമ്പനികളിൽ ജോലി ചെയ്തില്ലെങ്കിൽ അവിടെ എനിക്ക് പകരമായി ആയിരക്കണക്കിന് ആളുകളെ കിട്ടും, എന്നാൽ സ്വർഗസ്ഥനായ പിതാവിനുവേണ്ടി താൻ ചെയ്യേണ്ട ജോലിക്ക് പകരക്കാരുണ്ടാവില്ല.’

ശാലോം അമേരിക്ക മലയാളം ചാനലിലാണ് തത്‌സമയ സംപ്രേഷണം ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, റോക്കു തുടങ്ങിയവയ്ക്കൊപ്പം സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം ടി.വി ലഭ്യമാണ്. കൂടാതെ, ശാലോം മീഡിയയുടെ വെബ് സൈറ്റ് (live.shalommedia.org), ജീസസ് യൂത്തിന്റെ യൂ ട്യൂബ് ചാനൽ (youtube.com/user/thejesusyouth) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?