ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയെ വരവേൽക്കാൻ ഒരുങ്ങുന്ന ദിനങ്ങളിൽ ഇറാഖിൽനിന്ന് പ്രത്യാശാനിർഭരമായ ഒരു ശുഭവാർത്ത. ഇറാഖി ക്രൈസ്തവരിൽനിന്ന് അന്യായമായി തട്ടിയെടുത്ത വസ്തുവകകൾ തിരിച്ചുനൽകുന്ന നടപടിക്ക് ആരംഭമായി. സ്ഥലവും വീടും ഉൾപ്പെടെ ഏതാണ്ട് 38 വസ്തുവകകൾ ഇതിനകം അതിന്റെ യഥാർത്ഥ ഉടമകളായ ക്രൈസ്തവർക്ക് തിരിച്ചുകിട്ടിയെന്ന് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലെ ഷിയാ നേതാവും സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽ സദറിന്റെ നേതൃത്വത്തിലാണ് പ്രസ്തുത നടപടി ആരംഭിച്ചിരിക്കുന്നത്. 2003ലെ സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ പതനത്തിനു ശേഷമാണ് പ്രാദേശിക തീവ്രവാദി സംഘടനകളും ഗുണ്ടാ സംഘങ്ങളും സ്വാധീനമുള്ള കുടുംബങ്ങളും ക്രൈസ്തവരുടെ വസ്തുവകകൾ തട്ടിയെടുക്കുന്നത് പതിവായത്. ഐസിസ് അധിനിവേശവും പലായനം ചെയ്തവർ ഭൂമി ചോദിച്ച് തിരിച്ചെത്തില്ലെന്ന ധാരണയും അതിന് ഊർജം പകർന്നു.
അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രിസ്ത്യാനികളുടെ വസ്തുവകകൾ തത്പ്പരകക്ഷികൾ അന്യായമായി കൈവശപ്പെടുത്തിയത്. ഇതിന് തടയിടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്യായമായി തട്ടിയെടുത്ത ക്രൈസ്തവരുടെ വസ്തുവകകളെ കുറിച്ച് അന്വേഷിക്കാൻ ഈ വർഷത്തിന്റെ ആരംഭത്തിൽതന്നെ മുഖ്താദ അൽ സദർ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചത് വാർത്തയായിരുന്നു.
അതോടൊപ്പം, ക്രൈസ്തവർക്ക് തങ്ങളുടെ സ്വത്തിൻമേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇ മെയിലൂടെയും വാട്സാപ്പിലൂടെയും സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സമീപ വർഷങ്ങളിൽ പലായനം ചെയ്ത ഇറാഖീ ക്രൈസ്തവരിൽനിന്ന് തട്ടിയെടുത്ത വസ്തുവകകളും തിരിച്ചെടുത്ത് നൽകാനും പദ്ധതിയിട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *