Follow Us On

28

February

2021

Sunday

സമാധാന നൊബേൽ: കത്തോലിക്കാ വൈദികനെ നാമനിർദേശം ചെയ്ത് സ്ലോവേനിയൻ പ്രധാനമന്ത്രി

സമാധാന നൊബേൽ: കത്തോലിക്കാ വൈദികനെ നാമനിർദേശം ചെയ്ത് സ്ലോവേനിയൻ പ്രധാനമന്ത്രി

സ്ലോവേനിയ: അർജന്റീനയിൽ ജനിച്ച് മഡഗാസ്‌ക്കറിൽ ശുശ്രൂഷചെയ്യുന്ന കത്തോലിക്കാ വൈദികനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്ത് സ്ലോവേനിയൻ പ്രധാനമന്ത്രി ജാനെസ് ജെൻസ. ദാരിദ്ര്യം കൂടപ്പിറപ്പായ മഡഗാസ്‌ക്കർ ജനതയുടെ സമഗ്രക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മിഷണറി വൈദികൻ പെദ്രോ ഒപേകയാണ് നാമനിർദേശം ചെയ്യപ്പെട്ടത്. ഫാ. പെദ്രോയും അദ്ദേഹം രൂപംകൊടുത്ത ‘അകമസോവ’ (നല്ല സുഹൃത്ത്) എന്ന പ്രസ്ഥാനവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ മഡഗാസ്‌ക്കർ ജനതയ്ക്കായി ചെയ്ത സമാനതകളില്ലാത്ത സേവനമാണ് പ്രധാനമന്ത്രിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

1948ൽ അർജന്റീനയിൽ ജനിച്ച പെദ്രോയുടെ കുട്ടികാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു. പ്രതികൂലങ്ങൾക്കിടയിലും ക്രിസ്തുവിനെ മാറോടണച്ച അദ്ദേഹം 1975ൽ ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷിക്തനായി. മഡഗാസ്‌ക്കറിലെ മിഷൻ മേഖലയിലേക്കാണ് അദ്ദേഹം ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടത്. അവിടത്തെ ജനങ്ങളുടെ ക്ലേശങ്ങൾ മനസിലാക്കിയ ആ അജപാലകന്റെ ദൗത്യം അവരുടെ ആത്മീയവളർച്ചയിൽ മാത്രം ചുരുക്കിയില്ല. അതിന് തെളിവാണ് ഇന്ന് 31 വർഷം പൂർത്തിയാക്കിയ ‘അക്കമസോവ’ സംരംഭം. സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ സമഗ്രക്ഷേമത്തിനായി 1989ൽ രൂപം കൊടുത്ത ‘അക്കമസോവ’ സമ്മാനിച്ചുകൊണ്ടിരിക്കുന്നത് അത്ഭുതാവഹമായ മാറ്റങ്ങളാണ്.

പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് നയിക്കാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുതൽ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള അസംഖ്യം പദ്ധതികൾവരെ നടപ്പാക്കി ‘അക്കമസോവ’. മഡഗാസ്‌ക്കറിലെ ചുരുങ്ങിയത് 18 ഗ്രാമങ്ങളുടെ വികസനത്തിന് ചുക്കാൻ പിടിച്ചത് ഫാ. പെദ്രോയാണെന്ന് പറഞ്ഞാൽ തെല്ലും അതിശയോക്തിയാവില്ല. ഭവനരഹിതരായിരുന്ന കുടുംബങ്ങൾക്ക് താമസിക്കാനായി ഇഷ്ടികകൊണ്ട് നിർമിച്ച 4,000ൽപ്പരം വീടുകൾ ഇതിനകം ഉയർന്നു. പാവപ്പെട്ടവർക്കായി കിൻഡർ ഗാർട്ടനിൽ തുടങ്ങി പ്രൈമറി, വൊക്കേഷണൽ, മിഡിൽ സ്‌കൂളുകളിലൂടെ മുന്നേറിയ വിദ്യാഭ്യാസ ശുശ്രൂഷ ഇപ്പോൾ ‘അക്കമസോവ യൂണിവേഴ്സിറ്റി’യിൽ എത്തിനിൽക്കുന്നു.

13,000ൽപ്പരം കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. യുവജനങ്ങൾ തൊഴിൽ പരിശീലനവും നടത്തുന്നു. മൂന്ന് ആശുപത്രികളും ആറ് ക്ലിനിക്കുകളും നാല് മെറ്റേണിറ്റി ക്ലിനിക്കുകളും ഇന്ന് അക്കമസോവ’യുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, കായികമേഖലയിലെ വളർച്ചയ്ക്കായി 18 കളിക്കളങ്ങളും സജ്ജമാക്കി. പ്രതിവർഷം പാവപ്പെട്ടവർക്കായി 50 ലക്ഷത്തിൽപ്പരം ഭക്ഷണപ്പൊതികൾ ലഭ്യമാക്കുന്ന സംഘടന ലക്ഷക്കണക്കിന് ജനങ്ങളെ സമഗ്ര വളർച്ചയിലേക്ക് നയിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കുന്നതിലും വ്യാപൃതരാണ് ‘അക്കമസോവ’.

വനസമ്പത്തിന്റെ ഏതാണ്ട് 70%വും നഷ്ടമായ മഡഗാസ്‌ക്കറിൽ വനവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ അരലക്ഷത്തിൽപ്പരം വൃക്ഷത്തൈകളാണ് സംഘടന നട്ടുനനച്ച് വളർത്തുന്നത്. ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെ അക്കമസോവ നടപ്പാക്കുന്ന പദ്ധതികൾ വിദേശികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെ എങ്ങനെ സഹായിക്കണം എന്നതിന്റെ പാഠപുസ്തകമായാണ് ‘അക്കമസോവ’യുടെ പ്രവർത്തനങ്ങളെ വിശേഷിപ്പിക്കുന്നത്.

മഡഗാസ്‌ക്കർ ജനതയുടെ മനസിൽ ഫാ. പെദ്രോയ്ക്ക് നൽകിയിരിക്കുന്ന സ്ഥാനം മനസിലാക്കണമെങ്കിൽ മുൻ പ്രസിഡന്റ് ഹെറി രജഓനാരിമാംപിയാനിയ 2014ൽ പങ്കുവെച്ച വാക്കുകൾ കേൾക്കണം. സമാധാന നൊബേലിന് നാമനിർദേശം ചെയ്ത സ്ലോവേനിയൻ പ്രധാനമന്തി ആ വാക്കുകൾ ആവർത്തിച്ചതും ശ്രദ്ധേയമായി: ‘പ്രത്യാശയുടെ ദാരിദ്ര്യത്തെ അതിജീവിക്കാനുള്ള വിശ്വാസത്തിന്റെ ദീപസ്തംഭമാണ് ഫാ. പെദ്രോ ദാരിദ്ര്യവും നിഷേധ നിലപാടുകളും ഇല്ലായ്മ ചെയ്യാനും, ദരിദ്രർക്ക് പ്രത്യാശയും സന്തോഷവും നൽകുന്ന പുതിയൊരു സമൂഹം സൃഷ്ടിക്കാനും അനുദിനം അധ്വാനിക്കുന്ന ഈ അസാധാരണ മനുഷ്യനെ ലോകജനത പ്രണമിക്കണം.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?